2020, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

പുറത്തു പെയ്യുന്നമഴ

ബസിൽ യാത്ര ചെയ്യുകയാണ് ആ അച്ഛനും 10 വയസുകാരൻ മകനും. പുറത്ത് നല്ല മഴയുണ്ട്. ബസിലെ ഷട്ടറുകളെല്ലാം താഴ്ത്തിയിരിക്കുകയാണ്. മകൻ്റെ വാശിമൂലം അച്ഛൻ തൻ്റെ സൈഡിലെ ഷട്ടർ ഉയർത്തിവച്ചു. തണുത്ത കാറ്റിനൊപ്പം വെള്ളവും അകത്തേക്ക് ശക്തിയായി വീഴുന്നുണ്ട്. മകൻ തുള്ളിച്ചാടുകയും മഴയിലേക്ക് കൈ നീട്ടുകയും ചെയ്ത് ആ മഴ ആസ്വദിച്ചുകൊണ്ടിരുന്നു.  സഹയാത്രികർക്ക് അസൗകര്യമാകുന്നു എന്നു കണ്ടിട്ടും അയാൾ മകനെ വിലക്കുന്നില്ല എന്നുകണ്ട് മറ്റുള്ളവർ അസ്വസ്ഥരായി. ചിലരത് പ്രകടിപ്പിക്കുകയും ചെയ്തു.

ഒരാൾ അക്ഷമയോടെ പറഞ്ഞു: "കുട്ടിയോട് അടങ്ങിയിരിക്കാൻ പറയൂ. മറ്റുള്ളവരുടെ ദേഹത്ത് വെള്ളം വീഴുന്നത് കണ്ടില്ലേ..?"
അയാൾ മകനെ ബലമായി പിടിച്ച് മടിയിൽ ഇരുത്തിയെങ്കിലും അവൻ വീണ്ടും മഴയാസ്വദിക്കാൻ തുടങ്ങി. ഇതു കണ്ടിട്ടും മകനെ അയാൾ ഒന്നു ശകാരിക്കുക പോലും ചെയ്തില്ലെന്നു കണ്ട ഒരാൾ ക്ഷോഭത്തോടെ അച്ഛനോട് പറഞ്ഞു: "ഇങ്ങനെയാണോ മക്കളെ വളർത്തുന്നത്. മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച്..."

മകൻ മഴ ആസ്വദിക്കുന്നത് ഒരിക്കൽക്കൂടി നോക്കിയശേഷം ആ അച്ഛൻ പറഞ്ഞു: "ഒരു ബസ് യാത്രക്കാരനെന്ന നിലയിൽ ഞാൻ ചെയ്യുന്നത് തെറ്റാണ്. ഞാനവനെ ശകാരിക്കുകയും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവാതെ നോക്കുകയും വേണം." ................
"പക്ഷേ, ഒരച്ഛനായ ഞാൻ എങ്ങനെയാണ് ഇത് ചെയ്യരുത് എന്നു പറയുന്നത്."
"എൻ്റെ കുഞ്ഞ് ആദ്യമായി ലോകം കാണുകയാണ്. അവനിതുവരെ ഭൂമി കണ്ടിട്ടില്ല, മനുഷ്യരെ കണ്ടിട്ടില്ല, മൃഗങ്ങളെ കണ്ടിട്ടില്ല, മഴ കണ്ടിട്ടില്ല......"
"ജനിച്ചശേഷം ആദ്യമായാണ് അവൻ എന്തെങ്കിലും ഒന്നു കാണുന്നത്...."  
''അവനെ ഞാനെന്തുപറഞ്ഞാണ് മാറ്റിയിരുത്തേണ്ടത്...???" ഇതു പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.
അങ്ങനെയൊരു മറുപടി ആരും പ്രതീക്ഷിച്ചിരുന്നില്ല. പെട്ടന്ന് എല്ലാവരുടേയും മുഖത്തെ അമർഷവും കോപവും മാഞ്ഞുപോയി.
മകനെ വിലക്കാൻ ആവശ്യപ്പെടുന്ന ഒരു നോട്ടം പോലും ആ അച്ഛനു നേരേ അവരുയർത്തിയില്ല. ദേഹത്തു വീഴുന്ന വെള്ളത്തുള്ളികൾ തങ്ങളെ നനയ്ക്കുന്നതായി അവർക്ക് തോന്നിയില്ല.

എവിടെയോ വായിച്ചതാണിത്.
കാര്യങ്ങൾ അങ്ങനെയാണ്. ഓരോന്നിൻ്റെയും പിന്നാമ്പുറകഥകൾ വെളിപ്പെടുന്നതുവരെ.
എല്ലാറ്റിനും പിന്നിൽ ഇങ്ങനെയൊരു മറയുണ്ടാകും. നമ്മൾ അത് തിരഞ്ഞ് മെനക്കെടാറില്ലെന്നതാണ് കാര്യം.
ചില മുന്നനുഭവങ്ങളുടെ അഭാവം ശിഷ്ടജീവിതത്തിൻ്റെ നിറം വല്ലാതെ കെടുത്തിക്കളയുന്നുണ്ട്.
നമ്മുടെ മുൻവിധികൾ ചിലവയുടെ സ്വാഭാവിക ഭംഗികളെ ചിതറിച്ചുകളയുന്നുണ്ട്.

വിളക്കുമരം

എല്ലാക്കാലത്തേക്കും മിന്നാമിന്നിയുടെ ചെറിയ പ്രകാശത്തിൽ അവരിങ്ങനെ ഉയർന്നുനിൽക്കുന്നു ആ ചെറിയ പ്രകാശത്തിൽ  തൊട്ടു നടക്കാൻ നമ്മുടെ മിഴികൾക്ക് ത...