2020, ഏപ്രിൽ 2, വ്യാഴാഴ്‌ച

വീടുജീവിതം



നമ്മളെളെത്തന്നെ മറന്നിങ്ങനെ, എന്താണു ചെയ്യുന്നതെന്നു പോലും കൃത്യമായ ധാരണകളില്ലാതെ തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായ ഈ നിർബന്ധിത വീടുജീവിതകാലം നാം മുറിച്ചു കടക്കുന്നത്. ദിവസത്തിൽ പലപ്പോഴായി ഒരായിരംവട്ടം നാം ആവർത്തിക്കുന്ന ആ വാക്കുണ്ടല്ലോ, 'ഭയങ്കര മടുപ്പാണ് ' എന്നതിന് അതിൽത്തന്നെ ജീവനില്ലാതായിട്ടുണ്ട്.
ഇങ്ങനെയാണെങ്കിലും ഒന്നു സൂക്ഷിച്ചു നോക്കിയാൽ നാം ചെയ്യുന്ന കാര്യങ്ങളിൽ ഒരു കവിത തെളിഞ്ഞുവരുന്നതായി കാണാം. എല്ലാറ്റിലും ഒരു താളം രൂപപ്പെടുന്നുണ്ട്. നമ്മിലേക്കുതന്നെ തിരിഞ്ഞ് നാം കണ്ടെത്തിയെടുക്കാൻ ശ്രമിക്കുന്ന സന്തോഷത്തിന്റെ മറ്റൊരു തലമാണത്. ഏർപ്പെടുന്ന പ്രവൃത്തികളിൽ ആത്മാവിന്റെ ചെറിയൊരംശം ചേർത്തുവച്ചാൽ കുറേക്കൂടി വ്യക്തമായി ഇതു കേൾക്കാനാവും. 

ഒരു കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ, അടുക്കളയിലിരുന്ന് കറിക്കായി ഉള്ളിയരിയുന്നതിനിടെ കണ്ണുനിറയുമ്പോൾ, തുണിയലക്കുന്നതിനിടെ കണ്ണിലേക്ക് പാറിവീണ മുടിയിഴ ഒതുക്കി വയ്ക്കുമ്പോൾ, എപ്പോഴും ഒറ്റയ്ക്കിരിക്കാറുള്ളയിടത്തിൽ മനസിനെ ചിന്തയുടെ കാട്ടിലേക്ക് അലസമായി മേയാൻ വിടുമ്പോൾ, നഗരത്തിലെ ട്രാഫിക് സിഗ്നലിൽ പച്ച തെളിയുന്നതിനായി കാത്തു നിൽക്കുമ്പോൾ, ടെലിവിഷനിലെ നൂൺഷോ കണ്ടു കൊണ്ടിരിക്കുമ്പോൾ, കുളിമുറിയിലെ ഷവറിനടിയിൽ സ്വയം മറന്നു നിൽക്കുമ്പോൾ, ശയനമുറിയിലെ കിടക്കയിൽ പാതിയടഞ്ഞ കണ്ണുകളുമായി ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ ഒക്കെ ഇതു സംഭവിക്കാറുണ്ട്. 
ഈ ദിവസങ്ങളിൽ ചിലരെങ്കിലും അത്തരം ചില സന്തോഷങ്ങളെ തിരിച്ചറിയുന്നുണ്ട്. പതിവായി മുറ്റമടിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക് ഇനി അതൊരു ചടങ്ങാക്കി അവസാനിപ്പിക്കാനാവില്ല. അവശേഷിപ്പിക്കുന്ന ചിത്രങ്ങളും കൈവേഗവും തമ്മിൽ നിർമ്മിച്ചെടുക്കുന്ന ആ താളാത്മകത അതിനെ കുറേക്കൂടി ഏകാഗ്രമാക്കും.


ഒപ്പം ചുറ്റുമുള്ളവയിലേക്കു കണ്ണു പായിക്കാൻ, കൂടെപ്പാർക്കുന്ന പ്രകൃതിയെ, അതിന്റെ വൈവിധ്യങ്ങളോടെ ആസ്വദിക്കാൻ ഈ ചെറിയ കാലത്തിൽ നമുക്കു കഴിയണം. കണ്ണു തുറന്നു നോക്കിയാൽ കൺനിറയ്ക്കുന്ന കാഴ്ചകളാണ് ചുറ്റിലും. ചെറിയ ചെടികളും കുഞ്ഞു പൂക്കളും പല നിറത്തിലുള്ള തുമ്പികളും ശലഭങ്ങളും പ്രാണികളുമൊക്കെയായി സുന്ദരലോകം. അവയുടെ ലോകത്തിൽ നമുക്ക് തീരെ എൻട്രിയില്ലാത്തതല്ല, നമ്മൾ അവയെ തീരെ ശ്രദ്ധിക്കുന്നില്ലെന്നതാണ് കാര്യം. വീട്ടുമുറ്റത്തും തൊടിയിലും നിൽക്കുന്ന പൂക്കളിലെ തേൻ കുടിക്കാൻ വരുന്ന ശലഭങ്ങൾ എത്ര ഭംഗിയുള്ള കാഴ്ചയാണ്. അങ്ങനെ വ്യത്യസ്തങ്ങളായ  ശലഭങ്ങൾ നമ്മുടെ പൂന്തോട്ടങ്ങളിൽ വരുന്നുകാരാവുന്നു. അതോടൊപ്പം നമുക്കു ചുറ്റും പറന്നു നടക്കുന്ന ചെറുതും വലുതുമായ കിളികൾ, അവയുടെ കലപില ശബ്ദങ്ങൾ. ഇവയുടെ പാട്ടു കേട്ടുകൊണ്ടാണ് നമ്മുടെ ദിവസങ്ങളാരംഭിക്കുന്നതും അവസാനിക്കുന്നതും. ഒന്നു കാതോർത്താൽ കാതുകളുടെ വസന്തകാലം നമുക്കാസ്വദിക്കാവുന്നതേയുള്ളൂ. കാക്കയും കുയിലും കൂമനും കുളക്കോഴിയും കൊക്കും കത്രികവാലനും തൂക്കണാംകുരുവിയും  തൊപ്പിക്കാരനും പൊന്മാനും പുള്ളിക്കുയിലും 
പേരത്തത്തയും ചകോരവും മഞ്ഞക്കിളിയും മരംകൊത്തിയുമെല്ലാം നമുക്കു ചുറ്റും പാറി നടക്കുന്നുണ്ട്. അവയുടെ കുഞ്ഞു കൗതുകങ്ങളെ കണ്ണുവെക്കാൻ കാത്തിരിക്കുന്നതെന്തിന്. 
(നമുക്കു വരുന്ന ഫോൺ കോളുകളിലും വാട്സ്ആപ്പ് ഓഡിയോ ക്ലിപ്പുകളിലും ഒന്നു കാതോർത്താൽ ഇവയെ നമുക്ക് വേർതിരിച്ചറിയാനാവും.) വീടിന്റെ ജനാല ചില്ലിൽ പതിവായി വന്നു ചുണ്ടുകൊട്ടി വിളിക്കുന്ന പേരറിയാത്ത ആ ചെറുകിളി എന്താവും ചെയ്യുന്നുണ്ടാവുക.
ഇതു കുറിക്കുന്ന നേരത്ത് എന്നെ രണ്ടു തവണ വലംവച്ച് കയ്യിൽ വന്നിരുന്നിട്ട് ഈ ചെറുതിനെ മറന്നോ എന്ന ഭാവത്തിൽ ആ ചെറിയ വെട്ടവുമായി പറന്നു പോകുന്നൊരാൾ - മിന്നാമിന്നിയാണത്.


അനിശ്ചിതമായ ഒരു വനവാസകാലത്തിലാണു നാം. യാതൊന്നിനെക്കുറിച്ചും ആശങ്കപ്പെടേണ്ടതില്ലാതെ, ഇന്നേതു ദിവസമാണെന്നു പോലുമറിയേണ്ടതില്ലാതെ പതിവിലും വൈകി ഉറങ്ങിയെഴുന്നേൽക്കുന്നു.
അതികാലത്തെ നടത്തമില്ല, തിങ്കളാഴ്ചകളെ ഭയക്കുന്നില്ല, ചെയ്യാൻ മറന്ന ഹോംവർക്കിനേയും എടുക്കാൻ മറക്കാത്ത ചോറ്റുപാത്രത്തെയും ചേരുംപടി ചേർക്കുന്ന ആ ടീച്ചറില്ല, ഓഫീസിൽ എത്താൻ വൈകിയതിനുള്ള പുതിയ കാരണങ്ങൾ കണ്ടെത്തേണ്ടതില്ല, പള്ളിയിലോ അമ്പലത്തിലോ പോകേണ്ട ബുദ്ധിമുട്ടില്ല, ദിവസവും ചന്തയിൽ പോകേണ്ട തൊന്തരവുകളില്ല, അനാവശ്യ അതിഥികളോ എന്തിന്; അയൽപക്കങ്ങളെക്കൊണ്ടുമുള്ള ശല്യങ്ങളോ ഇല്ല, കല്യാണങ്ങളോ അടിയന്തിരമോ ഇരുപത്തെട്ടുകെട്ടോ ഇല്ലാത്തതിനാൽ കവറുകളുടെ കണക്കെടുപ്പില്ല, ഉദാരമായ സംഭാവനയ്ക്കോ പിരിവിനോ ഇപ്പോ ആരും വരാറില്ല, ഹർത്താലിനോടും ബന്ദിനോടുമുള്ള ആ ആവേശമിന്നില്ല, പൊതുനിരത്തുകളിൽ വാഹനങ്ങളോ ട്രെയിനോ വിമാനമോ ബോട്ടോ ഇല്ലാത്തതിനാൽ യാത്രയുടെ ക്ഷീണമില്ല, ചായ പീടികകൾ അടഞ്ഞുകിടക്കുന്നതിനാൽ നാട്ടിൻപുറത്തെ അച്ചായന്മാർക്ക് ആ പഴയ ഉഷാറില്ല...... എന്നിട്ടും നമ്മൾ നാലുനേരം ഭക്ഷണം കഴിച്ചു ജീവിക്കുന്നു.


ഒന്നു തിരിഞ്ഞു നോക്കിയാൽ എന്തൊക്കെ കാഴ്ചകളാണു പിന്നിൽ. 
നേരമ്പോക്കിനു നേരമില്ലാതിരുന്ന നമുക്കിപ്പൊ നേരമ്പോക്കു കഴിഞ്ഞൊരുനേരമില്ലാതായിരിക്കുന്നു. റോഡിലിറങ്ങുന്ന ആ ചെറിയ ശതമാനത്തെ ഒഴിച്ചു നിർത്തിയാൽ റോഡിലെ പാച്ചിലുകളില്ലാത്തതിനാൽ അവിടെ പായവിരിച്ചുറങ്ങാം.
വായു-ശബ്ദ- ജലമലിനീകരണങ്ങളില്ല.
നോക്കൂ, എല്ലാവരും എത്ര ശാന്തരാണ്. യാതൊരു തിടുക്കങ്ങളുമില്ല.
പ്രകൃതി അതാസ്വദിക്കുന്നുണ്ടെന്നു തോന്നുന്നു. ആസ്വദിക്കുക മാത്രമല്ല, കളിയാക്കുക കൂടി ചെയ്യുന്നുണ്ട്. കുയില് ഒരുമാതിരി ആക്കി കൂവുന്നത് പോലെ.
മുറ്റത്തിരിക്കുന്ന കാക്ക, "എന്താ പുറത്തേക്കൊന്നും പോണ്ടേ..?"  എന്ന് തലചെരിച്ച് ചോദിക്കുന്ന പോലെ.
എന്നും നമ്മൾ പോകുന്നതും വരുന്നതും വാലാട്ടി നോക്കി നിന്നവൻ ഇപ്പൊ കാലത്തെഴുന്നേറ്റ് വീട്ടുപടിക്കലിരിക്കുന്ന നമ്മെ നോക്കി - "മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി ഇവിടിരുന്നോണം. ഗേറ്റ് കടന്നെങ്ങാനും പുറത്തേക്കിറങ്ങിയാലാ.. " - എന്ന ഭാവത്തിൽ ഒന്നമർത്തി മൂളിയിട്ട് ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നു.
അവസാനം ഇവിടുത്തെ കളിയെല്ലാമവസാനിപ്പിച്ച് മടങ്ങി ചെല്ലുമ്പോൾ നീയെന്തെല്ലാം കണ്ടുവെന്ന് ചോദിക്കുന്നൊരാൾക്കു മുന്നിൽ, 


സന്തോഷത്തിന്റെ രഹസ്യമറിയാൻ മരുഭൂമിയിലെ ഗുരുവിന്റെയടുത്തെത്തുന്ന പയ്യനേക്കാൾ ശിരസുതാഴ്ത്തി നിൽക്കേണ്ടി വരും.

വിളക്കുമരം

എല്ലാക്കാലത്തേക്കും മിന്നാമിന്നിയുടെ ചെറിയ പ്രകാശത്തിൽ അവരിങ്ങനെ ഉയർന്നുനിൽക്കുന്നു ആ ചെറിയ പ്രകാശത്തിൽ  തൊട്ടു നടക്കാൻ നമ്മുടെ മിഴികൾക്ക് ത...