2021, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

ഒഴിഞ്ഞു പോകുമ്പോൾ



ലോകമന:സാക്ഷിയുടെ ക്രൂരമായ മൗനത്തിന്റെ പുതിയ ഇരകളാണ് ടേക് ഓഫ് ചെയ്ത വിമാനത്തിൽ നിന്ന് താഴേക്ക് പറന്നു വന്നതായി നാം കണ്ടവർ. അല്പം കൂടെ ക്ഷമിച്ചാൽ ഇതിലും വെറൈറ്റിയുള്ള പലതും ചിലപ്പോൾ അവിടെ നിന്നും കാണാൻ കഴിഞ്ഞേക്കും. 

വിദ്യയറിഞ്ഞതിന്റെ പേരിൽ താഴ്ന്ന ജാതിക്കാരുടെ ചെവിയിൽ ഈയം ഉരുക്കിയൊഴിച്ച ഒരു ചരിത്രമുണ്ട് നമുക്ക്. പക്ഷേ, ഇതവിടംകൊണ്ടും തീരുന്നില്ല. അവരുടെ ആകാശങ്ങൾക്ക് ഇനി കറുത്ത നിറമായിരിക്കും. അവരുടെ കുട്ടിക്കാലമവസാനിക്കുന്നു, അവരുടെ യൗവ്വനമവസാനിക്കുന്നു, അവരുടെ വാർദ്ധക്യവുമവസാനിക്കുന്നു.

നമ്മൾ സ്വാതന്ത്ര്യത്തിലായ വർഷങ്ങളുടെ കണക്കുപറയുമ്പോൾ തൊട്ടടുത്തൊരു രാജ്യം കത്തിയമരുന്ന സ്വാതന്ത്ര്യങ്ങളുടെ കണക്കെടുക്കാനാവാതെ ആകെ പൊള്ളി നിൽക്കുന്നു.

വിമാനത്താവളങ്ങളെപ്പോഴാണ് ബസ്റ്റാന്റുകൾ മാതിരിയാക്കിയത്.? റൺവേയിലൂടെ നീങ്ങിത്തുടങ്ങിയ വിമാനത്തിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്ന കാഴ്ച നമ്മുടെ ചുണ്ടിൽ ചിരിവിടർത്തുക മാത്രമാണ് ചെയ്യുന്നത്. ജീവനും കയ്യിൽപ്പിടിച്ച് ഒരു രാജ്യം പരക്കം പായുമ്പോൾ നമുക്കാകെയുള്ളത് ഒരുത്രാടപ്പാച്ചിലാണ്.

നിസാരമായ ഒരു ഭരണ മാറ്റത്തെ ഇത്രയും ഭയക്കേണ്ടതുണ്ടോ..? അതിങ്ങനെ മതഭരണത്തിന്റെ  പേരിലാകുമ്പോ വരാനിരിക്കുന്ന അപകടത്തെ മുന്നിൽ കണ്ട് ഒരു ജനതയൊന്നാകെ പലായനത്തിന് മുതിരുന്നു. സംഭവിക്കാനിരിക്കുന്ന ആ വലിയ അപകടത്തിൽ നിന്ന് സ്വയം ഒഴിഞ്ഞു മാറുന്നു. പക്ഷേ, അതിനുമുള്ള സാധ്യതകളില്ലാതാകുമ്പോൾ പിന്നെയെന്തു ചെയ്യാനാണ് - ഇങ്ങനെ തൂങ്ങിക്കിടക്കുകയല്ലാതെ..?

നമ്മുടെ ഇടവഴികളിലൂടെ രണ്ടാമതൊരിക്കൽക്കൂടി പോലീസ് വണ്ടി പോയാൽ അസ്വസ്ഥരാണ് നാം. കാബൂളിൽ നിരത്തുകളിലൂടെ തോക്കുകളുമായി താലിബാൻ റോന്തുചുറ്റുകയാണ്. ക്രമസമാധാനം മുൾമുനയിൽ പാലിക്കപ്പെടുന്നു.
ഭരണകൂടം ഒരമ്പത് വർഷം പിറകിലാണെന്ന് അവരിങ്ങനെ പുരമുകളിൽ നിന്ന് പ്രഘോഷിക്കുന്നു.

ഒപ്പം നമ്മുടെ അയൽക്കാർ പരസ്യമായി അവരെ പിന്തുണച്ചു കഴിഞ്ഞു. ഇനിയുള്ളതെല്ലാം കണ്ടറിയണം. 
മതതീവ്രവാദവും അപകടമാണെന്ന് കാലം തെളിയിച്ചിട്ടും
പാടില്ലാത്തൊരു നിശബ്ദതയാണ് ചുറ്റിലും. ആർക്കുവേണ്ടിയോ കാത്തിരിക്കുകയാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വിളക്കുമരം

എല്ലാക്കാലത്തേക്കും മിന്നാമിന്നിയുടെ ചെറിയ പ്രകാശത്തിൽ അവരിങ്ങനെ ഉയർന്നുനിൽക്കുന്നു ആ ചെറിയ പ്രകാശത്തിൽ  തൊട്ടു നടക്കാൻ നമ്മുടെ മിഴികൾക്ക് ത...