2020, ഡിസംബർ 30, ബുധനാഴ്‌ച

ചൂണ്ടുവിരൽ

 ആ വിരൽ ചൂണ്ടുന്നത് വേറേ ആരുടെയോ നേരേയായതുകൊണ്ട് കുറച്ചൊരാശ്വാസമുണ്ട്. ആ വിരൽ അങ്ങനെ ഉയർന്നു തന്നെ നിൽക്കും, ആ ഇടറിയ ശബ്ദമിങ്ങനെ മുഴങ്ങി കേട്ടുകൊണ്ടേയിരിക്കും. ഇതിങ്ങനെ പലരിലൂടെയും ആവർത്തിക്കും. അപ്പൊ നമ്മളിങ്ങനെ ഹാഷ്ടാഗ്ഗിൽ #Justice for ........... എന്ന് മറ്റൊരാളുടെ താഴെയായി പുതിയ ആൾക്ക് അഡ്മിഷൻ കൊടുക്കും.


ജനാധിപത്യപരമായി ഇത്ര സൂക്ഷ്മമായും കൃത്യമായും നിയമങ്ങൾ നടപ്പിലാക്കുന്ന കേരളത്തിന് ഗിന്നസ് റെക്കോർഡിന് അപേക്ഷിക്കാവുന്നതാണ്. അല്ലെങ്കിലും സാധാരണക്കാരൻ്റെ ആഹാരം മുടക്കിയിട്ടാണ് ഇന്നാട്ടിലെ നിയമപാലനം മുഴുവൻ - അതിപ്പൊ സദാചാര പോലീസായാലും സാക്ഷാൽ നിയമ പാലകരായാലും.

കൃത്യമായ ആസൂത്രണത്തോടെ നടക്കുന്ന നിയമലംഘനങ്ങൾക്ക് കാര്യമായ തെളിവുകിട്ടാനില്ല. സാധാരണക്കാരൻ്റെ മൂന്നു സെൻ്റിൽ കിളിർത്തു നിൽക്കുന്നതൊക്കെയും അവനെതരേയുള്ള തെളിവുകളാകുന്നു.

കേരളത്തെക്കുറിച്ചുള്ള സ്വപ്ന ചിന്തകൾക്ക് എല്ലാ നിയമപരിരക്ഷയും അവർ ലഭ്യമാക്കും. എന്നാൽ പാവപ്പെട്ടവൻ്റെ ആത്മഹത്യാ ഭീഷണിക്ക് 50 പൈസയുടെ വിലയുമില്ല - നിരോധിച്ചിട്ടില്ല പക്ഷേ, വിലയില്ല... കേൾക്കുന്നുണ്ട്, ഗൗനിക്കില്ല.

കോർപ്പറേറ്റുകൾക്കെതിരേ അങ്ങ് കേന്ദ്രത്തിൽ കുറേപ്പേർ റോഡിൽ കുത്തിയിരിക്കുന്നുണ്ട്. ഇതൊക്കെ അങ്ങ് കേന്ദ്രത്തിൽ മാത്രേ നടക്കൂ എന്ന് കരുതി സമാശ്വസിക്കുന്നവരോട്, കേരളത്തിൽ ജനങ്ങൾ തെരുവിലിറങ്ങുന്ന ദിവസങ്ങളിലേക്ക് വലിയ ദൂരമുണ്ടെന്നു തോന്നുന്നില്ല. ഇതല്ലാം കോർപ്പറേറ്റുകൾക്കുള്ളതാണ് എന്നതിൻ്റെ സൂചനകൾക്ക് ഇനിയും കാത്തുനിൽക്കരുത്. 
ഈ കുടിയൊഴിപ്പിക്കൽ അങ്ങനെയൊന്നിൻ്റെ വകഭേദം മാത്രം.

2020, നവംബർ 5, വ്യാഴാഴ്‌ച

പാട്ട് കേൾക്കുമ്പോൾ

 


പഴയ ടേപ്പ് റിക്കോർഡർ ഓർക്കുന്നു, പഴയ കാസറ്റും. റിക്കോർഡറിലേക്ക് കാസറ്റിട്ട് പാട്ടുകേൾക്കുന്നതു പോലെയാണ് ജീവിതങ്ങൾ. എപ്പോഴും പാട്ടുകേൾക്കുന്നുണ്ട്. ഇരുവശങ്ങളും മാറിയിട്ട് പാട്ടുകേൾക്കണമെന്നു മാത്രം. അങ്ങനെ അദ്ധ്യയനമെന്ന അല്പം ദീർഘമായൊരു കസറ്റിലെ അവസാന പാട്ടും കഴിയുകയാണ്. ആ അവസാന വിനാഴികകളിലേക്കു ചുവടുചേർക്കുമ്പോൾ രണ്ടു സംവത്സരങ്ങൾ നീണ്ട വസന്തകാലത്തിൻ്റെ സൗന്ദര്യം പച്ചകെടാതെ, ഓർമ്മകളുടെ ക്യാൻവാസിൽ ഒരു മുഴുചിത്രമായി തെളിഞ്ഞു നിൽക്കുന്നു. ഒരു രാത്രിയുടെ ചെറിയ ദൂരത്തിൽ ഓർമ്മകളുടെ മഴപ്പെയ്ത്തുകാലം ആരംഭിക്കുന്നു. ഒരു പകലിരവാകുമ്പോൾ കാലം ആ അവസാനതാളും മറിച്ചുകഴിഞ്ഞിരിക്കും. കാലചക്രം ഉരുണ്ടുമാറുമ്പോൾ വസന്തകാലത്തിലെ അവസാനത്തെ പൂവും ഒരുപകലിൻ്റെ ദൈർഘ്യത്തിൽ വിരിഞ്ഞു തീരുന്നു. അതെ, ചുറ്റുമുള്ളവരിൽ നന്മനിറച്ച് ജീവിതത്തിൽ ഋതുക്കൾ മാറാനൊരുങ്ങുന്നു. വളരെ ചെറിയ ദൂരം മുറിച്ചുകടക്കുകയായിരുന്നു നമ്മൾ. കണ്ണുചിമ്മുന്ന വേഗതയിൽ ആ ദൂരത്തെ കടന്നു പോവുകയാണ് നാം. അദ്ധ്യയനമെന്ന വശത്തെ പാട്ട്  കേട്ട് തീരുകയാണ് നമ്മൾ. ഇനി മറുവശത്തെ അദ്ധ്യാപനമെന്ന പാട്ടുകേട്ടു തുടങ്ങണം.


ഒറ്റവാക്കിൽ പറഞ്ഞാൽ;
Professionally a Teacher

ഫ്രാഞ്ചിപ്പാപ്പൻ

 


 




നാമെപ്പോഴുമൊരു വിദ്യാർത്ഥിയാണെന്ന് ഓരോ കാഴ്ചയിലും ഓർമ്മപ്പെടുത്തിയിരുന്ന സാന്നിദ്ധ്യം. അഞ്ച് അവറുകളുടെ ( hour ) ഒരു ദിവസത്തേക്കാൾ എസ് ബി യിലെ വിദ്യാർത്ഥി. ഒരു കയ്യിൽ പുസ്തകങ്ങളും മറുകയ്യിൽ ചോറ്റുപാത്രവുമായി നടന്നു നീങ്ങിയ ജീവിതം. ടവറിനു മുകളിൽ വിരിച്ച കരങ്ങളുമായി നിൽക്കുന്നവനു താഴെ ശാന്തമായൊഴുകിയ പുഴ.  കോളജ് വരാന്തകളിൽ എഴുതിയും വായിച്ചുമിരുന്ന വായനയുടെ എഴുത്തുകാരൻ. ആർട്സ് ബ്ലോക്കിലും ടവർ ബ്ലോക്കിലും അഡ്മിമിനിസ്ട്രേറ്റീവ് ബ്ലോക്കിലും (പഴയത് ) ലൈബ്രറിയിലും കാവുകാട്ടു ഹാളിലും പൗവ്വത്തിൽ ഹാളിലും ........., ............., ................, ........., ഹാജരുള്ളൊരാത്മാവ്. 

ഇത്ര ലളിതമായി, ആവേശമായി, ആഘോഷമായി, പൂർണമായി, കാലങ്ങളായി ഈ കലാലയത്തിൽ ഹൃദയപൂർവ്വമായിരുന്ന മറ്റൊരാളുണ്ടാവില്ല. ഇവർ പരസ്പരം അറിഞ്ഞതുപോലെ മറ്റാരും ഇവരെ മനസിലാക്കിയിട്ടുമുണ്ടാവില്ല.

ഇതിലുമേറെ ലളിതമായെങ്ങനെ ആസ്വദിച്ചിതങ്ങു ജീവിതം.................

2020, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

പുറത്തു പെയ്യുന്നമഴ

ബസിൽ യാത്ര ചെയ്യുകയാണ് ആ അച്ഛനും 10 വയസുകാരൻ മകനും. പുറത്ത് നല്ല മഴയുണ്ട്. ബസിലെ ഷട്ടറുകളെല്ലാം താഴ്ത്തിയിരിക്കുകയാണ്. മകൻ്റെ വാശിമൂലം അച്ഛൻ തൻ്റെ സൈഡിലെ ഷട്ടർ ഉയർത്തിവച്ചു. തണുത്ത കാറ്റിനൊപ്പം വെള്ളവും അകത്തേക്ക് ശക്തിയായി വീഴുന്നുണ്ട്. മകൻ തുള്ളിച്ചാടുകയും മഴയിലേക്ക് കൈ നീട്ടുകയും ചെയ്ത് ആ മഴ ആസ്വദിച്ചുകൊണ്ടിരുന്നു.  സഹയാത്രികർക്ക് അസൗകര്യമാകുന്നു എന്നു കണ്ടിട്ടും അയാൾ മകനെ വിലക്കുന്നില്ല എന്നുകണ്ട് മറ്റുള്ളവർ അസ്വസ്ഥരായി. ചിലരത് പ്രകടിപ്പിക്കുകയും ചെയ്തു.

ഒരാൾ അക്ഷമയോടെ പറഞ്ഞു: "കുട്ടിയോട് അടങ്ങിയിരിക്കാൻ പറയൂ. മറ്റുള്ളവരുടെ ദേഹത്ത് വെള്ളം വീഴുന്നത് കണ്ടില്ലേ..?"
അയാൾ മകനെ ബലമായി പിടിച്ച് മടിയിൽ ഇരുത്തിയെങ്കിലും അവൻ വീണ്ടും മഴയാസ്വദിക്കാൻ തുടങ്ങി. ഇതു കണ്ടിട്ടും മകനെ അയാൾ ഒന്നു ശകാരിക്കുക പോലും ചെയ്തില്ലെന്നു കണ്ട ഒരാൾ ക്ഷോഭത്തോടെ അച്ഛനോട് പറഞ്ഞു: "ഇങ്ങനെയാണോ മക്കളെ വളർത്തുന്നത്. മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച്..."

മകൻ മഴ ആസ്വദിക്കുന്നത് ഒരിക്കൽക്കൂടി നോക്കിയശേഷം ആ അച്ഛൻ പറഞ്ഞു: "ഒരു ബസ് യാത്രക്കാരനെന്ന നിലയിൽ ഞാൻ ചെയ്യുന്നത് തെറ്റാണ്. ഞാനവനെ ശകാരിക്കുകയും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവാതെ നോക്കുകയും വേണം." ................
"പക്ഷേ, ഒരച്ഛനായ ഞാൻ എങ്ങനെയാണ് ഇത് ചെയ്യരുത് എന്നു പറയുന്നത്."
"എൻ്റെ കുഞ്ഞ് ആദ്യമായി ലോകം കാണുകയാണ്. അവനിതുവരെ ഭൂമി കണ്ടിട്ടില്ല, മനുഷ്യരെ കണ്ടിട്ടില്ല, മൃഗങ്ങളെ കണ്ടിട്ടില്ല, മഴ കണ്ടിട്ടില്ല......"
"ജനിച്ചശേഷം ആദ്യമായാണ് അവൻ എന്തെങ്കിലും ഒന്നു കാണുന്നത്...."  
''അവനെ ഞാനെന്തുപറഞ്ഞാണ് മാറ്റിയിരുത്തേണ്ടത്...???" ഇതു പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.
അങ്ങനെയൊരു മറുപടി ആരും പ്രതീക്ഷിച്ചിരുന്നില്ല. പെട്ടന്ന് എല്ലാവരുടേയും മുഖത്തെ അമർഷവും കോപവും മാഞ്ഞുപോയി.
മകനെ വിലക്കാൻ ആവശ്യപ്പെടുന്ന ഒരു നോട്ടം പോലും ആ അച്ഛനു നേരേ അവരുയർത്തിയില്ല. ദേഹത്തു വീഴുന്ന വെള്ളത്തുള്ളികൾ തങ്ങളെ നനയ്ക്കുന്നതായി അവർക്ക് തോന്നിയില്ല.

എവിടെയോ വായിച്ചതാണിത്.
കാര്യങ്ങൾ അങ്ങനെയാണ്. ഓരോന്നിൻ്റെയും പിന്നാമ്പുറകഥകൾ വെളിപ്പെടുന്നതുവരെ.
എല്ലാറ്റിനും പിന്നിൽ ഇങ്ങനെയൊരു മറയുണ്ടാകും. നമ്മൾ അത് തിരഞ്ഞ് മെനക്കെടാറില്ലെന്നതാണ് കാര്യം.
ചില മുന്നനുഭവങ്ങളുടെ അഭാവം ശിഷ്ടജീവിതത്തിൻ്റെ നിറം വല്ലാതെ കെടുത്തിക്കളയുന്നുണ്ട്.
നമ്മുടെ മുൻവിധികൾ ചിലവയുടെ സ്വാഭാവിക ഭംഗികളെ ചിതറിച്ചുകളയുന്നുണ്ട്.

2020, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

ലാത്തിവീശുമ്പോൾ ശ്രദ്ധിക്കാൻ

 ഇതിപ്പൊ ആദ്യ സംഭവമൊന്നുമല്ല. നമ്മളിത് കൊറേ കണ്ടതാണ് സാറേന്ന്.

ഇപ്പൊ പ്രതിഷേധിക്കാൻ റോഡിലിറങ്ങിയാൽ ഒരു ലാത്തിച്ചാർജോ കണ്ണീർവാതക പ്രയോഗമോ ഉറപ്പാണ്. ടീവിയിൽ അതു കണ്ടിരിക്കാൻ എന്തുരസാണല്ലേ..!!! ഇവർക്ക് ഇതിൻ്റെ വല്ല ആവശ്യോണ്ടോ?? അടങ്ങി ഒതുങ്ങി വീട്ടിലെങ്ങാനും ഇരുന്നാപോരേ. വെറ്തേ പോലീസുകാർക്ക് പണിയുണ്ടാക്കാനായിട്ട്....

ഒന്നു നിക്കൂ, എന്നിട്ട് ഇങ്ങനെയൊന്ന് ചിന്തിക്കൂ;
നിങ്ങൾ ടൗണിലൂടെ കടന്നുവരുമ്പോൾ ഒരു പ്രതിഷേധജാഥ കടന്നു വരുന്നു. അവരെ തടയാനായി പോലീസ് നിൽക്കുന്നു. എവിടുന്നോ ഒരു കല്ലോ ചെരിപ്പോ പോലീസിനു നേർക്ക്. എന്തിനും തയ്യാറായി നിന്ന പോലീസ്, "ചാർജ്" എന്നു കേൾക്കുന്നതോടെ ആവേശത്തോടെ പ്രതിഷേധക്കാരുടെ നേരേ പാഞ്ഞടുക്കുന്നു. അപകടം മണത്തപ്രവർത്തകർ ചിതറിയോടുന്നു. വഴിയിലൂടെ നടന്നുവന്ന നിങ്ങളെ തള്ളിമാറ്റി പ്രവർത്തകർ ഓടുന്നു. അവരെ പിന്തുടർന്നു വന്ന പോലീസ് ഒഴിഞ്ഞു മാറുന്ന നിങ്ങളെ കണ്ട് ലാത്തിക്ക് തലങ്ങും വിലങ്ങും തല്ലുന്നു.
തല്കാലം ഇവിടെ പോസ് ചെയ്യുന്നു.

പണ്ട് കുരുത്തക്കേട് കാണിച്ചപ്പൊ കിട്ടിയ അടിയുടെ ചൂട് ഇപ്പൊഴും മാറീട്ടില്ല. അതുപോലും സഹിക്കാൻ നമുക്ക് പറ്റുമായിരുന്നില്ല. അപ്പോഴാണ് ലാത്തികൊണ്ടുള്ള പ്രഹരം.

പോലീസുകാർക്ക് എന്തിനാണ് ലാത്തി...? ക്രമസമാധാനപാലനമാണിവരുടെ ധർമ്മമെങ്കിൽ ലാത്തികൊണ്ട് അടിച്ചമർത്തിയാണോ അതുറപ്പുവരുത്തേണ്ടത്..???
യുദ്ധത്തിൽപ്പോലും അങ്ങനെയൊരു നിയമമുണ്ട് പോലും; നിരായുധനായി നിൽക്കുന്ന പ്രതിയോഗിയെ അക്രമിക്കരുത്. എന്തൊരു വിരോധാഭാസം. പ്രതിഷേധവുമായി വരുന്ന അമ്പതോ നൂറോപേരേ നേരിടാൻ തലയിൽ ഹെൽമെറ്റും വലതുകയ്യിൽ ലാത്തിയും ബാരിക്കേടും വച്ച് സർവസന്നാഹങ്ങളോടെയാണ്  ഇരുന്നൂറോളംവരുന്ന നമ്മുടെ പോലീസുമാമന്മാർ നിൽക്കുന്നത്.
ഏതെങ്കിലും ഒരാളെ കിട്ടിയാൽ വളഞ്ഞിട്ട് അടിയാണ്.

കഷ്ടമാണ് സർ. പ്രകോപനമുണ്ടാകും. 
പ്രകോപനമുണ്ടായെന്നു കരുതി ചാടിപ്പുറപ്പെടുന്നതിൽ എന്തു ക്രമമാണ് സർ. ഇനി നിങ്ങൾക്ക് തല്ലിയേ ഒക്കൂ എങ്കിൽ ബാരിക്കേട് ഒഴിവാക്കൂ. ഒരു കയർ വലിച്ചുകെട്ടി കാത്തുനിക്കൂ. പ്രവർത്തകർ ഉറപ്പായും അതു മറികടക്കും. ബാരിക്കേട് മറികടന്നു വരുന്നത്ര സമയം ലാഭിക്കുകയും അത്രനേരം കൂടി അവരെ തല്ലുകയുമാവാം.

പോലീസുകാർക്ക് ലാത്തി വേണ്ട. അതവർക്കൊരു അലങ്കാരമല്ല, അഹങ്കാരമാണ്. തീരെ നിവൃത്തിയില്ലെങ്കിൽ ജലപീരങ്കി പ്രയോഗക്കൂ. കണ്ണീർവാതകവും. ലാത്തി വീശിയുള്ള ഈ അഭ്യാസം പോലീസിനു ഭൂഷണമല്ല.

ലാത്തി ഉപയോഗിക്കാൻ പറയുന്നതിൽ എവിടെയാണ്, പ്രതിഷേധിക്കുന്നവരെ തലങ്ങും വിലങ്ങും അടിക്കാൻ പറഞ്ഞിട്ടുള്ളത്..?
ലാത്തികൊണ്ടടിച്ച് തല പൊട്ടിക്കണമെന്ന് പറഞ്ഞിട്ടുള്ളത്..?
ഇങ്ങനെ തല്ലിച്ചതച്ച് അവശരാക്കി പ്രതിഷേധക്കാരെ മാറ്റുന്നതിന് പോലീസ് ഏറ്റെടുക്കുന്ന ആ "റിസ്കു"ണ്ടല്ലോ. അതിർത്തിയിൽ ജവാന്മാർക്ക് പോലും ഇത്രയും പ്രശ്നങ്ങളില്ല. എൻ്റെ അഭിപ്രായത്തിൽ പോലീസുകാർക്ക് ഒരു എ കെ 47 തോക്കും കൂടെ കൊടുക്കണം. അതാകുമ്പൊ വെടിവച്ചിട്ടാൽ മതിയല്ലൊ. ഈ തല്ലുമ്പോഴുള്ള ആയാസംകൂടെ കുറഞ്ഞിരിക്കട്ടെ.

എത്ര അടികൊണ്ടിട്ടും പരുക്കേറ്റിട്ടും തിരിച്ചു തല്ലാതെ നിൽക്കുന്നവരെ കണ്ടു. ഒന്നു കൈയ്യോങ്ങിയാൽ അതിൻ്റെ പേരിൽ ചാർജു ചെയ്യപ്പെടാനിടയുള്ള വകുപ്പുകളെക്കുറിച്ച് നമുക്ക് നല്ല ധാരണയുണ്ടല്ലൊ.
പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നതാണ്. അതുപറ്റില്ലെങ്കിൽ പുതിയ നിയമനിർമ്മാണം നടത്തൂ. കൂട്ടം കൂടുന്നതും പ്രതിഷേധിക്കുന്നതും നിയമവിധേയമല്ലാതാക്കൂ. അപ്പൊ കാര്യങ്ങൾക്ക് വല്ലാതെ ഭംഗിയുണ്ടാവും.

2020, ഓഗസ്റ്റ് 29, ശനിയാഴ്‌ച

ഓണസ്മൃതി

"മനസിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും "
ഗ്രാമീണ നന്മകളെ മനസിൽ നിറയ്ക്കാനുള്ള കവിയുടെ ആഹ്വാനമാണിത്.

നന്മനിറഞ്ഞ നാളുകളെക്കുറിച്ചുള്ള ഓർമ്മയാണ് ഓണം. ഐതീഹ്യങ്ങളുടെ പിൻബലത്തിൽ ഒരുദേശം തങ്ങളുടെ സമൃദ്ധിയുടെ ഉത്സവമാഘോഷിക്കുന്നു.
വറുതിയുടെ കർക്കിടകത്തിനു ശേഷം ചിങ്ങം പിറക്കുന്നത് സമൃദ്ധിയുടെ നിറംപിടപ്പിച്ച കഥകളുമായാണ്. മുണ്ടുമുറുക്കിയുടുത്ത് പശിമറക്കാൻ പഠിച്ചവർ പക്ഷേ, പത്തായം നിറയുന്നത് സ്വപ്നം കാണുന്നുണ്ടാവും.

ഓർമ്മയുടെ ചില്ലുകൊട്ടാരങ്ങൾക്ക് എപ്പോഴും ചന്തംകൂടുതലാണ്. മാവേലിയും അത്തപ്പൂക്കളവും ഓണാഘോഷങ്ങളും ഓണക്കോടിയും ഓണസദ്യയും ഓണവിശേഷങ്ങളുമെല്ലാം മനസു നിറക്കുന്ന ഓർമ്മകൾ തന്നെ. അതുകൊണ്ടാണ് സിനിമാതാരങ്ങളുടെ ഓണയോർമ്മകൾക്ക് ഇത്ര ഡിമാൻഡ്.
ഓണപ്പരീക്ഷയും ഓണാവധിയും ബന്ധുവീട്ടിലെ ഒത്തുചേരലുകളും ആഘോഷങ്ങളും ഭംഗിയുള്ള ഓർമ്മകളാകുന്നത് അതുപങ്കുവയ്ക്കുന്ന നന്മകൊണ്ടുമാത്രമാണ്.

അത്തം മുതൽ തിരുവോണംവരെ പത്തുദിവസം മുടങ്ങാതെ അത്തപ്പൂക്കളമിടാനുള്ള ആകാംക്ഷയും ആഹ്ലാദവും. അതിരാവിലെ എഴുന്നേറ്റ് പൂക്കൾ ശേഖരിക്കാനുള്ള അലഞ്ഞുതിരിയലുകൾ. എല്ലാ വർഷവും പൂക്കൾ ശേഖരിക്കുന്നതിനിടെ കണ്ണിലുടക്കുന്ന കൗതുകമുണർത്തുന്ന പൂക്കൾ. പതിവായി വിരുന്നുവരാറുള്ള ഓണത്തുമ്പികൾ. ഊഞ്ഞാലാടാനായി ഊഴമിട്ടുള്ള കാത്തിരിക്കലുകൾ. പട്ടം പറത്തൽ വിനോദങ്ങൾ. ഓണ സിനിമകൾക്കായുള്ള തിരക്കൊഴിയലുകൾ. ഓണക്കോടിയുടുത്തുള്ള വിലസലുകൾ. അടുക്കളപ്പുറങ്ങളിലെ കോലാഹലങ്ങൾ. തീയണയാത്ത അടുപ്പുകൂട്ടങ്ങൾ. എണ്ണിയെടുക്കാനാവാത്ത ഓണവിഭവങ്ങൾ. പായസ രുചിമേളങ്ങൾ. അങ്ങനെ കൊതിപടർത്തി കടന്നുപോയ ഓണദിവസങ്ങൾ.
പുലികളിയും തുമ്പിതുള്ളലും തിരുവാതിരയും കാഴ്ചയ്ക്ക് വിരുന്നൂട്ടിയ ദിവസങ്ങൾ. വള്ളംകളിയും വായ്ത്താരികളും ഈണം പകർന്ന ദിനങ്ങൾ.

ഓർമ്മകൾക്ക് കനമേറുകയാണ്. കാലത്തിന് ഡ്യൂക്ക് ബൈക്കിൻ്റെ മാതിരി വല്ലാത്തൊരു വേഗതയുണ്ട്. അത്രതന്നെ വേഗത്തിൽ ചില ശീലങ്ങളെ നാമും കൈവിട്ട് കളയുന്നുണ്ട്.
സ്റ്റാറ്റസിനനുസരിച്ച് ഓണത്തിന് നിറം മാറീട്ട്ണ്ട്. ഓഫറുകളുടെ ഓണമാണിത്. തൊടിയിലെ പൂക്കളേക്കാൾ വിദേശത്തുനിന്നെത്തിയ പൂക്കൾ നിരത്തിയ ഗമയുള്ള പൂക്കളങ്ങളുടെ ഓണം. വളരെ വൈകിയെഴുന്നേറ്റ്, തീ പുകയേണ്ടതില്ലാത്ത അടുപ്പുകളുടെ ഓണം. എണ്ണിയെടുക്കാനായി ഓണത്തുമ്പികൾ അവശേഷിക്കുന്നില്ലാത്ത ഓണം. സ്വീകരണമുറിയിലെ ഭിത്തിയിൽ തൂങ്ങിയ മുപ്പതിഞ്ച് വലിപ്പത്തിന് ചെറുപ്പമെന്ന് പിറുപിറുക്കുന്ന ഓണം. വിഭവങ്ങളുടെ ലാളിത്യത്തിൽ കുലീനമായൊരോണം.
അങ്ങനെ ഓണവിശേഷങ്ങൾ ഓർമ്മകൾക്ക് വഴിമാറുന്നു.

2020, ഓഗസ്റ്റ് 16, ഞായറാഴ്‌ച

" മലയാളത്തിനു പോലും''


പറഞ്ഞുമടുത്ത വിഷയമാണെങ്കിലും മടുപ്പില്ലാതെ വരുന്ന പരാമർശങ്ങളെ പരാമർശിക്കാതിരിക്കുന്നത് പരാധീനതയായി കാണരുത്.

കാലങ്ങളായി കരുതിവച്ച ചിന്തകളെ കാലികമായ കാലാവസ്ഥയിൽ ക്രമപ്പെടുത്താൻ കാഴ്ചവട്ടങ്ങൾക്ക് കരുത്തുണ്ടാവട്ടെ.

മാതൃഭാഷ ഇത്രയധികം ചർച്ച ചെയ്യപ്പെടുകയും അരികുവല്ക്കരിക്കപ്പെടുകയും ചെയ്യുന്ന മറ്റൊരു ദേശമുണ്ടാവില്ല.
മലയാളമെന്നത് കേവലമൊരു ഭാഷ മാത്രമായി നാം ചുരുക്കിക്കളഞ്ഞു. അതിനപ്പുറത്തേക്ക് എന്തെങ്കിലുമുള്ളതായി നമുക്ക് വല്യ ധാരണയൊന്നൂല്ല. അതുകൊണ്ടാണ് പഠിക്കാൻ തീരെ കൊള്ളില്ലാത്തതും പഠിപ്പിക്കാൻ മികച്ച ഒരുപാധിയുമായി മലയാളം മാറിയത്.

സ്ത്രീ വിഷയം പോലെയാണ് ഭാഷയും എന്നു തോന്നാറുണ്ട്. സംവരണവും നിയമങ്ങളും വനിതാ കമ്മീഷനും ഫെമിനിസവും ഒക്കെയുണ്ടെങ്കിലും നമുക്ക് അവളിന്നും നാല് ചുവരുകൾക്കുള്ളിലെ ആ പഴയ താത്രിക്കുട്ടി തന്നെ.
ശ്രേഷ്ഠ ഭാഷാപദവിയും മലയാള 
സർവകലാശാലയും ഭരണഭാഷാനിയമവും നിലവിലുണ്ടെങ്കിലും സ്കൂളുകളിലെ ഒന്നാം ഭാഷ ആംഗലേയം തന്നെ.
അതും പോരാഞ്ഞ് മലയാളമേ പഠിപ്പിക്കുന്നില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാണ് നമ്മുടെ കണ്ണ്.

ജനിച്ചശേഷം എന്തെങ്കിലുമൊന്ന് വാ തുറന്ന് പറഞ്ഞതും മരണക്കിടക്കയിൽ ഒടുക്കത്തെ ആഗ്രഹം പറയുന്നതും ഈ ഭാഷയിലാണെന്നിരിക്കെ, അതിനിടയിലുള്ള വളരെ കുറച്ചുനാളിലേക്ക് എന്തിനാണിത്ര വിരോധം.

ലോകത്തെല്ലായിടത്തും മലയാളികളുണ്ടെന്ന് അഭിമാനിക്കുന്നുണ്ട് നാം. എവിടെയെങ്കിലുമെത്തിയാൽ അവിടെ ഒരു മലയാളിയെങ്കിലും ഉണ്ടാവണമെന്ന് ആഗ്രഹിക്കാറുമുണ്ട്. അവിടെ മലയാളസമാജവും അതുമായി ബന്ധപ്പെട്ടതെല്ലാം ചെയ്യുന്നുമുണ്ട്. അന്യനാടുകളിൽ, ഭാഷയെന്ന നിലയിൽ "മലയാളത്തിനു പോലും" നമ്മൾ ഇത്രയും പ്രാധാന്യം നൽകുന്നു.
എന്നിട്ടും സ്വന്തം നാട്ടിൽ, അവഗണിക്കപ്പെടുന്ന പ്രവാചകനെപ്പോലെയാകുന്നു മലയാളം.

കേരളത്തിലെ ഒട്ടോണമസ് കോളജുകളിലെ വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷകരുടെ തള്ളിക്കയറ്റത്തെ പരാമർശിച്ചവേളയിൽ, മലയാളം കോഴ്സിനെക്കുറിച്ച് ഒരു മലയാളദിനപ്പത്രത്തിലെ പ്രയോഗമാണ്, "മലയാളത്തിനുപോലും 99% മാർക്കു " വേണമെന്നത്.

ഈ വിധത്തിൽ വാർത്തകൊടുക്കാൻ ഇതേ ഭാഷയാണ് തെരഞ്ഞെടുത്തതെന്ന് ബോധ്യപ്പെടാൻ മാത്രം വിവേകം ആ മഹാത്മാവിന് സർവേശ്വരൻ നൽകട്ടെ.

ഭാഷയിൽ താരതമ്യപഠനങ്ങൾ ധാരാളമുണ്ട്. അത് ഭാഷയെ മനസിലാക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമാണ്.
മറ്റുള്ളവയുമായി ഭാഷയെ താരതമ്യപ്പെടുത്തുന്നത് ഒഴിവാക്കിയാൽ നന്ന്. എല്ലാറ്റിനും മഹത്വമുണ്ട്. അത് തിരിച്ചറിയാനുള്ള മഹത്വം നമുക്കില്ലാത്തതാണ് പ്രശ്നം. എത്ര പഠിച്ചിട്ടും ആ "മലയാളം പോലും" നമുക്ക് പിടുത്തം കിട്ടുന്നേയില്ല.

അവസാനമായി ഒരു ചോദ്യം, രണ്ടു മിനിറ്റിൽ രണ്ടു പുറത്തിൽ കവിഞ്ഞ് ഉത്തരമെഴുതാൻ കഴിയോ സക്കീർ ഭായിക്ക്..??? (ഈ ചോദ്യം അടിച്ചു മാറ്റിയത് )

നോട്ടം

 ചില നോട്ടങ്ങൾ

വാചാലമാകാറുണ്ട്
ചില നോട്ടങ്ങൾ മൗനം പാലിക്കുന്നു
മറ്റു ചിലത് കേൾക്കുന്നുണ്ട്
ചിലത് ബധിരമാണ്
ചില നോട്ടങ്ങൾ ശാസിക്കുന്നുണ്ട്
മറ്റുചിലത് അഭിനന്ദിക്കുന്നു
ഇനിയും ചില നോട്ടങ്ങൾ
സഹതാപത്തിൻ്റേതാണ്
വേറെ ചിലത് സഹായംതേടിയുള്ളതും
ചില നോട്ടങ്ങൾ സ്നേഹത്തിൻ്റേതാണ്
മറ്റു ചിലത് കലഹത്തിൻ്റേയും
ഇനിയും ചിലത് ഒളിഞ്ഞുനോട്ടങ്ങളാണ്
ഇതിൽത്തന്നെ പരസ്യമായ ഒളിഞ്ഞുനോട്ടവുമുണ്ട്
നോട്ടങ്ങളിൽ ചിലത്
നമ്മെ ചൂളിപ്പിക്കുന്നുണ്ട്
പരുഷമായ നോട്ടങ്ങളും
സ്ത്രൈണ നോട്ടങ്ങളുമുണ്ട്
ചില നോട്ടങ്ങൾ നമ്മെ
ഉരുക്കുകയും ദഹിപ്പിക്കുകയും ചെയ്യുന്നുണ്ട്
ചില നോട്ടങ്ങൾ പ്രതീക്ഷയസ്തമിച്ചതിൻ്റേതാണ്
ഒടുവിലായി ഒന്നുണ്ട്
അതലസമാണ്

പ്രകൃതി

 പ്രഭാതത്തിൻ ജനനം കണ്ടവനാരാണ്

പകലിൻ്റെ മയക്കം കണ്ടവനാര്
സന്ധ്യയുടെ കണ്ണീരു കണ്ടവനാര്
ഇരവിൻ്റെ ഏകാഗ്രതയറിഞ്ഞവനാര്
കൂമൻ്റെ പാട്ടുകേട്ടവനാര്
ചകോരത്തിൻ്റെ കൂടോ
കുഞ്ഞിനെയോ കണ്ടവനാര്
മത്സും മുട്ടയിൽ അടയിരിക്കുന്നത് കണ്ടവനാര്
കുഴിയാനയുടെ പേറെടുത്തവനാര്
പൊരുന്നക്കോഴിയുടെ ചൂടറിഞ്ഞവനാര്
ഉറുമ്പിൻ്റെ ഉറക്കം കണ്ടവനാര്
മന്ദമാരുതൻ്റെ പുഞ്ചിരികണ്ടവനാര്
പാമ്പ് പൊഴിക്കുന്നത് കണ്ടവനാര്
മിന്നാമിനുങ്ങ് ചാർജുചെയ്യുന്നയിടം കണ്ടവനാര്
ഓന്തു നിറം മാറുന്നത് കണ്ടവനാര്
മണ്ണിരയുടെ എക്സ്റേ കണ്ടവനാര്
എല്ലാം കണ്ടു അറിഞ്ഞു
പക്ഷേ, ഒന്നും കണ്ടില്ല... കേട്ടില്ല...

അഭയം

 കരിന്തിരികത്തും വിളക്കിന് 

എണ്ണയാവുക 

ഉലയുന്ന നാളത്തിന്

മറയാവുക
വരണ്ട മണ്ണിന്
നനവാകുക
മഴയിൽ കയറി നിൽക്കാൻ
ഒരിടമാവുക
ചെരിഞ്ഞു നിൽക്കുന്നതിന്
താങ്ങാവുക

ഗുരുദക്ഷിണ

 ഗുരുവരർക്കാദരാൽ ശിഷ്യരിന്നേകുന്നു

അദ്ധ്യാപകദിനമംഗളങ്ങൾ
വിദ്യതൻ വിളക്കുതെളിച്ചവരാം നിങ്ങളെ -
യാദരാൽ സ്മരിക്കട്ടെ ഞങ്ങളിന്ന്
അക്ഷയമാമക്ഷരത്തെയക്ഷീണം നൽകാൻ
നീളുംനിശയെനീക്കാൻ ഒരു തിരിയായ് മാറാൻ
ആത്മാർപ്പണമോടെ ഒരു തലമുറയെവാർക്കാൻ
തിരിയുന്നീലോകത്തിൻ സ്പന്ദനമായ് മാറാൻ
അനുഭവമതിനാലേ ഒരു വഴിദീപമായ്മാറാൻ
കാതങ്ങൾ താണ്ടാൻ ഞങ്ങൾക്ക് ബലമേകാൻ
സ്നേഹത്തിൻ കവചവുമായി എന്നെന്നും
വാഴുന്നോർക്കിന്നിവരേകീടുന്നു
ആശംസകൾ
മോദമാർന്നാശീർവദീക്കേണം
ശിഷ്യരാം ഞങ്ങൾതൻ
ഗുരുത്വമെന്നുള്ളതു നഷ്ടമായീയെന്നാൽ
കഷ്ടമായിശിഷ്ടജീവിതങ്ങൾ

2020, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

നിമിഷങ്ങൾ

ഒരു ജൂൺ മാസത്തിൽ സെവേറിയോസിന്റെ ഭാഗമാകുമ്പോൾ നാം ഇങ്ങനെയൊന്നും കരുതീട്ടുണ്ടാവില്ല. എത്ര ലളിതമായാണ് നമ്മൾ ഓരോ നിമിഷവും ആഘോഷിക്കുന്നത്. ചെറിയൊരു സമൂഹമായിരുന്നിട്ടും  പിന്തിരിഞ്ഞു നോക്കുമ്പോൾ നമ്മൾ ചെയ്തത് അത്ര ചെറിയ കാര്യങ്ങളല്ല എന്ന് ബോധ്യമാകുന്നു. മറ്റെന്നത്തെയും പോലെ ഈ ദിവസങ്ങളും കടന്നു പോകുമായിരുന്നു. പക്ഷെ, നമ്മുടെ ഈ എണ്ണക്കുറവിനെ  പ്രവൃത്തിയുടെ വലിപ്പംകൊണ്ട് നമ്മൾ മറികടന്നു. 
ഡിസംബർ 2 മുതൽ 20 വരെയുള്ള 15 പ്രവർത്തിദിവസങ്ങൾ. ഏറെ പരിമിതികൾക്കും സമ്മർദത്തിനും 
നടുവിലായിരുന്നു നമ്മൾ. എന്നിട്ടും എത്ര സുന്ദരമായി അത് അതിജീവിച്ചു.
നാലു മാസത്തെ അദ്ധ്യാപക പരിശീലനത്തിനും കമ്മിഷനും ശേഷം ഡിസംബർ 2 നാണ് നാം കരോൾ പ്രാക്ടീസ് ആരംഭിക്കുന്നത്. ഡിസംബർ 16 നാണ് കരോൾ സർവീസ് എന്ന് അറിയിപ്പ് കിട്ടുന്നത് അതിനും ശേഷമാണ്. എല്ലാവരെയും ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ. എന്നിട്ടും വ്യത്യസ്തമായ  6 പാട്ടുകൾ നമ്മൾ പരിശീലിച്ചു. പുൽക്കൂടു നിർമ്മിച്ചതും അത് മനോഹരമാക്കിയതും. 
അതിനിടെ വീണുകിട്ടിയ അപൂർവമായ പാട്ട് റെക്കോർഡിങ്. അതിനുവേണ്ടിയുള്ള ആളുകളെ കണ്ടെത്തൽ, സ്റ്റുഡിയോ ക്രമീകരിച്ചത്. കോളേജിൽ നിന്നുള്ള അനുവാദം ചോദിച്ചതും പ്രിൻസിപ്പൽ പൂർണ പിന്തുണതന്നതും.  ഡിസംബർ 11 ന്  രാവിലെ ട്രെയിനിൽ കരുനാഗപ്പള്ളിയിലേക്ക് പുറപ്പെട്ടത്. റെക്കോർഡിങ്  സ്റ്റുഡിയോ ആദ്യമായി കണ്ടതിന്റെ അത്ഭുതവും അങ്കലാപ്പും. അവിടുത്തെ രസകരമായ നിമിഷങ്ങൾ. റെക്കോർഡിങ്നു മുൻപ് കായംകുളം കൊട്ടാരത്തിൽ പോയത്. അവിടെയുള്ള ഗജന്ദ്രമോക്ഷം ചിത്രം കണ്ടതും കൊട്ടാരതിന്റെ ചരിത്രം കേട്ട് ബോറടിച്ചത്. കൊട്ടാരത്തിനകത്തും പുറത്തുമുള്ള കോലാഹലങ്ങൾ. ഇതിനെല്ലാം ശേഷം 16 ലെ കരോൾ സർവീസ് എത്ര സുന്ദരമായി നമ്മൾ അവതരിപ്പിച്ചു. അതിൽ ആഫ്രിക്കൻ പാട്ടായ "twente pamoja" തന്ന എനർജി വേറെ എവിടുന്നെങ്കിലും കിട്ടുമെന്ന് തോന്നുന്നില്ല. മറ്റുള്ളവർ ഇവയെല്ലാമാസ്വദിച്ചു. 

അതിനുശേഷമുള്ള ജൂബിലി ആഘോഷങ്ങൾ. അതിനുള്ള ജൂബിലിഗാന രചന ആവശ്യപ്പെട്ടപ്പോൾ ഒന്നു മടിച്ചെങ്കിലും ഇരുകൈയ്യും നീട്ടി സ്വീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ വരികൾ സെറ്റ് ആക്കിയത്. ഉറക്കമിളച്ചുള്ള കമ്പോസിംങ്. ട്രാക്ക്നു വേണ്ടിയുള്ള കാത്തിരിപ്പ്. ഡിസംബർ 18 നു നടന്ന ഷൂട്ടിങ്. അതിനുള്ള പരിശീലനം. എല്ലാവരെയും പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങൾ. വെയിലിനെ അതിജീവിച്ചുള്ള റെക്കോർഡിങ്. മടുക്കാതിരിക്കാനുള്ള പരസ്പര പ്രോത്സാഹനങ്ങൾ. ഏറെ വൈകിയുള്ള ഷൂട്ടിംഗ്. അടുത്തദിവസം തന്നെ അത് ലോഞ്ച് ചെയ്യാനുള്ള തത്രപ്പാട്. 
എല്ലാം മനോഹരമായിരുന്നു. ഒന്നു തിരിഞ്ഞു നോക്കിക്കേ,  നമ്മൾ എത്ര  സൂപ്പറാണ്. 
ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ നമ്മൾ ഒരുപാട് പരിശ്രമിച്ചു. 
ഇതിനെല്ലാമുള്ള ശ്രമങ്ങൾക്കിടെ നേരം വൈകിയും വീട്ടിൽ പോകാൻ മനസുകാണിച്ചവർ. സാന്നിധ്യംകൊണ്ട് പ്രോത്സാഹിപ്പിച്ചവർ. വൈകി വന്നിട്ടും കണ്ണുപൊട്ടുന്ന ചീത്ത വിളിക്കാതിരുന്ന വീട്ടിലുള്ള അപ്പനപ്പൂപ്പന്മാർ. അതിലെല്ലാമുപരി എല്ലാ പിന്തുണയും തന്ന അദ്ധ്യാപകർ. 
ഇവരെക്കാളെല്ലാം പ്രധാനപ്പെട്ട ഒരാളുണ്ട്. നമ്മുടെ Jichan. കരോൾ  സർവീസ് ചെയ്യണമെന്ന് സാർ ആവശ്യപ്പെടുന്നതിന് മുൻപ് പാട്ടുകൾ നിശ്ചയിച്ചു  വേണ്ട ക്രമീകരണങ്ങൾ ചെയ്തത്. റെക്കോർഡിങ് എന്ന വലിയ ലോകത്തെ പരിചയപ്പെടുത്തിയത്. ജൂബിലിഗാനമുൾപ്പെടെ എല്ലാം ഭംഗിയായി പൂർത്തിയാക്കിയത്. മറ്റെല്ലാ തിരക്കും മാറ്റിവച്ച് അത്യധ്വാനം ചെയ്തത്. നന്ദി... ഞങ്ങളുടെ കരുതുന്നതിന്, പരിഗണിക്കുന്നതിന്, പ്രോത്സാഹിപ്പിക്കുന്നതിന്, ചേർത്തു നിർത്തുന്നതിന്. അതിലുപരി ഞങ്ങളെ ചില്ലാക്കിനിർത്തുന്നതിന്...

അവസാനമായി,  എല്ലാം സുന്ദരമായിരുന്നു. മനസും മിഴിയും നിറഞ്ഞാണ് നമ്മൾ പിരിഞ്ഞത്. ഒപ്പം കഴിഞ്ഞ രണ്ടു ക്രിസ്മസ് ആഘോഷങ്ങളും ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമാക്കിയ എല്ലാവർക്കും നന്ദി... നമുക്ക് ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഇനിയുള്ള നല്ല നിമിഷങ്ങൾക്കായി 
കാത്തിരിക്കുന്നു.....  

2020, ഓഗസ്റ്റ് 5, ബുധനാഴ്‌ച

തോണി



വളരെക്കുറച്ചേ ആയുള്ളൂ യാത്രക്കാരായിട്ട്. ഒരേ തോണിയിലെ കൂട്ടുയാത്രക്കാരായിരുന്നു നമ്മൾ.
തോണി കരയോടടുക്കാറാകുന്നു. ആകാംക്ഷയോടും അത്ഭുതത്തോടും കൗതുകത്തോടുമാണ് നാം യാത്രയാരംഭിച്ചത്.
എന്നാൽ യാത്രയവസാനിക്കുമ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. മറുകരയെത്താറാകുമ്പോൾ കൂട്ടുയാത്രക്കാർ എന്നതിനേക്കാൾ മറ്റെന്തോ നമുക്കിടയിലില്ലേ. വിശേഷങ്ങൾ പറഞ്ഞും കുസൃതികാട്ടിയും ഓളങ്ങളുടെ താളത്തിനൊപ്പം ആ ചെറിയ ദൂരം നമ്മൾ ആസ്വദിക്കുന്നു.
കരയെത്തിയാൽ എല്ലാരും അവരവരുടെ വഴിക്ക്. ചിലർ മാത്രം തിരികെ പോകാനെത്തും. ചിലർ മടങ്ങി വരികയേയില്ല.
വേറേചിലർ കുറേ കാലങ്ങൾക്കു ശേഷം കടവിൽ മടങ്ങിയെത്തും. 

കാര്യങ്ങൾ എല്ലാക്കാലത്തും ഒരുപോലെയാവില്ല, കടവും. തോണിയും കാത്തുകാരനും എന്തിന് കൂട്ടുയാത്രക്കാർ പോലും മാറിയിരിക്കും.

എങ്കിലും മനസിലുണ്ടാവുക അന്ന് നമ്മളൊന്നിച്ച് പുഴ മുറിച്ചു കടന്ന നേരമായിരിക്കും. ഇത്ര ഭംഗിയോടെ ഒരു പുഴയും നാം മുറിച്ചു കടന്നിട്ടുണ്ടാവില്ല.
ഈ ചെറിയ ദൂരത്തിനിടയിൽ നമ്മൾ നമ്മളോടു തന്നെ പറഞ്ഞു തീർത്ത കഥകൾ. നൽകിയ ഉപദേശങ്ങൾ, ഇടറിപ്പോയ നിമിഷങ്ങൾ, ചേർത്തുപിടിച്ച അനുഭവങ്ങൾ, കൂടെയിരുന്ന നേരങ്ങൾ.....
എല്ലാറ്റിനുമൊടുവിൽ കടവും തോണിയും കൂട്ടുയാത്രക്കാരും പിന്നിലാവുന്നു.
നാം അപ്പോഴും യാത്ര തുടരുന്നു.....

സ്ത്രീ




മാതൃത്വം - അത് സ്ത്രീയുടെ പവിത്രനിയോഗം.
ഹവ്വ -മാതൃത്വത്തിൻ്റെ ആദ്യനാമം,
അനുസരണമെന്ന
ഒറ്റവാക്കിൽ ഇടറിപ്പോയവൾ,
വീണുപോയ മാതൃഭാവങ്ങൾക്കു കൂട്ടുപോകുന്നവൾ,
നൊന്തുപ്രസവിക്കാൻ വരം നേടിയവൾ,
അലച്ചിലിൻ്റെ ആദ്യ പോരാളി.


മറിയം -ഹവ്വയുടെ ഇടർച്ചയെ
ആയുസുകൊണ്ട് മറികടന്നവൾ, 
മാതൃത്വത്തിൻ്റെ മഹത്വം പറഞ്ഞവൾ,
അനുസരണത്തിൻ്റെ ആഴം ജീവിച്ചവൾ,
വീണുപോയ മാതൃഭാവങ്ങൾക്ക്
കൂട്ടുപോകുന്നവൾ,
പേറ്റുനോവിനേക്കാൾ
ഹൃദയം മുറിയുന്ന വേദനയ്ക്ക്
വരം നേടിയവൾ,
അലച്ചിലിൻ്റെ സുവിശേഷമായവൾ.



2020, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

Teaching Meterials


Instructional Materials, also known as Teaching/Learning Materials, are any collection of materials including animate and inanimate objects and human and non-human resources that a teacher may use in teaching and learning situations to help achieve desired learning objectives. Instructional materials may aid a student in concretizing a learning experience so as to make learning more exciting, interesting and interactive. They are tools used in instructional activities, which include active learning and assessment. The term encompasses all the materials and physical means an instructor might use to implement instruction and facilitate students achievement of instructional objectives.



Teaching meterials is a generic term used to describe the resources teachers use to deliver instruction. Teaching materials can support student learning and increase student success. Ideally, the teaching materials will be tailored to the content in which they're being used, to the students in whose class they are being used, and the teacher. Teaching materials come in many shapes and sizes, but they all have in common the ability to support student learning.

Student Learning Support
Learning materials are important because they can significantly increase student achievement by supporting student learning. For example, a worksheet may provide a student with important opportunities to practice a new skill gained in class. This process aids in the learning process by allowing the student to explore the knowledge independently as well as providing repetition. Learning materials, regardless of what kind, all have some function in student learning.


Lesson Structure
Learning materials can also add important structure to lesson planning and the delivery of instruction. Particularly in lower grades, learning materials act as a guide for both the teacher and student. They can provide a valuable routine. For instance, if you are a language arts teacher and you teach new vocabulary words every Tuesday, knowing that you have a vocabulary game to provide the students with practice regarding the new words will both take pressure off of you and provide important practice (and fun) for your students.

Differentiation of Instruction
In addition to supporting learning more generally, learning materials can assist teachers in an important professional duty: the differentiation of instruction. Differentiation of instruction is the tailoring of lessons and instruction to the different learning styles and capacities within your classroom. Learning materials such as worksheets, group activity instructions, games, or homework assignments all allow you to modify assignments to best activate each individual student's learning style.

Acquiring Teaching Materials
Getting your hands on valuable teaching materials is not nearly as difficult as it can seem at first. The Internet has many resources for teachers, most of them free, that can significantly increase the contents of your teaching toolbox. You can also make your own materials. Every learning material you develop will be an asset to you when you next teach a similar unit. An investment of time or money in good teaching materials is an investment in good teaching.

The importance of Learning Meterials for Global Learning



There will always be a huge gap between the things that teachers want to impart to their students and the things that students want to know from them. The connection that will let the two meet is the relevance of the lesson with the students’ lives. Engaging activities that stimulate active learning is proven to be the best method teachers use to provide a long-term understanding, especially with global learning. The introduction of a different culture to students can be daunting but making the lesson more interesting by keeping it meaningful and relevant will serve as a great start for active learning.
The usual drill-and-kill approach usually hampers creative thinking and most often produce short-term results. Using appealing learning materials to make the students attentive to the lesson is a time spent in school more valued. These materials for global learning could be artefacts from the native country that the students are studying, like Chinese masks or Brazilian musical instruments. Having a firsthand experience of using, or even creating, the materials from another country can inspire productive thinking.
Here are other benefits of using engaging learning materials in teaching.

Apply Concept
Applying the idea that the students learned in school to a real situation is the best outcome their learning could achieve. In studying a different culture, the students can acquire an open mind and apply this skill outside of school that will provide them with a better outlook on life.

Increase Motivation
There is no learning when motivation is lacking. The usual setup of the teacher talking in front and the students passively listening can make their interest in the lesson plummet. Motivating and keeping them interested by employing learning materials and combining it with interesting tasks, such as weaving a basket using materials from Africa, can make the school experience memorable thus will provide a lifelong learning.

Easiest to Learn
By making the content of the lesson more relevant and engaging, the students will find learning relaxed and simple. Flashy presentations, humour and games can attract their interest and this will allow the teacher to tap into the cognitive need of the learner to make sense of the world. Making them aware of the practices of other people and their culture through the use of interactive CDs and magazines that contain significant content can be a good start of engaging them to learn more about other people’s way of life.

Promotes Critical and Creative Thinking
Since the use of learning tools promotes active learning, the students will acquire skills to analyse, synthesise and apply the material. It will help develop their logical reasoning and creative thinking because the teachers are allowing them to have a more active role in the learning process.

Fun Learning
Students often look forward to teachers who can produce engaging content. Study time is play time while learning. By providing a realistic experience to them in a classroom setting, learners get an inspiring and joyful experience they can only acquire from school. The usual setup of fun learning is when most of the students are actively participating in an activity. They are collaborating and giving ideas to form a better outcome, like performing as a group to better demonstrate a cultural dance.

പുരോഹിതൻ

വിശ്വാസം നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ പുരോഹിതർക്ക് ഉള്ള പങ്ക്


വിശ്വാസമെന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ടെന്ന ബോധ്യവുമാണ്.
ദൈവത്തിൻ്റെ വചനത്താൽ ലോകം സൃഷ്ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയിൽ നിന്നുണ്ടായി എന്നും വിശ്വാസംമൂലം നാം അറിയുന്നു.
വിശ്വാസംമൂലം ആബേൽ കായേൻ്റേതിനേക്കാൾ ശ്രേഷ്ഠമായ ബലി ദൈവത്തിനു സമർപ്പിച്ചു.
വിശ്വാസംമൂലം അബ്രാഹം, തനിക്ക് അവകാശമായി ലഭിക്കാനുള്ള സ്ഥലത്തേക്ക് പോകാൻ വിളിക്കപ്പെട്ടപ്പോൾ അനുസരിച്ചു.
വിശ്വാസംമൂലം മോശയെ, അവൻ ജനിച്ചപ്പോൾ മാതാപിതാക്കന്മാർ മൂന്നു മാസത്തേക്ക് ഒളിച്ചുവച്ചു.
വിശ്വാസത്തോടെ ഇസ്രയേൽജനം ജറീക്കോയുടെ കോട്ടകൾക്ക് ഏഴുദിവസം വലത്തുവച്ചപ്പോൾ അവ ഇടിഞ്ഞുവീണു.
ഗിദയോൻ, ബാറക്ക്, സാംസൺ, ജഫ്ത, ദാവീദ്, സാമുവൽ ഇവർ വിശ്വാസത്തിലൂടെ രാജ്യങ്ങൾ പിടിച്ചടക്കി, നീതി നടപ്പിലാക്കി, വാഗ്ദാനങ്ങൾ സ്വീകരിച്ചു, സിംഹങ്ങളുടെ വായകൾ പൂട്ടി, അഗ്നിയുടെ ശക്തി കെടുത്തി, വാളിൻ്റെ വായ്ത്തലയിൽ നിന്ന് രക്ഷപ്പെട്ടു, ബലഹീനതയിൽ നിന്ന് ശക്തിയാർജിച്ചു, യുദ്ധത്തിൽ ശക്തമാരായി, വിദേശസേനകളെ കീഴ്പ്പെടുത്തി.
വിശ്വാസംമൂലം ഇവരെല്ലാം അംഗീകാരം പ്രാപിച്ചെങ്കിലും വാഗ്ദാനം ചെയ്യപ്പെട്ടതു പ്രാപിച്ചില്ല. കാരണം, നമ്മെക്കൂടാതെ അവർ പരിപൂർണരാക്കപ്പെടരുത് എന്നുകണ്ട് ദൈവം നമുക്കായി കുറേക്കൂടെ ശ്രേഷ്ഠമായവ നേരത്തേ കണ്ടുവച്ചിരുന്നു.
ഹെബ്രായലേഖനത്തിൻ്റെ 11ആം അദ്ധ്യായം 1 മുതലുള്ള വചനങ്ങളാണിത്.

ഈ പ്രതിസന്ധിയുടെ നാളുകളിൽ ബലിയർപ്പണമോ വചനപ്രഘോഷണമോ കൂട്ടായ്മകളോ ഒന്നുമില്ലാതെ നാം ജീവിക്കുന്നുവെന്നും മാധ്യമങ്ങളിലൂടെയുള്ള ബലിയർപ്പണത്തിൽ പങ്കെടുക്കുന്നത് നിരുത്സാഹപ്പെടുത്തിയവർ തന്നെ ഇന്ന് അത്തരം ബലിയർപ്പണങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നുമുള്ള നമ്മുടെ ദുഷ്ട ന്യായങ്ങളെ, ജറുസലേമിനെ വിളക്കുമായി വന്ന് പരിശോധിക്കുന്ന സെഫാനിയയുടെ ദൈവം കണ്ടില്ലെന്ന് നടിക്കുമോ.??

വിശ്വാസത്തെക്കുറിച്ച് പലയിടങ്ങളിലായി ഈശോയും വാചാലനാകുന്നുണ്ട്. വിശ്വാസരാഹിത്യത്തെ കുറ്റപ്പെടുത്തുന്നുമുണ്ട്. വിശ്വാസത്തെ സംബന്ധിക്കുന്ന അവസാന ഉപദേശം സ്വീകരിക്കുന്നത് നമ്മുടെ പിതാവായ തോമാശ്ലീഹയാണ്. കാണാതെ വിശ്വസിക്കുന്നതിനെക്കുറിച്ചാണത്. വിശ്വാസത്തെ ആഴപ്പെടുത്താനുള്ള  മരപ്പണിക്കാരൻ്റെ ഈ ഉപദേശത്തെ വില കുറച്ച് കാണാനാകുമോ...??

വിശ്വാസത്തെ തൂക്കിനോക്കേണ്ട ബാധ്യതയുണ്ടാകുമ്പോൾ നമ്മുടെ അവിശ്വാസത്തിൻ്റെ തട്ട് എപ്പോഴും താഴ്ന്നു കിടക്കുന്നു. എല്ലാത്തരം വിശ്വാസങ്ങളെയും തെളിയിക്കേണ്ട ബാധ്യത കാലം നമുക്ക് തരുന്നുണ്ട്. നിർഭാഗ്യവശാൽ തോറ്റ് പിന്മാറുക എന്നതല്ലാതെ റാങ്കോടുകൂടി പാസാകാനുള്ള ബാധ്യതയെ എളിമയോടെ നമ്മൾ അവഗണിച്ചു കളയുകയല്ലേ ചെയ്യുന്നത്..?

വിശ്വാസമെന്നത് വാക്കുകളിലൊതുക്കുകയും അവിശ്വാസം പ്രവൃത്തിയിലുണ്ടായിരിക്കുകയും ചെയ്യുന്ന വിപരീത കാലത്തിലാണ് നാം. വിശ്വാസത്തെ ഉപേക്ഷിക്കാൻ നൂറു കാരണങ്ങൾ നമുക്ക് കണ്ടെത്താനാകുന്നു. എന്നാൽ നമുക്ക് വിശ്വാസത്തിൽ നിലനിൽക്കാനുള്ള ഏക കാരണം ഉത്ഥിതനാണ് എന്നത് മറക്കാമോ..?

ഓർക്കുക, നമ്മുടെ വിശ്വാസയാത്രയാരംഭിക്കുന്നത് മുതൽ രക്ഷയുടെപാത കാട്ടിത്തരുന്നതിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണ് പുരോഹിതർക്കുള്ളത്.
അറിയണം, ഒടുവിലത്തെ വൈദികനും മരിച്ചു വീഴുന്നതുവരെ ബലിപീഠങ്ങൾ അനാഥമാവുകയില്ല.

അനുദിന ബലിയർപ്പണത്തിലൂടെയും പ്രാർത്ഥനയിലൂടെയും നമുക്ക് ലഭിച്ച ദൈവാനുഭവങ്ങളെ എത്ര വേഗത്തിലാണ് നാം മറന്നു പോകുന്നത്. അങ്ങനെ വിശ്വാസിക്കും അവിശ്വാസിക്കുമിടയിൽപ്പെട്ട മൂന്നാം തരക്കാരായി നാം മാറ്റപ്പെടുന്നു.

ഈ അവിശ്വാസത്തെ മറികടക്കാൻ നമ്മെ സഹായിക്കുകയാണ് പൗരോഹിത്യം. ഈ ദുരിതകാലത്തിൽ നമുക്കൊരു മുള്ളു നല്കപ്പെട്ടിരിക്കുന്നു. അതവിടെ ഇരിക്കട്ടെ എന്നല്ല, അവിശ്വാസമെന്ന ഈ മുളളിനെ വിശ്വാസം കൊണ്ടെടുത്ത് കളയാൻ പുരോഹിതർക്ക് കഴിയണം.

ആഗസ്റ്റ് 4 ഇടവകവൈദികരുടെ മധ്യസ്ഥനായ വി.ജോൺ മരിയ വിയാനിയുടെ തിരുനാൾ. അവിശ്വാസത്തിൽ കഴിഞ്ഞ ജനത്തെ വിശ്വാസത്തിലേക്ക് വളർത്തിയ ആ വലിയ വിശുദ്ധൻ ഒരു വെല്ലുവിളിയാണ്. പ്രാർത്ഥനയും ജീവിതവിശുദ്ധിയും കൊണ്ടാണ് അവിശ്വാസമെന്ന അശുദ്ധിയെന്ന ആ ദൂരം അദ്ദേഹം മറികടന്നത്.

ഇപ്രകാരം തൻ്റെ അജഗണങ്ങൾ അവിശ്വാസത്തിൻ്റെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങുമ്പോൾ പൗരോഹിത്യ ധർമ്മത്തിലൂടെ അവരെ വീണ്ടെടുക്കാൻ പുരോഹിതനു കഴിയണം. പഠിപ്പിക്കുന്നതിലൂടെ ശരിയായ ബോധ്യങ്ങൾ നൽകാനും നയിക്കുന്നതിലൂടെ ശരിയായ ധാർമ്മിക മൂല്യങ്ങളിൽ വളരാനും സ്വന്തം ജീവിത വിശുദ്ധികൊണ്ട് വിശുദ്ധീകരിക്കാനും പുരോഹിതർക്ക് കടമയുണ്ട്.
ആധുനിക വിജ്ഞാനവാദത്തിൻ്റെ ഫലമായി ധാരാളം ആളുകൾ വിശ്വാസസത്യങ്ങളെ വ്യാഖ്യാനിച്ച് വിശ്വാസികൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നു. ഇത്തരം സാഹചര്യങ്ങളിൽ കത്തോലിക്ക സഭയുടെ പ്രബോധനങ്ങൾ ശരിയായി പഠിപ്പിച്ചുകൊണ്ട് അജഗണങ്ങളെ ശരിയായി വിശ്വാസത്തിലേക്ക് നയിക്കാൻ പുരോഹിതർക്ക് കടമയുണ്ട്.
നഷ്ടപ്പെട്ട ആടിനെ തേടിപ്പോകുന്ന ഇടയനെപ്പോലെ വിശ്വാസത്തിൽ നിന്നും ഇടറിപ്പോയവരെ തിരികെനേടാനുള്ള ജാഗ്രതയും കരുതലും പുരോഹിതർക്കുണ്ടാവണം.

വിശ്വാസംമൂലം ഇവരെല്ലാം അംഗീകാരം പ്രാപിച്ചെങ്കിലും വാഗ്ദാനം ചെയ്യപ്പെട്ടത് പ്രാപിച്ചില്ല. കാരണം, നമ്മെക്കൂടാതെ അവർ പരിപൂർണരാക്കപ്പെടരുത് എന്ന് കണ്ട് ദൈവം നമുക്കായി കുറേക്കൂടെ ശ്രേഷ്ഠമായവ നേരത്തേ കണ്ടുവച്ചിരുന്നു എന്ന് ഹെബ്രായലേഖകൻ പറയുന്ന ആ ദാനം ഈശോയുടെ ശരീരവും രക്തവുമാണ്. ആ ശ്രേഷ്ഠ ദാനം സ്വീകരിക്കാനുള്ള വിശ്വാസത്തിൻ്റെ കരുത്ത് നമുക്കുണ്ടാവട്ടെ....

2020, ജൂലൈ 29, ബുധനാഴ്‌ച

സെവേറിയോസ്

*_XANTHRONZ 2018 - 2020*_
ഇന്നലെകളിലേക്ക് ചുവടു ചേർക്കുകയാണ് നാം. നന്മനിറഞ്ഞ ദിനങ്ങളെ നന്ദിയോടെ ഓർത്തുകൊണ്ട് മടങ്ങാം. ചെറിയസമൂഹമായിരുന്നിട്ടും മനസിൻ്റെ ഐക്യം നമ്മെ വലുതാക്കുന്നു.


പിന്തുണയും പ്രോത്സാഹനവുമായി ഒപ്പം നിന്ന മാനേജർ, പ്രിൻസിപ്പൽ, അദ്ധ്യാപക അനദ്ധ്യാപക സഹോദരങ്ങൾ.


ഭംഗിയുള്ള കുറേ സുന്ദരയോർമ്മകളുടെ മണ്ണാണ് നമുക്ക് സെവേറിയോസ്. നടന്നിറങ്ങിയ വഴികളിൽ പതിഞ്ഞു കിടക്കുന്നത് പാദമുദ്രകൾ മാത്രമാവില്ല, കുറേയധികം ഓർമ്മകൾ കൂടിയാണ്.


മനസുനിറഞ്ഞ് മടങ്ങുമ്പോൾ ഓർമ്മകളുടെ വേലിയേറ്റമാണ് മനസിൽ.


നന്ദി സെവേറിയോസ്,
അധ്യാപക സ്വപ്നങ്ങൾക്ക് ചിറകുകൾ നല്കിയതിന്...
കൂടെയുള്ളവരെക്കൂടി കരുതണമെന്ന് ബോധ്യപ്പെടുത്തിയതിന്...
കരുതലും പ്രോത്സാഹനവുമായി 
ഒപ്പം നിന്നതിന്...
കുറേക്കൂടി നല്ല മനുഷ്യരാവുകയാണ് 
പ്രധാനമെന്ന് പഠിപ്പിക്കുന്നതിന്...
ജീവിതനിയോഗങ്ങളെ കണ്ടെത്തണമെന്നുള്ള
ചിന്ത നല്കുന്നതിന്...
മടങ്ങിവരാൻ ഇടമുണ്ടെന്ന്
മന്ത്രിക്കുന്നതിന്.....



*XANTHRONZ* 

കാലം വല്ലാണ്ട് മുന്നോട്ടുപോയത് നാമറിഞ്ഞില്ല.🤷‍♂️🤷‍♂️ ഒരു ജൂലൈ 2 ന് സെവേറിയോസിൻ്റെ പടികൾ👬👬👭🏼👭🏼🧍🏻‍♀️🧍 കയറിയപ്പോൾ 757 ദിവസങ്ങൾക്കിപ്പുറം മറ്റൊരു ജൂലൈയിൽ അതേ പടികളിറങ്ങി മടങ്ങേണ്ടി വരുമെന്നും നാം കരുതീട്ടുണ്ടാവില്ല.😞😞
അപരിചിതരായിരുന്ന നമ്മൾ എത്ര വേഗത്തിലാണ് പരിചിതരായത്.🥳🙍‍♂️🙍‍♀️👬👫 പരിചയത്തേക്കാൾ നല്ല ബന്ധങ്ങളിലേക്കു വളർന്നത്.🤝🤘💁‍♂️ പരസ്പരം കരുതാനും പ്രോത്സാഹിപ്പിക്കാനും ചേർത്തുനിർത്താനും നമുക്ക് കഴിഞ്ഞു.😇🥰👥👩‍❤️‍👨
നമ്മളെല്ലാവരും അദ്ധ്യാപകരാവണമെന്ന അദമ്യമായ ആഗ്രഹംകൊണ്ട് വന്നതൊന്നുമല്ല. പലരും സാഹചര്യങ്ങൾകൊണ്ട് ഇവിടെ എത്തിപ്പെട്ടതാണ്.🤓🙂 രണ്ടുവർഷം ഇവിടെ ആയിരുന്നു എന്നതുകൊണ്ട് എല്ലാവരും അദ്ധ്യാപകരുമാകില്ല. എന്നിട്ടും എത്ര ആത്മാർത്ഥമായാണ് നമ്മളിവിടെ ചെലവഴിച്ചത്.😇😍🤩


നമ്മൾ മാറുകയായിരുന്നു. അന്ന് ജൂലൈ 2 ന് ഓഡിറ്റോറിയത്തിലെ ഇരുമ്പുകസേരയിൽ ആകുലപ്പെട്ടിരുന്ന ആ നമ്മളല്ല ഈ നമ്മൾ.🪑🪑 ചിന്തകളിലും കാഴ്ചപ്പാടുകളിലും മനോഭാവങ്ങളിലും നിലപാടുകളിലും ഇടപെടലുകളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്.😌☺️👩‍🏫👨‍🏫👩‍💻


സ്നേഹത്തോടും കരുതലോടും കൂടെ നമ്മോടൊപ്പമായിരുന്ന നമ്മുടെ അദ്ധ്യാപകർ.👨‍🏫👩‍🏫👨‍🏫👩‍🏫
മറ്റ് സ്റ്റാഫ് അംഗങ്ങൾ. എല്ലാവരും നമുക്കു വേണ്ടിയായിരുന്നു.


ക്ലാസ് തിരിഞ്ഞുള്ള പ്രയർ ലീഡിങ്ങുകൾ.🧎‍♀️🧎🎙️🎙️ പാട്ടിനുവേണ്ടിയുള്ള കൺഫ്യൂഷനുകൾ. പ്രതിജ്ഞയ്ക്കിടെയുള്ള വിക്കലുകൾ. 
ചിന്താവിഷയത്തിലുള്ള ചിന്താക്കുഴപ്പങ്ങൾ.🤔🤭🤭


പൊതു വിശേഷദിവസങ്ങളിലെ ഒത്തുചേരലുകളും ഓപ്ഷൻ തിരിഞ്ഞുള്ള കർമ്മ പരിപാടികളും. 💪💪💂‍♂️തമ്മിൽ കലഹിച്ച മത്സരങ്ങളും അട്ടിമറി വിജയങ്ങളും. അഞ്ചു രൂപയുടെ മഞ്ചിലവസാനിച്ച പലവർണ കവറിൽ പൊതിഞ്ഞ തട്ടിപ്പ് സമ്മാനങ്ങൾ.🍬🍫🍭🍧 എല്ലാറ്റിനുമൊടുവിൽ സിനിമാപാട്ടിലവസാനിക്കുന്ന തുള്ളിക്കളികൾ.💃🕺🏼🕺🏼💃🕺🏼💃


ജനറൽ ക്ലാസുകൾ. 
ഒരിക്കലെങ്കിലും സീറ്റു മാറിയിരിക്കാനുള്ള ശ്രമങ്ങൾ.😃😃 പിൻസീറ്റുകൾക്കു വേണ്ടിയുള്ള പിടിവലികൾ.😝😝😝 ക്ലാസ് ഉഴപ്പാനുള്ള തന്ത്രങ്ങൾ. ഉറങ്ങിമടുത്ത സൈക്കോളജി പീരിയഡുകൾ.😴😴😴😴 പതിവായി വൈകിവരാറുള്ള വണ്ടികൾ.🛵🏍️🚌 സെമിനാറുകൾക്കിടയിലെ മണ്ടത്തരങ്ങൾ. രഹസ്യമായി ചിത്രീകരിക്കപ്പെടുകയും പിന്നീട് ട്രോളുകളായി രൂപാന്തരപ്പെടുകയും ചെയ്യുന്ന സെമിനാറുകൾക്കിടയിലെ സുന്ദരസന്ദർഭങ്ങൾ.🤪🤭🤯🥵


നമ്മുടെ ഓപ്ഷൻ ക്ലാസുകൾ.😎🤩🥳 ക്ലാസെടുപ്പിക്കാതിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ. സഹ ഓപ്ഷൻ ക്ലാസുകാരെക്കുറിച്ചുള്ള പരദൂഷണം പറച്ചിലുകൾ.🗣️🗣️👀👀 രഹസ്യമായി കൊണ്ടുവരികയും പരസ്യമായി വിതരണം ചെയ്യപ്പെടുകയും ചെയ്യുന്ന ഇടവേളകളിലെ കൊറിക്കൽ ശ്രമങ്ങൾ. 🍿🍪🥧🍩
പോപ്പിൻസിലെ കളറുകൾക്കുവേണ്ടിയുള്ള കളറുമങ്ങിയ ചീത്തകൾ.🍩🍩🍭 ഫ്രീയായി ഇരിക്കുന്നവരോടുള്ള അസൂയപ്പെടലുകൾ. ഇംഗ്ലീഷ്, മാക്സ് ക്ലാസുകാരോടുള്ള സഹതാപപ്രകടനങ്ങൾ.😙😚🧐😣


ഉച്ചയൂണുകൾക്കു വേണ്ടിയുള്ള കാത്തിരിക്കലുകൾ.🍲🍛🍲🍝🍱 സ്പെഷ്യലുകൾ ഒളിപ്പിക്കാനുള്ള പാഴ്ശ്രമങ്ങൾ. പതിവായുള്ള ഉപ്പുനോക്കലുകൾ. കറികൾക്കായുള്ള പിടിവലികൾ. വാരിക്കൊടുക്കുന്നതിൻ്റെയും വാരിത്തരുന്നതിൻ്റെയും ഗൃഹാതുരത്വങ്ങൾ. 😋😋🥳😞😇
ചോറ് കൊണ്ടുവരാതിരിക്കാനുള്ള കാരണം കണ്ടെത്തലുകൾ.


"മഹൽസ്നേഹ...." ത്തിലാരംഭിച്ച നമ്മുടെ കൊയറിൻ്റെ സംഗതി വച്ചുള്ള കളികൾ. 👨‍🎤👩‍🎤👨‍🎤👩‍🎤ആൾട്ടോ, സൊപ്രാനോ, ബേസ്, ടെനർ പാടിയൊപ്പിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ. സ്റ്റേജിൽ കയറുമ്പൊ ശരിയാക്കാമെന്ന അമിതാത്മവിശ്വാസങ്ങൾ.🎙️🎙️🕳️🕳️
ഉഴപ്പാതിരിക്കാനുള്ള കൊയർ മാസ്റ്ററുടെ, ചുണ്ടിൽ പുഞ്ചിരിനിറച്ച കണ്ണുരുട്ടലുകൾ.👀👁️👀


ആദ്യമായി സ്റ്റുഡിയോയിൽ റെക്കോർഡിങ്ങിന് പോയത്.🎥📽️🎙️🎙️🎶🎵🎶🔊 ട്രെയിൻ പിടിച്ചുള്ള കായംകുളം യാത്ര.🚎🚎🚎 കൊട്ടാരത്തിലെ ചരിത്രനിമിഷങ്ങൾ. കരുനാഗപള്ളി ശ്രീരാഗ് സ്റ്റുഡിയോയിൽ പാട്ടുപാടി റെക്കോർഡ് ചെയ്തത്.🎶🎵📣📢📹📹 റീടേക്കുകളുടെ കുത്തൊഴുക്കിൽ ഇതെങ്കിലും ശരിയാവണമെന്നുള്ള ആത്മാർത്ഥമായ പ്രാർത്ഥനകൾ.🙏🙏🙏


കരോൾഗാന ചിത്രീകരണം. ഒരു ദിവസായുസിൻ്റെ ആകാംക്ഷയും ആകുലതയും.🎥📽️🎞️🎞️📹 വെയിലേറ്റു തളരാതിരിക്കാനുള്ള പരസ്പര പ്രോത്സാഹനങ്ങൾ. യൂറ്റുബിൽ കണ്ടതിൻ്റെ സന്തോഷങ്ങൾ.😇😇🤩🥳😎


ഗ്രോട്ടോയുടെ മുന്നിൽ ഉച്ചനേരങ്ങളിലായി വട്ടംകൂടിയ വർത്തമാനങ്ങൾ.🤬🤫🗣️🗣️🏃‍♂️🏃‍♀️🏃‍♂️ മാങ്ങയ്ക്കു വേണ്ടിയുള്ള കല്ലേറു കലാപരിപാടികൾ.🥭🥭🥭
നമ്മുടേതായ ചില സൗഹൃദവലയങ്ങൾ.  അവരുമൊന്നിച്ചുള്ള സെൽഫിപിടുത്തങ്ങൾ. 🤳🤳🤳
വൈകിപ്പിരിയുന്ന വൈകുന്നേരങ്ങൾ.🌞🌞🌝🌝


നമ്മുടെ സ്കൂൾ ജീവിതങ്ങൾ.🏘️🏬🏣🏤 ആശങ്കയും പ്രതീക്ഷയും കൗതുകങ്ങളും നിറഞ്ഞുനിന്ന ദിവസങ്ങൾ. ആശങ്കകൾ പങ്കുവെച്ചഫോൺ വിളികൾ.⛽📞📞 പരസ്പരമുള്ള കരുതലുകൾ. 
അതിനുമെല്ലാമൊടുവിലെ കമ്മീഷൻ ഉത്സവം. ഉറക്കമിളച്ചുള്ള എഴുത്തുകുത്തുകൾ,🗒️🗓️📑📄📃📘📗📕 ചിത്രപ്പണികൾ. തട്ടിക്കൂട്ടു റെക്കോർഡുകൾ. പുലി വരുന്നെന്നു പറഞ്ഞിട്ട് എലിപോലെയെന്തോ വന്നുപോയ കമ്മീഷൻ ദിനങ്ങൾ.📆📆🗒️📒📚


നമ്മുടെ ബാഡ്മിൻ്റൺ ദിവസങ്ങൾ.🏸🏸🚵‍♂️🚵‍♂️🚴‍♂️⛹️‍♂️ വെയിലുകൊണ്ടും കളിക്കാനുള്ള ആവേശങ്ങൾ. കാറ്റിനെ ശപിച്ചും വെയിലിനെ പ്രാകിയുമുള്ള കളിശ്രമങ്ങൾ. ടൂർണമെൻ്റിനു പോകാനുള്ള കഠിന പരിശീലനങ്ങൾ. 🤸‍♂️🤸‍♀️🤼‍♂️🏋️‍♀️തോറ്റ് തുന്നംപാടിയുള്ള മടങ്ങി വരവുകൾ.


അവസാനമായി, എല്ലാം ഭംഗിയായിരുന്നു.😇😇 ഓരോ ദിവസവും ഓരോ ഓർമ്മകളാണ്. സുന്ദരമായി നമ്മളതാസ്വദിച്ചു. പരസ്പരമറിയാനും സ്നേഹിക്കാനും കരുതാനും കലഹിക്കാനും നമുക്ക് ലഭിച്ച രണ്ടുവർഷങ്ങൾ.😎🥳🤩🤬🥶 കണ്ണിമ ചിമ്മിതുറക്കുന്ന വേഗത്തിൽ അതോർമ്മയാകുന്നു. 😞😞


നമ്മൾ 50 പേരാണ്. 👨‍🎓👩‍🎓👩‍🎤👩‍🏫👨‍🏫👩‍💻വ്യത്യസ്ത ഇടങ്ങളിലും സാഹചര്യങ്ങളിലും നിന്നുവരുന്നവർ. അതുകൊണ്ടുതന്നെ അതിൻ്റേതായ പോരായ്മകളുണ്ട്. എല്ലാവരേയും ഒരുപോലെ ഉൾക്കൊള്ളാൻ എല്ലാവർക്കും കഴിയില്ല.🤷‍♂️🤷‍♂️🤷‍♂️🤷‍♀️ ചിലരോട് അടുപ്പം കൂടുന്നതുപോലെ ചിലരോട് അടുപ്പം കുറയും. ചിലരോട് ഇഷ്ടക്കൂടുതലും ഇഷ്ടകുറവുമുണ്ടാകും.😍🥰💔💔 ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടായിട്ടുണ്ടാവും. ഒന്നും മന:പ്പൂർവ്വമാവില്ല. ഇനി അഥവാ അങ്ങനെയെന്തെങ്കിലുമുണ്ടെങ്കിൽ സ്നേനേഹപൂർവ്വം ക്ഷമിക്കാൻ കഴിയട്ടെ.💓💓❣️ നമ്മളല്ലാതെ മറ്റാരാണ് അവർക്ക് മാപ്പുകൊടുക്കുക.💖💝


എല്ലാവരിലും നിന്ന് നമുക്ക് എന്തൊക്കെയോ പഠിക്കാനുണ്ട്.😘😊🤝👍 അത്തരം നന്മകളെ സ്വീകരിച്ച് ജീവിതത്തിൻ്റെ ഏത് മേഖലയിലാണെങ്കിലും നന്മയോടെ ആയിരിക്കാൻ നമുക്ക് കഴിയട്ടെ.🤝🥰👨‍🏫👩‍🏫


പ്രളയദുരന്തദിനങ്ങളെ എത്ര ഭംഗിയായി നാം അതിജീവിച്ചു.💪💪💪 അതൊരു തുടക്കകാലമായിരുന്നതിനാൽ അതുനമ്മെ കാര്യമായി ബാധിച്ചില്ല. അവസാനത്തിലേക്കു വരുമ്പോൾ, ഒരല്പം കുഴപ്പംപിടിച്ച കളിയിൽ ടൈം ഔട്ട് വിളിച്ച് മാറിനിൽക്കുകയാണ് നാം.😨🤥🥶😳🥵 കാര്യങ്ങൾ അത്രഭംഗിയല്ല എന്നു നമുക്കറിയാം. മഴ വില്ലനായൊരു വൺഡേ മാച്ചിൽ 40 ഓവറിൽ കളിയവസാനിപ്പിക്കേണ്ടി വന്ന കളിക്കാരെപ്പോലെയാണ് നാം.😧🤢🏃‍♂️🏃‍♀️


മറ്റൊന്നുകൂടി പറഞ്ഞവസാനിപ്പിക്കാം. 
ഇതുവരെയുണ്ടായിരുന്ന സ്നേഹവും കരുതലും ഇനിയുമുണ്ടാവണം.🙃🙂😉 ചിലപ്പോൾ ഇതുവരെ ഉണ്ടായിരുന്നതിനേക്കാൾ കൂടുതലായി. എപ്പോഴും വിളിച്ചില്ലെങ്കിലും വല്ലപ്പൊഴുമെങ്കിലും.📞📞 എപ്പോഴും മെസേജ് അയച്ചില്ലെങ്കിലും ആരോടെങ്കിലുമുള്ള സംസാരത്തിനിടെ പരാമർശിക്കപ്പെടുന്ന ആ ആളെ, മറ്റാരുടെയെങ്കിലും സ്റ്റാറ്റസുകളിലോ ഡി പി കളിലോ കാണുന്ന, എന്തെങ്കിലും മിണ്ടുകയോ പറയുകയോ ചെയ്തിട്ട് കുറച്ചായി എന്നു ബോധ്യമുള്ള ആ ആൾക്ക് മെസേജ് അയക്കാൻ മടിക്കരുത്.🤝🤝 ഒരുപക്ഷേ, ആ വിളിയോ മെസേജോ ഒരാൾക്കു നൽകാനിടയുള്ള സന്തോഷത്തെക്കുറിച്ച് നമുക്ക് യാതൊരു ധാരണയുമില്ല.🥰🥰
ഇനി, ഒരിക്കൽ പോലും വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്തില്ലെങ്കിലും നിങ്ങളുടെ എന്തെങ്കിലും ഒരാവശ്യം സാധിച്ചു തരാൻ നമ്മിൽ ആർക്കെങ്കിലും കഴിയുമെന്ന് നിങ്ങൾക്കു തോന്നുന്നുവെങ്കിൽ ആ ആളെ തീർച്ചയായും വിളിക്കണം. ചിലപോൾ അല്പം പരിഭവം പറയുകയോ വിചാരിക്കുകയോ ചെയ്യുമെങ്കിലും അത് സാധിച്ചെടുക്കാൻ കഴിഞ്ഞേക്കും.😉😌😌🤩🥳😎



*_Evening Buddieezzz_* 

വൈകുന്നേരങ്ങൾക്ക് ഇത്ര ഭംഗിയുണ്ടെന്ന് നാമെങ്ങനെയാണ് തിരിച്ചറിഞ്ഞിട്ടുണ്ടാവുക..???🥳🥳🌞🌝🌝🌛🌜


ദിവസത്തിലെ മറ്റേതൊരു നേരത്തേക്കാളും വൈകുന്നേരങ്ങൾക്ക് ഒരല്പം ഭംഗി കൂടുതലുണ്ടായിരുന്നു.😌😌🥰✨🌟⭐💫 വൈകുന്നേരങ്ങൾക്കുവേണ്ടി മാത്രമുള്ള തിരക്കഥകളുണ്ടായിരുന്നു.🗂️📋📋
വൈകുന്നേരങ്ങളിലാരംഭിക്കുകയും അതേ വൈകുന്നേരമവസാനിക്കുകയും ചെയ്യുന്ന കുഞ്ഞു ദിവസങ്ങളുടെ വലിയ നേരങ്ങളുണ്ടായിരുന്നു.⏳⌛🧭⏱️⏰


കുഞ്ഞു ലോകങ്ങൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് നമ്മൾ കണ്ടെത്തി.💪👌😎🤩 മറ്റുള്ളവരിൽ സന്തോഷം നിറയ്ക്കാൻ നമ്മൾ കാരണം കണ്ടെത്തിക്കൊണ്ടേയിരുന്നു. 
കാരണങ്ങളില്ലാത്ത ആഘോഷനേരങ്ങൾ.💃🕺🏼💃🕺🏼 വൈകിയുള്ള വീട്ടിൽ പോകലുകൾ. 
പതിവായി കയറുന്ന മുകളിലെ ചേച്ചീടെ കട.  കടയിലെ നാരങ്ങാവെള്ളത്തിനുള്ള ദാഹനേരങ്ങൾ.🧃🥤🥃🍵
എണ്ണം പറഞ്ഞു വാങ്ങുന്ന ചായ/ നാരങ്ങാവെള്ളങ്ങൾ. അതിനു കൂടെ കടിക്കാനായി ലോലിപോപ്പ്, ലെയ്സ്, സിപ്അപ്പ്, കപ്പലണ്ടി മിഠായികൾ.🍬🍫🍥🥧🍦🍧🍡 പറ്റിലെഴുതാതിരിക്കാനുള്ള കളക്ഷനെടുപ്പുകൾ.💼👝👝💼


 കുഞ്ഞു നേരങ്ങളുടെ വലിയ ലോകങ്ങൾ.
പടികളും വൈകുന്നേരങ്ങളും.😍🥰😇🥳

അങ്ങനെ അധ്യയനമെന്ന അല്പം ദീർഘമായൊരു പാഠപുസ്തതകത്തിലെ അവസാന 
താളിലാണ് നാം. ഇനി, മറിച്ചു നോക്കാനായി താളുകളവശേഷിക്കുന്നില്ല.
ആ അവസാന വിനാഴികകളിലേക്കു ചുവടുചേർക്കുമ്പോൾ രണ്ടു സംവത്സരങ്ങൾ നീണ്ട വസന്ത കാലത്തിൻ്റെ സൗന്ദര്യം പച്ചകെടാതെ, ഓർമ്മകളുടെ ക്യാൻവാസിൽ ഒരു മുഴുചിത്രമായി തെളിഞ്ഞു നിൽക്കുന്നു.
ഒരു രാത്രിയുടെ ചെറിയ ദൂരത്തിൽ ഓർമ്മകളുടെ മഴപ്പെയ്ത്തുകാലം ആരംഭിക്കുന്നു.
ഒരു പകലിരവാകുമ്പോൾ കാലം ആ അവസാനതാളും മറിച്ചുകഴിഞ്ഞിരിക്കും.
കാലചക്രം ഉരുണ്ടുമാറുമ്പോൾ വസന്തകാലത്തിലെ അവസാനത്തെ പൂവും ഒരുപകലിൻ്റെ ദൈർഘ്യത്തിൽ വിരിഞ്ഞു തീരുന്നു. അതെ, ചുറ്റുമുള്ളവരിൽ നന്മനിറച്ച് ജീവിതത്തിൽ ഋതുക്കൾ മാറാനൊരുങ്ങുന്നു.
വളരെ ചെറിയ ദൂരം മുറിച്ചുകടക്കുകയായിരുന്നു നമ്മൾ. കണ്ണുചിമ്മുന്ന വേഗതയിൽ ആ ദൂരത്തെ കടന്നു പോവുകയാണ് നാം.


2020, ജൂലൈ 16, വ്യാഴാഴ്‌ച

'കൊറോണ ' എന്നൊരു പരീക്ഷക്കാലം

കൊറോണ കൊറോണ കൊറോണ..!!!
കാണാനെങ്കിലും അല്പമുണ്ടായിരുന്നേൽ പിടിച്ചൊന്ന് ഞെരടിവിടാരുന്നു എന്ന് കുറച്ച് കടത്തി പറയേണ്ടി വന്ന വല്ലാത്തൊരു ഗതികെട്ട കാലത്തിലാണു നാം.
എന്തൊക്കെ ചെയ്തിട്ടും, എത്ര തല പുകച്ചിട്ടും ആ പഹയൻപിടിതരുന്നേയില്ലല്ലൊ.

കഴിയുന്നിടത്തോളം വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങുമ്പോൾ സാമൂഹിക അകലം പാലിക്കണമെന്നും പുറത്ത് പോകുമ്പോഴും തിരികെ വരുമ്പോഴും കൈകൾ 
സാനിട്ടൈസർ/ സോപ്പും വെള്ളവും ഉപയോഗിച്ചോ കഴുകണമെന്നും ചെവിട്ടിൽ മൂട്ടപോയപോലെ സർക്കാരിൽ നിന്ന് നിർദേശങ്ങൾ വന്നുകൊണ്ടിരിക്കുന്നു.
അതു പോരാഞ്ഞ്, ബന്ധുവീടുകളോ അയൽപക്കങ്ങളോ സന്ദർശിക്കരുത്,
ആരാധനാലയങ്ങളിൽ പോകരുത്, പൊതുഗതാഗതഉപയോഗം പരമാവധി ഒഴിവാക്കുക, വിവാഹ സൽക്കാരങ്ങളിലോ മരണാനന്തര ചടങ്ങുകളിലോ പങ്കെടുക്കരുത് എന്നും നിർദേശമുണ്ട്.

സ്കൂളുകളും കോളജുകളും എന്നു തുറക്കാൻ കഴിയുമെന്ന് യാതൊരു നിശ്ചയവുമില്ല. തുറന്നാൽ തന്നെ എത്രപേർ ഹാജർ പറയാൻ ഉണ്ടാവുമെന്നും പിടിയില്ല.
ഇത്രയൊക്കെയായിട്ടും പരീക്ഷ നടത്തിപ്പിനെ മാത്രം ഇതൊന്നും ബാധിക്കുന്നേയില്ല. സ്ഥിതി എത്ര രൂക്ഷമായാലും ഇവിടെ പരീക്ഷകൾ നടക്കും, അല്ല, അത് നടത്തും. കൊറോണയ്ക്ക് പരീക്ഷാപ്പേടി കാണുവാരിക്കും. അതോണ്ട് പരീക്ഷയെഴുതാൻ വരുന്നവരെ ഒന്നും ചെയ്യില്ലാരിക്കും.

പരീക്ഷ നടത്താൻ ഏറെക്കുറെ ഉറപ്പിച്ചല്ലൊ. നോക്കൂ, എത്രയോ കോളജുകൾ കണ്ടെയ്ൻമെൻ്റ് സോണുകളിലാണ്. പരീക്ഷയെഴുതേണ്ട കുട്ടികളിൽ എത്രയോപേർ ക്വാറൻ്റീനിൽ നിരീക്ഷണത്തിലാണ്. ഇനിയും കുറേപ്പേർ ഹോട്ട് സ്പോട്ടുകളിലാണ്. അവർക്ക് മറ്റൊരു ദിവസം പരീക്ഷയെഴുതാൻ അവസരം നൽകുമെന്നാണ് പറയാൻ വരുന്നതെങ്കിൽ അതു പറയണ്ട. 

എത്ര തവണയായി പരീക്ഷയെഴുതിയാലും
ഇതിൻ്റെ റിസൾട്ട് ഒന്നിച്ചല്ലേ വരികയുള്ളൂ. അതോ ആദ്യമെഴുതിയതുകൊണ്ട് ഞങ്ങളുടേത് ആദ്യം വരുമോ..? അങ്ങനെയല്ലെങ്കിൽപ്പിന്നെ ഇത്ര ധൃതിയിൽ എന്തിനാണിത് നടത്തുന്നത്..?
പരീക്ഷയെഴുതാൻ കഴിയാത്തവർക്കായി സേ പരീക്ഷ - എന്നതിനേക്കാൾ അല്പംകൂടി കാത്തിരുന്ന ശേഷം ഒന്നിച്ച് നടത്തിയാൽ പോരേ....
ഇത്രയും പറഞ്ഞത് പരീക്ഷ എഴുതാതിരിക്കാനുള്ള തന്ത്രമായല്ല.
കൊറോണയെ വഹിക്കാമെന്നും മറ്റാർക്കെങ്കിലും കൊടുത്തേക്കാമെന്നും നേർച്ചയൊന്നുമില്ലാത്തതുകൊണ്ടും കൊറോണാവന്ന് മരിക്കുമെന്ന് ജാതകത്തിൽ കാണുന്നില്ലാത്തതു കൊണ്ടുമാണ്.
തീർച്ചയായും പരീക്ഷയെഴുതാൻ ഞങ്ങൾ തയ്യാറാണ്. പക്ഷേ, ഇനിയൊരു പരീക്ഷയെഴുതാൻ വേണ്ടിയെങ്കിലും ആയുസ് അവശേഷിപ്പിക്കുക എന്നതാണിപ്പോൾ പ്രധാനം.

ഇനിയും പരീക്ഷ നടത്താനാണ് തീരുമാനമെങ്കിൽ:
ശരിക്കും അഭിമാനമുണ്ട് സർ, ഈ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ കഴിഞ്ഞതിൽ. ഇത്രയും സമയബന്ധിതമായും കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയും മറ്റൊരു യൂണിവേഴ്സിറ്റിയും പരീക്ഷ നടത്തിയിട്ടുണ്ടാവില്ല. പരീക്ഷകൾ, കോവിഡ് വ്യാപനമാരംഭിച്ച ഘട്ടത്തിലോ അതിനുശേഷമുള്ള ഏതെങ്കിലും സമയത്തോ നടത്താതെ, മൂക്കിനു താഴെ കോവിഡ് കേസുകൾ സ്ഥിരീകരിക്കുകയും സമൂഹവ്യാപനമെന്നത് പ്രഖ്യാപനമെന്ന ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയും രാഹുവിൻ്റേയോ ഗുളികൻ്റേയോ ദോഷമില്ലാത്ത ശുഭമുഹൂർത്തം ഒത്തു കിട്ടുകയും ചെയ്ത ഈ ദിവസങ്ങൾ തന്നെ പരീക്ഷയ്ക്ക് ഏറ്റവും അനുയോജ്യം. ഇപ്പോൾ ഇതെഴുതുമ്പോൾ പോലും അഭിമാനബോധം കൊണ്ട് രോമങ്ങൾ ദാ, എഴുന്നേറ്റ് നിൽപ്പാണ്.
ഇനി അഥവാ പരീക്ഷയ്ക്ക് വരുന്ന വഴിയിലെങ്ങാനും കൊറോണയെ കണ്ടാൽ ഞാൻ എം ജി യൂണിവേഴ്സിറ്റി എക്സാം എഴുതാൻ പോവുകയാണ് എന്നുപറഞ്ഞാൽ കൊറോണ പേടിച്ച് ഓടി പൊയ്ക്കോളുമായിരിക്കും. 


അല്ലേ സാറേ.......!!!

2020, ജൂലൈ 5, ഞായറാഴ്‌ച

ഇമ്മിണി ബല്യ ഓർമ്മ




ഇമ്മിണി ബല്യ ഒന്നിൻ്റെ 'ഭൂമിയിലെ അവകാശികൾ'ക്ക് 'വിശപ്പു'ണ്ടെന്നും 'ജന്മദിന'ത്തിൽ 'സ്ഥലത്തെ പ്രധാന ദിവ്യൻ' 'ശബ്ദ'മുണ്ടാക്കി 'പാവപ്പെട്ടവരുടെ വേശ്യ'യോടൊപ്പം 'വിഢികളുടെ സ്വർഗ'ത്തിൽ 'സ്വാതന്ത്ര്യസമര കഥകൾ' പറഞ്ഞിരിക്കുമ്പോൾ, 'മരണത്തിൻ്റെ നിഴലിൽ' കഴിഞ്ഞ നാളുകളിൽ 'മുച്ചീട്ടുകളിക്കാരൻ്റെ മകൾ' തന്ന 'പ്രേമലേഖന'ത്തിൻ്റെ 'ഓർമ്മക്കുറിപ്പി'ൽ ആ 'അനുരാഗത്തിൻ്റെ ദിനങ്ങൾ' ഓർത്തുകൊണ്ട് 'ചിരിക്കുന്ന മരപ്പാവ' പോലെ കഴിഞ്ഞതും 'ജീവിതനിഴൽപ്പാടുകൾ'ക്കിടയിൽ 'പാത്തുമ്മയുടെ ആടി'ൻ്റെ പാൽ കുടിച്ച 'മാന്ത്രികപ്പൂച്ച'യെ 'തരാസ്പെഷ്യൽ' ഫ്രൈ ആക്കിയതും
'ൻറ്റുപ്പുപ്പാക്കൊരാനേണ്ടാർന്ന'പ്പൊ 'ആനപ്പൂട' പറിച്ചതും 'ശിങ്കിടിമുങ്കൻ്റെ' 'വിശ്വവിഖ്യാതമായ മൂക്ക്' കണ്ട വായനക്കാരനു ലഭിച്ച 'അനർഘനിമിഷ'ങ്ങൾ ഓർത്താൽ 'ജീവിതം  ഒരനുഗ്രഹ'മായി തോന്നിയത് ഉള്ളിലൊരു 'ധർമ്മരാജ്യം' ഉള്ളതുകൊണ്ടാണെന്ന് 'ഭാർഗവീനിലയ'ത്തിലിരുന്ന് വായനക്കാർക്കു വേണ്ടി ക്യാമറാമാനില്ലാത്തതു കൊണ്ട് 
                                       #ബേപ്പൂർ സുൽത്താൻ


ഇമ്മിണി ബല്യ ഒന്നിൻ്റെ ഓർമ്മകൾക്ക് 
ഇന്നേക്ക് 26 വയസ്....

2020, ജൂലൈ 4, ശനിയാഴ്‌ച

ഒരു വള്ളപ്പാട് ദൂരം


മിഥുനമാസത്തിലെ മൂലം നാൾ. കേരളത്തിൻ്റെ ജലമാമാങ്കത്തിന് കൊടിയേറുന്ന ദിവസം. എന്നാൽ ആർപ്പുവിളികളും ഓളങ്ങളെ കീറിമുറിച്ചുള്ള കുതിച്ചുപായലുമില്ലാതെ
Major Missing' ൻ്റെ ഓർമ്മകളിലേക്ക് ചുവടുചേർത്ത് ജലരാജാക്കന്മാരും. വെള്ളത്തിലെ വേഗവീരന്മാരെക്കുറിച്ചുള്ള ചർച്ചകൾ കേൾക്കാനില്ല. മെയ്ക്കരുത്തുകാട്ടാൻ ക്ലബുകളില്ല. കരക്കാരുടെ കരുത്തു കാണാനിരുന്ന പമ്പ ആളൊഴിഞ്ഞ ഉത്സവപറമ്പുപോലെ.


തൃശൂർ -പൂരം
എറണാകുളം- ബിനാലെ
ആലപ്പുഴ- വള്ളംകളി
പത്തനംതിട്ട - ആറൻമുള വള്ളസദ്യ
തിരുവനന്തപുരം -അന്താരാഷ്ട്രചലച്ചിത്രമേള
പാലക്കാട് - നെന്മാറ വേല

ഓരോ ദേശത്തിനെയും വേർതിരിക്കുന്ന സാംസ്കാരിക ഘടകമാണിത്. പക്ഷേ, വള്ളംകളി കേവലം ഒരു ജില്ലയുടെ മാത്രം ആഘോഷമല്ല. കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകൾകൂടി ഈ ജലക്കരുത്ത് അറിയുന്നുണ്ട്.
ഇത് കുറേ ദേശക്കാരുടെ, ക്ലബുകളുടെ ഉത്സവമാണ്.

എവിടെ നിന്നും ആർപ്പുവിളി ഉയരുന്നില്ല. ഇരുകരകളിലും നിറഞ്ഞുകവിഞ്ഞ കാണികളോ
ഹരം പിടിപ്പിക്കുന്ന കമൻ്ററികളോ ഇല്ല.



പകരം കോവിഡ് 19 നെ ഫോട്ടോ ഫിനിഷിൽ തോല്പ്പിക്കാനല്ല, വളളപ്പാടു ദൂരം പിന്നിലാക്കാൻ അര മുറുക്കി തുഴയെറിയുകയാണ് നമ്മൾ.
താളം മാറരുത്. വേഗം കുറയരുത്. കണ്ണു തെറ്റരുത്. ലക്ഷ്യം മറക്കരുത്.

പുന്നമടയിലും പുളിങ്കുന്നിലും പായിപ്പാടും കണ്ടശ്ശാംകടവിലും കരുവാറ്റയിലും കൊല്ലത്തും താഴത്തങ്ങാടിയിലും നമ്മൾ വീണ്ടുമൊന്നിക്കും. അതിനു മനസൊരുക്കുകയാണ് നമ്മൾ - ശരീരവും.



അങ്ങനെ,താളം പിടിച്ച് തുഴയെറിയാൻ മെയ് വഴക്കുന്നതിനിടെ പാടി കേൾക്കുന്ന വഞ്ചിപ്പാട്ടിങ്ങനെയാവും...
"പറഞ്ഞതങ്ങനെ തന്നെ കൊറോണയല്ലൊ പത്നി
കുറഞ്ഞൊന്നുറങ്ങട്ടെ ഞാനുലകീരേഴും... "



2020, ജൂലൈ 1, ബുധനാഴ്‌ച

ആപ്പിലായ ചൈനയും ചില ആപ്പ് വിചാരങ്ങളും


ഇതിപ്പൊ രണ്ടാം തവണയാണ് ടിക് ടോകിന് ചരമക്കുറിപ്പെഴുതുന്നത്. പക്ഷെ, ഇപ്പൊ വേറെ ചിലരും കൂടെയുണ്ടെന്നു മാത്രം.
ഇന്ത്യയുടെ ഈ ആപ്പു പ്രതിരോധം എങ്ങനെയിരിക്കുമെന്ന് കാത്തിരുന്നു കാണണം.

ചൈന ആദ്യമായല്ല അതിർത്തിയിൽ പ്രകോപനമുണ്ടാക്കുന്നത്. പാരമ്പര്യത്തുടർച്ച പോലെ അതിങ്ങനെ ആവർത്തിച്ചു പോരുന്നു. ഇത്തരമൊരു ഘട്ടത്തിൽ കൃത്യമായ നിലപാടെടുക്കേണ്ടത് അത്യാവശ്യമാണ്.
ഡിജിറ്റൽ മോഡൽ ഉപരോധമാണ് നാമിപ്പോൾ സ്വീകരിച്ചിരിക്കുന്നത്. നല്ലതുതന്നെ.
ഇതു കണ്ടപ്പോൾ, കുട്ടികൾ വഴക്കുണ്ടാക്കിയ ശേഷം പിണങ്ങുമ്പോൾ, "നിൻ്റെ സാധനങ്ങളൊന്നും എനിക്കുവേണ്ട. ഇന്നാ കൊണ്ടു പോ.....'' എന്നു പറഞ്ഞ് അപരൻ്റെ കളിപ്പാട്ടങ്ങളും മറ്റ് വസ്തുക്കളും തിരികെ കൊടുക്കുന്ന കുട്ടികളുടെ ആ വാശി ഓർമ്മ വരുന്നു.

ചൈനയ്ക്കെതിരേയുള്ള പ്രതിരോധം കേവലം ആപ്പുനിരോധനം കൊണ്ടു മാത്രം അതു സാധ്യമാകുമോ..?
ഇന്ത്യൻ വിപണിയിലുള്ള ചൈനീസ് ഉല്പപന്നങ്ങൾ 
( കളിപ്പാട്ടങ്ങൾ, നിത്യോപയോഗ വസ്തുക്കൾ,
കമ്പ്യൂട്ടർ -മൊബൈൽ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ ) പിൻവലിക്കുകയോ വിൽപന വിലക്കുകയോ ഇറക്കുമതി അവസാനിപ്പിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ടാണ്..?
ചൈനയിൽ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരികയോ ചൈനയിലേക്ക് പോകുന്നത് വിലക്കുകയോ ചെയ്യാത്തതെന്തുകൊണ്ടാണ്..?
ചൈനയുമായി അതിർത്തി പങ്കിടുന്ന മറ്റു രാജ്യങ്ങൾ ഇതേ വിഷയങ്ങളിൽ സ്വീകരിച്ചിരിക്കുന്ന നിലപാടുകൾ ഇന്ത്യയുടേതിനു സമാനമാണോ..?
അതുകൂടാതെ, ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ പലപ്പോഴായി ഇന്ത്യയുടെ ഭാഗങ്ങൾ പിടിച്ചെടുക്കുകയും അവിടം തങ്ങളുടേതാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നത് നാം കാണുന്നതാണ്. എന്തുകൊണ്ടാണ് മറ്റേതെങ്കിലും രാജ്യത്തിൻ്റെ ഒരു പിടി മണ്ണ് ഇന്ത്യയ്ക്ക് പിടിച്ചെടുക്കാൻ കഴിയാത്തത്...? 
(അയൽ രാജ്യങ്ങളുടെ മണ്ണു വേണമെന്നല്ല. മറ്റുള്ളവർക്കു കീഴടക്കാൻ നമ്മുടെ രാജ്യം തുറന്നു വയ്ക്കപ്പെടുന്നതിലെ ആശങ്ക മാത്രം.)

ആപ്പുകളെ നിരോധിക്കുക കൊണ്ട്മാത്രം കാര്യങ്ങൾ നിയന്ത്രണ വിധേയമാകുമോ.???


കാത്തിരുന്ന് കാണണം.

2020, ജൂൺ 20, ശനിയാഴ്‌ച

വായനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്



വായനയെക്കുറിച്ച് വാചാലമാകാനൊരു വായനദിനം. ആ പഴയ പരാതികൾ ഉരുവിട്ടു കൊണ്ടല്ല, പുതുപ്രവണതകളുടെ പ്രയോഗഭംഗിയെ പ്രോത്സാഹിപ്പിക്കാനൊരു ശ്രമമാക്കി മാറ്റിവേണം വായനയെ ആഘോഷമാക്കാൻ. ഇനിയും മരിച്ചിട്ടില്ലാത്ത വായനയെ മരിച്ചതായി പ്രഖ്യാപിച്ച് അതിൻ്റെ പോസ്റ്റുമോർട്ടം നടത്തി എത്ര അടക്കം ചെയ്തിട്ടും നമുക്കു മതിയാവുന്നേയില്ല. പുതിയ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷമാകുന്ന വായനയിടങ്ങളെ അംഗീകരിക്കാനുള്ള മടിയോ അച്ചടിച്ചത് വായിച്ചാലേ വായനയാവൂ എന്ന ആ പരമ്പരാഗത അച്ചടക്കമര്യാദയോ ആവാമതിനുകാരണം.

കാലം കുറച്ചധികം മുന്നോട്ടു പോയിട്ടുണ്ട്. ആ പഴയ കാലത്തിൽ നിന്ന് കാര്യങ്ങളെ കാണാനോ അമ്മാതിരി ചിന്തകൾക്ക് വളമിടാനോ നമുക്ക് കഴിയില്ല. നമുക്ക് നമ്മുടെ കാലത്തിൻ്റെ രീതികളും പ്രത്യേകതകളുമുണ്ട്.

ഇത് വായനദിനമാണ്. ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ അമരക്കാരൻ പി.എൻ പണിക്കരുടെ ഓർമ്മദിനം. കേരളത്തിലങ്ങോളമിങ്ങോളം വരുന്ന 8000 ത്തോളം ഗ്രന്ഥശാലകളുടെ നന്മകളെ കണ്ടില്ലെന്നല്ല, അവയോട് ചേർന്ന് സമാന്തരമായി വളർന്നു വരുന്ന ഡിജിറ്റൽ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ നന്മയെക്കൂടി പരിഗണിച്ചേക്കണമെന്ന്. ഒന്നിൽ മാത്രമാണ് നന്മ എന്നു ശഠിക്കുന്നതാണ് നമ്മുടെ ചിന്തകളെ വികലമാക്കുന്നത്. എല്ലാറ്റിലും നന്മയുണ്ടെന്നും ആ നന്മകളിൽ സത്യമുണ്ടെന്നും അംഗീകരിച്ചേ മതിയാവൂ.

വായന മരിച്ചെന്നൊന്നും പച്ചയ്ക്ക് പറഞ്ഞ് കളയരുത്. വായന മരിച്ചോയെന്ന് ചോദിക്കുന്നതിൽ തെറ്റില്ല; വായനയുടെ മരണം സ്ഥിരീകരിക്കാൻ ആരാണ് നിങ്ങൾക്കവകാശം നൽകിയത്..? അതുകൊണ്ട്, നിങ്ങളുടെ വഴി ശരിയാണെന്ന് പറഞ്ഞോളൂ. പക്ഷേ, നിങ്ങളുടെ വഴി മാത്രമാണ് ശരിയെന്ന് പറയരുത്. കാരണം, എല്ലാറ്റിലേക്കും എത്തിച്ചേരാൻ പല വഴികളുണ്ട്.

വായന വ്യത്യസ്തമായ അനുഭവതലമാണ് വായനക്കാരനു നല്കുന്നത്. കയ്യിൽകിട്ടുന്നതെല്ലാം വായിക്കുന്നവരും തെരഞ്ഞെടുത്ത് വായിക്കുന്നവരും നേരം കിട്ടുമ്പോൾ മാത്രം വായിക്കുന്നവരും ബോധപൂർവം വായിക്കുന്നവരും വായന ജീവിതമാക്കിയവരുമെല്ലാം ഏർപ്പെടുന്ന വ്യവഹാരമേഖല ഒന്നാണെങ്കിലും ഇവർക്കുള്ള അനുഭവതലം വ്യത്യസ്തമായിരിക്കും.

കാലം പഴയതല്ല.6 ഇഞ്ച് നീളവും 3 ഇഞ്ച് വീതിയുമുള്ള സാധനത്തിലാണിന്ന് നമ്മുടെ ലോകം. ഉണ്ണുന്നതും ഉടുക്കുന്നതും ഉറങ്ങുന്നതും ഇവിടെത്തന്നെ. മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങളുടെ പട്ടികയിൽ, ഗസറ്റിൽ പരസ്യപ്പെടുത്തേണ്ട അധിക ബാധ്യതയില്ലാതെ ഇടം നേടിയെടുത്തതാണീ സ്ഥാനം. പറഞ്ഞു പഠിച്ചവയെയെല്ലാം നോക്കുകുത്തികളാക്കി ഞെളിഞ്ഞു നിൽക്കുകയാണ് കക്ഷി. സോഷ്യൽ മീഡിയയിലാണ് നാം ജീവിക്കുന്നത്. ഒന്നിരുത്തി വായിച്ചാൽ നമ്മൾ തന്നെയാണ് ഈ സോഷ്യൽ മീഡിയ.

എങ്ങനെ വായന സാധ്യമാകുന്നു എന്ന് പറഞ്ഞു വരികയായിരുന്നു. വാട്സ് ആപ്പിൽ നമ്മൾ അയയ്ക്കുന്ന ഗുഡ് മോർണിംഗ് മെസേജ് മുതൽ ഈ വായനയാരംഭിക്കുന്നു. ഒരല്പം വിശാലാർത്ഥത്തിൽ മനസിലാക്കണമെന്നു മാത്രം. ഇങ്ങനെയൊരാശംസയിൽ തുടങ്ങി സദ്വചനങ്ങളായും ചിന്താവിഷയങ്ങളായും ഓരോ ദിവസത്തെയും പ്രശ്നങ്ങളെയും പ്രതീക്ഷകളെയും കുറിച്ചുള്ള വിലയിരുത്തലുകളായും ഫോർവേഡു 
ചെയ്യപ്പെടുന്നതും വായനയെക്കരുതി മാത്രമാണ്.

കേന്ദ്ര - കേരള സാഹിത്യ അക്കാദമികളെക്കുറിച്ച് കേട്ടിട്ടില്ലാത്ത, എഴുത്തച്ഛൻ പുരസ്കാരമോ വയലാർ അവാർഡോ കിട്ടിയിട്ടില്ലാത്ത എന്തിന്, നോമിനേഷൻ പോലും പോയിട്ടില്ലാത്തവരുടെ എഴുത്തുലോകമാണിത്. അതിനപ്പുറം വായനയുടെ ലോകവും. ഒരുവരിയിലവസാനിക്കുന്ന ചെറുകഥ മുതൽ ഹൈക്കു കവിതകൾ വരെ വായനയ്ക്ക് നിരത്തപ്പെടുന്നു. അച്ചടി വായനയ്ക്കുള്ള 'ബെസ്റ്റ് സെല്ലർ' പദവിയേക്കാൾ സോഷ്യൽ മീഡിയയിലെ "വൈറൽ'' അംഗീകാരമാണിവരുടെ സന്തോഷം.

എല്ലാം വായിക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഒരു വീഡിയോയുടേയോ ഫോട്ടോയുടേയോ അത്തരം എന്തെങ്കിലുമൊന്നിൻ്റെയോ താഴെവരുന്ന, കിടുവെന്നോ സൂപ്പറെന്നോ ഉള്ള കമൻ്റിനെ ഹൃദയപൂർവം സ്വീകരിക്കുന്നതും ഒറ്റവാക്കിൽ ചീത്ത വിളിക്കുകയോ മോശം കമൻ്റിടുകയോ ചെയ്തവനെ സഹതാപപൂർവം പരിഗണിക്കുകയോ അതിനു ശേഷിയില്ലാത്തവർ അവനു പൊങ്കാലയിടാൻ അടുപ്പുകൂട്ടുകയോ ചെയ്യുന്നത്. അങ്ങനെയൊരു ഒറ്റവാക്കുപോലും വായിക്കപ്പെടുന്നൊരു കാലത്തെ നോക്കി വായന മരിച്ചെന്നു പറയാൻ വല്ലാത്തൊരു ചങ്കൂറ്റം വേണം.

അവസാനമായി, എന്തു വായിക്കുന്നു, എങ്ങനെ വായിക്കുന്നു എന്നും പ്രധാനപ്പെട്ടതാണ്. തുടക്കക്കാരനെന്ന നിലയിൽ എന്തും വായിച്ചു തുടങ്ങണം. അങ്ങനെയേ നമ്മുടേതായൊരു വായനലോകം സൃഷ്ടിച്ചെടുക്കാൻ കഴിയൂ. നിങ്ങൾക്കു വായിക്കാൻ തോന്നുന്നതെന്തും അതിപ്പൊ ബാലരമയാണെങ്കിൽക്കൂടി അത് വായിക്കണം. പ്രായത്തെ അതുമായി കൂട്ടിക്കുഴക്കേണ്ടതില്ല. ഒരുപക്ഷേ, വായനയിലേക്കു പ്രവേശിക്കാൻ  നമ്മുക്കുള്ള വാതിൽ അതാവും. ഇഷ്ടമുള്ളത് വായിച്ചു തുടങ്ങുന്നതിലൂടെയേ വായന ശീലമാകൂ. അതിനുമേറെക്കഴിഞ്ഞ് താനേ സംഭവിക്കേണ്ട പരിവർത്തനമാണ് വായനയിലെ ഈ വഴിത്തിരിവ്. ഈ ഘട്ടത്തിനു ശേഷമാണ് ഗൗരവമുള്ള വായന സാധ്യമാകുന്നത്. ഇവിടെയാണ് നമ്മുടെ അഭിരുചികൾ തീരുമാനിക്കപ്പെടുക.
ഇവിടെവച്ച് വായന നിങ്ങളുടെ ചിന്തകളെ സൂക്ഷ്മമാക്കും കാഴ്ചകളെ തെളിവുള്ളതാക്കും ആശയങ്ങളെ പരിവർത്തനപ്പെടുത്തും.
കാരണം, പുസ്തകം പോലെ നമ്മെ തിരുത്തുന്ന മറ്റൊരു ചങ്ങാതിയില്ല.....!!! 

2020, ജൂൺ 14, ഞായറാഴ്‌ച

ആത്മഹത്യ ചെയ്യുമ്പോൾ

അങ്ങനെ, വേണ്ടി വന്ന ഒരു തിരിഞ്ഞുനോട്ടത്തെക്കുറിച്ച്. അല്ലെങ്കിലും ആരാൻ്റമ്മയ്ക്ക് പ്രാന്ത് വരുമ്പോൾ കാണാൻ നല്ല ചേലാണല്ലൊ. ഇതിപ്പൊ നമുക്ക് വേണ്ടപ്പെട്ട ആളാണല്ലൊ. എങ്ങനെ സങ്കടമില്ലാതിരിക്കും. പറഞ്ഞു വന്നത് സുഷാന്ത് സിംഗിനെക്കുറിച്ചുതന്നെ. 34 ആം വയസിൽ ആത്മഹത്യ ചെയ്തുകളഞ്ഞു ആ പഹയൻ. അറിഞ്ഞോ അറിയാതെയോ എത്രയോ പേർക്ക് പ്രിയപ്പെട്ടവൻ. ഞെട്ടലോടെയാണ് ഈ വാർത്ത നമ്മൾ ഏറ്റെടുത്തത്. ഞെട്ടലുണ്ടാവാതെ തരമില്ല. കാരണം, ഇങ്ങനെയൊരു നീക്കത്തെക്കുറിച്ച് നമുക്ക് ധാരണയുണ്ടായിരുന്നില്ല. ഒരുപക്ഷേ, ആർക്കും.

അത്രപോലുമകലെയല്ലാതെ നമുക്ക് തൊട്ടടുത്ത ഇടങ്ങളിൽ ഒരു ഒൻപതാം ക്ലാസുകാരിയും അവസാനവർഷ ബിരുദ വിദ്ധ്യാർത്ഥിനിയും ഒരു കുടുംബനാഥനും ഇന്നിതാ പന്ത്രണ്ടുവയസുകാരിയും മറ്റൊരിടത്ത് കൂട്ടുകാരി അത്മഹത്യ ചെയ്തതറിഞ്ഞ് അവളുടെ കൂട്ടുകാരി ആത്മഹത്യക്കും ശ്രമിച്ചു.
നോക്കൂ, ഇതൊന്നും നമ്മെ ആശങ്കപ്പെടുത്തുന്നേയില്ല. ഈ കുട്ടികൾക്ക് ആത്മഹത്യ ചെയ്യാൻ മാത്രം എന്ത് പ്രശ്നമായിരുന്നു ജീവിതത്തിൽ..?
സാമ്പത്തിക ബാധ്യതയും മകൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകാൻ കഴിയാത്തതുമാണ് കുടുംബനാഥൻ്റെ കാരണമെന്ന് വിചാരിക്കുന്നുണ്ടോ..?
കാര്യങ്ങൾ നമ്മൾ കരുതുന്നത്ര ശുഭകരമല്ല.
വേണമെങ്കിൽ നമുക്ക് ഒഴിവാക്കാൻ കഴിയുമായിരുന്നവ. കാര്യങ്ങൾ ഈ വഴിക്കാണെന്ന് നമുക്ക് മനസിലായില്ല. അല്ല, മനസിലാകുന്നില്ലെന്ന് നടിച്ചു. എല്ലാരും ബാധ്യതയുള്ളവരാണ് എന്നതിനോട് ചേർത്ത് ഇതും വായിച്ചതാണ് കുഴപ്പമായത്.


പണ്ട് പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ ആരംഭിച്ചപ്പോൾ എല്ലാവർക്കും വിദ്യാഭ്യാസമെന്ന ലക്ഷ്യമായിരുന്നു മുന്നിൽ. ഇന്നിപ്പൊ കാലം കുറച്ചധികം മുന്നോട്ട് പോയി. ലക്ഷ്യത്തിൽ ചെറിയൊരു മാറ്റം. ആ മാറ്റത്തെ കൃത്യമായി അടയാളപ്പെടുത്തും ഈ സംഭവം. കരുണയെന്നത് സ്വീകരിക്കാൻ മാത്രമുള്ള പുണ്യമായി നാം തെറ്റിദ്ധരിച്ചിരിക്കുന്നു. നമുക്ക് ലഭിക്കേണ്ടതിനെക്കുറിച്ചു മാത്രമാണ് നമ്മുടെ ചിന്ത. ഒരു നാണയത്തിന് രണ്ടു വശങ്ങളുണ്ടെന്ന് നാം മറന്നു പോകുന്നു.
തെറ്റു ചെയ്തിട്ടുണ്ടെങ്കിൽക്കൂടി അതു പരിഹരിക്കാൻ നാം സ്വീകരിക്കുന്ന മാർഗങ്ങളെ ഗൗരവത്തോടെ കാണണമെന്ന് നാമിനിയും പഠിക്കില്ല. ക്രിസ്തുവിനെ പ്രഘോഷിക്കാൻ നൂറുനാവും ജീവിക്കാൻ ആത്മാവ് ഒഴുകിപ്പോയ പുഴയുമാകുന്നു നമ്മൾ.

കുറേക്കൂടി ഗൗരവത്തോടെ കൂടെയുള്ളവനെ പരിഗണിക്കാൻ നാമിനിയും പഠിക്കേണ്ടിയിരിക്കുന്നു. ഒരുവൻ്റെ പ്രസാദാത്മകതകൾ വെറും മുഖംമൂടികളാണെന്ന് തിരിച്ചറിയാൻ മാത്രം വെളിച്ചം കിട്ടിയവരാവാൻ ബോധപൂർവം പരിശ്രമിക്കണം. ഒപ്പം ആരും ഒറ്റയ്ക്കാവുന്നില്ലെന്നും.



2020, ജൂൺ 8, തിങ്കളാഴ്‌ച

അധ്യയനവർഷം



പ്രവേശനോത്സവ ആരവങ്ങളും ആവേശങ്ങളുമില്ലാതെ കിടക്കപ്പായിൽ ഇരുന്നുകൊണ്ട്, കാർന്നോന്മാരുടെ ഭാഷയിൽ ചുണ്ണാമ്പു തേക്കുന്ന മാതിരിയുള്ള ഒരു 
കുന്ത്രാണ്ടത്തിലൂടെ ഒരധ്യയനവർഷം ആരംഭിക്കുകയാണ് നമ്മൾ. ആദ്യമായി സ്കൂളിലെത്തിയതിൻ്റെ പകപ്പും കൗതുകവും, സ്കൂൾ മാറിവന്നതിൻ്റെ അങ്കലാപ്പും ആ കുഞ്ഞുമുഖങ്ങളിൽ ഇനിയെന്നു കാണാനാകും. മധ്യവേനലവധിയുടെ വിശേഷങ്ങളും വീരകഥകളും വീമ്പിളക്കാൻ വിധിയുണ്ടാകുമോ..?
ആരംഭിക്കുകയാണ്...
മഴ നനയേണ്ടതില്ലാത്ത സ്കൂൾ ദിനങ്ങൾ,
പുസ്തകക്കെട്ടിൻ്റെ ഭാരമില്ലാതുള്ള അദ്ധ്യയനങ്ങൾ,
ഹോംവർക്കിൻ്റെ ബാധ്യതയില്ലാത്ത വൈകുന്നേരങ്ങൾ,
ചോറ്റുപാത്രത്തിൻ്റെ കനമല്ലാത്ത 
ഉച്ചയൂണുകൾ.......

''പ്രസൻ്റ് ടീച്ചർ '' എന്ന് ക്ലാസിൽനിന്ന് കേൾക്കില്ല,
വയറുവേദന മൂലം ഇനിയാരും വരാതിരിക്കില്ല,
ചെയ്യാത്ത ഹോംവർക്കിന് ചീത്ത കേൾക്കില്ല,
ക്ലാസിൽ ബഹളമില്ലാത്തതിനാൽ തല്ലുകൊള്ളില്ല,
ഉച്ചക്കഞ്ഞിക്ക് തിക്കും തിരക്കുമില്ല,
മാങ്ങയ്ക്കും പുളിക്കും ആരും കല്ലെറിയില്ല,
മഴപെയ്ത് വെള്ളം പൊങ്ങിയാലും അവധികിട്ടില്ല,
വ്യത്യസ്തമായൊരു അദ്ധ്യയനവർഷാരംഭത്തിൻ്റെ
ചൂടോടെ വീണ്ടുമൊരു ജൂൺ.



2020, ജൂൺ 5, വെള്ളിയാഴ്‌ച

പ്രഹസനമിങ്ങനെ പലവിധമുലകിൽ


"ജൈവവൈവിധ്യം ആഘോഷമാക്കാം" എന്ന പരിസ്ഥിതിദിന സന്ദേശവുമായി 2020 ജൂൺ 5 കടന്നു പോകുന്നു. ഒരു മരം നട്ട് വീഡിയോ അയയ്ക്ക് എന്നു പറഞ്ഞപ്പോൾ പ്രഹസനമാണല്ലോ എന്നു ചിന്തിച്ചെങ്കിലും ഇത്ര വലിയ പ്രഹസനമാകുമെന്ന് കരുതിയില്ല. നെഗറ്റീവ് അടിച്ചതല്ല. പരിസ്ഥിതിദിനം മാത്രം നമുക്ക് പ്രഹസനമാകുന്നു. പരിസ്ഥിതി സംരക്ഷണം മുമ്പില്ലാത്ത വിധം വെല്ലുവിളിയുയർത്തി നിൽക്കുമ്പോൾ, ഇനിയെങ്ങനെ പ്രതിരോധിക്കണം എന്ന ചോദ്യം ഉയർന്നു നിൽക്കുന്നു. കുഞ്ഞു പ്രായത്തിലെ മരംനടാനും പരിപാലിക്കാനുമുള്ള കൗതുകത്തെ നിലനിർത്തുക മാത്രമല്ല, പ്രകൃതിയോടുള്ള കടമയെ ഓർമ്മിപ്പിക്കുക കൂടി ചെയ്യുന്നു ഈ ദിനം.
പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട മറ്റേതൊരു പ്രവർത്തനത്തേക്കാളും ലളിതവും പ്രധാനവുമായൊരു രീതി എന്ന നിലയിലാണ് 'മരംനടൽ' പ്രസക്തമാകുന്നത്.
"ഒരുമരം നടുമ്പോൾ ഒരുതണൽ നടന്നു " എന്നത് വിലകറച്ച്
കാണരുത്. കാരണം, അങ്ങനെ നട്ടുവന്നൊരു പാരമ്പര്യത്തിൻ്റെ തണലിലാണു നാം. ചൂടിൽ നിന്ന് ആശ്വാസം തേടിയോ, ഏതെങ്കിലും ഫലത്തിനു വേണ്ടിയോ എതെങ്കിലും മരത്തിനു ചുവട്ടിൽ  നിന്നിട്ടുണ്ടെങ്കിൽ ഇതു നിങ്ങൾക്കൊരു കടമയല്ല, ബാധ്യതയാണ്. അതുകൊണ്ട് പ്രഹസനത്തിൻ്റെ ആനുകൂല്യത്തിൽ മാറി നിൽക്കുന്നവരോട്, എന്തെങ്കിലും ഒന്ന് ഭൂമിയിൽ കുഴിച്ചുവയ്ക്കുന്നത് അത്ര കുറച്ചിലായി കാണണ്ട. 
ബോധപൂർവ്വം എന്തെങ്കിലും ചെയ്യുന്ന പ്രായം കഴിയുകയാണ്. ചെയ്യുന്നതിൽനിന്ന് ചെയ്യിപ്പിക്കുന്നവരാവുകയാണ് നാം.
ഈ വർഷം 80 ലക്ഷം വൃക്ഷ തൈകളാണ് സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. അതിൽ പകുതി പാഴായിപ്പോയാൽ തന്നെ ബാക്കിയുള്ളത് അത്ര ചെറിയ സംഖ്യയാണോ..? ഈ അടുത്തയിടെ സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തി, വനനശീകരണം കുറയുകയും നേരത്തേ ഉണ്ടായിരുന്നതിനേക്കാൾ പച്ചപ്പ് വർദ്ധിക്കുകയും ചെയ്തതായി വാർത്തയുണ്ടായിരുന്നു. അതിനർത്ഥം നമ്മൾ നടുന്ന ഒരു ചെടിപോലും പാഴായി പോവുന്നില്ല എന്നുതന്നെ. 



2020, ജൂൺ 2, ചൊവ്വാഴ്ച

ഫസ്റ്റ് ബെൽ:


"എന്താടോ വാര്യരേ നന്നാവാത്തേ....?''
ഇതിപ്പൊ ദിവസോം ചോദിക്കേണ്ട അവസ്ഥയാണ്.
കൊറോണ ആരുടേം കല്യാണം കൂടാൻ വന്നതല്ലെന്ന് ചിലർക്ക് ഇനീം ബോധ്യപ്പെട്ടിട്ടില്ലെന്നു തോന്നുന്നു. രണ്ടുമാസത്തെ ലോക്ഡൗണും കഴിഞ്ഞ് അനിശ്ചിതമായിത്തുടരുന്ന രോഗനിയന്ത്രണ ശ്രമങ്ങൾ ഒരുവശത്ത്, കൊറോണയുമായി പൊരുത്തപ്പെട്ട് സർക്കാർ നിർദേശങ്ങൾ പാലിച്ച് പുതിയ ജീവിതരീതികളുമായി സാധാരണ ജീവിതത്തിലേക്കു മടങ്ങാനുള്ള ശ്രമങ്ങൾ മറുവശത്ത്. മറ്റെല്ലാ മേഖലയും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും ഇനിയും അനുമതി ലഭിച്ചിട്ടില്ലാത്തത് സ്കൂളുകൾക്കു മാത്രമാണ്. സ്കൂൾ തുറക്കാതെ അദ്ധ്യാപകരുടെ അടുപ്പ് പുകയില്ല. എന്നിട്ടും കാര്യങ്ങളുടെ ഗൗരവം ബോധ്യമുള്ളതുകൊണ്ട് മൗനം ദീക്ഷിക്കുന്നു.
ഏതുതരം ജോലിയിലേക്കുമുള്ള നമ്മുടെ സ്വപ്നങ്ങൾക്ക് ആദ്യം ചിറകു നൽകിയത് അദ്ധ്യാപകരായിരുന്നു എന്നകാര്യം മറക്കരുത്.
ലോക്ഡൗൺ പ്രഖ്യാപിച്ച് മദ്യശാലകൾ അടച്ചപ്പോൾ കുറച്ചുപേർ ആത്മഹത്യ ചെയ്തു. മദ്യശാലകൾ തുറന്നപ്പോൾ ദാ, കൊലപാതകങ്ങളും. അങ്ങനെയെങ്കിൽ മദ്യം കുഴപ്പക്കാരൻ തന്നെ. പേടിക്കേണ്ട, പറഞ്ഞു വന്നതിൽ നിന്ന് മാറിപ്പോയതല്ല. പുതിയ അദ്ധ്യയനവർഷം സ്കൂളിൽ പോയി കളറാക്കാൻ കഴിഞ്ഞില്ലെങ്കിലും ഓൺലൈനിൽ കളറാക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ചിലർ. ആ കളർ നീലയാണെന്ന് പിന്നീടാണറിഞ്ഞത്. 'ബ്ലൂ ടീച്ചർ ആർമി ' വരെ ഉണ്ടായി. ടീച്ചറിന് അഭിമാനിക്കാം, തൻ്റെ പിന്നിലെ സൈന്യബലത്തിൽ. മദ്യലഹരിയെന്നതുപോലെ ഇതുമൊരുതരം ലഹരിയാണ്. തുടക്കത്തിലേ ചികിത്സിക്കേണ്ട ലഹരി. കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെയോ സ്ത്രീകളെയോ കാണുമ്പോൾ മാത്രമുണ്ടാകുന്ന ഒരുതരം ലഹരി. തിരക്കുള്ള ബസിലും മറ്റും കൃത്യമായി നീളുന്ന കൈകളും കമൻ്റടികളും ഇതേ ലഹരിയിൽ തന്നെ.
കുറവുള്ളവരുണ്ടെങ്കിലും ത്രാസിൽ കഴിവുള്ളവരുടെ തട്ട് എപ്പോഴും താഴ്ന്നു കിടക്കുന്നു. ഞങ്ങളും അതിജീവിക്കുകയാണ്, കൊറോണയെ മാത്രമല്ല, അതിനേക്കാൾ മാരകമായ വിഷം തുപ്പുന്നവരെ. സാക്ഷര കേരളമേ മാപ്പ്, ഈ വകതിരിവില്ലാത്ത കുറച്ചും ഈ സാക്ഷരതയിൽ വരുമെന്നതിനാൽ....

2020, ഏപ്രിൽ 2, വ്യാഴാഴ്‌ച

വീടുജീവിതം



നമ്മളെളെത്തന്നെ മറന്നിങ്ങനെ, എന്താണു ചെയ്യുന്നതെന്നു പോലും കൃത്യമായ ധാരണകളില്ലാതെ തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായ ഈ നിർബന്ധിത വീടുജീവിതകാലം നാം മുറിച്ചു കടക്കുന്നത്. ദിവസത്തിൽ പലപ്പോഴായി ഒരായിരംവട്ടം നാം ആവർത്തിക്കുന്ന ആ വാക്കുണ്ടല്ലോ, 'ഭയങ്കര മടുപ്പാണ് ' എന്നതിന് അതിൽത്തന്നെ ജീവനില്ലാതായിട്ടുണ്ട്.
ഇങ്ങനെയാണെങ്കിലും ഒന്നു സൂക്ഷിച്ചു നോക്കിയാൽ നാം ചെയ്യുന്ന കാര്യങ്ങളിൽ ഒരു കവിത തെളിഞ്ഞുവരുന്നതായി കാണാം. എല്ലാറ്റിലും ഒരു താളം രൂപപ്പെടുന്നുണ്ട്. നമ്മിലേക്കുതന്നെ തിരിഞ്ഞ് നാം കണ്ടെത്തിയെടുക്കാൻ ശ്രമിക്കുന്ന സന്തോഷത്തിന്റെ മറ്റൊരു തലമാണത്. ഏർപ്പെടുന്ന പ്രവൃത്തികളിൽ ആത്മാവിന്റെ ചെറിയൊരംശം ചേർത്തുവച്ചാൽ കുറേക്കൂടി വ്യക്തമായി ഇതു കേൾക്കാനാവും. 

ഒരു കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ, അടുക്കളയിലിരുന്ന് കറിക്കായി ഉള്ളിയരിയുന്നതിനിടെ കണ്ണുനിറയുമ്പോൾ, തുണിയലക്കുന്നതിനിടെ കണ്ണിലേക്ക് പാറിവീണ മുടിയിഴ ഒതുക്കി വയ്ക്കുമ്പോൾ, എപ്പോഴും ഒറ്റയ്ക്കിരിക്കാറുള്ളയിടത്തിൽ മനസിനെ ചിന്തയുടെ കാട്ടിലേക്ക് അലസമായി മേയാൻ വിടുമ്പോൾ, നഗരത്തിലെ ട്രാഫിക് സിഗ്നലിൽ പച്ച തെളിയുന്നതിനായി കാത്തു നിൽക്കുമ്പോൾ, ടെലിവിഷനിലെ നൂൺഷോ കണ്ടു കൊണ്ടിരിക്കുമ്പോൾ, കുളിമുറിയിലെ ഷവറിനടിയിൽ സ്വയം മറന്നു നിൽക്കുമ്പോൾ, ശയനമുറിയിലെ കിടക്കയിൽ പാതിയടഞ്ഞ കണ്ണുകളുമായി ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ ഒക്കെ ഇതു സംഭവിക്കാറുണ്ട്. 
ഈ ദിവസങ്ങളിൽ ചിലരെങ്കിലും അത്തരം ചില സന്തോഷങ്ങളെ തിരിച്ചറിയുന്നുണ്ട്. പതിവായി മുറ്റമടിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക് ഇനി അതൊരു ചടങ്ങാക്കി അവസാനിപ്പിക്കാനാവില്ല. അവശേഷിപ്പിക്കുന്ന ചിത്രങ്ങളും കൈവേഗവും തമ്മിൽ നിർമ്മിച്ചെടുക്കുന്ന ആ താളാത്മകത അതിനെ കുറേക്കൂടി ഏകാഗ്രമാക്കും.


ഒപ്പം ചുറ്റുമുള്ളവയിലേക്കു കണ്ണു പായിക്കാൻ, കൂടെപ്പാർക്കുന്ന പ്രകൃതിയെ, അതിന്റെ വൈവിധ്യങ്ങളോടെ ആസ്വദിക്കാൻ ഈ ചെറിയ കാലത്തിൽ നമുക്കു കഴിയണം. കണ്ണു തുറന്നു നോക്കിയാൽ കൺനിറയ്ക്കുന്ന കാഴ്ചകളാണ് ചുറ്റിലും. ചെറിയ ചെടികളും കുഞ്ഞു പൂക്കളും പല നിറത്തിലുള്ള തുമ്പികളും ശലഭങ്ങളും പ്രാണികളുമൊക്കെയായി സുന്ദരലോകം. അവയുടെ ലോകത്തിൽ നമുക്ക് തീരെ എൻട്രിയില്ലാത്തതല്ല, നമ്മൾ അവയെ തീരെ ശ്രദ്ധിക്കുന്നില്ലെന്നതാണ് കാര്യം. വീട്ടുമുറ്റത്തും തൊടിയിലും നിൽക്കുന്ന പൂക്കളിലെ തേൻ കുടിക്കാൻ വരുന്ന ശലഭങ്ങൾ എത്ര ഭംഗിയുള്ള കാഴ്ചയാണ്. അങ്ങനെ വ്യത്യസ്തങ്ങളായ  ശലഭങ്ങൾ നമ്മുടെ പൂന്തോട്ടങ്ങളിൽ വരുന്നുകാരാവുന്നു. അതോടൊപ്പം നമുക്കു ചുറ്റും പറന്നു നടക്കുന്ന ചെറുതും വലുതുമായ കിളികൾ, അവയുടെ കലപില ശബ്ദങ്ങൾ. ഇവയുടെ പാട്ടു കേട്ടുകൊണ്ടാണ് നമ്മുടെ ദിവസങ്ങളാരംഭിക്കുന്നതും അവസാനിക്കുന്നതും. ഒന്നു കാതോർത്താൽ കാതുകളുടെ വസന്തകാലം നമുക്കാസ്വദിക്കാവുന്നതേയുള്ളൂ. കാക്കയും കുയിലും കൂമനും കുളക്കോഴിയും കൊക്കും കത്രികവാലനും തൂക്കണാംകുരുവിയും  തൊപ്പിക്കാരനും പൊന്മാനും പുള്ളിക്കുയിലും 
പേരത്തത്തയും ചകോരവും മഞ്ഞക്കിളിയും മരംകൊത്തിയുമെല്ലാം നമുക്കു ചുറ്റും പാറി നടക്കുന്നുണ്ട്. അവയുടെ കുഞ്ഞു കൗതുകങ്ങളെ കണ്ണുവെക്കാൻ കാത്തിരിക്കുന്നതെന്തിന്. 
(നമുക്കു വരുന്ന ഫോൺ കോളുകളിലും വാട്സ്ആപ്പ് ഓഡിയോ ക്ലിപ്പുകളിലും ഒന്നു കാതോർത്താൽ ഇവയെ നമുക്ക് വേർതിരിച്ചറിയാനാവും.) വീടിന്റെ ജനാല ചില്ലിൽ പതിവായി വന്നു ചുണ്ടുകൊട്ടി വിളിക്കുന്ന പേരറിയാത്ത ആ ചെറുകിളി എന്താവും ചെയ്യുന്നുണ്ടാവുക.
ഇതു കുറിക്കുന്ന നേരത്ത് എന്നെ രണ്ടു തവണ വലംവച്ച് കയ്യിൽ വന്നിരുന്നിട്ട് ഈ ചെറുതിനെ മറന്നോ എന്ന ഭാവത്തിൽ ആ ചെറിയ വെട്ടവുമായി പറന്നു പോകുന്നൊരാൾ - മിന്നാമിന്നിയാണത്.


അനിശ്ചിതമായ ഒരു വനവാസകാലത്തിലാണു നാം. യാതൊന്നിനെക്കുറിച്ചും ആശങ്കപ്പെടേണ്ടതില്ലാതെ, ഇന്നേതു ദിവസമാണെന്നു പോലുമറിയേണ്ടതില്ലാതെ പതിവിലും വൈകി ഉറങ്ങിയെഴുന്നേൽക്കുന്നു.
അതികാലത്തെ നടത്തമില്ല, തിങ്കളാഴ്ചകളെ ഭയക്കുന്നില്ല, ചെയ്യാൻ മറന്ന ഹോംവർക്കിനേയും എടുക്കാൻ മറക്കാത്ത ചോറ്റുപാത്രത്തെയും ചേരുംപടി ചേർക്കുന്ന ആ ടീച്ചറില്ല, ഓഫീസിൽ എത്താൻ വൈകിയതിനുള്ള പുതിയ കാരണങ്ങൾ കണ്ടെത്തേണ്ടതില്ല, പള്ളിയിലോ അമ്പലത്തിലോ പോകേണ്ട ബുദ്ധിമുട്ടില്ല, ദിവസവും ചന്തയിൽ പോകേണ്ട തൊന്തരവുകളില്ല, അനാവശ്യ അതിഥികളോ എന്തിന്; അയൽപക്കങ്ങളെക്കൊണ്ടുമുള്ള ശല്യങ്ങളോ ഇല്ല, കല്യാണങ്ങളോ അടിയന്തിരമോ ഇരുപത്തെട്ടുകെട്ടോ ഇല്ലാത്തതിനാൽ കവറുകളുടെ കണക്കെടുപ്പില്ല, ഉദാരമായ സംഭാവനയ്ക്കോ പിരിവിനോ ഇപ്പോ ആരും വരാറില്ല, ഹർത്താലിനോടും ബന്ദിനോടുമുള്ള ആ ആവേശമിന്നില്ല, പൊതുനിരത്തുകളിൽ വാഹനങ്ങളോ ട്രെയിനോ വിമാനമോ ബോട്ടോ ഇല്ലാത്തതിനാൽ യാത്രയുടെ ക്ഷീണമില്ല, ചായ പീടികകൾ അടഞ്ഞുകിടക്കുന്നതിനാൽ നാട്ടിൻപുറത്തെ അച്ചായന്മാർക്ക് ആ പഴയ ഉഷാറില്ല...... എന്നിട്ടും നമ്മൾ നാലുനേരം ഭക്ഷണം കഴിച്ചു ജീവിക്കുന്നു.


ഒന്നു തിരിഞ്ഞു നോക്കിയാൽ എന്തൊക്കെ കാഴ്ചകളാണു പിന്നിൽ. 
നേരമ്പോക്കിനു നേരമില്ലാതിരുന്ന നമുക്കിപ്പൊ നേരമ്പോക്കു കഴിഞ്ഞൊരുനേരമില്ലാതായിരിക്കുന്നു. റോഡിലിറങ്ങുന്ന ആ ചെറിയ ശതമാനത്തെ ഒഴിച്ചു നിർത്തിയാൽ റോഡിലെ പാച്ചിലുകളില്ലാത്തതിനാൽ അവിടെ പായവിരിച്ചുറങ്ങാം.
വായു-ശബ്ദ- ജലമലിനീകരണങ്ങളില്ല.
നോക്കൂ, എല്ലാവരും എത്ര ശാന്തരാണ്. യാതൊരു തിടുക്കങ്ങളുമില്ല.
പ്രകൃതി അതാസ്വദിക്കുന്നുണ്ടെന്നു തോന്നുന്നു. ആസ്വദിക്കുക മാത്രമല്ല, കളിയാക്കുക കൂടി ചെയ്യുന്നുണ്ട്. കുയില് ഒരുമാതിരി ആക്കി കൂവുന്നത് പോലെ.
മുറ്റത്തിരിക്കുന്ന കാക്ക, "എന്താ പുറത്തേക്കൊന്നും പോണ്ടേ..?"  എന്ന് തലചെരിച്ച് ചോദിക്കുന്ന പോലെ.
എന്നും നമ്മൾ പോകുന്നതും വരുന്നതും വാലാട്ടി നോക്കി നിന്നവൻ ഇപ്പൊ കാലത്തെഴുന്നേറ്റ് വീട്ടുപടിക്കലിരിക്കുന്ന നമ്മെ നോക്കി - "മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി ഇവിടിരുന്നോണം. ഗേറ്റ് കടന്നെങ്ങാനും പുറത്തേക്കിറങ്ങിയാലാ.. " - എന്ന ഭാവത്തിൽ ഒന്നമർത്തി മൂളിയിട്ട് ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നു.
അവസാനം ഇവിടുത്തെ കളിയെല്ലാമവസാനിപ്പിച്ച് മടങ്ങി ചെല്ലുമ്പോൾ നീയെന്തെല്ലാം കണ്ടുവെന്ന് ചോദിക്കുന്നൊരാൾക്കു മുന്നിൽ, 


സന്തോഷത്തിന്റെ രഹസ്യമറിയാൻ മരുഭൂമിയിലെ ഗുരുവിന്റെയടുത്തെത്തുന്ന പയ്യനേക്കാൾ ശിരസുതാഴ്ത്തി നിൽക്കേണ്ടി വരും.

2020, മാർച്ച് 24, ചൊവ്വാഴ്ച

കനൽ

കനൽ:

ഉള്ളിൽ കനൽ വഹിച്ചൊരു സ്ത്രീ -
മറിയത്തെക്കുറിച്ചാണതു കേട്ടത്
പിന്നെയത് ജ്വലിപ്പിച്ചത് മരിയ ഗൊരേത്തിയും
അലക്സാണ്ടറായിരുന്നു ആ കനൽ
കുറ്റബോധത്തിന്റെ കനൽ ജ്വലിപ്പിച്ചവൻ
ചരിത്രവഴികളിൽ ഇനിയും കനലുകൾ 
ജ്വലിക്കുന്നുണ്ട്.

കാലചക്രം മിന്നിമാഞ്ഞപ്പോൾ
കനലായി ചിലർ ജ്വലിക്കുന്നുണ്ട്
സൂര്യനെല്ലിയിലായിരുന്നു അതിലൊന്ന്
അണഞ്ഞുപോയൊരു കനൽ
ഡൽഹി, തിരുവല്ല , കൊച്ചി...
കനലുകളായിരുന്നു
ഇന്നു ചാരമായൊരു കനൽ

രോഹിത് വെമുല കനലായിരുന്നു
ജാതിവെറിയിൽ അവശേഷിച്ച കനൽ
മധുവൊരു കനലായിരുന്നു
വിശപ്പിൽ കുരുത്ത കനൽ
ചാരം മൂടിയ കനലുകളാണിവ
ഊതിത്തെളിക്കാൻ കരുത്തു നൽകുന്നവ

കാമത്തിൽ എരിഞ്ഞു തീരുന്ന
ആൺ - പെൺ കനലുകളെ
നാമിനിയും ഗൗനിക്കുന്നേയില്ല
എരിയുന്ന കനലുകൾ 
നമ്മെ പൊള്ളിക്കുന്നേയില്ല

കനലിൻ കരുത്താണ് 
മറിയം വഹിച്ചതെന്ന്
ഏതുറക്കത്തിലാണ്,
ഏതു വ്യാകുലത്തിലാണ്, 
ഏതു സഹനത്തിലാണ്
നമുക്ക് പിടുത്തം കിട്ടുക.



2020, മാർച്ച് 12, വ്യാഴാഴ്‌ച

അവധി

അപ്രതീക്ഷിതമായൊരു
ആരോഗ്യാടിയന്തിരാവസ്ഥാ 
കാലത്തിലാണു നാം.
അത്ര ആരോഗ്യകരമല്ല 
കാര്യങ്ങൾ എന്നു വ്യക്തം.
ലോകരാജ്യങ്ങളിലേക്ക്
വായുവേഗത്തിൽ ആശങ്ക പരക്കുന്നു.
121 രാജ്യങ്ങളെന്നത് 
ചെറിയ സംഖ്യയായി കാണാനാവില്ല.
ആരുടേയും ചിന്തയിൽ 
മറ്റെന്തെങ്കിലും ഉള്ളതായി തോന്നുന്നില്ല.
എല്ലാവരിലും പകപ്പു മാത്രം.
എത്ര പെട്ടന്നാണ് കാര്യങ്ങൾ
കീഴ്മേൽ മറിയുന്നത്.
ചെറിയൊരു വൈറസ്
ലോകം നിശ്ചലമാക്കിയിരിക്കുന്നു. 
ഓഹരി വിപണി ഇടിയുന്നു,
ക്രൂഡ് ഓയിലിന് വിലയിടിഞ്ഞു,
വിനോദ സഞ്ചാരമേഖല നിശ്ചലമാകുന്നു,
വിദ്യാഭ്യാസ മേഖല 
നിർബന്ധിത അവധിയിലാകുന്നു, 
യാത്രകൾക്ക് നിയന്ത്രണമുണ്ടാകുന്നു,
യോഗങ്ങളും മീറ്റിങ്ങുകളും
നടത്തുന്നതിന് വിലക്കുണ്ടാകുന്നു,
ഉത്സവങ്ങളും തിരുനാളുകളും
പ്രാർത്ഥനാ സമ്മേളനങ്ങളും 
ഒഴിവാക്കുന്നു.

ലോകം ഒരു രോഗത്തിലേക്കു ചുരുങ്ങുന്നു

ഈ അസാധാരണത്വം 
ആദ്യമറിഞ്ഞത് നമ്മുടെ
കണിക്കൊന്നയാണെന്നു തോന്നുന്നു.
മറ്റെല്ലായിടങ്ങളിലുമുള്ളവയും
വസന്തത്തിനു വഴിമാറിയപ്പോ
അതു കണ്ടതായിപ്പോലും നടിച്ചില്ല.
വരാൻ പോകുന്ന ദുര്യോഗത്തെ
ഉൾക്കൊള്ളാൻ സ്വയം
തയ്യാറെടുക്കുകയായിരുന്നിരിക്കണം.

ആ പറഞ്ഞതു ശരിയാണ്, വായിച്ചിരിക്കുന്നതിനിടെ ആരോ വന്ന് ആ പുസ്തകം തട്ടിപ്പറിച്ച് ഓടിയതുപോലെയാണ് കാര്യങ്ങൾ. കഥ പൂർത്തിയായിട്ടുമില്ല, ഇനിയൊട്ടു വായിക്കാനും പറ്റില്ല. അവസാന വർഷക്കാരാണ് പെട്ടുപോയത്. എല്ലാമൊന്ന് ആയി വരുന്നേയുണ്ടായിരുന്നുള്ളൂ. ഇനിയെന്നെന്നോ, ഇനിയെന്തെന്നോ വല്യ പിടിയില്ല.
വെറ്തേയിരുന്നു മടുക്കുമ്പോൾ ഫോണിൽ തോണ്ടുന്നതിനിടെ ഗ്യാലറിയിലേക്കൊന്നു പോകും. പഴയ ഫോട്ടങ്ങളിലേക്കും വീഡിയോകളിലേക്കും കണ്ണു പായും. ചിലതു മനസു നിറയ്ക്കും. വേറേ ചിലത് കണ്ണും. അതിനിടയിൽ വല്ലപ്പോഴുമുള്ള വീഡിയോ കോളിലൂടെ അതിന്റെ ഗ്രാവിറ്റി അല്പം കുറയ്ക്കപ്പെടും. ഗ്രൂപ്പുകളിൽ ട്രോളുകളും ചളികളും വന്നു നിറയും. വീട്ടിലിരുന്നു മടുത്തു എന്ന് പതംപറയും. ജീവിതത്തിലാദ്യമായി മാറ്റി വയ്ക്കപ്പെടുന്ന പരീക്ഷയെ നാം മനസറിഞ്ഞ് ശപിക്കും. ക്ലാസിൽ പോകാൻ മടിയായിരുന്ന നമുക്ക് ഇന്ന് ക്ലാസിൽ പോകാതിരിക്കാൻ വയ്യെന്നായി. എത്ര വേഗത്തിലാണ് കാര്യങ്ങൾ വൈകാരികമാകുന്നത്. ഞാൻ എന്നെത്തന്നെ നഷ്ടപ്പെടുത്തുന്നു. അല്ല, എനിക്കെന്നെത്തന്നെ നഷ്ടപ്പെടുന്നു.

2020, ഫെബ്രുവരി 11, ചൊവ്വാഴ്ച

വൈകുന്നേരങ്ങളും പടികളും

വൈകുന്നേരങ്ങൾ വൈകുന്നേരങ്ങളല്ല
അതിൽതന്നെ ഒരു ദിവസമാണ്
മണിക്കൂറുകൾക്ക് നിമിഷങ്ങളുടെ മാത്രം ദൈർഘ്യമുള്ളവ
കുഞ്ഞു കന്നത്തരങ്ങളുടെ ചെറിയ 
ആയുസിൽ കൊഴിഞ്ഞു പോകുന്നവ
പടികളിറങ്ങി ആരംഭിക്കുകയും
പടികൾ കയറി മറയുകയും ചെയ്യുന്ന
കുഞ്ഞു നിമിഷങ്ങളുടെ വലിയ ദിവസങ്ങൾ
വെറുതേ മിണ്ടാനും പിന്നേം പറയാനുമുള്ള
ചെറിയ വായിലെ വലിയ വൈകുന്നേരങ്ങൾ
പടികളിൽ ചടഞ്ഞിരിക്കാനും 
പടികളിലെ ഫോട്ടം പിടിക്കാനുമുള്ള 
പതിവായുള്ള വൈകിപ്പോകലുകൾ
വലിയ ആനന്ദങ്ങളുടെ ചെറിയ വൈകുന്നേരങ്ങൾ
വലിയ ആനന്ദങ്ങളുടെ ചെറിയ ഇടങ്ങൾ


നമ്മുടെ പടികളും വൈകുന്നേരങ്ങളും.

2020, ഫെബ്രുവരി 2, ഞായറാഴ്‌ച

ക്യാമ്പോർമ്മകൾ


'സൗഹൃദ' 2020
അങ്ങനെ കാര്യങ്ങൾക്ക് ഏതാണ്ട് തീരുമാനമാകുന്നു. അഞ്ചുദിന സഹവാസ ക്യാമ്പും അവസാനിക്കുന്നു. ദിവസങ്ങൾക്ക് പതിവില്ലാത്ത വേഗമുള്ളതുപോലെ. എത്രവേഗത്തിലാണെല്ലാം ഓർമ്മയാകുന്നത്. നാളെ നമ്മളും....
വല്ലാത്തൊരു ത്രില്ലിലായിരുന്നു നാം. പറഞ്ഞു കേട്ടിടത്തോളം ക്യാമ്പിനെ വെല്ലാൻ മറ്റൊന്നിനുമാവില്ലായിരുന്നു. 2 വർഷ ബി.എഡ്. കരിക്കുലത്തിലെ എക ആശ്വാസം.
വല്ലാത്തൊരു ആകാംക്ഷയിലും അതിരുകവിഞ്ഞ ആത്മവിശ്വാസത്തിലുമായിരുന്നു നമ്മൾ. കാരണം അത്രയും ഹൃദ്യമാകുമെന്ന പ്രതീക്ഷതന്നെ. എല്ലാത്തരത്തിലും നമ്മൾ സജ്ജരായിരുന്നു - മാനസികമായും ശാരീരികമായും. ക്യാമ്പിനെ എതിരേൽക്കാനുള്ള മിനുക്കുപണികൾ. എല്ലാം സുന്ദരമാക്കാനായിരുന്നു.
പേരുപോലെ തന്നെ എല്ലാത്തിനോടും സൗഹൃദപരമായി ആരംഭിക്കാൻ നമ്മളാഗ്രഹിച്ചു. അതിനു മുന്നോടിയായി നമ്മൾ 'Seed pen' തയ്യാറാക്കി. കഴിയുന്നിടത്തോളം പ്ലാസ്റ്റിക് ഉപേക്ഷിച്ചു. എല്ലാം ഭംഗിയായി നടന്നു. ഗ്രൂപ്പു തിരിഞ്ഞുള്ള പ്രവർത്തനങ്ങൾ, നല്ല നിലവാരം പുലർത്തിയ ക്ലാസുകൾ, നമ്മൾ തന്നെ തയ്യാറാക്കിയ ഭക്ഷണങ്ങൾ, കളിചിരികൾ, കുന്നന്താനത്തെ അന്തേവാസികളോടൊപ്പമുള്ള നിമിഷങ്ങൾ, വൺ ഡേ ടൂർ, മാസ്സ് കുക്കിംഗ്, കൾച്ചറൽ പ്രോഗ്രാംസ്, ക്ലീനിംഗ്, യോഗാ ക്ലാസ്, എയ്റോബിക്സ്, ചെടിച്ചട്ടി പെയിന്റിംഗ്, ക്യാമ്പ്ഫയർ, Nature Walk അങ്ങനെ സംഭവ ബഹുലമായ അഞ്ചു ദിവസങ്ങൾ....

രാത്രിയിലെ ഉറങ്ങാതിരിക്കലുകൾ, ആരുമറിയാതെയുള്ള വാനനിരീക്ഷണം, അടുക്കളയിലെ കോലാഹലങ്ങൾ - ഉപ്പു നോക്കാനുള്ള എത്തിനോട്ടങ്ങൾ, ഭക്ഷണമേശയിലെ പിടിവലികൾ, വാരിക്കൊടുക്കാനുള്ള തത്രപ്പാടുകൾ. ഇങ്ങനെ ഭംഗിയുള്ള കുറച്ച് നിമിഷങ്ങൾ....
എന്നിട്ടും നമ്മൾ വല്ലാതെ മടുത്തു പോയിരുന്നു ഒന്നും ആരെയും തൊടുന്നില്ല എന്നൊരു തോന്നൽ.എന്തൊക്കെയോ ചെയ്ത് എന്താക്കെയോ പറഞ്ഞ് നമ്മൾ കടന്നു പോയി. ആരുമായും നേരാംവണ്ണം ഒന്നു മിണ്ടാൻകൂടി കഴിഞ്ഞില്ല. മനസു നിറയാതെയാണ് മടങ്ങിയത്. ഇതൊന്നു കഴിഞ്ഞുകിട്ടിയാൽ പോകാമായിരുന്നു എന്ന അവസ്ഥ.

എന്നിട്ടും മനസു നിറച്ച ചില അപൂർവ്വ നിമിഷങ്ങൾ. എന്തൊക്കെ പറഞ്ഞാലും ഉള്ളു നിറഞ്ഞിട്ടുണ്ട്. എത്ര സന്തോഷത്തിലായിരുന്നു നമ്മൾ. നിറയാൻ ബാക്കിയുള്ള ഭാഗത്തെക്കുറിച്ചല്ല, നിറഞ്ഞു കിടക്കുന്ന ഭാഗത്തെക്കുറിച്ച് ചിന്തിക്കൂ.
അങ്ങനെ മനസു നിറച്ച് ക്യാമ്പ് അവസാനിക്കുന്നു.
ഇനി കാത്തിരിപ്പിന്റെ ചെറിയ ഇടവേള - ആ വലിയ സന്തോഷത്തിന്.
ശേഷം, ഇനിയും ബാക്കിയായ ദിനങ്ങളക്കുറിച്ചുള്ള വ്യാകുലത്തിലിങ്ങനെ.........

വിളക്കുമരം

എല്ലാക്കാലത്തേക്കും മിന്നാമിന്നിയുടെ ചെറിയ പ്രകാശത്തിൽ അവരിങ്ങനെ ഉയർന്നുനിൽക്കുന്നു ആ ചെറിയ പ്രകാശത്തിൽ  തൊട്ടു നടക്കാൻ നമ്മുടെ മിഴികൾക്ക് ത...