2021, ഒക്‌ടോബർ 26, ചൊവ്വാഴ്ച

പൊട്ടും പൊട്ടാതിരിക്കില്ല




"ജനങ്ങൾക്കു വേണ്ടി, ജനങ്ങളാൽ, ജനങ്ങളുടെ......"
എന്നിങ്ങനെ പറഞ്ഞാണ് ഇന്ത്യൻ ഭരണഘടന ആരംഭിക്കുന്നതെന്ന് ചെറുതിലേ പഠിച്ചതോർക്കുന്നു.
ഇതിപ്പോ, ചിലർ വരുമ്പൊ ചരിത്രം വഴിമാറുമെന്ന് പറഞ്ഞപോലെയാണ്. ചിലർ വന്നപ്പൊ ചില നിയമങ്ങളും അവർ വഴിമാറ്റി. ഒരു സംസ്ഥാനത്തെ 30+ ലക്ഷം വരുന്ന ജനങ്ങളുടെ ആശങ്ക നിയമപരമായി നേരിടുമെന്ന് പറയുന്ന ആ സഖാവിനോട് ഇനിയെന്ത് പറയാനാണ്. ഇങ്ങനെയുള്ള ഇരട്ടത്താപ്പുകൾ ഇനിയുമുണ്ടാവും. പക്ഷേ, അതൊക്കെ കാണാൻ നമ്മളുണ്ടാവില്ല.

അല്ലെങ്കിൽത്തന്നെ ആയകാലത്ത് എഴുതിയുണ്ടാക്കിയ കരാറിൽ 999 എന്ന് എഴുതി ഒപ്പിടാൻ മാത്രമുള്ള ബോധമേ അവർക്കുണ്ടായിരുന്നുള്ളൂ എന്നു വിശ്വസിക്കാൻ പ്രയാസമാണ്. പക്ഷേ, ഇക്കാലത്തും അതുതന്നെ ആവർത്തിക്കപ്പെടുമ്പോൾ ഇതിനേക്കാൾ അത് കുറച്ചൂടെ വിശ്വസനീയമാകുന്നു.

എല്ലാ കാലവർഷത്തിലും ഇടുക്കിയിൽ
ആവർത്തിക്കപ്പെടുന്ന ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഈയടുത്തിടെ തുടച്ചയായുണ്ടായ ഭൂചലനങ്ങളും എങ്ങനെയാണ് കണ്ണടച്ച് അവഗണിക്കാനാവുന്നത്. കസ്തൂരിരംഗൻ ഗാഡ്ഗിൽ റിപ്പോർട്ടുകളനുസരിച്ച് ഇടുക്കി പരിസ്ഥിതിലോല പ്രദേശമാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്കുണ്ട്. വലിയ കെട്ടിടങ്ങൾ പലതും പൊളിച്ചു കളയാനും നിർദേശമുണ്ട് / ശ്രമങ്ങളുണ്ട്. എന്നിട്ടും ഇത്രയും പഴക്കംചെന്ന, മറ്റൊരു ആറ്റംബോംബായ ഈ ഡാമിന്റെ കാര്യത്തിൽ മാത്രം ആർക്കും അത്ര മൈൻഡ് പോര.

ചിലരുടെയെങ്കിലും സ്റ്റാറ്റസുകളിൽ കണ്ടതുപോലെ, ഡാമിന്റെ കാര്യത്തിൽ ജനങ്ങൾക്ക് വിശ്വാസം വരാൻ മുഖ്യമന്ത്രിയും കുടുംബവും ഡാമിന്റെയടുത്ത് വന്ന് താമസിക്കണം. അല്ലെങ്കിൽ നിയമസഭ ഇടുക്കിയിലേക്ക് മാറ്റിയാലും മതി.

അല്ലെങ്കിൽ തന്നെ നമ്മളിത്ര ഭയപ്പെടുന്നതെന്തിനാണ്..? ഡാം പൊട്ടുമെങ്കിൽ ആ വിവരം അത് ആദ്യം മാധ്യമങ്ങളെയും സംസ്ഥാന സർക്കാരിനെയും വിളിച്ചറിയിക്കും. എന്നിട്ടേ അത് സ്വയം പൊട്ടൂ. ഈ ഉറപ്പ് അവർക്കുള്ളതുകൊണ്ടല്ലേ അവർ ഇത്രയും ആത്മവിശ്വാസത്തോടെ അതിനേക്കാൾ പ്രധാനപ്പെട്ട മറ്റ് വിഷയങ്ങളിൽ ശ്രദ്ധയൂന്നി നിൽക്കുന്നത്. കൊറോണയെ ചെറുക്കാൻ എല്ലാവരേയും വീട്ടിലിരുത്തുകയും നമ്മുടെ വയറുനിറയ്ക്കാൻ എല്ലാമാസവും സൗജന്യ കിറ്റ് തരാനും ശ്രദ്ധിക്കുന്ന സർക്കാർ ഡാമിന്റെ കാര്യത്തിലും ഇതേ ശ്രദ്ധ കാണിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തല്കാലം നാമിത്രയും പരിഭ്രാന്തരാകേണ്ട കാര്യമില്ല.

ഇനിയും നിങ്ങൾ കാര്യങ്ങൾ മനസിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ നിയമപരമായി നേരിടുന്നതിൽ തെറ്റില്ലെന്നാണ് എന്റെ ഒരിത്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഈ സർക്കാർ ഇതേ പൊതുജനങ്ങളുടെ ആശങ്കയെ നിയമപരമായി നേരിടുന്നതിൽ എവിടെയാണ് തെറ്റ്. മാനുഷിക പരിഗണനയേക്കാൾ നിയമപരമായ ഇടപെടലാണ് നല്ലതെന്ന് ഇതിനു മുമ്പുള്ള ചില കേസുകളിൽ നിന്ന് നാം മനസിലാക്കിയ കാര്യമാണ്. കിറ്റും കൊണ്ട് പെതുജനങ്ങൾ അവരുടെ ദൈനംദിന കാര്യങ്ങൾ എല്ലാം നിർവഹിക്കുന്നതുപോലെ ഇക്കാര്യത്തിൽ സോഷ്യൽ മീഡിയയിലെ നമ്മുടെ ആശങ്കയെ നിയമപരമായി നേരിട്ടാൽ തീരാവുന്ന പ്രശ്നമേ നമുക്കുള്ളൂ.

NB: ഞാൻ പയ്യെ കടപ്പുറത്തേക്ക് പോവുകയാണ്. കടലിലേക്ക് ഒഴുകിയിറങ്ങുന്ന വെള്ളത്തോടൊപ്പം നിങ്ങളെയെല്ലാം അവിടെവച്ച് വൈകാതെ കണ്ടുമുട്ടാമെന്ന് പ്രതീക്ഷിക്കുന്നു. പടിഞ്ഞാറൻ സൂര്യന് അഭിമുഖമായി നിൽക്കുന്ന എനിക്കുനേരേ നീന്തിവരുന്ന നിങ്ങളേയും കാത്ത് നിങ്ങളുടെ 
സ്വന്തം................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വിളക്കുമരം

എല്ലാക്കാലത്തേക്കും മിന്നാമിന്നിയുടെ ചെറിയ പ്രകാശത്തിൽ അവരിങ്ങനെ ഉയർന്നുനിൽക്കുന്നു ആ ചെറിയ പ്രകാശത്തിൽ  തൊട്ടു നടക്കാൻ നമ്മുടെ മിഴികൾക്ക് ത...