2020, ജൂൺ 20, ശനിയാഴ്‌ച

വായനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്



വായനയെക്കുറിച്ച് വാചാലമാകാനൊരു വായനദിനം. ആ പഴയ പരാതികൾ ഉരുവിട്ടു കൊണ്ടല്ല, പുതുപ്രവണതകളുടെ പ്രയോഗഭംഗിയെ പ്രോത്സാഹിപ്പിക്കാനൊരു ശ്രമമാക്കി മാറ്റിവേണം വായനയെ ആഘോഷമാക്കാൻ. ഇനിയും മരിച്ചിട്ടില്ലാത്ത വായനയെ മരിച്ചതായി പ്രഖ്യാപിച്ച് അതിൻ്റെ പോസ്റ്റുമോർട്ടം നടത്തി എത്ര അടക്കം ചെയ്തിട്ടും നമുക്കു മതിയാവുന്നേയില്ല. പുതിയ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷമാകുന്ന വായനയിടങ്ങളെ അംഗീകരിക്കാനുള്ള മടിയോ അച്ചടിച്ചത് വായിച്ചാലേ വായനയാവൂ എന്ന ആ പരമ്പരാഗത അച്ചടക്കമര്യാദയോ ആവാമതിനുകാരണം.

കാലം കുറച്ചധികം മുന്നോട്ടു പോയിട്ടുണ്ട്. ആ പഴയ കാലത്തിൽ നിന്ന് കാര്യങ്ങളെ കാണാനോ അമ്മാതിരി ചിന്തകൾക്ക് വളമിടാനോ നമുക്ക് കഴിയില്ല. നമുക്ക് നമ്മുടെ കാലത്തിൻ്റെ രീതികളും പ്രത്യേകതകളുമുണ്ട്.

ഇത് വായനദിനമാണ്. ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ അമരക്കാരൻ പി.എൻ പണിക്കരുടെ ഓർമ്മദിനം. കേരളത്തിലങ്ങോളമിങ്ങോളം വരുന്ന 8000 ത്തോളം ഗ്രന്ഥശാലകളുടെ നന്മകളെ കണ്ടില്ലെന്നല്ല, അവയോട് ചേർന്ന് സമാന്തരമായി വളർന്നു വരുന്ന ഡിജിറ്റൽ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ നന്മയെക്കൂടി പരിഗണിച്ചേക്കണമെന്ന്. ഒന്നിൽ മാത്രമാണ് നന്മ എന്നു ശഠിക്കുന്നതാണ് നമ്മുടെ ചിന്തകളെ വികലമാക്കുന്നത്. എല്ലാറ്റിലും നന്മയുണ്ടെന്നും ആ നന്മകളിൽ സത്യമുണ്ടെന്നും അംഗീകരിച്ചേ മതിയാവൂ.

വായന മരിച്ചെന്നൊന്നും പച്ചയ്ക്ക് പറഞ്ഞ് കളയരുത്. വായന മരിച്ചോയെന്ന് ചോദിക്കുന്നതിൽ തെറ്റില്ല; വായനയുടെ മരണം സ്ഥിരീകരിക്കാൻ ആരാണ് നിങ്ങൾക്കവകാശം നൽകിയത്..? അതുകൊണ്ട്, നിങ്ങളുടെ വഴി ശരിയാണെന്ന് പറഞ്ഞോളൂ. പക്ഷേ, നിങ്ങളുടെ വഴി മാത്രമാണ് ശരിയെന്ന് പറയരുത്. കാരണം, എല്ലാറ്റിലേക്കും എത്തിച്ചേരാൻ പല വഴികളുണ്ട്.

വായന വ്യത്യസ്തമായ അനുഭവതലമാണ് വായനക്കാരനു നല്കുന്നത്. കയ്യിൽകിട്ടുന്നതെല്ലാം വായിക്കുന്നവരും തെരഞ്ഞെടുത്ത് വായിക്കുന്നവരും നേരം കിട്ടുമ്പോൾ മാത്രം വായിക്കുന്നവരും ബോധപൂർവം വായിക്കുന്നവരും വായന ജീവിതമാക്കിയവരുമെല്ലാം ഏർപ്പെടുന്ന വ്യവഹാരമേഖല ഒന്നാണെങ്കിലും ഇവർക്കുള്ള അനുഭവതലം വ്യത്യസ്തമായിരിക്കും.

കാലം പഴയതല്ല.6 ഇഞ്ച് നീളവും 3 ഇഞ്ച് വീതിയുമുള്ള സാധനത്തിലാണിന്ന് നമ്മുടെ ലോകം. ഉണ്ണുന്നതും ഉടുക്കുന്നതും ഉറങ്ങുന്നതും ഇവിടെത്തന്നെ. മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങളുടെ പട്ടികയിൽ, ഗസറ്റിൽ പരസ്യപ്പെടുത്തേണ്ട അധിക ബാധ്യതയില്ലാതെ ഇടം നേടിയെടുത്തതാണീ സ്ഥാനം. പറഞ്ഞു പഠിച്ചവയെയെല്ലാം നോക്കുകുത്തികളാക്കി ഞെളിഞ്ഞു നിൽക്കുകയാണ് കക്ഷി. സോഷ്യൽ മീഡിയയിലാണ് നാം ജീവിക്കുന്നത്. ഒന്നിരുത്തി വായിച്ചാൽ നമ്മൾ തന്നെയാണ് ഈ സോഷ്യൽ മീഡിയ.

എങ്ങനെ വായന സാധ്യമാകുന്നു എന്ന് പറഞ്ഞു വരികയായിരുന്നു. വാട്സ് ആപ്പിൽ നമ്മൾ അയയ്ക്കുന്ന ഗുഡ് മോർണിംഗ് മെസേജ് മുതൽ ഈ വായനയാരംഭിക്കുന്നു. ഒരല്പം വിശാലാർത്ഥത്തിൽ മനസിലാക്കണമെന്നു മാത്രം. ഇങ്ങനെയൊരാശംസയിൽ തുടങ്ങി സദ്വചനങ്ങളായും ചിന്താവിഷയങ്ങളായും ഓരോ ദിവസത്തെയും പ്രശ്നങ്ങളെയും പ്രതീക്ഷകളെയും കുറിച്ചുള്ള വിലയിരുത്തലുകളായും ഫോർവേഡു 
ചെയ്യപ്പെടുന്നതും വായനയെക്കരുതി മാത്രമാണ്.

കേന്ദ്ര - കേരള സാഹിത്യ അക്കാദമികളെക്കുറിച്ച് കേട്ടിട്ടില്ലാത്ത, എഴുത്തച്ഛൻ പുരസ്കാരമോ വയലാർ അവാർഡോ കിട്ടിയിട്ടില്ലാത്ത എന്തിന്, നോമിനേഷൻ പോലും പോയിട്ടില്ലാത്തവരുടെ എഴുത്തുലോകമാണിത്. അതിനപ്പുറം വായനയുടെ ലോകവും. ഒരുവരിയിലവസാനിക്കുന്ന ചെറുകഥ മുതൽ ഹൈക്കു കവിതകൾ വരെ വായനയ്ക്ക് നിരത്തപ്പെടുന്നു. അച്ചടി വായനയ്ക്കുള്ള 'ബെസ്റ്റ് സെല്ലർ' പദവിയേക്കാൾ സോഷ്യൽ മീഡിയയിലെ "വൈറൽ'' അംഗീകാരമാണിവരുടെ സന്തോഷം.

എല്ലാം വായിക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഒരു വീഡിയോയുടേയോ ഫോട്ടോയുടേയോ അത്തരം എന്തെങ്കിലുമൊന്നിൻ്റെയോ താഴെവരുന്ന, കിടുവെന്നോ സൂപ്പറെന്നോ ഉള്ള കമൻ്റിനെ ഹൃദയപൂർവം സ്വീകരിക്കുന്നതും ഒറ്റവാക്കിൽ ചീത്ത വിളിക്കുകയോ മോശം കമൻ്റിടുകയോ ചെയ്തവനെ സഹതാപപൂർവം പരിഗണിക്കുകയോ അതിനു ശേഷിയില്ലാത്തവർ അവനു പൊങ്കാലയിടാൻ അടുപ്പുകൂട്ടുകയോ ചെയ്യുന്നത്. അങ്ങനെയൊരു ഒറ്റവാക്കുപോലും വായിക്കപ്പെടുന്നൊരു കാലത്തെ നോക്കി വായന മരിച്ചെന്നു പറയാൻ വല്ലാത്തൊരു ചങ്കൂറ്റം വേണം.

അവസാനമായി, എന്തു വായിക്കുന്നു, എങ്ങനെ വായിക്കുന്നു എന്നും പ്രധാനപ്പെട്ടതാണ്. തുടക്കക്കാരനെന്ന നിലയിൽ എന്തും വായിച്ചു തുടങ്ങണം. അങ്ങനെയേ നമ്മുടേതായൊരു വായനലോകം സൃഷ്ടിച്ചെടുക്കാൻ കഴിയൂ. നിങ്ങൾക്കു വായിക്കാൻ തോന്നുന്നതെന്തും അതിപ്പൊ ബാലരമയാണെങ്കിൽക്കൂടി അത് വായിക്കണം. പ്രായത്തെ അതുമായി കൂട്ടിക്കുഴക്കേണ്ടതില്ല. ഒരുപക്ഷേ, വായനയിലേക്കു പ്രവേശിക്കാൻ  നമ്മുക്കുള്ള വാതിൽ അതാവും. ഇഷ്ടമുള്ളത് വായിച്ചു തുടങ്ങുന്നതിലൂടെയേ വായന ശീലമാകൂ. അതിനുമേറെക്കഴിഞ്ഞ് താനേ സംഭവിക്കേണ്ട പരിവർത്തനമാണ് വായനയിലെ ഈ വഴിത്തിരിവ്. ഈ ഘട്ടത്തിനു ശേഷമാണ് ഗൗരവമുള്ള വായന സാധ്യമാകുന്നത്. ഇവിടെയാണ് നമ്മുടെ അഭിരുചികൾ തീരുമാനിക്കപ്പെടുക.
ഇവിടെവച്ച് വായന നിങ്ങളുടെ ചിന്തകളെ സൂക്ഷ്മമാക്കും കാഴ്ചകളെ തെളിവുള്ളതാക്കും ആശയങ്ങളെ പരിവർത്തനപ്പെടുത്തും.
കാരണം, പുസ്തകം പോലെ നമ്മെ തിരുത്തുന്ന മറ്റൊരു ചങ്ങാതിയില്ല.....!!! 

2020, ജൂൺ 14, ഞായറാഴ്‌ച

ആത്മഹത്യ ചെയ്യുമ്പോൾ

അങ്ങനെ, വേണ്ടി വന്ന ഒരു തിരിഞ്ഞുനോട്ടത്തെക്കുറിച്ച്. അല്ലെങ്കിലും ആരാൻ്റമ്മയ്ക്ക് പ്രാന്ത് വരുമ്പോൾ കാണാൻ നല്ല ചേലാണല്ലൊ. ഇതിപ്പൊ നമുക്ക് വേണ്ടപ്പെട്ട ആളാണല്ലൊ. എങ്ങനെ സങ്കടമില്ലാതിരിക്കും. പറഞ്ഞു വന്നത് സുഷാന്ത് സിംഗിനെക്കുറിച്ചുതന്നെ. 34 ആം വയസിൽ ആത്മഹത്യ ചെയ്തുകളഞ്ഞു ആ പഹയൻ. അറിഞ്ഞോ അറിയാതെയോ എത്രയോ പേർക്ക് പ്രിയപ്പെട്ടവൻ. ഞെട്ടലോടെയാണ് ഈ വാർത്ത നമ്മൾ ഏറ്റെടുത്തത്. ഞെട്ടലുണ്ടാവാതെ തരമില്ല. കാരണം, ഇങ്ങനെയൊരു നീക്കത്തെക്കുറിച്ച് നമുക്ക് ധാരണയുണ്ടായിരുന്നില്ല. ഒരുപക്ഷേ, ആർക്കും.

അത്രപോലുമകലെയല്ലാതെ നമുക്ക് തൊട്ടടുത്ത ഇടങ്ങളിൽ ഒരു ഒൻപതാം ക്ലാസുകാരിയും അവസാനവർഷ ബിരുദ വിദ്ധ്യാർത്ഥിനിയും ഒരു കുടുംബനാഥനും ഇന്നിതാ പന്ത്രണ്ടുവയസുകാരിയും മറ്റൊരിടത്ത് കൂട്ടുകാരി അത്മഹത്യ ചെയ്തതറിഞ്ഞ് അവളുടെ കൂട്ടുകാരി ആത്മഹത്യക്കും ശ്രമിച്ചു.
നോക്കൂ, ഇതൊന്നും നമ്മെ ആശങ്കപ്പെടുത്തുന്നേയില്ല. ഈ കുട്ടികൾക്ക് ആത്മഹത്യ ചെയ്യാൻ മാത്രം എന്ത് പ്രശ്നമായിരുന്നു ജീവിതത്തിൽ..?
സാമ്പത്തിക ബാധ്യതയും മകൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകാൻ കഴിയാത്തതുമാണ് കുടുംബനാഥൻ്റെ കാരണമെന്ന് വിചാരിക്കുന്നുണ്ടോ..?
കാര്യങ്ങൾ നമ്മൾ കരുതുന്നത്ര ശുഭകരമല്ല.
വേണമെങ്കിൽ നമുക്ക് ഒഴിവാക്കാൻ കഴിയുമായിരുന്നവ. കാര്യങ്ങൾ ഈ വഴിക്കാണെന്ന് നമുക്ക് മനസിലായില്ല. അല്ല, മനസിലാകുന്നില്ലെന്ന് നടിച്ചു. എല്ലാരും ബാധ്യതയുള്ളവരാണ് എന്നതിനോട് ചേർത്ത് ഇതും വായിച്ചതാണ് കുഴപ്പമായത്.


പണ്ട് പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ ആരംഭിച്ചപ്പോൾ എല്ലാവർക്കും വിദ്യാഭ്യാസമെന്ന ലക്ഷ്യമായിരുന്നു മുന്നിൽ. ഇന്നിപ്പൊ കാലം കുറച്ചധികം മുന്നോട്ട് പോയി. ലക്ഷ്യത്തിൽ ചെറിയൊരു മാറ്റം. ആ മാറ്റത്തെ കൃത്യമായി അടയാളപ്പെടുത്തും ഈ സംഭവം. കരുണയെന്നത് സ്വീകരിക്കാൻ മാത്രമുള്ള പുണ്യമായി നാം തെറ്റിദ്ധരിച്ചിരിക്കുന്നു. നമുക്ക് ലഭിക്കേണ്ടതിനെക്കുറിച്ചു മാത്രമാണ് നമ്മുടെ ചിന്ത. ഒരു നാണയത്തിന് രണ്ടു വശങ്ങളുണ്ടെന്ന് നാം മറന്നു പോകുന്നു.
തെറ്റു ചെയ്തിട്ടുണ്ടെങ്കിൽക്കൂടി അതു പരിഹരിക്കാൻ നാം സ്വീകരിക്കുന്ന മാർഗങ്ങളെ ഗൗരവത്തോടെ കാണണമെന്ന് നാമിനിയും പഠിക്കില്ല. ക്രിസ്തുവിനെ പ്രഘോഷിക്കാൻ നൂറുനാവും ജീവിക്കാൻ ആത്മാവ് ഒഴുകിപ്പോയ പുഴയുമാകുന്നു നമ്മൾ.

കുറേക്കൂടി ഗൗരവത്തോടെ കൂടെയുള്ളവനെ പരിഗണിക്കാൻ നാമിനിയും പഠിക്കേണ്ടിയിരിക്കുന്നു. ഒരുവൻ്റെ പ്രസാദാത്മകതകൾ വെറും മുഖംമൂടികളാണെന്ന് തിരിച്ചറിയാൻ മാത്രം വെളിച്ചം കിട്ടിയവരാവാൻ ബോധപൂർവം പരിശ്രമിക്കണം. ഒപ്പം ആരും ഒറ്റയ്ക്കാവുന്നില്ലെന്നും.



2020, ജൂൺ 8, തിങ്കളാഴ്‌ച

അധ്യയനവർഷം



പ്രവേശനോത്സവ ആരവങ്ങളും ആവേശങ്ങളുമില്ലാതെ കിടക്കപ്പായിൽ ഇരുന്നുകൊണ്ട്, കാർന്നോന്മാരുടെ ഭാഷയിൽ ചുണ്ണാമ്പു തേക്കുന്ന മാതിരിയുള്ള ഒരു 
കുന്ത്രാണ്ടത്തിലൂടെ ഒരധ്യയനവർഷം ആരംഭിക്കുകയാണ് നമ്മൾ. ആദ്യമായി സ്കൂളിലെത്തിയതിൻ്റെ പകപ്പും കൗതുകവും, സ്കൂൾ മാറിവന്നതിൻ്റെ അങ്കലാപ്പും ആ കുഞ്ഞുമുഖങ്ങളിൽ ഇനിയെന്നു കാണാനാകും. മധ്യവേനലവധിയുടെ വിശേഷങ്ങളും വീരകഥകളും വീമ്പിളക്കാൻ വിധിയുണ്ടാകുമോ..?
ആരംഭിക്കുകയാണ്...
മഴ നനയേണ്ടതില്ലാത്ത സ്കൂൾ ദിനങ്ങൾ,
പുസ്തകക്കെട്ടിൻ്റെ ഭാരമില്ലാതുള്ള അദ്ധ്യയനങ്ങൾ,
ഹോംവർക്കിൻ്റെ ബാധ്യതയില്ലാത്ത വൈകുന്നേരങ്ങൾ,
ചോറ്റുപാത്രത്തിൻ്റെ കനമല്ലാത്ത 
ഉച്ചയൂണുകൾ.......

''പ്രസൻ്റ് ടീച്ചർ '' എന്ന് ക്ലാസിൽനിന്ന് കേൾക്കില്ല,
വയറുവേദന മൂലം ഇനിയാരും വരാതിരിക്കില്ല,
ചെയ്യാത്ത ഹോംവർക്കിന് ചീത്ത കേൾക്കില്ല,
ക്ലാസിൽ ബഹളമില്ലാത്തതിനാൽ തല്ലുകൊള്ളില്ല,
ഉച്ചക്കഞ്ഞിക്ക് തിക്കും തിരക്കുമില്ല,
മാങ്ങയ്ക്കും പുളിക്കും ആരും കല്ലെറിയില്ല,
മഴപെയ്ത് വെള്ളം പൊങ്ങിയാലും അവധികിട്ടില്ല,
വ്യത്യസ്തമായൊരു അദ്ധ്യയനവർഷാരംഭത്തിൻ്റെ
ചൂടോടെ വീണ്ടുമൊരു ജൂൺ.



2020, ജൂൺ 5, വെള്ളിയാഴ്‌ച

പ്രഹസനമിങ്ങനെ പലവിധമുലകിൽ


"ജൈവവൈവിധ്യം ആഘോഷമാക്കാം" എന്ന പരിസ്ഥിതിദിന സന്ദേശവുമായി 2020 ജൂൺ 5 കടന്നു പോകുന്നു. ഒരു മരം നട്ട് വീഡിയോ അയയ്ക്ക് എന്നു പറഞ്ഞപ്പോൾ പ്രഹസനമാണല്ലോ എന്നു ചിന്തിച്ചെങ്കിലും ഇത്ര വലിയ പ്രഹസനമാകുമെന്ന് കരുതിയില്ല. നെഗറ്റീവ് അടിച്ചതല്ല. പരിസ്ഥിതിദിനം മാത്രം നമുക്ക് പ്രഹസനമാകുന്നു. പരിസ്ഥിതി സംരക്ഷണം മുമ്പില്ലാത്ത വിധം വെല്ലുവിളിയുയർത്തി നിൽക്കുമ്പോൾ, ഇനിയെങ്ങനെ പ്രതിരോധിക്കണം എന്ന ചോദ്യം ഉയർന്നു നിൽക്കുന്നു. കുഞ്ഞു പ്രായത്തിലെ മരംനടാനും പരിപാലിക്കാനുമുള്ള കൗതുകത്തെ നിലനിർത്തുക മാത്രമല്ല, പ്രകൃതിയോടുള്ള കടമയെ ഓർമ്മിപ്പിക്കുക കൂടി ചെയ്യുന്നു ഈ ദിനം.
പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട മറ്റേതൊരു പ്രവർത്തനത്തേക്കാളും ലളിതവും പ്രധാനവുമായൊരു രീതി എന്ന നിലയിലാണ് 'മരംനടൽ' പ്രസക്തമാകുന്നത്.
"ഒരുമരം നടുമ്പോൾ ഒരുതണൽ നടന്നു " എന്നത് വിലകറച്ച്
കാണരുത്. കാരണം, അങ്ങനെ നട്ടുവന്നൊരു പാരമ്പര്യത്തിൻ്റെ തണലിലാണു നാം. ചൂടിൽ നിന്ന് ആശ്വാസം തേടിയോ, ഏതെങ്കിലും ഫലത്തിനു വേണ്ടിയോ എതെങ്കിലും മരത്തിനു ചുവട്ടിൽ  നിന്നിട്ടുണ്ടെങ്കിൽ ഇതു നിങ്ങൾക്കൊരു കടമയല്ല, ബാധ്യതയാണ്. അതുകൊണ്ട് പ്രഹസനത്തിൻ്റെ ആനുകൂല്യത്തിൽ മാറി നിൽക്കുന്നവരോട്, എന്തെങ്കിലും ഒന്ന് ഭൂമിയിൽ കുഴിച്ചുവയ്ക്കുന്നത് അത്ര കുറച്ചിലായി കാണണ്ട. 
ബോധപൂർവ്വം എന്തെങ്കിലും ചെയ്യുന്ന പ്രായം കഴിയുകയാണ്. ചെയ്യുന്നതിൽനിന്ന് ചെയ്യിപ്പിക്കുന്നവരാവുകയാണ് നാം.
ഈ വർഷം 80 ലക്ഷം വൃക്ഷ തൈകളാണ് സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. അതിൽ പകുതി പാഴായിപ്പോയാൽ തന്നെ ബാക്കിയുള്ളത് അത്ര ചെറിയ സംഖ്യയാണോ..? ഈ അടുത്തയിടെ സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തി, വനനശീകരണം കുറയുകയും നേരത്തേ ഉണ്ടായിരുന്നതിനേക്കാൾ പച്ചപ്പ് വർദ്ധിക്കുകയും ചെയ്തതായി വാർത്തയുണ്ടായിരുന്നു. അതിനർത്ഥം നമ്മൾ നടുന്ന ഒരു ചെടിപോലും പാഴായി പോവുന്നില്ല എന്നുതന്നെ. 



2020, ജൂൺ 2, ചൊവ്വാഴ്ച

ഫസ്റ്റ് ബെൽ:


"എന്താടോ വാര്യരേ നന്നാവാത്തേ....?''
ഇതിപ്പൊ ദിവസോം ചോദിക്കേണ്ട അവസ്ഥയാണ്.
കൊറോണ ആരുടേം കല്യാണം കൂടാൻ വന്നതല്ലെന്ന് ചിലർക്ക് ഇനീം ബോധ്യപ്പെട്ടിട്ടില്ലെന്നു തോന്നുന്നു. രണ്ടുമാസത്തെ ലോക്ഡൗണും കഴിഞ്ഞ് അനിശ്ചിതമായിത്തുടരുന്ന രോഗനിയന്ത്രണ ശ്രമങ്ങൾ ഒരുവശത്ത്, കൊറോണയുമായി പൊരുത്തപ്പെട്ട് സർക്കാർ നിർദേശങ്ങൾ പാലിച്ച് പുതിയ ജീവിതരീതികളുമായി സാധാരണ ജീവിതത്തിലേക്കു മടങ്ങാനുള്ള ശ്രമങ്ങൾ മറുവശത്ത്. മറ്റെല്ലാ മേഖലയും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും ഇനിയും അനുമതി ലഭിച്ചിട്ടില്ലാത്തത് സ്കൂളുകൾക്കു മാത്രമാണ്. സ്കൂൾ തുറക്കാതെ അദ്ധ്യാപകരുടെ അടുപ്പ് പുകയില്ല. എന്നിട്ടും കാര്യങ്ങളുടെ ഗൗരവം ബോധ്യമുള്ളതുകൊണ്ട് മൗനം ദീക്ഷിക്കുന്നു.
ഏതുതരം ജോലിയിലേക്കുമുള്ള നമ്മുടെ സ്വപ്നങ്ങൾക്ക് ആദ്യം ചിറകു നൽകിയത് അദ്ധ്യാപകരായിരുന്നു എന്നകാര്യം മറക്കരുത്.
ലോക്ഡൗൺ പ്രഖ്യാപിച്ച് മദ്യശാലകൾ അടച്ചപ്പോൾ കുറച്ചുപേർ ആത്മഹത്യ ചെയ്തു. മദ്യശാലകൾ തുറന്നപ്പോൾ ദാ, കൊലപാതകങ്ങളും. അങ്ങനെയെങ്കിൽ മദ്യം കുഴപ്പക്കാരൻ തന്നെ. പേടിക്കേണ്ട, പറഞ്ഞു വന്നതിൽ നിന്ന് മാറിപ്പോയതല്ല. പുതിയ അദ്ധ്യയനവർഷം സ്കൂളിൽ പോയി കളറാക്കാൻ കഴിഞ്ഞില്ലെങ്കിലും ഓൺലൈനിൽ കളറാക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ചിലർ. ആ കളർ നീലയാണെന്ന് പിന്നീടാണറിഞ്ഞത്. 'ബ്ലൂ ടീച്ചർ ആർമി ' വരെ ഉണ്ടായി. ടീച്ചറിന് അഭിമാനിക്കാം, തൻ്റെ പിന്നിലെ സൈന്യബലത്തിൽ. മദ്യലഹരിയെന്നതുപോലെ ഇതുമൊരുതരം ലഹരിയാണ്. തുടക്കത്തിലേ ചികിത്സിക്കേണ്ട ലഹരി. കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെയോ സ്ത്രീകളെയോ കാണുമ്പോൾ മാത്രമുണ്ടാകുന്ന ഒരുതരം ലഹരി. തിരക്കുള്ള ബസിലും മറ്റും കൃത്യമായി നീളുന്ന കൈകളും കമൻ്റടികളും ഇതേ ലഹരിയിൽ തന്നെ.
കുറവുള്ളവരുണ്ടെങ്കിലും ത്രാസിൽ കഴിവുള്ളവരുടെ തട്ട് എപ്പോഴും താഴ്ന്നു കിടക്കുന്നു. ഞങ്ങളും അതിജീവിക്കുകയാണ്, കൊറോണയെ മാത്രമല്ല, അതിനേക്കാൾ മാരകമായ വിഷം തുപ്പുന്നവരെ. സാക്ഷര കേരളമേ മാപ്പ്, ഈ വകതിരിവില്ലാത്ത കുറച്ചും ഈ സാക്ഷരതയിൽ വരുമെന്നതിനാൽ....

വിളക്കുമരം

എല്ലാക്കാലത്തേക്കും മിന്നാമിന്നിയുടെ ചെറിയ പ്രകാശത്തിൽ അവരിങ്ങനെ ഉയർന്നുനിൽക്കുന്നു ആ ചെറിയ പ്രകാശത്തിൽ  തൊട്ടു നടക്കാൻ നമ്മുടെ മിഴികൾക്ക് ത...