2021, സെപ്റ്റംബർ 14, ചൊവ്വാഴ്ച

ദൂരം

ഭൂതവും
വർത്തമാനവും
ഭാവിയും 
പരദേശവാസത്തിന്റെ
കഥ പറയുന്നുണ്ട്.
വിപ്രവാസത്തിന്റേത്
കറുത്ത ദിനങ്ങളെന്ന്
ചരിത്രം.
ഒന്നു കാതോർത്താൽ
ഉയർന്നു കേൾക്കുന്നതത്രയും
വേദനയുടെ,
ആകുലതയുടെ,
അസമാധാനത്തിന്റെ,
നഷ്ടപ്പെടലുകളുടെ,
പിൻസ്വരങ്ങളാണ്.

ചരിത്രത്തിലിരുന്ന്
ഇസ്രായേലുപറയുന്നുണ്ട്,
അലൻ കുർദിയെന്ന
കുഞ്ഞ്
മണ്ണിൽ ശരീരം ചേർത്ത്
പറയുന്നുണ്ട്,
അഫ്ഗാനിൽ നിന്നു വീശുന്ന
കാറ്റിനു പറയാനുണ്ട്;
എല്ലാരും പറയുകയാണ്.

വിപ്രവാസത്തിലാണ് ഞാനും -
സുഖങ്ങളുടെ.
ഗർഭപാത്രത്തിൽ നിന്നാരംഭിക്കുന്നു
എന്റെ വിപ്രവാസം.
എന്നെ അറിയുന്നവരെങ്കിലും
എന്നെ അറിഞ്ഞിട്ടില്ലാത്തവരുടെ
ഇടയിലാണ് ഞാൻ.
ഇനിയുമെത്തിച്ചേരേണ്ട
ഇടത്തിലേക്കുള്ള 
യാത്രയിലാണ് ഞാൻ.

തിരുക്കുടുംബത്തിന്റെ
കരുതലിൽ
പരദേശവാസമുണ്ടെന്റെ 
മുന്നിൽ.
സുവിശേഷം ജീവിച്ച
ശിഷ്യരുടെ
മാതൃകയുെണ്ടെന്റെയറിവിൽ
വിശുദ്ധാത്മാക്കളുടെ
പുണ്യചരിതങ്ങളുടെ
പരിമളമുണ്ടെന്റെ ചുറ്റിലും.
വിപ്രവാസത്തിലാണെന്ന്
ബോധ്യം തരുന്നൊരു
സഭയിലാണിന്നു ഞാൻ.

കരുതലിൻ
സുവിശേഷത്തിന്റെ
പരിമളം
പ്രവാസത്തിന്റെ
സുവിശേഷം
പറയുമ്പോൾ
ഞാനും പ്രവാസിയാകുന്നു.

.



(Ulsav 2021
ഫൊറോന കവിതാരചന -
ഞാൻ പ്രവാസി )

1 അഭിപ്രായം:

വിളക്കുമരം

എല്ലാക്കാലത്തേക്കും മിന്നാമിന്നിയുടെ ചെറിയ പ്രകാശത്തിൽ അവരിങ്ങനെ ഉയർന്നുനിൽക്കുന്നു ആ ചെറിയ പ്രകാശത്തിൽ  തൊട്ടു നടക്കാൻ നമ്മുടെ മിഴികൾക്ക് ത...