2021, ഡിസംബർ 29, ബുധനാഴ്‌ച

ഒരു കൊല്ലം


കാലചക്രത്തിന്റെ മിന്നിമറയലിന് ഗതിവേഗം കൂടിക്കൊണ്ടിരിക്കുന്നു എന്ന് വീണ്ടും ഓർമ്മപ്പെടുത്തിക്കൊണ്ട്
365 ൽ നിന്ന് അവസാന 3 ലേക്ക് എത്തി നിൽക്കുന്നു കാര്യങ്ങൾ.
ഇന്നേക്ക് മൂന്നാംപക്കം 2021 നു മേൽ പുതിയ കലണ്ടർ വന്നുവീഴും. 
ആശങ്കകൾക്ക് കനം വച്ചിട്ടുണ്ട്, പ്രതീക്ഷകൾക്ക് മങ്ങലും. 
കണ്ണുകളിൽ പഴയ തിളക്കം കാണാനില്ല. എങ്കിലും ഇതും കടന്നുപോകുമെന്ന് ചെവിട്ടിൽ ആരോ മൂളുന്നുണ്ട്.
ആശകൾക്കും പ്രതീക്ഷകൾക്കും മൂർച്ച കൂട്ടി നാമും കാത്തിരിക്കുന്നു. 

നക്ഷത്രങ്ങളും നിറയെ മിന്നാമിന്നികളും രാത്രിയെ കൂടുതൽ സുന്ദരിയാക്കുമ്പോൾ നമ്മുടെ രാത്രി സ്വപ്നങ്ങൾക്ക് അത്ര ഭംഗി പോരാ. പ്രകൃതി പതിവിലും ശാന്തമാണ്. ഒരു കൊല്ലം കഴിയുന്നതിന്റെ ആശങ്കയോ പുതിയതൊന്ന് വലതുകാൽ വച്ച് വന്നു കേറുന്നതിന്റെ ആകാംക്ഷയോ ആ മുഖത്തില്ല.

ഒന്നു തിരിഞ്ഞു നോക്കിയാലോ...
സന്തോഷിച്ച നിമിഷം 
ഏറ്റവും വലിയ സങ്കടം 
കണ്ട നല്ല സിനിമ 
പുതുതായി കിട്ടിയ സുഹൃത്ത്
അഭിമാനം തോന്നിയ കാര്യം
വലിയ അബദ്ധം
കുറ്റബോധം തന്ന സംഭവം 
പോയതിൽ ഇഷ്ടപ്പെട്ട സ്ഥലം
വായിച്ച പുസ്തകം
ഒരു പുതിയ ശീലം
ഏറ്റവും കൂടുതൽ നേരം കൊടുത്ത കാര്യം. 
അങ്ങനെ പലതും...
ഒന്നെഴുതി നോക്കൂ. അങ്ങനെ നമുക്ക് നമ്മെത്തന്നെ തിരിച്ചറിയാം......

2021, നവംബർ 11, വ്യാഴാഴ്‌ച

ചിന്താനേരങ്ങൾ

ഒരു പതിവു വൈകുന്നേരവും കടന്നു പോകുകയാണ്.
കൃത്യമായി ആവർത്തിക്കുന്ന ദിനചര്യകൾക്കിടയിൽ പെട്ടുപോയൊരു വൈകുന്നേരം.
കാപ്പിനേരത്തിനു ശേഷം പുറത്തിറങ്ങുമ്പോൾ 
സന്ധ്യ വരികയാണ് - ഇനി അവളുടെ നേരമാണ്.
നാലുപാടും കാഴ്ചകളുണ്ട്; വൈകുന്നേര സവാരിക്കും കാഴ്ചകൾക്കുമായി വെറുതേ നടക്കുന്ന വിനോദ സഞ്ചാരികൾ, തൊട്ടടുത്ത മരങ്ങളിൽ നിന്ന് കിളികളാരവം, വീടിനുപുറത്ത് ആറ്റുതീരത്തിരുന്ന് കാറ്റിനു നേരം കൊടുക്കുന്നവർ,
വീടണയാനുള്ള തിടുക്കപ്പെട്ട നടത്തങ്ങൾ, കുഞ്ഞുങ്ങളുടെ കളിനേരങ്ങൾ, ദൂരെനിന്നും ബാങ്കുവിളിക്കുന്ന മോസ്കുകൾ, ക്ഷേത്രങ്ങളിൽ നിന്നും ചെറിയ സ്വരത്തിൽ പാടിത്തുടങ്ങുന്ന കോളാമ്പികൾ, ദേവാലയങ്ങളിൽ നിന്നും പ്രാർത്ഥനാനേരങ്ങളെ ഓർമ്മിപ്പിച്ച് മണിമുഴക്കങ്ങൾ........

രാത്രിമഴയിൽ കുതിർന്ന് ആകെ തണുത്തു നിൽക്കുന്ന വൈകുന്നേരങ്ങൾ...
നമുക്കുള്ളതെന്ന് തോന്നിപ്പിച്ച് തോന്നലിനേക്കാൾ വേഗത്തിലവസാനിക്കുന്ന ആഗ്രഹങ്ങളും പ്രതീക്ഷകളും...
വിരസമായ ഓൺലൈൻ ജീവിതവും ശീലമാകുന്ന ഉച്ചമയക്കങ്ങളും...

എങ്ങും തൊടാതെ കടന്നുപോകുന്നൊരു വ്യാഴാഴ്ച വൈകുന്നേരചിന്തകളിൽ നിന്ന്
നേരമെണ്ണിക്കഴിയുന്നവർക്കായി പുതുവർഷത്തിന് ഇനി 
50 നാൾ......

2021, നവംബർ 4, വ്യാഴാഴ്‌ച

വിലകുറയുമ്പോൾ....


നമ്മളിപ്പൊഴും ജോജുവിന് പിറകേ തന്നെ.
മാധ്യമങ്ങളും സർക്കാരും ജനങ്ങൾക്കൊപ്പമല്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചിട്ടും നമുക്ക് മാത്രമത് പിടി കിട്ടുന്നില്ല. സാധനങ്ങൾക്ക് പൊള്ളുന്ന വിലയായിട്ടും മുഖ്യധാരാ മാധ്യമങ്ങളോ സർക്കാരോ ഇതൊന്നും കണ്ട ഭാവമില്ല.

ഒരുവശത്തുകൂടി ജനങ്ങളെ പിഴിഞ്ഞ് മറുവശത്തുകൂടി ആ പിഴിഞ്ഞ് കിട്ടിയത് പൊതുജനത്തിന്റെ വായിൽ ഇറ്റിച്ചു കൊടുത്ത് അവരുടെ പള്ള വീർപ്പിക്കുകയാണ് സർക്കാര്.

ശൗചാലയത്തിനെന്നും പറഞ്ഞ് ഒരാൾ പിഴിച്ചിൽ തുടങ്ങിയിട്ട് വർഷങ്ങളായി. അങ്ങനെയൊന്ന് പണികഴിപ്പിച്ചിട്ടില്ലാത്തതിന്റെ യാതൊരു ഉളുപ്പുമില്ലാതെ പാചകവാതക സബ്സിഡിയ്ക്കായി യാചിക്കുന്നുണ്ടായിരുന്നു.

ഇവിടെ അതിനേക്കാൾ കേമമാണ് കാര്യങ്ങൾ. ഒരുവശത്തുകൂടി പിഴിഞ്ഞ് മറുവശത്ത് സഞ്ചിയിലാക്കിക്കൊടുക്കുന്നു.
ഇപ്പൊ മനുഷ്യന്മാര് പെട്രോളടിക്കാൻ വേണ്ടിയാണ് പണിയെടുക്കുന്നതെന്ന് തോന്നുന്നു. 
സാധനങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ വില കൂടിത്തുടങ്ങിയിട്ട് നാളുകുറച്ചായി. പറഞ്ഞും പ്രതികരിച്ചും മടുത്തപ്പൊ പിന്നെ ആരും മിണ്ടാതായി. ആകെ നനഞ്ഞാൽ പിന്നെ കുളിരില്ലെന്ന് പറയുന്നത് പോലെ. ഇപ്പൊ എത്ര വില കൂടിയാലും ആരും ഒന്നും പറയില്ല. ആരോട് പറയാനാണ്. ജനദ്രോഹപരമായല്ല നാട്ടിൽ വികസനമുണ്ടാവേണ്ടത്. ജനങ്ങളുടെമേൽ അമിതഭാരം വരുത്തിയല്ല ജനക്ഷേമം ഉറപ്പു വരുത്തേണ്ടത്.

മനുഷ്യന്മാര് കിറ്റും കൊണ്ട് മാത്രമല്ല ജീവിക്കുന്നത് സർക്കാരേ....

NB: ഇപ്പോ കുറഞ്ഞത് എന്തിനെന്നും എങ്ങനെയെന്നും അരിയാഹാരം കഴിക്കുന്നവർക്ക് പിടികിട്ടി എന്നാണ് എന്റെ ഒരിത്.......

അല്ലെങ്കിലും പുരകത്തുമ്പോൾ വാഴ വെട്ടുന്നവരോട് ഇനിയെന്തു പറയാനാണ്...

സമരം ചെയ്യുമ്പോൾ


ഈ മനുഷ്യന്മാരുടെ ഓരോ കാര്യങ്ങളേ....

ഇന്ധന വില വർദ്ധനയ്ക്കെതിരെ പ്രതിഷേധിക്കുകയാണ് പ്രവർത്തകർ. അവരെ കവർ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ.

ഇതുവരെ വളരെ ശരിയാണ്.

ഗതാഗതം സ്തംഭിപ്പിച്ചുള്ള പ്രതിഷേധം മണിക്കൂറുകൾ നീണ്ടു. 
പൊതുജനങ്ങൾക്കിട്ടു പണികൊടുത്ത് പൊതുജനങ്ങൾക്കു വേണ്ടിയുള്ള ഈ പരിപാടിയെ ജനങ്ങൾ തന്നെ എതിർക്കുന്നു. 
യാത്രക്കാരനെന്ന നിലയിൽ, കാത്തു നിന്നു മടുത്ത നടൻ ജോജു വണ്ടിയിൽ നിന്നിറങ്ങി സമരക്കാരോട് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് ആവശ്യപ്പെടുന്നു. ഉടനെ മാധ്യമങ്ങൾ  ജോജുവിനെ കവറുചെയ്യുന്നു.
ജോജു വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് സമരം.

നമ്മള് പൊളിയാണ്. 
നമ്മളെന്തിനാണ് സമരം ചെയ്യുന്നതെന്ന് നമുക്കുതന്നെ അറിയില്ല.

2021, ഒക്‌ടോബർ 26, ചൊവ്വാഴ്ച

പൊട്ടും പൊട്ടാതിരിക്കില്ല




"ജനങ്ങൾക്കു വേണ്ടി, ജനങ്ങളാൽ, ജനങ്ങളുടെ......"
എന്നിങ്ങനെ പറഞ്ഞാണ് ഇന്ത്യൻ ഭരണഘടന ആരംഭിക്കുന്നതെന്ന് ചെറുതിലേ പഠിച്ചതോർക്കുന്നു.
ഇതിപ്പോ, ചിലർ വരുമ്പൊ ചരിത്രം വഴിമാറുമെന്ന് പറഞ്ഞപോലെയാണ്. ചിലർ വന്നപ്പൊ ചില നിയമങ്ങളും അവർ വഴിമാറ്റി. ഒരു സംസ്ഥാനത്തെ 30+ ലക്ഷം വരുന്ന ജനങ്ങളുടെ ആശങ്ക നിയമപരമായി നേരിടുമെന്ന് പറയുന്ന ആ സഖാവിനോട് ഇനിയെന്ത് പറയാനാണ്. ഇങ്ങനെയുള്ള ഇരട്ടത്താപ്പുകൾ ഇനിയുമുണ്ടാവും. പക്ഷേ, അതൊക്കെ കാണാൻ നമ്മളുണ്ടാവില്ല.

അല്ലെങ്കിൽത്തന്നെ ആയകാലത്ത് എഴുതിയുണ്ടാക്കിയ കരാറിൽ 999 എന്ന് എഴുതി ഒപ്പിടാൻ മാത്രമുള്ള ബോധമേ അവർക്കുണ്ടായിരുന്നുള്ളൂ എന്നു വിശ്വസിക്കാൻ പ്രയാസമാണ്. പക്ഷേ, ഇക്കാലത്തും അതുതന്നെ ആവർത്തിക്കപ്പെടുമ്പോൾ ഇതിനേക്കാൾ അത് കുറച്ചൂടെ വിശ്വസനീയമാകുന്നു.

എല്ലാ കാലവർഷത്തിലും ഇടുക്കിയിൽ
ആവർത്തിക്കപ്പെടുന്ന ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഈയടുത്തിടെ തുടച്ചയായുണ്ടായ ഭൂചലനങ്ങളും എങ്ങനെയാണ് കണ്ണടച്ച് അവഗണിക്കാനാവുന്നത്. കസ്തൂരിരംഗൻ ഗാഡ്ഗിൽ റിപ്പോർട്ടുകളനുസരിച്ച് ഇടുക്കി പരിസ്ഥിതിലോല പ്രദേശമാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്കുണ്ട്. വലിയ കെട്ടിടങ്ങൾ പലതും പൊളിച്ചു കളയാനും നിർദേശമുണ്ട് / ശ്രമങ്ങളുണ്ട്. എന്നിട്ടും ഇത്രയും പഴക്കംചെന്ന, മറ്റൊരു ആറ്റംബോംബായ ഈ ഡാമിന്റെ കാര്യത്തിൽ മാത്രം ആർക്കും അത്ര മൈൻഡ് പോര.

ചിലരുടെയെങ്കിലും സ്റ്റാറ്റസുകളിൽ കണ്ടതുപോലെ, ഡാമിന്റെ കാര്യത്തിൽ ജനങ്ങൾക്ക് വിശ്വാസം വരാൻ മുഖ്യമന്ത്രിയും കുടുംബവും ഡാമിന്റെയടുത്ത് വന്ന് താമസിക്കണം. അല്ലെങ്കിൽ നിയമസഭ ഇടുക്കിയിലേക്ക് മാറ്റിയാലും മതി.

അല്ലെങ്കിൽ തന്നെ നമ്മളിത്ര ഭയപ്പെടുന്നതെന്തിനാണ്..? ഡാം പൊട്ടുമെങ്കിൽ ആ വിവരം അത് ആദ്യം മാധ്യമങ്ങളെയും സംസ്ഥാന സർക്കാരിനെയും വിളിച്ചറിയിക്കും. എന്നിട്ടേ അത് സ്വയം പൊട്ടൂ. ഈ ഉറപ്പ് അവർക്കുള്ളതുകൊണ്ടല്ലേ അവർ ഇത്രയും ആത്മവിശ്വാസത്തോടെ അതിനേക്കാൾ പ്രധാനപ്പെട്ട മറ്റ് വിഷയങ്ങളിൽ ശ്രദ്ധയൂന്നി നിൽക്കുന്നത്. കൊറോണയെ ചെറുക്കാൻ എല്ലാവരേയും വീട്ടിലിരുത്തുകയും നമ്മുടെ വയറുനിറയ്ക്കാൻ എല്ലാമാസവും സൗജന്യ കിറ്റ് തരാനും ശ്രദ്ധിക്കുന്ന സർക്കാർ ഡാമിന്റെ കാര്യത്തിലും ഇതേ ശ്രദ്ധ കാണിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തല്കാലം നാമിത്രയും പരിഭ്രാന്തരാകേണ്ട കാര്യമില്ല.

ഇനിയും നിങ്ങൾ കാര്യങ്ങൾ മനസിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ നിയമപരമായി നേരിടുന്നതിൽ തെറ്റില്ലെന്നാണ് എന്റെ ഒരിത്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഈ സർക്കാർ ഇതേ പൊതുജനങ്ങളുടെ ആശങ്കയെ നിയമപരമായി നേരിടുന്നതിൽ എവിടെയാണ് തെറ്റ്. മാനുഷിക പരിഗണനയേക്കാൾ നിയമപരമായ ഇടപെടലാണ് നല്ലതെന്ന് ഇതിനു മുമ്പുള്ള ചില കേസുകളിൽ നിന്ന് നാം മനസിലാക്കിയ കാര്യമാണ്. കിറ്റും കൊണ്ട് പെതുജനങ്ങൾ അവരുടെ ദൈനംദിന കാര്യങ്ങൾ എല്ലാം നിർവഹിക്കുന്നതുപോലെ ഇക്കാര്യത്തിൽ സോഷ്യൽ മീഡിയയിലെ നമ്മുടെ ആശങ്കയെ നിയമപരമായി നേരിട്ടാൽ തീരാവുന്ന പ്രശ്നമേ നമുക്കുള്ളൂ.

NB: ഞാൻ പയ്യെ കടപ്പുറത്തേക്ക് പോവുകയാണ്. കടലിലേക്ക് ഒഴുകിയിറങ്ങുന്ന വെള്ളത്തോടൊപ്പം നിങ്ങളെയെല്ലാം അവിടെവച്ച് വൈകാതെ കണ്ടുമുട്ടാമെന്ന് പ്രതീക്ഷിക്കുന്നു. പടിഞ്ഞാറൻ സൂര്യന് അഭിമുഖമായി നിൽക്കുന്ന എനിക്കുനേരേ നീന്തിവരുന്ന നിങ്ങളേയും കാത്ത് നിങ്ങളുടെ 
സ്വന്തം................

2021, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

ദൂരം

കാലം അങ്ങനെയാണ്
കൗതുകങ്ങളുടെ ഒരു തുണ്ട്
എല്ലാക്കാലത്തേക്കും അത് കാത്തുവച്ചിരിക്കും

പഴയനിയമത്തിൽ
അബ്രാഹത്തിലൂടെയും
യാക്കോബിലൂടെയും
മോശയിലൂടെയും
പുതിയ നിയമത്തിൽ
മറിയത്തിലൂടെയും
രക്തസ്രാവക്കാരിയിലൂടെയും
ഇതാവർത്തിക്കപ്പെടുന്നു

ഇടർച്ചയുടെ കാലത്തിൽ
അവനെ തൊട്ട് സൗഖ്യപ്പെടാൻ
നമുക്ക് കരുത്തു പോരാ
അവന്റെ കാലത്തിൽ ഹൃദയം കഠിനമാക്കിയ
ഫരിസേയന്മാരാകുന്നു നമ്മൾ
ജിഹാദീയ ചിന്തകൾക്കെതിരേ
നമുക്ക് നാവുപൊങ്ങുന്നില്ല
പീഡനങ്ങളുടെ മൂകസാക്ഷികളാകുന്നു
താലിബാനിൽ നിന്ന് നമുക്ക്
വിശുദ്ധ പ്രവാചകരുണ്ടാകുന്നു
സമുദായബോധങ്ങളിൽ നിന്ന്
നമ്മൾ ഇറങ്ങി നടക്കുന്നു
ഈ ഇടർച്ചകളിൽ നിന്ന് അവന്റെ സൗഖ്യത്തിൽ
തൊട്ട് സ്നാനപ്പെടാൻ
നമുക്ക് തോമയുടെയത്ര കരുത്തുപോരാ

സ്ത്രീയുടെ കൗതുകം നിറഞ്ഞ
ആ ആഗ്രഹത്തിൽ
അവളുടെ സൗഖ്യത്തിന്റെ
സുവിശേഷമുണ്ടായിരുന്നു

അവരുടെ കൗതുകങ്ങളുടെ തിരുശേഷി -
പ്പാണിവരുടെ ജീവിതങ്ങളെന്ന്
ഏതുറക്കത്തിലാണ്
ഏതിടർച്ചയിലാണ്
ഏതനുസരണത്തിലാണ്
നമുക്ക് പിടുത്തം കിട്ടുക


(ഉത്സവ് 2021 അതിരൂപത  കലോത്സവം
കവിതാരചന :
ക്രിസ്തു നാഥന്റെ വസ്ത്ര സ്പർശനത്താൽ സൗഖ്യം പ്രാപിച്ച സ്ത്രീ)

2021, സെപ്റ്റംബർ 14, ചൊവ്വാഴ്ച

ദൂരം

ഭൂതവും
വർത്തമാനവും
ഭാവിയും 
പരദേശവാസത്തിന്റെ
കഥ പറയുന്നുണ്ട്.
വിപ്രവാസത്തിന്റേത്
കറുത്ത ദിനങ്ങളെന്ന്
ചരിത്രം.
ഒന്നു കാതോർത്താൽ
ഉയർന്നു കേൾക്കുന്നതത്രയും
വേദനയുടെ,
ആകുലതയുടെ,
അസമാധാനത്തിന്റെ,
നഷ്ടപ്പെടലുകളുടെ,
പിൻസ്വരങ്ങളാണ്.

ചരിത്രത്തിലിരുന്ന്
ഇസ്രായേലുപറയുന്നുണ്ട്,
അലൻ കുർദിയെന്ന
കുഞ്ഞ്
മണ്ണിൽ ശരീരം ചേർത്ത്
പറയുന്നുണ്ട്,
അഫ്ഗാനിൽ നിന്നു വീശുന്ന
കാറ്റിനു പറയാനുണ്ട്;
എല്ലാരും പറയുകയാണ്.

വിപ്രവാസത്തിലാണ് ഞാനും -
സുഖങ്ങളുടെ.
ഗർഭപാത്രത്തിൽ നിന്നാരംഭിക്കുന്നു
എന്റെ വിപ്രവാസം.
എന്നെ അറിയുന്നവരെങ്കിലും
എന്നെ അറിഞ്ഞിട്ടില്ലാത്തവരുടെ
ഇടയിലാണ് ഞാൻ.
ഇനിയുമെത്തിച്ചേരേണ്ട
ഇടത്തിലേക്കുള്ള 
യാത്രയിലാണ് ഞാൻ.

തിരുക്കുടുംബത്തിന്റെ
കരുതലിൽ
പരദേശവാസമുണ്ടെന്റെ 
മുന്നിൽ.
സുവിശേഷം ജീവിച്ച
ശിഷ്യരുടെ
മാതൃകയുെണ്ടെന്റെയറിവിൽ
വിശുദ്ധാത്മാക്കളുടെ
പുണ്യചരിതങ്ങളുടെ
പരിമളമുണ്ടെന്റെ ചുറ്റിലും.
വിപ്രവാസത്തിലാണെന്ന്
ബോധ്യം തരുന്നൊരു
സഭയിലാണിന്നു ഞാൻ.

കരുതലിൻ
സുവിശേഷത്തിന്റെ
പരിമളം
പ്രവാസത്തിന്റെ
സുവിശേഷം
പറയുമ്പോൾ
ഞാനും പ്രവാസിയാകുന്നു.

.



(Ulsav 2021
ഫൊറോന കവിതാരചന -
ഞാൻ പ്രവാസി )

2021, സെപ്റ്റംബർ 11, ശനിയാഴ്‌ച

രണ്ടക്ഷരം

"അമ്മ"
രണ്ടക്ഷരത്തിൽ എന്തൊക്കെയാണല്ലേ ഒളിഞ്ഞിരിക്കുന്നത്.....

എന്തൊക്കെയാണവൾ ഹൃദയത്തിൽ സംഗ്രഹിച്ച് അവസാനിപ്പിക്കാറുള്ളത്.........
ഏതെല്ലാം സ്വപ്നങ്ങളാണ് ഇനിയും കണ്ടു തീരാനുള്ളത്........
ഏതെല്ലാം ആഗ്രഹങ്ങളാണ് ഇനിയും സഫലമാകാനുള്ളത്.........
ഒറ്റയ്ക്കിരിക്കുമ്പോൾ എന്തൊക്കെയാവും പറഞ്ഞു തീർക്കാറുള്ളത്.........
അവളുടെ സന്തോഷങ്ങളുടെ ആയുസിന് ദൈർഘ്യം കുറഞ്ഞുപോകുന്നതും ആകുലതകൾക്ക് ആയുസ് ഏറിവരുന്നതുമെന്താണ്........
ഉപദേശങ്ങളോട് ഇത്രയും ആവേശമെന്താണ്....
പ്രാർത്ഥനകളോട് ഇത്രയും പ്രണയമെന്താണ്....

കുരുത്തക്കേടുകളിൽ കണ്ണുരുട്ടിയും കുസൃതികളിൽ കണ്ണടച്ചും തെറ്റുകൾക്ക് അളവില്ലാതെ ശിക്ഷിച്ചും 
തിരുത്തിയും കരുതിയും വളർത്തി വലുതാക്കിയ, 
പറഞ്ഞാൽ കേൾക്കാത്തവർ തിരിഞ്ഞു നോക്കുമ്പോൾ എന്തൊക്കെയോ ശരികളുണ്ടായിരുന്നു. 
അനുഭവങ്ങളിലെ ആശങ്കയുണ്ടായിരുന്നു. 
രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കുന്നതിനിടയിലെ നിസഹായതയുണ്ടായിരുന്നു.

എല്ലാത്തിനുമൊടുവിൽ
ഞാനെന്തെങ്കിലുമായത്,
നമ്മളെന്തെങ്കിലുമായത്,
നാളെയെന്തെങ്കിലുമാകുന്നത്
ഒരാളുകാരണമാണ്
അമ്മ.......

2021, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

#_H_O_M_E

#an extra ordinary movie
അങ്ങനങ്ങ് തുടങ്ങാം. വെറ്തേ ഫീൽ ഗുഡ് എന്നു പറഞ്ഞ് മാറി നിൽക്കാൻ കഴിയില്ല. ഇവിടെ ഞാൻ എന്നെക്കാണുന്നു. എന്റെ ചുറ്റുമുള്ളവരെ കാണുന്നു. പൂർണമായും ശരിയായില്ലെങ്കിലും കുറേയൊക്കെ ആവുന്നുണ്ട്.

ചിലതങ്ങനെയാണ് ; പറയുന്നത് സത്യമാണെങ്കിലും വിശ്വസിക്കാൻ പ്രയാസമായിരിക്കും.

ഒപ്പം നമ്മെ അത്ഭുതപ്പെടുത്തുന്ന ചിലരുണ്ട്. ഓരോ ദിവസം കഴിയുന്തോറും ഇതല്ല ഇതല്ല ഞാനെന്ന് ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നവർ.
ഇവിടെ വേറേ ചിലരുണ്ട്. ഒരു പണിയുമെടുക്കാതെ ദിവസവും നമ്മെ അത്ഭുതപ്പെടുത്തുന്നവർ.
രണ്ടും ഓരോ സാധ്യതകളാകുന്നു.

ഇതൊരു സിനിമയാണ് - സംഘർഷങ്ങളുടെ, നിസ്സഹായതയുടെ, സങ്കടങ്ങളുടെ, പൊട്ടിച്ചിരികളുടെ, കഥപറച്ചിലുകളുടെ, കൂടിച്ചേരുകളുടെ, അനുഭൂതിയുടെ, ഇടർച്ചയുടെ, പൊട്ടിത്തെറികളുടെ,
ആവേശത്തിന്റെ, ആഘോഷത്തിന്റെ, ഓർമ്മപ്പടുത്തലിന്റെ, ഏറ്റുപറച്ചിലിന്റെ,  അറിവിന്റ, അഭിമാനത്തിന്റെ, ചേർത്തുനിർത്തലിന്റെ, കുറ്റപ്പെടുത്തലിന്റെ, ആത്മവിശ്വാസത്തിന്റെ, ആനന്ദത്തിന്റെ സുവിശേഷം പറയുന്ന സിനിമ.

2021, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

ഒഴിഞ്ഞു പോകുമ്പോൾ



ലോകമന:സാക്ഷിയുടെ ക്രൂരമായ മൗനത്തിന്റെ പുതിയ ഇരകളാണ് ടേക് ഓഫ് ചെയ്ത വിമാനത്തിൽ നിന്ന് താഴേക്ക് പറന്നു വന്നതായി നാം കണ്ടവർ. അല്പം കൂടെ ക്ഷമിച്ചാൽ ഇതിലും വെറൈറ്റിയുള്ള പലതും ചിലപ്പോൾ അവിടെ നിന്നും കാണാൻ കഴിഞ്ഞേക്കും. 

വിദ്യയറിഞ്ഞതിന്റെ പേരിൽ താഴ്ന്ന ജാതിക്കാരുടെ ചെവിയിൽ ഈയം ഉരുക്കിയൊഴിച്ച ഒരു ചരിത്രമുണ്ട് നമുക്ക്. പക്ഷേ, ഇതവിടംകൊണ്ടും തീരുന്നില്ല. അവരുടെ ആകാശങ്ങൾക്ക് ഇനി കറുത്ത നിറമായിരിക്കും. അവരുടെ കുട്ടിക്കാലമവസാനിക്കുന്നു, അവരുടെ യൗവ്വനമവസാനിക്കുന്നു, അവരുടെ വാർദ്ധക്യവുമവസാനിക്കുന്നു.

നമ്മൾ സ്വാതന്ത്ര്യത്തിലായ വർഷങ്ങളുടെ കണക്കുപറയുമ്പോൾ തൊട്ടടുത്തൊരു രാജ്യം കത്തിയമരുന്ന സ്വാതന്ത്ര്യങ്ങളുടെ കണക്കെടുക്കാനാവാതെ ആകെ പൊള്ളി നിൽക്കുന്നു.

വിമാനത്താവളങ്ങളെപ്പോഴാണ് ബസ്റ്റാന്റുകൾ മാതിരിയാക്കിയത്.? റൺവേയിലൂടെ നീങ്ങിത്തുടങ്ങിയ വിമാനത്തിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്ന കാഴ്ച നമ്മുടെ ചുണ്ടിൽ ചിരിവിടർത്തുക മാത്രമാണ് ചെയ്യുന്നത്. ജീവനും കയ്യിൽപ്പിടിച്ച് ഒരു രാജ്യം പരക്കം പായുമ്പോൾ നമുക്കാകെയുള്ളത് ഒരുത്രാടപ്പാച്ചിലാണ്.

നിസാരമായ ഒരു ഭരണ മാറ്റത്തെ ഇത്രയും ഭയക്കേണ്ടതുണ്ടോ..? അതിങ്ങനെ മതഭരണത്തിന്റെ  പേരിലാകുമ്പോ വരാനിരിക്കുന്ന അപകടത്തെ മുന്നിൽ കണ്ട് ഒരു ജനതയൊന്നാകെ പലായനത്തിന് മുതിരുന്നു. സംഭവിക്കാനിരിക്കുന്ന ആ വലിയ അപകടത്തിൽ നിന്ന് സ്വയം ഒഴിഞ്ഞു മാറുന്നു. പക്ഷേ, അതിനുമുള്ള സാധ്യതകളില്ലാതാകുമ്പോൾ പിന്നെയെന്തു ചെയ്യാനാണ് - ഇങ്ങനെ തൂങ്ങിക്കിടക്കുകയല്ലാതെ..?

നമ്മുടെ ഇടവഴികളിലൂടെ രണ്ടാമതൊരിക്കൽക്കൂടി പോലീസ് വണ്ടി പോയാൽ അസ്വസ്ഥരാണ് നാം. കാബൂളിൽ നിരത്തുകളിലൂടെ തോക്കുകളുമായി താലിബാൻ റോന്തുചുറ്റുകയാണ്. ക്രമസമാധാനം മുൾമുനയിൽ പാലിക്കപ്പെടുന്നു.
ഭരണകൂടം ഒരമ്പത് വർഷം പിറകിലാണെന്ന് അവരിങ്ങനെ പുരമുകളിൽ നിന്ന് പ്രഘോഷിക്കുന്നു.

ഒപ്പം നമ്മുടെ അയൽക്കാർ പരസ്യമായി അവരെ പിന്തുണച്ചു കഴിഞ്ഞു. ഇനിയുള്ളതെല്ലാം കണ്ടറിയണം. 
മതതീവ്രവാദവും അപകടമാണെന്ന് കാലം തെളിയിച്ചിട്ടും
പാടില്ലാത്തൊരു നിശബ്ദതയാണ് ചുറ്റിലും. ആർക്കുവേണ്ടിയോ കാത്തിരിക്കുകയാണ്. 

2021, ജൂലൈ 29, വ്യാഴാഴ്‌ച

J B കോശി കമ്മീഷനും ചില വീണ്ടുവിചാരങ്ങളും...

അങ്ങനെ ആ ബഹളങ്ങളും അവസാനിച്ചു.☺️😇 പൊതുസമൂഹത്തോട് നമുക്കുള്ളതും ഉണ്ടാവേണ്ടതുമായ ചില ബാധ്യതകളെ ഓർമ്മിപ്പിക്കുകയായിരുന്നു ഈ ദിവസങ്ങൾ. 🥰🤗

എല്ലാക്കാലത്തേക്കും കാലമിങ്ങനെ ചിലത് അവശേഷിപ്പിച്ചുകൊണ്ടിരിക്കും.😬😷 നാം നട്ടതല്ലാത്ത മരങ്ങളുടെ തണലിലാണ് നാം വളർന്നതെന്നു മാത്രമല്ല നാം നട്ടൊരുമരം ഇനിയും തണൽ വിരിച്ചു തുടങ്ങിയിട്ടില്ല എന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയുണ്ടതിൽ.🌳🌴🎍 ഒപ്പം നമ്മളേറ്റ വെയിലാണ് നമുക്കു ശേഷമുള്ളവർക്കുള്ള തണലെന്നും.🌤️⛅☂️ അങ്ങനെയെങ്കിൽ ആ വെയിൽ അല്പമെങ്കിലും കൊള്ളേണ്ട ബാധ്യത നമുക്കുണ്ട്.☀️
പക്ഷേ, അതൊരു തെരഞ്ഞെടുപ്പാണ്. ഒന്നുകിൽ വെയിലു കൊള്ളാം - അല്ലെങ്കിൽ ആരോ കൊണ്ടവെയിലിന്റെ തണലിലായിരിക്കാം. 🐒🙇‍♂️🙇‍♀️

പറഞ്ഞുവന്നത് നമ്മളെഴുതിയ നിവേദനങ്ങളെക്കുറിച്ചു തന്നെ.🕺💃🤩🥳 എല്ലാ തലമുറയ്ക്കും ഇങ്ങനെ അവകാശപ്പെടാനാവില്ല. ഓരോ കാലത്തിനും ഓരോ ആവശ്യങ്ങളാണ്. 😇 നാമിതു ചെയ്തില്ലെങ്കിൽ പിന്നെയാര്..?🤔🤔 ആരും താനേ വളരുന്നില്ല. 🤷‍♂️🤷‍♀️ ചുറ്റുമുള്ളവരിലൂടെ - നാമറിയാതെ വളരെ സ്വാഭാവികമായി അത് സംഭവിച്ചു കൊണ്ടിരിക്കുന്നു.🙃 അതുകൊണ്ടു തന്നെ ഇത്തരം ചിലതിനോട് മനസുകൊണ്ടെങ്കിലും ചേർന്നു നിൽക്കുന്നില്ലെങ്കിൽ ഭൂമിക്ക് അതൊരു വലിയ ഭാരമായിരിക്കും🤥🥱 - ഇനിയും ആയുസെത്തിയിട്ടില്ലാത്തൊരു ഭാരം.🧐

43 അത്ര വലിയ സംഖ്യയൊന്നുമല്ല 🤩- അത്ര ചെറുതും. എന്നിട്ടും എത്ര ഹൃദ്യമായി നിങ്ങളതിനോട് മനസുചേർക്കുന്നു👏👏👩‍❤️‍💋‍👨. ബൈബിളിലെ രണ്ടു പുത്രന്മാരിൽ ഒന്നാമനായിരുന്നു നമ്മൾ🤗. ഞാൻ ചെയ്യില്ല എന്നാണ് ആദ്യം പ്രതികരിച്ചത്💁‍♂️🙅‍♂️. പക്ഷേ, നമ്മൾ ചെയ്തു. വീടുകൾ കയറിയ ഒപ്പുശേഖരണങ്ങൾ📋📝 .എഴുതിക്കൂട്ടിയ കൗതുക വർത്തമാനങ്ങൾ📖📝. ഒന്നും നിസാരമായി കണ്ടുകൂടാ.🥸 ഒന്നും വെറുതേയാവുകയുമില്ല.🥳
ഒപ്പം ഇതൊരു ബോധ്യപ്പെടുത്തൽ കൂടിയാണ്.💪 നമ്മെക്കുറിച്ചുള്ള ആ പരാതിയുണ്ടല്ലോ...😕 ഇവരൊന്നിേനോടും പ്രതികരിക്കുന്നില്ല,😏 ഇവരൊന്നുമറിയുന്നില്ല എന്നതിനെ - ഞങ്ങളെല്ലാമറിയുന്നു എന്ന സാന്നിധ്യംകൊണ്ട് മറികടക്കുന്നു.😌

#നന്ദി...🎊❣️#ഒപ്പം നിന്നതിന് ....👬🏻👭#പിന്തുണച്ചതിന്....#കൂടെ വന്നതിന്....🚶‍♂️🚶🏻‍♀️👫🏻# കൂട്ടായിരിക്കുന്നതിന്.......🤝👫🏻👭👬🏻

2021, ജൂലൈ 16, വെള്ളിയാഴ്‌ച

പരാജയത്തിന്റെ വിജയം

നമ്മളിപ്പൊഴും ആ പഴയ കാലത്തിൽത്തന്നെ. തലയുയർത്തി ചുറ്റും നോക്കാനുള്ള ആത്മവിശ്വാസം പരാജിതനെന്ന് രേഖകൾ പറയുന്നവന്റെയത്ര പോര.
ശരിക്കും പരീക്ഷകൾ ആരംഭിക്കാനിരിക്കുന്നേയുള്ളൂ എന്നറിയുന്ന നമ്മൾ എന്തിനാണ് അടുത്ത ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഫലമറിയിക്കാൻ ആനയും അമ്പാരിയുമായി, പെരുമ്പറകൊട്ടി,  മന്ത്രിമാരുടെ അകമ്പടിയോടെ കുഞ്ഞുങ്ങളുടെ ജീവിതത്തിലേക്ക് അനാവശ്യ ഭീതിയുടേയും നിരാശയുടെയും അമിതാത്മവിശ്വാസത്തിന്റെയും ഭാരമിറക്കി കടന്നുവരുന്നത്.

ഒന്നും ഇവിടം കൊണ്ട് അവസാനിക്കുന്നില്ല എന്ന് മറ്റാരെക്കാളും നന്നായി അറിഞ്ഞിട്ടും കുട്ടികൾക്ക് കുറച്ചധികം ഭാരം നൽകി ഇതൊക്കെ അവതരിപ്പിക്കുമ്പോൾ കിട്ടുന്ന സുഖം വേറെ കിട്ടില്ല എന്ന് നിങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കുന്നു.

എല്ലാം ആരംഭിക്കേണ്ടത് ഇങ്ങനെയാണ്. തോറ്റ് തുടങ്ങുന്നത് അത്ര കുറച്ചിലൊന്നുമല്ല. ജീവിതത്തിൽ പിന്നിലാവാതിരിക്കാൻ അത് നമുക്ക് കരുത്ത് തരും. മാർക്ക് ഒരല്പം കുറഞ്ഞു പോയതുകൊണ്ട് നിങ്ങൾക്ക് ഒരു കുറവും സംഭവിക്കുന്നില്ല. കുറവുകളോടെ ജീവിതത്തെ സ്വീകരിക്കാൻ അത് നിങ്ങളെ സഹായിക്കും.

അല്ലെങ്കിൽ തന്നെ ഇവിടെ എല്ലാവരും പോസിറ്റീവായാൽ കാര്യങ്ങൾ ആകെ കുഴയുമെന്ന് നാം കണ്ടുകൊണ്ടിരിക്കുമ്പോൾ നമുക്ക് നെഗറ്റീവ് ആയാൽ മതി. ചിലപ്പോഴെങ്കിലും നെഗറ്റീവ് ആകുകയാണ് പോസിറ്റീവ് എന്ന് കാലം പഠിപ്പിക്കുമ്പോൾ അതിനോട് മനസു ചേർക്കുകയാണ് കരണീയം. എല്ലാവരും പോസിറ്റീവായ ഈ കാലത്തിൽ വല്ലപ്പോഴും നെഗറ്റീവ് ആകാനാണ് എനിക്കിഷ്ടം.

ശരിക്കും ആരാണ് ഇവിടെ തോറ്റുപോയത്..?  വെറുമൊരു പരീക്ഷയിൽ തോറ്റ നീയോ..? അതോ ഈ പരീക്ഷയിൽ നിന്നെ തോൽപ്പിച്ചവരോ..? ആണെന്ന് തെളിയിക്കാൻ നീ ഇങ്ങനെ ഇവിടെത്തന്നെ ഉണ്ടാവണം.

നമുക്ക് നല്ല രാഷ്ട്രീയക്കാരെ വേണം. നല്ല സിനിമ സീരിയൽ നടന്മാരെയും സംവിധായകരെയും വേണം. നല്ല ബിസിനസ് സംരംഭങ്ങൾ വേണം. ഇവരുടെ സെക്രട്ടറിമാരും അസിസ്റ്റന്റ്മാരും മാനേജർമാരുമായി ആ A+ കാരെയും. കാലം അങ്ങനെയാണ്, മറ്റെന്തിലും കാലം വിജയിച്ചവർക്ക് ഒപ്പമാണെങ്കിൽ ഇവിടെ കാലം നമുക്കൊപ്പമാണ്.

സ്വീകരണങ്ങളും ആശംസകളും നൽകി നിങ്ങളാഘോഷിച്ച വിജയങ്ങൾ അതങ്ങനെതന്നെ ആയിരുന്നു എന്ന് തെളിയിക്കേണ്ട ബാധ്യത വരുമ്പോൾ കാലത്തോട് അവർ എന്ത് വിളിച്ചുപറയുന്നു എന്ന് കാത്തിരുന്നുതന്നെ കാണണം. അതുവരെ നമുക്ക് ഗ്യാലറികളിലിരുന്ന് കളി കാണാം.

തോറ്റ് തുടങ്ങിയവേരേ നിങ്ങൾ ഭാഗ്യവാന്മാർ.... നിങ്ങൾ തോറ്റു തുടർന്നാലും നിങ്ങൾ ഒരു ബാധ്യതയല്ല. എന്നാൽ നിങ്ങൾ വിജയിച്ചു തുടങ്ങിയാൽ അതൊരു പ്രതീക്ഷയാണ്.
വിജയിച്ച് തുടങ്ങിയവേരേ നിങ്ങൾക്ക് ദുരിതം.... വിജയം തുടരേണ്ടത് നിങ്ങൾക്കൊരു ബാധ്യതയാണ്. തോൽവി രുചിച്ചാലോ നിങ്ങളിലെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു തുടങ്ങുന്നു.

2021, ജൂൺ 26, ശനിയാഴ്‌ച

അവൾക്കുള്ളത്

നെഗറ്റീവായിരിക്കാനുള്ള കഠിന പരിശ്രമത്തിലാണ് നാം. കൊറോണയെന്നൊരു വൈറസ് ലോകത്തെ വല്ലാതെ പോസിറ്റീവാക്കുമ്പോൾ ഇങ്ങു കേരളത്തിൽ കാര്യങ്ങൾ വല്ലാതെ നെഗറ്റീവാണ്.
കൊറോണയേക്കാൾ മാരകമായ ചിലത് കേരളത്തിൽ വ്യാപിച്ചിരിക്കുന്നു. മരുന്നുകൊണ്ട് മാറാത്തത്ര മാരമായ ഒന്ന്. അവളെ മാത്രം ബാധിക്കുന്ന ഒന്ന്. നമ്മുടെ ഈഗോയിൽ എപ്പോഴും എരിഞ്ഞു തീരുന്നത് അവളാണ്.

സാക്ഷരകേരളമാണിത്. അറിവിലൂടെ അറിവില്ലായ്മയിൽ വളരുന്നു കേരളം. വിദ്യാഭ്യാസമില്ലാത്തതല്ല നമ്മുടെ പ്രശ്നം. ആ വിദ്യാഭ്യാസത്തെ പ്രായോഗികമാക്കുന്നിടത്താണ്. "സ്ത്രീധന നിരോധന നിയമം പാർലമെന്റ് പാസാക്കി. പക്ഷേ, ഇപ്പോഴും പല വീടുകളിലും അതു പാസായിട്ടില്ല" എന്ന് തൂലികയെന്ന ഇൻസ്റ്റഗ്രാം പേജ് പോസ്റ്റ് ചെയ്തതുപോലെയാണ് കാര്യങ്ങൾ.
വീടകങ്ങളിലെ അരക്ഷിതാവസ്ഥയെ തുറന്നു കാട്ടാൻ നമ്മുടെ പെൺകുട്ടികൾക്കും അമ്മമാർക്കും എന്നാണ് കരുത്തുണ്ടാവുക.
ആത്മഹത്യ ചെയ്തവർ, തങ്ങൾക്ക് പ്രയാസങ്ങളുെണ്ടെന്ന് പറഞ്ഞിരുന്നെന്ന് എല്ലാവരും സമ്മതിക്കുന്നു. എന്നിട്ടും അവർക്കുവേണ്ടി ചെറുവിരലനക്കാൻ നാം തയ്യാറാകുന്നില്ല.
ഒരു ചോദ്യചിഹ്നം കണക്കെ അവരിങ്ങനെ നമുക്കു മുന്നിൽ തൂങ്ങി നിൽക്കുന്നു - ചിലർ പന്തം കണക്കെ നിന്നു കത്തുന്നു......
ഒന്നിനുപിറകേ ഒന്നായി ചിലരിങ്ങനെ പാതിവഴിയിൽ കളിയവസാനിപ്പിക്കുമ്പോൾ വീട്ടകങ്ങളിൽ പൊള്ളത്തരങ്ങളുടെ കാറ്റുവീശുന്നു.
അപ്പോഴും നമ്മളിങ്ങനെ ഹാഷ്ടാഗിൽ Justice For ........ എന്ന ബോർഡും വച്ചിരിപ്പാണ്, അടുത്ത ഒരിരയെ കിട്ടാൻ, അതൊന്നാഘോഷിക്കാൻ. ഇതിങ്ങനെ ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.

2021, ജൂൺ 21, തിങ്കളാഴ്‌ച

വായനദിനം

വായന
അതൊരു വികാരമാണ്..... 
അനുഭൂതിയാണ്........
നിർവൃതിയാണ്.......
ആനന്ദമാണ്........
അറിവാണ്.........

ആയുസിലൊരിക്കലെങ്കിലും ആ വായനയ്ക്ക് മുഖം കൊടുക്കേണ്ടതുണ്ട്. നാളിതുവരെ എന്തെങ്കിലുമൊന്ന് വായിച്ചിട്ടില്ലാത്തവരില്ല. അവനവനെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഓരോ വായനയും.
ഇതു മാത്രമല്ല വായന. നമ്മുടെ അനുഭവങ്ങൾ, ചിന്തകൾ, ആഗ്രഹങ്ങൾ, ശീലങ്ങൾ, പ്രവർത്തനങ്ങൾ, മനോഭാവങ്ങൾ എല്ലാം വായിക്കപ്പെടുകയാണ്.

Be Positive എന്നാണ് നമ്മൾ ഇതുവരെ പറഞ്ഞിരുന്നത്. പക്ഷേ, അതേ പോസിറ്റീവ് ഇന്ന് നമ്മെ വല്ലാതെ നെഗറ്റീവാക്കുന്നു. Be Negative എന്ന് ഈ കാലത്തെ നമ്മൾ വായിക്കുന്നു.
നിറയെ നക്ഷത്രങ്ങളും ചന്ദ്രനുമുള്ള രാവ്. എല്ലാ ദിവസവും അതങ്ങനെ അവിടെയുണ്ടെങ്കിലും തലയുയർത്തി നോക്കുന്നവർക്കു മാത്രമാണ് ആ രാത്രി സൗന്ദര്യത്തെ ആസ്വദിക്കാൻ കഴിയുക. അതുപോലെയാണ് വായനയും. അക്ഷരങ്ങളിലേക്ക് മനസു ചേർക്കുന്നില്ലെന്ന് മാത്രം. വായന ആനന്ദമാണ്. അറിവാനന്ദം........

വിളക്കുമരം

എല്ലാക്കാലത്തേക്കും മിന്നാമിന്നിയുടെ ചെറിയ പ്രകാശത്തിൽ അവരിങ്ങനെ ഉയർന്നുനിൽക്കുന്നു ആ ചെറിയ പ്രകാശത്തിൽ  തൊട്ടു നടക്കാൻ നമ്മുടെ മിഴികൾക്ക് ത...