2022, സെപ്റ്റംബർ 18, ഞായറാഴ്‌ച

വിളക്കുമരം

എല്ലാക്കാലത്തേക്കും
മിന്നാമിന്നിയുടെ
ചെറിയ പ്രകാശത്തിൽ
അവരിങ്ങനെ ഉയർന്നുനിൽക്കുന്നു
ആ ചെറിയ പ്രകാശത്തിൽ 
തൊട്ടു നടക്കാൻ
നമ്മുടെ മിഴികൾക്ക്
തെളിച്ചമില്ലാതായിട്ടുണ്ട്.

ഇടറി വീഴുന്നതിനിടെ
മിഴികളുയർത്തി നോക്കാൻ
ഈ ചെറിയ കാലത്തിൽ
നമുക്ക് വിളക്കുമാടങ്ങളില്ലാതെ പോകുന്നു
നമുക്കിടയിൽ ചെറിയ തുരുത്തുകളുണ്ടാവുന്നു
നമ്മെത്തന്നെ നഷ്ടപ്പെട്ട് നാം
മുകിൽ കണക്കെ ആകാശപ്പറവകളാകുന്നു
നമ്മിൽനിന്ന് രാത്രിസഞ്ചാരികളുണ്ടാകുന്നു
മുപ്പതു വെള്ളിക്കാരിന്
മന:സാക്ഷിയെ നാം
ഒറ്റുകൊടുക്കുന്നു
അവന്റെ സുവിശേഷത്തിൽ നിന്ന്
നാം ഇറങ്ങി നടക്കുന്നു
നമ്മിലിടറി നാം സ്നേഹശൂന്യരാകുന്നു
വലിയ പിഴകൾ ചെറിയ പിഴകളെ
സ്നാനപ്പെടുത്തുന്നു
വീടുകളിൽ അസമാധാനത്തിന്റെ
പ്രവാചകരുണ്ടാകുന്നു.

ഇടറിയ കാലത്തിൽ നിന്നും 
ഇറങ്ങി നടക്കാൻ,
ഇക്കാലത്തിന്റെ സുവിശേഷമാകാൻ ,
അവന്റെ മിഴികളിൽ നോക്കി
സ്നാനപ്പെടാൻ
സ്നേഹമന്ത്രമോതുന്നു 
ആ മരപ്പണിക്കാരൻ.
എന്നിൽ നിന്നു പഠിക്കുവിനെന്നു
പറഞ്ഞവന്റെയോരം ചേർന്ന്
അതിൽ സ്നാനപ്പെട്ട്
സ്വയമെരിഞ്ഞൊരു വിളക്കുമരമാകാൻ
ഞാനിനിയേതുകുളത്തിൽ
കഴുകി ശുദ്ധി നേടണം,
എത്ര ബലികളും കാഴ്ചകളുമർപ്പിക്കണം,
എത്ര ചെമ്പുനാണയങ്ങളിടേണം,
എത്രതവണ നിന്റെ പാർശ്വത്തിലെ
മുറിപ്പാടിൽ തൊട്ട്
വിശ്വാസ സത്യത്തെ ഏറ്റുപറയണം......




( ഉത്സവ് 2022 ഫൊറോന കലോത്സവം കവിതാ രചന : ദിശാസൂചി )

2022, ജൂൺ 19, ഞായറാഴ്‌ച

വായനയ്ക്ക് രോമാഞ്ചമുണ്ടാകുമ്പോൾ


ഇതിപ്പോ എല്ലാ വർഷവും വായനദിനമുള്ളതു കൊണ്ട് വായന മരിക്കുന്നില്ല. പക്ഷേ, എല്ലാ വർഷത്തേക്കുമായി അതിങ്ങനെ പുനർജനിക്കുന്നുണ്ട്.
രണ്ടു വാക്ക് കൂട്ടിയെഴുതാൻ അറിയാത്തവരും ആ എഴുതിയത് കൂട്ടിവായിക്കാൻ അറിവില്ലാത്തവരും എസ് എസ് എൽ സി പാസായൊരു വായനദിനത്തിലാണ് നാം.
അതാണ് ഞാൻ പറഞ്ഞത് വായന മരിച്ചിട്ടില്ലെന്ന്.

മജീദിനെയും സുഹ്റയേയും പരിചയമില്ലാത്തവരും
ഭീമനെപ്പറ്റി കേട്ടിട്ടില്ലാത്തവരും
ഒ വി വിജയനെയും എം ടി യേയും അറിയാത്തവരും
+2 ക്ലാസിലെ "പഠിപ്പി"കളായ കുട്ടികളിലുമുണ്ടെന്നത് ഈ വായനദിനത്തിന്റെ മാറ്റുകൂട്ടുന്നു.

ആയുസിൽ വായിച്ചൊരു പുസ്തകത്തിന്റെ പേരോർമ്മയില്ലാത്തവരോടാണ് വായനദിനം എന്തോ വലിയ തേങ്ങയാണെന്നും പറഞ്ഞ് കൊടിയും പിടിച്ച് ഞാനിറങ്ങുന്നത്.

വായന ഒഴുകുന്ന പുഴ പോലെയാണ്. അതു നമ്മെയിങ്ങനെ പരിവർത്തനപ്പെടുത്തിക്കൊണ്ടേയിരിക്കും. ഒരു പുഴയിൽ നമുക്ക് വീണ്ടും കുളിച്ചു കയറാനാവാത്തതു പോലെ.

"വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചുവളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും"
കുഞ്ഞുണ്ണി മാഷിന്റേതാണ്.
അപ്പൊ അതാണ് നാമിങ്ങനെ വളഞ്ഞിരിക്കുന്നത്.
ഇതൊരു ക്ഷണമാണ്. വായനയിലൂടെ സ്വയമൊന്ന് വളർന്നു വിളയാൻ.

സ്വന്തമായി എന്തെങ്കിലുമൊന്ന് വായിച്ചിട്ട് മാസങ്ങളായ, വായനദിനത്തിലെ പ്രത്യേക രോമാഞ്ചപ്പെടലിനുശേഷം കുറിച്ചത്.

2022, ജൂൺ 4, ശനിയാഴ്‌ച

മരമാകുമ്പോൾ...


വീണ്ടുമൊരു പരിസ്ഥിതി ദിനത്തിന്റെ കുളിരിലാണു നമ്മൾ. നാം നട്ടതല്ലാത്തതും നനച്ചിട്ടില്ലാത്തതുമായ മരങ്ങളുടെ കുളിരിൽ.
ആ കുളിരിൽ നിന്നും ഉത്ഭൂതമാകുന്ന രോമാഞ്ചത്തിൽ പുളകിതരാകുന്നതല്ലാതെ മറ്റൊരു രാസപ്രവർത്തനവും നമ്മിൽ നിന്ന് രൂപപ്പെടുന്നതേയില്ല.

പരിസ്ഥിതിദിനത്തെക്കുറിച്ച് പതിവിലും പരവേശത്തോടെ പര്യാലോചിക്കേണ്ട കാലത്തിലാണ് നാം.
കാലവർഷം കാലം മറന്നതും
ഇടവപ്പാതി ഇടറി പെയ്യുന്നതും
തുലാവർഷം തുളുമ്പിത്തുടങ്ങുന്നതും
നമ്മെ വല്ലാതെ നനയ്ക്കുകയും പൊള്ളിക്കുകയും ചെയ്യുന്നത് ഇനി ആരോട് പതം പറയാനാണ്.

ഒരു തൈ നട്ട് വിയർപ്പ് ഒഴുകിപ്പോയവർ നമ്മിലാരുണ്ട്. നാം നട്ടതല്ലാത്ത മരങ്ങളുടെ നിഴലുപറ്റി നിന്ന് കടംകൊണ്ടതിന്റെ ജാള്യത നമുക്കില്ലെന്നതാണ് ആകെ ഒരാശ്വാസം.
ഒരു തൈ നടാൻ മനസുണ്ടാവുകയാണ് അതു പരിപാലിക്കാൻ മനസുണ്ടാവുന്നതിനേക്കാൾ പ്രധാനം.

നിൽക്കുന്നയിടങ്ങളിൽ വസന്തവും ശിശിരവും ഹേമന്തവുമൊക്കെ അത് വിരിയിക്കുന്നു.
തനിക്കാവശ്യമുള്ളത് മാത്രം സ്വീകരിച്ച് ശാന്തമായും ധീരമായും നിലകൊള്ളുന്നു. വേരുകൾക്കൊണ്ട് അവ പരസ്പരം സ്നേഹം കൈമാറുന്നു. ശിഖരങ്ങളിലെ കായ്ഫലം കൊണ്ട് അവ വിനയമുള്ളവരാകുന്നു.

പ്രകൃതി ഒരിക്കലും മരിക്കുന്നില്ല - മനുഷ്യൻ കൊല്ലുമ്പോഴല്ലാതെ.
വെട്ടിനശിപ്പിച്ചതല്ലാതെ ഒരു മരവും പ്രായാധിക്യത്തിൽ മരിക്കുന്നില്ല.
പ്രായാധിക്യത്തിൽ മരിക്കുന്നതല്ലാതെ ഒരു മനുഷ്യനും കൊല്ലപ്പെടുന്നില്ല (മനുഷ്യൻ മനുഷ്യനെ കൊല്ലുന്നത് അവന്റെ സ്വാർത്ഥത).

പ്രകൃതി നിറം മാറുന്നത് ഇനിയും കണ്ടില്ലെന്ന് നടിച്ചു കൂടാ. ചൂടായിത്തുടങ്ങിയത് കനലാവാൻ കാത്തുനിൽക്കരുത്. ആ കനൽ നമ്മെ വല്ലാതെ പൊള്ളിക്കും.
നാം സൃഷ്ടിച്ചെടുത്ത കനലു കൈമാറാനല്ല, ആദിയിലെ കുളിര് കൈമാറുകയാണ് നമ്മുടെ ബാധ്യത.

കനിവിന്റെയും കരുതലിന്റെയും പാഠങ്ങളെക്കുറിച്ച് ഈ ഭൂമി പേർത്തും പേർത്തും പറഞ്ഞു കൊണ്ടിരിക്കുമ്പോൾ,  നമ്മുടെ കാതുകളെ ബധിരമാക്കിയും കണ്ണുകളെ അന്ധമാക്കിയും ചിന്തയെ നിശബ്ദമാക്കിയും കാലത്തിനു നേരേ നാം കൊഞ്ഞനം കുത്തുന്നു.

പ്രകൃതി സംരക്ഷിക്കാൻ മരം മാത്രമല്ല പ്രതിവിധിയെന്ന് നമുക്കറിയാം.
പക്ഷേ, മരത്തിലെങ്കിലും നാമത് ആരംഭിക്കേണ്ടതല്ലേ.
അവൻ നടട്ടെ എന്നല്ല,
നീ നട്ടതിന്റെ തണലിന് നിന്റെ പിന്തുടർച്ചക്കാർക്ക് അവകാശമുണ്ടെന്ന്, അത് നിന്റെ ബാധ്യതയാണെന്ന ബോധ്യമുണ്ടാകട്ടെ.

നമുക്കൊരു മരം നടാം.
അതിലായിരം പേർക്കുള്ള തണലുണ്ടാവും.
അത് പതിനായിരങ്ങൾക്കു വാസനികേതനമാകും.
അതിലുമേറെപ്പേർക്ക് ജീവനാകും.

മരം...
അതു ജീവനാണ്
അതു കരുതലാണ്
അതു കാവലാണ്
അതു തണലാണ്
അതു താവളമാണ്
അതു താരാട്ടാണ്
അതാവരണമാണ്
അതൊരു സംസ്കാരമാണ്

2022, മേയ് 31, ചൊവ്വാഴ്ച

ബെല്ലടിക്കുമ്പോൾ


രണ്ടു വർഷത്തിന്റെ ചെറിയ ഇടവളയ്ക്കുശേഷം വീണ്ടും ആ പഴയ - ന്യൂ  നോർമൽ (വാക്ക് കടം കൊണ്ടത് ) സ്കൂൾ പരിസരങ്ങളിൽ നിന്ന് പതിഞ്ഞ താളത്തിൽ "ഗുഡ് മോർണിംഗ് ടീച്ചർർർർർർർർർർർ....." ന്നു പറയാനൊരുങ്ങുകയാണ് നാം. വലിയ പ്രതീക്ഷയിലും ചെറിയ ആശങ്കയിലും ആ പഴയ ഇടങ്ങളിലേക്ക് നാം വീണ്ടും മടങ്ങിയെത്തുന്നു.

മടങ്ങിയെത്തുമ്പോൾ പറയാൻ ഒരുപാട് പരിഭവങ്ങളുമായി അവിടെ ചിലർ കാത്തിരിക്കുന്നുണ്ടാവും. നമ്മുടെ പേരുകൾക്കൊണ്ട് നാം ചിത്രം വരച്ച ചുവരുകളും നാം തലവച്ചുറങ്ങുകയും വല്ലപ്പൊഴുമെങ്കിലും താളം പിടിച്ചിട്ടുള്ള ബഞ്ചും ഡസ്കും. ആ വാക്കുകൾക്ക് പരിഭവത്തിന്റെ ഇടർച്ചയും ആവേശത്തിന്റെ വേഗവും.

ഇനി ഉച്ചനേരങ്ങൾക്ക് രുചികൂടും.
വഴിയിലെ മാവുകൾ ഏറുകൊണ്ട് മാങ്കറ ചുരത്തും.
തോടുകളിലും ആറുകളിലും പേപ്പർ കപ്പലുകൾ കാറ്റിന്റെ ഗതിയറിയാതെ ഒഴുകി നടക്കും.
ഒരായുസിൽ പറഞ്ഞു തീരാത്തത്ര കഥകളുള്ളതിനാൽ ക്ലാസ്സ് ബോർഡുകളിൽ രക്തസാക്ഷികളുടെ പേരുകൾ നിറയും.
കുഞ്ഞുങ്ങളുടെ മുതുകുകളിൽ അറിവു ചുമക്കുന്നതിന്റെ തഴമ്പ് വളർന്നുവരും.
കഞ്ഞിപ്പുരയിൽ നിന്നുയരുന്ന പുക മേഘങ്ങളോട് ആവേശം പറയും.
ഓഫീസ് മുറിക്ക് മുന്നിൽ തൂങ്ങിക്കിടക്കുന്ന ബെല്ല് ആവേശംകൊണ്ട് സ്വരം മറക്കും.
മഴനനഞ്ഞ തണുപ്പിനെ ക്ലാസിന്റെ ചൂട് വായുവിൽ അലിയിച്ചുകൊല്ലും.
ഹോം വർക്കുകൾ ക്ലാസ് ഗ്രൂപ്പുകളിലൂടെ ഇറങ്ങി നടക്കും.
ചിലേ നേരങ്ങളിലേക്ക് മാത്രമുള്ള, മരുന്നില്ലാതെ മാറുന്ന വയറുവേദനയും തലവേദനയും കുട്ടികളിൽ പകർച്ചവ്യാധി കണക്കെ പടർന്നു പിടിക്കും.
വലിയ ക്ലാസുകളുടെ ലാബുകളിൽ നിന്ന് പുതിയ രാസപ്രവർത്തനങ്ങളുടെ ഫോർമുലകൾ ടെസ്റ്റ് ട്യൂബ് പൊട്ടി ക്ലാസ് മുറികളിലൂടെ അലഞ്ഞു നടക്കും.

അതേ, സ്കൂളു തുറക്കുമ്പോൾ വെറുമൊരു വാതിൽ മാത്രമല്ല തുറക്കപ്പെടുന്നത്.
അതാഗ്രഹങ്ങളിലേക്കാണ്....
അത് സൗഹൃദങ്ങളിലേക്കാണ്...
അത് ശീലങ്ങളിലേക്കാണ്...
അതാവേശങ്ങളിലേക്കാണ് തുറക്കപ്പെടുന്നത്.

വീണ്ടും അറിവുനേരങ്ങളെ ഓർമ്മിപ്പിച്ച് സ്കൂളുകൾ ഒച്ചവച്ചു തുടങ്ങുന്നു.
കുഞ്ഞുങ്ങളേ നിങ്ങൾക്കാശംസകൾ.....

2022, ഏപ്രിൽ 29, വെള്ളിയാഴ്‌ച

അമ്മ ഒരു പുണ്യം

സ്ത്രീയായും മൃഗമായും തന്നെ സൃഷ്ടിക്കാത്തതിനാൽ ദൈവത്തിന് സ്തോത്രം എന്നു പറഞ്ഞ് യഹൂദപുരുഷന്മാർ തങ്ങളുടെ പ്രഭാതപ്രാർത്ഥനയാരംഭിച്ചിരുന്ന കാലത്തു നിന്നും, സ്ത്രീയെ - അവളുടെ പവിത്ര നിയോഗങ്ങളോടെ കാലത്തിന് പരിചയപ്പെടുത്തുന്ന സുന്ദര കഥകളുടെ സമാഹാരമാണ് സുവിശേഷം. ഈറ്റുനോവുകൊണ്ട് ഒരുവൾ സ്ത്രീയിൽ നിന്ന് അമ്മയിലേക്ക് ജ്ഞാനസ്നാനപ്പെടുന്നു. തന്റെ ഗർഭപാത്രത്തിലൂടെ അവൾ പുണ്യജീവിതങ്ങളുടെ സുവിശേഷമെഴുതുന്നു.

മറിയത്തിലേക്കു തന്നെ നോക്കണം. ദൂതന്റെ വാക്കുകൾക്ക്  "നിന്റെ ഇഷ്ടം നിറവേറട്ടെ" യെന്നു പറഞ്ഞ് ലോകരക്ഷകന്റെ വരവിനും, കാനായിലെ കല്യാണപ്പുരയിൽ വീഞ്ഞു തീർന്നതിന്റെ രുചിഭേദത്തിന്  "അവന്റെ ഇഷ്ടം നിറവേറട്ടെ" യെന്നു പറഞ്ഞും, ശിമയോന്റെ ഇരുതലമൂർച്ചയുള്ള പ്രവചനത്തിന്  "നിന്റെ ഇഷ്ടം നിറവേറട്ടെ" യെന്നു പറഞ്ഞും, കുരിശിൻ ചുവട്ടിൽ അവനെ മടിയിൽക്കിടത്തി "നിന്റെ ഇഷ്ടം നിറവേറട്ടെ" യെന്നും പറഞ്ഞ് അവൾ ജീവിച്ചത് പുണ്യ വഴികളുടെ സുവിശേഷമായിരുന്നു.

ക്രിസ്തു പരിഗണിച്ചത്രയും വ്യാപ്തിയിൽ നാമിനിയും അവളെ പരിഗണിച്ചിട്ടേയില്ല.
മറ്റൊരു വീട്ടിൽ ചെന്നു കയറേണ്ടവളാണെന്നു പറഞ്ഞ് നാമവളെ കളിചിരികളിൽ നിന്നും അവളുടെ ഇഷ്ടങ്ങളിൽ നിന്നും അവരെ ഇറക്കിവിടുന്നു. അടുക്കളയിലേക്കും കുട്ടിയുടെ സ്കൂളിലേക്കും അങ്ങാടികളിലേക്കും നിലയ്ക്കാത്ത ഘടികാരം കണക്കേ അവളിങ്ങനെ ഓടിക്കൊണ്ടിരിക്കുന്നു.
അടുക്കളയ്ക്കകത്തല്ലാതെ അരങ്ങത്ത് അവർക്ക് നാം ഇടമൊരുക്കുന്നേയില്ല.

അതിനപ്പുറമുള്ള ചിലതിനെ ഓർമ്മപ്പെടുത്തുകയാണ് ക്രിസ്തു. കുഞ്ഞുങ്ങളെ കുളിപ്പിക്കുന്ന അമ്മയുടെ ഭാവത്തോടെ പാദങ്ങൾ കഴുകുന്ന, കൂട്ടിലിരിക്കുന്ന കുഞ്ഞുകിളികൾക്ക് തീറ്റയെത്തിച്ചു കൊടുക്കുന്ന തള്ളക്കിളിയെപ്പോലെ അപ്പവും മീനും വിളമ്പുന്ന, ഒടുവിലായി അമ്മയെപ്പോലെ സ്വയം ഭക്ഷണമായി മാറി അതു വിളമ്പുന്ന ക്രിസ്തു.

അതിനർത്ഥം നെഞ്ചിലെ പാൽ ഞരമ്പുകളല്ല ഒരമ്മയെ നിർവചിക്കുന്നത്. അത് ലിംഗപരമായ ഒരു ഉത്തരവാദിത്വവുമല്ല. എപ്പോഴാണോ സ്വന്തം ജീവനോട് ചേർന്ന് മറ്റൊരു ജീവനെ പോഷിപ്പിക്കാൻ ഒരാൾക്കാവുന്നത്. അപ്പോഴാണ് അയാൾ മാതാവാകുന്നത്. അങ്ങനെയാണ് തെരുവ് ജീവിതങ്ങൾക്ക് മദർ തെരേസ അമ്മയായുന്നത്. ഇൻഡോറിലെ സാധാരണക്കാർക്ക് റാണി മരിയ അമ്മയാകുന്നത്. വിശ്വാസത്തിനു വേണ്ടി തന്റെ 7മക്കളെ മരണത്തിനൊരുക്കിയ മർത്ത് ശ്മോനി അമ്മയാകുന്നത്.

അങ്ങനെയാണവൻ തന്റെ ശിഷ്യർക്ക് അമ്മയാകുന്നത്. നമ്മെയും മാതൃഭാവത്തിലേക്ക് ക്ഷണിക്കുന്നത്.
സ്ത്രീയെ അവളുടെ പവിത്ര നിയോഗങ്ങളോടെ ലോകത്തിന് ഏല്പിച്ചു കൊടുക്കുന്നത്.
മാതൃഭാവം പുണ്യമാകുന്നത്. സ്നേഹിക്കയെന്നാൽ പുണ്യമാവുകയാണെന്ന് ഓർമ്മിപ്പിക്കുന്നത്.



# 2022 മെയ് ചമ്പക്കുളം ഫൊറോന മാതൃ - പിതൃവേദി പ്രസംഗമത്സരത്തിന് വേണ്ടി...

2022, ഏപ്രിൽ 23, ശനിയാഴ്‌ച

പുസ്തക - വായന - ദിനം


പുസ്തകങ്ങളിലുള്ളത് മാത്രമാണ് ശരിയെന്ന് ധരിച്ചിരുന്നൊരു അല്പവിശ്വാസി കുട്ടിക്കാലം.
പുസ്തകങ്ങൾക്ക് പുറത്തും ശരികളുണ്ടെന്ന് തിരിച്ചറിയുന്ന ഒരവിശ്വാസി ചെറുപ്പകാലം.
ഈ പൊത്തകം കൊണ്ടൊരു ഗുണവുമില്ലെന്ന് പറഞ്ഞു നടക്കുന്ന ഒരന്ധവിശ്വാസി യൗവനം.

യഥാർത്ഥത്തിൽ മറ്റെന്തൊക്കെയോ ആയിരുന്നു പുസ്തകമെന്ന് തലയ്ക്കകത്തു കിളിപറന്നു കിട്ടിയ വിശ്വസവെളിപാടിന്റെ വാർദ്ധക്യ കാലം.

കാലങ്ങൾക്കു മീതേ അവയിങ്ങനെ ചിറകടിയൊച്ചയുടെ കനം പോലുമില്ലാതെ പറന്നു നടക്കുന്നു.
അവയിൽ ചിലതിൽ ഞാനിരിക്കുന്നു,
ചിലതു ഞാനാഹരിക്കുന്നു,
കുറേ ഞാനണിഞ്ഞിരിക്കുന്നു,
ഇനിയും ചിലതിൽ ഞാനൊളിഞ്ഞിരിക്കുന്നു.

ഒടുവിൽ അകത്തേക്കെടുക്കുന്ന ശ്വാസകണികയ്ക്കു ശേഷവും അവയിങ്ങനെ ഇരുപ്പ് തുടർന്നുകൊണ്ടേയിരിക്കും.....
എഴുത്തുകാരനേ മരിച്ചിട്ടുള്ളൂ -
വായനക്കാരൻ ജനിക്കാൻ ഇരിക്കുന്നതേയുള്ളൂ .....

#ഏപ്രിൽ 23 ലോക പുസ്തകദിനം

2022, മാർച്ച് 17, വ്യാഴാഴ്‌ച

കേരളത്തിന്റെ അടുക്കളവഴിയോടുന്ന കെ റെയിൽ



കെ റെയിലിനെക്കുറിച്ചുള്ള ചർച്ചകളാരംഭിച്ചിട്ട് നാളുകുറച്ചായി. അതിനനുകൂലമായും പ്രതികൂലമായും ചില കോടതി വിധികളും വന്നു. സ്വർണക്കടത്തു പോലെ, അല്ല സ്വർണക്കടത്തിനേക്കാൾ ഗുരുതരമായൊരു പ്രശ്നമായിതിനെ കാണണം. കാരണം, ഇതു സാധാരണക്കാരന്റെ അടുപ്പിൽ കെ റെയിൽ വേവിച്ച് ചില ഉന്നതരുടെ കീശ വീർക്കുന്ന കാര്യമാണ്.

യു ഡി എഫ് സർക്കാരാണ് 
കെ റെയിലിന്റെ ഉപജ്ഞാതാക്കളെന്ന് എല്ലാവർക്കുമറിയാം. പക്ഷേ, അതു കേരളത്തിന്റെ മുന്നിലവതരിപ്പിക്കാനുള്ള പാങ്ങവർക്കില്ലാതെ പോയി. 
അത് മറ്റൊരു സ്വപ്ന പദ്ധതിയായി ഇടതുപക്ഷ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.

ഇപ്പോൾ നടക്കുന്നത് കല്ലിടൽ ചടങ്ങുകളാണ്. കെ റെയിൽ കടന്നുപോകുന്ന ദേവാലയങ്ങളിലും അമ്പലങ്ങളിലും പള്ളികളിലും  സാധാരണക്കാരന്റെ കിടപ്പറയിലും അടുക്കളയിലും മഞ്ഞക്കല്ലുകൾ നാട്ടി അവരിങ്ങനെ വികസനത്തിന്റെ അടിത്തറയുറപ്പിക്കുന്നു.

കല്ലിട്ടു തുടങ്ങിയ അന്നുമുതൽ ജനങ്ങൾ തെരുവിലുണ്ട്, കേരളത്തിനിതു വേണ്ടെന്നും തങ്ങളുടെ നെഞ്ചിലൂടെയല്ല ഇതോടിക്കേണ്ടതെന്നും പറഞ്ഞ്. ജനങ്ങളോടൊപ്പമുള്ള സർക്കാർ ഇക്കാര്യത്തിൽ ജനങ്ങളേക്കാൾ മുന്നിലാണ്. പോലീസ് അകമ്പടിയോടെ വീട്ടകങ്ങളിലേക്ക് അതിക്രമിച്ച് കയറിയാണ് കല്ലിടൽ കർമ്മം നിർവഹിക്കുന്നത്.
കല്ലിടാനെത്തിയിടത്തെല്ലാം ആയിരങ്ങൾ പ്രതിഷേധിക്കുന്നുണ്ടായിരുന്നു. എന്നിട്ടും കേരളജനത സിൽവർ ലൈനൊപ്പം എന്ന വിചിത്രവാദവുമായി സർക്കാർ ഞെളിഞ്ഞു നിൽക്കുന്നു.

അടുത്ത തലമുറയ്ക്കു വേണ്ടിയാണ് കെ റെയിൽ എന്നാണ് മറ്റൊരു വാദം. ഈ തലമുറയ്ക്ക് അത്യാവശ്യത്തിനുള്ളതെങ്കിലും കൊടുത്തിട്ടാണ് അടുത്ത തലമുറയുടെ ആവശ്യത്തെ പരിഗണിക്കേണ്ടത്.
പിന്നെ സാറേ, അടുത്ത തലമുറയ്ക്ക് അത്യാവശ്യമായ "ഓൾ പാസ് " സമ്പ്രദായം നിങ്ങൾ നടപ്പിലാക്കുന്നുണ്ടല്ലോ. അതാണ് അവരോടുള്ള നിങ്ങളുടെ ഉത്തരവാദിത്വവും.

"പള്ളിയല്ല പണിയണം
പള്ളിക്കൂടമായിരം...." എന്നൊരു പാട്ടു കേട്ടിരുന്നു.
നിങ്ങൾ പണിത പള്ളിക്കൂടങ്ങളുടെ ലിസ്റ്റൊന്നും കണ്ടില്ല എന്ന് ആരോ ഈയടുത്ത് പരാതി പറയുന്നത് കേട്ടു.
ഏതായാലും പള്ളിയും പള്ളിക്കൂടവും പണിതില്ലെങ്കിലും നമ്മുടെ അടുക്കള വഴി ട്രെയിൻ പോകുന്നത് കാണാൻ തന്നെ സൂപ്പറായിരിക്കും.

ഒടുവിലായി, വനിതാദിനമായിരുന്നു കഴിഞ്ഞയാഴ്ച. ഈയാഴ്ച അതേ വനിതകൾ പൊതുവഴികളിൽ വലിച്ചിഴയ്ക്കപ്പെട്ടതു കണ്ടപ്പോഴുണ്ടായ രോമാഞ്ചം ഇപ്പോഴും മാറിയിട്ടില്ല.
അഭിമാനമാണ് സർ. തീരുമാനങ്ങൾ നടപ്പിലാക്കാൻ താങ്കൾ കാണിക്കുന്ന ഈ ഏകാതിപത്യ ശൈലിയൊക്കെ കാണുമ്പോൾ എന്നെയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നുണ്ട്.


വിളക്കുമരം

എല്ലാക്കാലത്തേക്കും മിന്നാമിന്നിയുടെ ചെറിയ പ്രകാശത്തിൽ അവരിങ്ങനെ ഉയർന്നുനിൽക്കുന്നു ആ ചെറിയ പ്രകാശത്തിൽ  തൊട്ടു നടക്കാൻ നമ്മുടെ മിഴികൾക്ക് ത...