2019, ഡിസംബർ 28, ശനിയാഴ്‌ച

'മനസി'ലായത്

ഒരു ജൂൺ മാസത്തിൽ സെവേറിയോസിന്റെ ഭാഗമാകുമ്പോൾ നാം ഇങ്ങനെയൊന്നും കരുതീട്ടുണ്ടാവില്ല. എത്ര ലളിതമായാണ് നമ്മൾ ഓരോ നിമിഷവും ആഘോഷിക്കുന്നത്. ചെറിയൊരു സമൂഹമായിരുന്നിട്ടും  പിന്തിരിഞ്ഞു നോക്കുമ്പോൾ നമ്മൾ ചെയ്തത് അത്ര ചെറിയ കാര്യങ്ങളല്ല എന്ന് ബോധ്യമാകുന്നു. മറ്റെന്നത്തെയും പോലെ ഈ ദിവസങ്ങളും കടന്നു പോകുമായിരുന്നു. പക്ഷെ, നമ്മുടെ ഈ എണ്ണക്കുറവിനെ  പ്രവൃത്തിയുടെ വലിപ്പംകൊണ്ട് നമ്മൾ മറികടന്നു. 
ഡിസംബർ 2 മുതൽ 20 വരെയുള്ള 15 പ്രവർത്തിദിവസങ്ങൾ. ഏറെ പരിമിതികൾക്കും സമ്മർദത്തിനും 
നടുവിലായിരുന്നു നമ്മൾ. എന്നിട്ടും എത്ര സുന്ദരമായി അത് അതിജീവിച്ചു.
നാലു മാസത്തെ അദ്ധ്യാപക പരിശീലനത്തിനും കമ്മിഷനും ശേഷം ഡിസംബർ 2 നാണ് നാം കരോൾ പ്രാക്ടീസ് ആരംഭിക്കുന്നത്. ഡിസംബർ 16 നാണ് കരോൾ സർവീസ് എന്ന് അറിയിപ്പ് കിട്ടുന്നത് അതിനും ശേഷമാണ്. എല്ലാവരെയും ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ. എന്നിട്ടും വ്യത്യസ്തമായ  6 പാട്ടുകൾ നമ്മൾ പരിശീലിച്ചു. പുൽക്കൂടു നിർമ്മിച്ചതും അത് മനോഹരമാക്കിയതും. 
അതിനിടെ വീണുകിട്ടിയ അപൂർവമായ പാട്ട് റെക്കോർഡിങ്. അതിനുവേണ്ടിയുള്ള ആളുകളെ കണ്ടെത്തൽ, സ്റ്റുഡിയോ ക്രമീകരിച്ചത്. കോളേജിൽ നിന്നുള്ള അനുവാദം ചോദിച്ചതും പ്രിൻസിപ്പൽ പൂർണ പിന്തുണതന്നതും.  ഡിസംബർ 11 ന്  രാവിലെ ട്രെയിനിൽ കരുനാഗപ്പള്ളിയിലേക്ക് പുറപ്പെട്ടത്. റെക്കോർഡിങ്  സ്റ്റുഡിയോ ആദ്യമായി കണ്ടതിന്റെ അത്ഭുതവും അങ്കലാപ്പും. അവിടുത്തെ രസകരമായ നിമിഷങ്ങൾ. റെക്കോർഡിങ്നു മുൻപ് കായംകുളം കൊട്ടാരത്തിൽ പോയത്. അവിടെയുള്ള ഗജന്ദ്രമോക്ഷം ചിത്രം കണ്ടതും കൊട്ടാരതിന്റെ ചരിത്രം കേട്ട് ബോറടിച്ചത്. കൊട്ടാരത്തിനകത്തും പുറത്തുമുള്ള കോലാഹലങ്ങൾ. ഇതിനെല്ലാം ശേഷം 16 ലെ കരോൾ സർവീസ് എത്ര സുന്ദരമായി നമ്മൾ അവതരിപ്പിച്ചു. അതിൽ ആഫ്രിക്കൻ പാട്ടായ "twente pamoja" തന്ന എനർജി വേറെ എവിടുന്നെങ്കിലും കിട്ടുമെന്ന് തോന്നുന്നില്ല. മറ്റുള്ളവർ ഇവയെല്ലാമാസ്വദിച്ചു. 

അതിനുശേഷമുള്ള ജൂബിലി ആഘോഷങ്ങൾ. അതിനുള്ള ജൂബിലിഗാന രചന ആവശ്യപ്പെട്ടപ്പോൾ ഒന്നു മടിച്ചെങ്കിലും ഇരുകൈയ്യും നീട്ടി സ്വീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ വരികൾ സെറ്റ് ആക്കിയത്. ഉറക്കമിളച്ചുള്ള കമ്പോസിംങ്. ട്രാക്ക്നു വേണ്ടിയുള്ള കാത്തിരിപ്പ്. ഡിസംബർ 18 നു നടന്ന ഷൂട്ടിങ്. അതിനുള്ള പരിശീലനം. എല്ലാവരെയും പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങൾ. വെയിലിനെ അതിജീവിച്ചുള്ള റെക്കോർഡിങ്. മടുക്കാതിരിക്കാനുള്ള പരസ്പര പ്രോത്സാഹനങ്ങൾ. ഏറെ വൈകിയുള്ള ഷൂട്ടിംഗ്. അടുത്തദിവസം തന്നെ അത് ലോഞ്ച് ചെയ്യാനുള്ള തത്രപ്പാട്. 
എല്ലാം മനോഹരമായിരുന്നു. ഒന്നു തിരിഞ്ഞു നോക്കിക്കേ,  നമ്മൾ എത്ര  സൂപ്പറാണ്. 
ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ നമ്മൾ ഒരുപാട് പരിശ്രമിച്ചു. 
ഇതിനെല്ലാമുള്ള ശ്രമങ്ങൾക്കിടെ നേരം വൈകിയും വീട്ടിൽ പോകാൻ മനസുകാണിച്ചവർ. സാന്നിധ്യംകൊണ്ട് പ്രോത്സാഹിപ്പിച്ചവർ. വൈകി വന്നിട്ടും കണ്ണുപൊട്ടുന്ന ചീത്ത വിളിക്കാതിരുന്ന വീട്ടിലുള്ള അപ്പനപ്പൂപ്പന്മാർ. അതിലെല്ലാമുപരി എല്ലാ പിന്തുണയും തന്ന അദ്ധ്യാപകർ. 
ഇവരെക്കാളെല്ലാം പ്രധാനപ്പെട്ട ഒരാളുണ്ട്. നമ്മുടെ Jichan. കരോൾ  സർവീസ് ചെയ്യണമെന്ന് സാർ ആവശ്യപ്പെടുന്നതിന് മുൻപ് പാട്ടുകൾ നിശ്ചയിച്ചു  വേണ്ട ക്രമീകരണങ്ങൾ ചെയ്തത്. റെക്കോർഡിങ് എന്ന വലിയ ലോകത്തെ പരിചയപ്പെടുത്തിയത്. ജൂബിലിഗാനമുൾപ്പെടെ എല്ലാം ഭംഗിയായി പൂർത്തിയാക്കിയത്. മറ്റെല്ലാ തിരക്കും മാറ്റിവച്ച് അത്യധ്വാനം ചെയ്തത്. നന്ദി... ഞങ്ങളുടെ കരുതുന്നതിന്, പരിഗണിക്കുന്നതിന്, പ്രോത്സാഹിപ്പിക്കുന്നതിന്, ചേർത്തു നിർത്തുന്നതിന്. അതിലുപരി ഞങ്ങളെ ചില്ലാക്കിനിർത്തുന്നതിന്...

അവസാനമായി,  എല്ലാം സുന്ദരമായിരുന്നു. മനസും മിഴിയും നിറഞ്ഞാണ് നമ്മൾ പിരിഞ്ഞത്. ഒപ്പം കഴിഞ്ഞ രണ്ടു ക്രിസ്മസ് ആഘോഷങ്ങളും ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമാക്കിയ എല്ലാവർക്കും നന്ദി... നമുക്ക് ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഇനിയുള്ള നല്ല നിമിഷങ്ങൾക്കായി 
കാത്തിരിക്കുന്നു.....  

2019, മാർച്ച് 27, ബുധനാഴ്‌ച

ഭ്രാന്ത്

ഭ്രാന്ത്:
സ്വപ്നങ്ങൾക്കു സെസ് 
വന്നതാണ് കാര്യങ്ങൾ 
ഈ വഴിക്കായത്
പുത്തൻ നയങ്ങളുടെ
ശരവേഗ പ്രാബല്യം
സ്വപ്നങ്ങൾക്കു വിലക്കേർപ്പെടുത്തി
നിലവാരത്തിനനുസരിച്ച്
സ്വപ്നങ്ങൾക്ക്
നിറങ്ങളും ക്രമപ്പെടുത്തി
വർണ വ്യത്യാസത്തിന് 
അടവിലും ഭേദങ്ങളുണ്ടായിരുന്നു
സ്വപ്നമില്ലാത്തവരെങ്കിൽ
ഫൈനടച്ചാൽ മതീന്ന്

സ്വപ്നങ്ങൾക്കും സെസ്
ആളുകൾ ദുരിതത്തിലായിരുന്നു
ചിലർ ആത്മഹത്യ ചെയ്തു
വേറെ ചിലർ ഒളിച്ചോടി
ഇനിയും ചിലരെ കാണാതായി
മറ്റു ചിലർ പട്ടിണി കിടന്നു
ഇതിലും ഭീകരമായിരുന്നു അത്:
അവർക്കെല്ലാം ഭ്രാന്തായി


സർക്കാരിൽ നിന്ന് പുതിയ 
ധനസഹായം വന്നു
ഭ്രാന്തുള്ളോർക്ക് സൗജന്യ ചികിത്സ
ഭ്രാന്തിനു സെസ് എന്ന
ഘട്ടത്തിൽ സെസ് പിൻവലിക്കപ്പെട്ടു
നഷ്ടങ്ങൾ നികത്തിയ ശേഷം സെസ് -
സ്വപ്നത്തിന്റെയും ഭ്രാന്തിന്റെയും.

അവസാനം

അവസാനം:
ഇനിയും എല്ലാം ബാക്കിയാണ്...
പത്തുമണി വിടർന്നു തീർന്നിട്ടില്ല.
കാക്ക കൂടുകൂട്ടുന്നതേയുള്ളൂ ,
കുയിലുമുട്ടയിടാനും.
കോഴി അടയിരിക്കേണ്ട ദിനങ്ങൾ അവസാനിച്ചിട്ടില്ല.
കാലവർഷം വന്നു പോയിട്ടില്ല.

ശയനമുറികളിൽ ബലിയാരംഭിച്ചിട്ടേയുള്ളൂ.
അപ്പനപ്പൂപ്പന്മാരെല്ലാം തെരുവുകളിലേക്ക്
ആട്ടിത്തെളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
സന്താനങ്ങൾ
'ആരോ ഒണ്ടാക്കി വിട്ടതാണ് '
എന്നു പറയിപ്പിക്കാറാകുന്നു.


പുഴയിലിനിയും വെള്ളമുണ്ട്.
ഉഷ്ണക്കാറ്റ് ഇനിയുമെത്തിയിട്ടില്ല.
മലകൾ മാന്തി ചെന്നപ്പൊഴേക്കും
മരങ്ങൾ ഇനിയും ബാക്കിയെന്ന്.
കോൺക്രീറ്റിടങ്ങൾ നിറഞ്ഞിട്ടുണ്ട്,
കവിയാൻ ഇനിയും നേരമാകും.
ഇനിയും മാലിന്യങ്ങൾ വീഴാൻ
ഭൂമിയിൽ ഇടം ബാക്കിയുണ്ട്.

ഭ്രാന്തൻ നയങ്ങൾ
വരാറാവുന്നേയുള്ളൂ.
കുതികാലുവെട്ടാനാലോചനയും
കൊലപാതകങ്ങൾക്ക് ബ്ലൂ പ്രിന്റും
തയ്യാറാവുന്നേയുള്ളൂ.
യുദ്ധങ്ങൾക്കു പേരെഴുതിക്കൽ
നടക്കാനിരിക്കുന്നു.


നഗരങ്ങളിൽ പെൺകുട്ടികൾ
പീഡിപ്പിക്കപ്പെടുന്നത് 
നാമിനിയും കണ്ടില്ല.
നീ തീവ്രവാദി ആകാനിരിക്കുന്നേയുള്ളൂ.
ഞാനോ ഇനിയും ജനിച്ചിട്ടില്ല.
ഇതിനുമെത്രയോ ശേഷമാണത്
വരാനിരിക്കുന്നത്.

വിളക്കുമരം

എല്ലാക്കാലത്തേക്കും മിന്നാമിന്നിയുടെ ചെറിയ പ്രകാശത്തിൽ അവരിങ്ങനെ ഉയർന്നുനിൽക്കുന്നു ആ ചെറിയ പ്രകാശത്തിൽ  തൊട്ടു നടക്കാൻ നമ്മുടെ മിഴികൾക്ക് ത...