2020, മാർച്ച് 24, ചൊവ്വാഴ്ച

കനൽ

കനൽ:

ഉള്ളിൽ കനൽ വഹിച്ചൊരു സ്ത്രീ -
മറിയത്തെക്കുറിച്ചാണതു കേട്ടത്
പിന്നെയത് ജ്വലിപ്പിച്ചത് മരിയ ഗൊരേത്തിയും
അലക്സാണ്ടറായിരുന്നു ആ കനൽ
കുറ്റബോധത്തിന്റെ കനൽ ജ്വലിപ്പിച്ചവൻ
ചരിത്രവഴികളിൽ ഇനിയും കനലുകൾ 
ജ്വലിക്കുന്നുണ്ട്.

കാലചക്രം മിന്നിമാഞ്ഞപ്പോൾ
കനലായി ചിലർ ജ്വലിക്കുന്നുണ്ട്
സൂര്യനെല്ലിയിലായിരുന്നു അതിലൊന്ന്
അണഞ്ഞുപോയൊരു കനൽ
ഡൽഹി, തിരുവല്ല , കൊച്ചി...
കനലുകളായിരുന്നു
ഇന്നു ചാരമായൊരു കനൽ

രോഹിത് വെമുല കനലായിരുന്നു
ജാതിവെറിയിൽ അവശേഷിച്ച കനൽ
മധുവൊരു കനലായിരുന്നു
വിശപ്പിൽ കുരുത്ത കനൽ
ചാരം മൂടിയ കനലുകളാണിവ
ഊതിത്തെളിക്കാൻ കരുത്തു നൽകുന്നവ

കാമത്തിൽ എരിഞ്ഞു തീരുന്ന
ആൺ - പെൺ കനലുകളെ
നാമിനിയും ഗൗനിക്കുന്നേയില്ല
എരിയുന്ന കനലുകൾ 
നമ്മെ പൊള്ളിക്കുന്നേയില്ല

കനലിൻ കരുത്താണ് 
മറിയം വഹിച്ചതെന്ന്
ഏതുറക്കത്തിലാണ്,
ഏതു വ്യാകുലത്തിലാണ്, 
ഏതു സഹനത്തിലാണ്
നമുക്ക് പിടുത്തം കിട്ടുക.



2020, മാർച്ച് 12, വ്യാഴാഴ്‌ച

അവധി

അപ്രതീക്ഷിതമായൊരു
ആരോഗ്യാടിയന്തിരാവസ്ഥാ 
കാലത്തിലാണു നാം.
അത്ര ആരോഗ്യകരമല്ല 
കാര്യങ്ങൾ എന്നു വ്യക്തം.
ലോകരാജ്യങ്ങളിലേക്ക്
വായുവേഗത്തിൽ ആശങ്ക പരക്കുന്നു.
121 രാജ്യങ്ങളെന്നത് 
ചെറിയ സംഖ്യയായി കാണാനാവില്ല.
ആരുടേയും ചിന്തയിൽ 
മറ്റെന്തെങ്കിലും ഉള്ളതായി തോന്നുന്നില്ല.
എല്ലാവരിലും പകപ്പു മാത്രം.
എത്ര പെട്ടന്നാണ് കാര്യങ്ങൾ
കീഴ്മേൽ മറിയുന്നത്.
ചെറിയൊരു വൈറസ്
ലോകം നിശ്ചലമാക്കിയിരിക്കുന്നു. 
ഓഹരി വിപണി ഇടിയുന്നു,
ക്രൂഡ് ഓയിലിന് വിലയിടിഞ്ഞു,
വിനോദ സഞ്ചാരമേഖല നിശ്ചലമാകുന്നു,
വിദ്യാഭ്യാസ മേഖല 
നിർബന്ധിത അവധിയിലാകുന്നു, 
യാത്രകൾക്ക് നിയന്ത്രണമുണ്ടാകുന്നു,
യോഗങ്ങളും മീറ്റിങ്ങുകളും
നടത്തുന്നതിന് വിലക്കുണ്ടാകുന്നു,
ഉത്സവങ്ങളും തിരുനാളുകളും
പ്രാർത്ഥനാ സമ്മേളനങ്ങളും 
ഒഴിവാക്കുന്നു.

ലോകം ഒരു രോഗത്തിലേക്കു ചുരുങ്ങുന്നു

ഈ അസാധാരണത്വം 
ആദ്യമറിഞ്ഞത് നമ്മുടെ
കണിക്കൊന്നയാണെന്നു തോന്നുന്നു.
മറ്റെല്ലായിടങ്ങളിലുമുള്ളവയും
വസന്തത്തിനു വഴിമാറിയപ്പോ
അതു കണ്ടതായിപ്പോലും നടിച്ചില്ല.
വരാൻ പോകുന്ന ദുര്യോഗത്തെ
ഉൾക്കൊള്ളാൻ സ്വയം
തയ്യാറെടുക്കുകയായിരുന്നിരിക്കണം.

ആ പറഞ്ഞതു ശരിയാണ്, വായിച്ചിരിക്കുന്നതിനിടെ ആരോ വന്ന് ആ പുസ്തകം തട്ടിപ്പറിച്ച് ഓടിയതുപോലെയാണ് കാര്യങ്ങൾ. കഥ പൂർത്തിയായിട്ടുമില്ല, ഇനിയൊട്ടു വായിക്കാനും പറ്റില്ല. അവസാന വർഷക്കാരാണ് പെട്ടുപോയത്. എല്ലാമൊന്ന് ആയി വരുന്നേയുണ്ടായിരുന്നുള്ളൂ. ഇനിയെന്നെന്നോ, ഇനിയെന്തെന്നോ വല്യ പിടിയില്ല.
വെറ്തേയിരുന്നു മടുക്കുമ്പോൾ ഫോണിൽ തോണ്ടുന്നതിനിടെ ഗ്യാലറിയിലേക്കൊന്നു പോകും. പഴയ ഫോട്ടങ്ങളിലേക്കും വീഡിയോകളിലേക്കും കണ്ണു പായും. ചിലതു മനസു നിറയ്ക്കും. വേറേ ചിലത് കണ്ണും. അതിനിടയിൽ വല്ലപ്പോഴുമുള്ള വീഡിയോ കോളിലൂടെ അതിന്റെ ഗ്രാവിറ്റി അല്പം കുറയ്ക്കപ്പെടും. ഗ്രൂപ്പുകളിൽ ട്രോളുകളും ചളികളും വന്നു നിറയും. വീട്ടിലിരുന്നു മടുത്തു എന്ന് പതംപറയും. ജീവിതത്തിലാദ്യമായി മാറ്റി വയ്ക്കപ്പെടുന്ന പരീക്ഷയെ നാം മനസറിഞ്ഞ് ശപിക്കും. ക്ലാസിൽ പോകാൻ മടിയായിരുന്ന നമുക്ക് ഇന്ന് ക്ലാസിൽ പോകാതിരിക്കാൻ വയ്യെന്നായി. എത്ര വേഗത്തിലാണ് കാര്യങ്ങൾ വൈകാരികമാകുന്നത്. ഞാൻ എന്നെത്തന്നെ നഷ്ടപ്പെടുത്തുന്നു. അല്ല, എനിക്കെന്നെത്തന്നെ നഷ്ടപ്പെടുന്നു.

വിളക്കുമരം

എല്ലാക്കാലത്തേക്കും മിന്നാമിന്നിയുടെ ചെറിയ പ്രകാശത്തിൽ അവരിങ്ങനെ ഉയർന്നുനിൽക്കുന്നു ആ ചെറിയ പ്രകാശത്തിൽ  തൊട്ടു നടക്കാൻ നമ്മുടെ മിഴികൾക്ക് ത...