2021, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

ദൂരം

കാലം അങ്ങനെയാണ്
കൗതുകങ്ങളുടെ ഒരു തുണ്ട്
എല്ലാക്കാലത്തേക്കും അത് കാത്തുവച്ചിരിക്കും

പഴയനിയമത്തിൽ
അബ്രാഹത്തിലൂടെയും
യാക്കോബിലൂടെയും
മോശയിലൂടെയും
പുതിയ നിയമത്തിൽ
മറിയത്തിലൂടെയും
രക്തസ്രാവക്കാരിയിലൂടെയും
ഇതാവർത്തിക്കപ്പെടുന്നു

ഇടർച്ചയുടെ കാലത്തിൽ
അവനെ തൊട്ട് സൗഖ്യപ്പെടാൻ
നമുക്ക് കരുത്തു പോരാ
അവന്റെ കാലത്തിൽ ഹൃദയം കഠിനമാക്കിയ
ഫരിസേയന്മാരാകുന്നു നമ്മൾ
ജിഹാദീയ ചിന്തകൾക്കെതിരേ
നമുക്ക് നാവുപൊങ്ങുന്നില്ല
പീഡനങ്ങളുടെ മൂകസാക്ഷികളാകുന്നു
താലിബാനിൽ നിന്ന് നമുക്ക്
വിശുദ്ധ പ്രവാചകരുണ്ടാകുന്നു
സമുദായബോധങ്ങളിൽ നിന്ന്
നമ്മൾ ഇറങ്ങി നടക്കുന്നു
ഈ ഇടർച്ചകളിൽ നിന്ന് അവന്റെ സൗഖ്യത്തിൽ
തൊട്ട് സ്നാനപ്പെടാൻ
നമുക്ക് തോമയുടെയത്ര കരുത്തുപോരാ

സ്ത്രീയുടെ കൗതുകം നിറഞ്ഞ
ആ ആഗ്രഹത്തിൽ
അവളുടെ സൗഖ്യത്തിന്റെ
സുവിശേഷമുണ്ടായിരുന്നു

അവരുടെ കൗതുകങ്ങളുടെ തിരുശേഷി -
പ്പാണിവരുടെ ജീവിതങ്ങളെന്ന്
ഏതുറക്കത്തിലാണ്
ഏതിടർച്ചയിലാണ്
ഏതനുസരണത്തിലാണ്
നമുക്ക് പിടുത്തം കിട്ടുക


(ഉത്സവ് 2021 അതിരൂപത  കലോത്സവം
കവിതാരചന :
ക്രിസ്തു നാഥന്റെ വസ്ത്ര സ്പർശനത്താൽ സൗഖ്യം പ്രാപിച്ച സ്ത്രീ)

2021, സെപ്റ്റംബർ 14, ചൊവ്വാഴ്ച

ദൂരം

ഭൂതവും
വർത്തമാനവും
ഭാവിയും 
പരദേശവാസത്തിന്റെ
കഥ പറയുന്നുണ്ട്.
വിപ്രവാസത്തിന്റേത്
കറുത്ത ദിനങ്ങളെന്ന്
ചരിത്രം.
ഒന്നു കാതോർത്താൽ
ഉയർന്നു കേൾക്കുന്നതത്രയും
വേദനയുടെ,
ആകുലതയുടെ,
അസമാധാനത്തിന്റെ,
നഷ്ടപ്പെടലുകളുടെ,
പിൻസ്വരങ്ങളാണ്.

ചരിത്രത്തിലിരുന്ന്
ഇസ്രായേലുപറയുന്നുണ്ട്,
അലൻ കുർദിയെന്ന
കുഞ്ഞ്
മണ്ണിൽ ശരീരം ചേർത്ത്
പറയുന്നുണ്ട്,
അഫ്ഗാനിൽ നിന്നു വീശുന്ന
കാറ്റിനു പറയാനുണ്ട്;
എല്ലാരും പറയുകയാണ്.

വിപ്രവാസത്തിലാണ് ഞാനും -
സുഖങ്ങളുടെ.
ഗർഭപാത്രത്തിൽ നിന്നാരംഭിക്കുന്നു
എന്റെ വിപ്രവാസം.
എന്നെ അറിയുന്നവരെങ്കിലും
എന്നെ അറിഞ്ഞിട്ടില്ലാത്തവരുടെ
ഇടയിലാണ് ഞാൻ.
ഇനിയുമെത്തിച്ചേരേണ്ട
ഇടത്തിലേക്കുള്ള 
യാത്രയിലാണ് ഞാൻ.

തിരുക്കുടുംബത്തിന്റെ
കരുതലിൽ
പരദേശവാസമുണ്ടെന്റെ 
മുന്നിൽ.
സുവിശേഷം ജീവിച്ച
ശിഷ്യരുടെ
മാതൃകയുെണ്ടെന്റെയറിവിൽ
വിശുദ്ധാത്മാക്കളുടെ
പുണ്യചരിതങ്ങളുടെ
പരിമളമുണ്ടെന്റെ ചുറ്റിലും.
വിപ്രവാസത്തിലാണെന്ന്
ബോധ്യം തരുന്നൊരു
സഭയിലാണിന്നു ഞാൻ.

കരുതലിൻ
സുവിശേഷത്തിന്റെ
പരിമളം
പ്രവാസത്തിന്റെ
സുവിശേഷം
പറയുമ്പോൾ
ഞാനും പ്രവാസിയാകുന്നു.

.



(Ulsav 2021
ഫൊറോന കവിതാരചന -
ഞാൻ പ്രവാസി )

2021, സെപ്റ്റംബർ 11, ശനിയാഴ്‌ച

രണ്ടക്ഷരം

"അമ്മ"
രണ്ടക്ഷരത്തിൽ എന്തൊക്കെയാണല്ലേ ഒളിഞ്ഞിരിക്കുന്നത്.....

എന്തൊക്കെയാണവൾ ഹൃദയത്തിൽ സംഗ്രഹിച്ച് അവസാനിപ്പിക്കാറുള്ളത്.........
ഏതെല്ലാം സ്വപ്നങ്ങളാണ് ഇനിയും കണ്ടു തീരാനുള്ളത്........
ഏതെല്ലാം ആഗ്രഹങ്ങളാണ് ഇനിയും സഫലമാകാനുള്ളത്.........
ഒറ്റയ്ക്കിരിക്കുമ്പോൾ എന്തൊക്കെയാവും പറഞ്ഞു തീർക്കാറുള്ളത്.........
അവളുടെ സന്തോഷങ്ങളുടെ ആയുസിന് ദൈർഘ്യം കുറഞ്ഞുപോകുന്നതും ആകുലതകൾക്ക് ആയുസ് ഏറിവരുന്നതുമെന്താണ്........
ഉപദേശങ്ങളോട് ഇത്രയും ആവേശമെന്താണ്....
പ്രാർത്ഥനകളോട് ഇത്രയും പ്രണയമെന്താണ്....

കുരുത്തക്കേടുകളിൽ കണ്ണുരുട്ടിയും കുസൃതികളിൽ കണ്ണടച്ചും തെറ്റുകൾക്ക് അളവില്ലാതെ ശിക്ഷിച്ചും 
തിരുത്തിയും കരുതിയും വളർത്തി വലുതാക്കിയ, 
പറഞ്ഞാൽ കേൾക്കാത്തവർ തിരിഞ്ഞു നോക്കുമ്പോൾ എന്തൊക്കെയോ ശരികളുണ്ടായിരുന്നു. 
അനുഭവങ്ങളിലെ ആശങ്കയുണ്ടായിരുന്നു. 
രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കുന്നതിനിടയിലെ നിസഹായതയുണ്ടായിരുന്നു.

എല്ലാത്തിനുമൊടുവിൽ
ഞാനെന്തെങ്കിലുമായത്,
നമ്മളെന്തെങ്കിലുമായത്,
നാളെയെന്തെങ്കിലുമാകുന്നത്
ഒരാളുകാരണമാണ്
അമ്മ.......

വിളക്കുമരം

എല്ലാക്കാലത്തേക്കും മിന്നാമിന്നിയുടെ ചെറിയ പ്രകാശത്തിൽ അവരിങ്ങനെ ഉയർന്നുനിൽക്കുന്നു ആ ചെറിയ പ്രകാശത്തിൽ  തൊട്ടു നടക്കാൻ നമ്മുടെ മിഴികൾക്ക് ത...