2021, ജൂലൈ 16, വെള്ളിയാഴ്‌ച

പരാജയത്തിന്റെ വിജയം

നമ്മളിപ്പൊഴും ആ പഴയ കാലത്തിൽത്തന്നെ. തലയുയർത്തി ചുറ്റും നോക്കാനുള്ള ആത്മവിശ്വാസം പരാജിതനെന്ന് രേഖകൾ പറയുന്നവന്റെയത്ര പോര.
ശരിക്കും പരീക്ഷകൾ ആരംഭിക്കാനിരിക്കുന്നേയുള്ളൂ എന്നറിയുന്ന നമ്മൾ എന്തിനാണ് അടുത്ത ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഫലമറിയിക്കാൻ ആനയും അമ്പാരിയുമായി, പെരുമ്പറകൊട്ടി,  മന്ത്രിമാരുടെ അകമ്പടിയോടെ കുഞ്ഞുങ്ങളുടെ ജീവിതത്തിലേക്ക് അനാവശ്യ ഭീതിയുടേയും നിരാശയുടെയും അമിതാത്മവിശ്വാസത്തിന്റെയും ഭാരമിറക്കി കടന്നുവരുന്നത്.

ഒന്നും ഇവിടം കൊണ്ട് അവസാനിക്കുന്നില്ല എന്ന് മറ്റാരെക്കാളും നന്നായി അറിഞ്ഞിട്ടും കുട്ടികൾക്ക് കുറച്ചധികം ഭാരം നൽകി ഇതൊക്കെ അവതരിപ്പിക്കുമ്പോൾ കിട്ടുന്ന സുഖം വേറെ കിട്ടില്ല എന്ന് നിങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കുന്നു.

എല്ലാം ആരംഭിക്കേണ്ടത് ഇങ്ങനെയാണ്. തോറ്റ് തുടങ്ങുന്നത് അത്ര കുറച്ചിലൊന്നുമല്ല. ജീവിതത്തിൽ പിന്നിലാവാതിരിക്കാൻ അത് നമുക്ക് കരുത്ത് തരും. മാർക്ക് ഒരല്പം കുറഞ്ഞു പോയതുകൊണ്ട് നിങ്ങൾക്ക് ഒരു കുറവും സംഭവിക്കുന്നില്ല. കുറവുകളോടെ ജീവിതത്തെ സ്വീകരിക്കാൻ അത് നിങ്ങളെ സഹായിക്കും.

അല്ലെങ്കിൽ തന്നെ ഇവിടെ എല്ലാവരും പോസിറ്റീവായാൽ കാര്യങ്ങൾ ആകെ കുഴയുമെന്ന് നാം കണ്ടുകൊണ്ടിരിക്കുമ്പോൾ നമുക്ക് നെഗറ്റീവ് ആയാൽ മതി. ചിലപ്പോഴെങ്കിലും നെഗറ്റീവ് ആകുകയാണ് പോസിറ്റീവ് എന്ന് കാലം പഠിപ്പിക്കുമ്പോൾ അതിനോട് മനസു ചേർക്കുകയാണ് കരണീയം. എല്ലാവരും പോസിറ്റീവായ ഈ കാലത്തിൽ വല്ലപ്പോഴും നെഗറ്റീവ് ആകാനാണ് എനിക്കിഷ്ടം.

ശരിക്കും ആരാണ് ഇവിടെ തോറ്റുപോയത്..?  വെറുമൊരു പരീക്ഷയിൽ തോറ്റ നീയോ..? അതോ ഈ പരീക്ഷയിൽ നിന്നെ തോൽപ്പിച്ചവരോ..? ആണെന്ന് തെളിയിക്കാൻ നീ ഇങ്ങനെ ഇവിടെത്തന്നെ ഉണ്ടാവണം.

നമുക്ക് നല്ല രാഷ്ട്രീയക്കാരെ വേണം. നല്ല സിനിമ സീരിയൽ നടന്മാരെയും സംവിധായകരെയും വേണം. നല്ല ബിസിനസ് സംരംഭങ്ങൾ വേണം. ഇവരുടെ സെക്രട്ടറിമാരും അസിസ്റ്റന്റ്മാരും മാനേജർമാരുമായി ആ A+ കാരെയും. കാലം അങ്ങനെയാണ്, മറ്റെന്തിലും കാലം വിജയിച്ചവർക്ക് ഒപ്പമാണെങ്കിൽ ഇവിടെ കാലം നമുക്കൊപ്പമാണ്.

സ്വീകരണങ്ങളും ആശംസകളും നൽകി നിങ്ങളാഘോഷിച്ച വിജയങ്ങൾ അതങ്ങനെതന്നെ ആയിരുന്നു എന്ന് തെളിയിക്കേണ്ട ബാധ്യത വരുമ്പോൾ കാലത്തോട് അവർ എന്ത് വിളിച്ചുപറയുന്നു എന്ന് കാത്തിരുന്നുതന്നെ കാണണം. അതുവരെ നമുക്ക് ഗ്യാലറികളിലിരുന്ന് കളി കാണാം.

തോറ്റ് തുടങ്ങിയവേരേ നിങ്ങൾ ഭാഗ്യവാന്മാർ.... നിങ്ങൾ തോറ്റു തുടർന്നാലും നിങ്ങൾ ഒരു ബാധ്യതയല്ല. എന്നാൽ നിങ്ങൾ വിജയിച്ചു തുടങ്ങിയാൽ അതൊരു പ്രതീക്ഷയാണ്.
വിജയിച്ച് തുടങ്ങിയവേരേ നിങ്ങൾക്ക് ദുരിതം.... വിജയം തുടരേണ്ടത് നിങ്ങൾക്കൊരു ബാധ്യതയാണ്. തോൽവി രുചിച്ചാലോ നിങ്ങളിലെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു തുടങ്ങുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വിളക്കുമരം

എല്ലാക്കാലത്തേക്കും മിന്നാമിന്നിയുടെ ചെറിയ പ്രകാശത്തിൽ അവരിങ്ങനെ ഉയർന്നുനിൽക്കുന്നു ആ ചെറിയ പ്രകാശത്തിൽ  തൊട്ടു നടക്കാൻ നമ്മുടെ മിഴികൾക്ക് ത...