"മനസിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും "
ഗ്രാമീണ നന്മകളെ മനസിൽ നിറയ്ക്കാനുള്ള കവിയുടെ ആഹ്വാനമാണിത്.
നന്മനിറഞ്ഞ നാളുകളെക്കുറിച്ചുള്ള ഓർമ്മയാണ് ഓണം. ഐതീഹ്യങ്ങളുടെ പിൻബലത്തിൽ ഒരുദേശം തങ്ങളുടെ സമൃദ്ധിയുടെ ഉത്സവമാഘോഷിക്കുന്നു.
വറുതിയുടെ കർക്കിടകത്തിനു ശേഷം ചിങ്ങം പിറക്കുന്നത് സമൃദ്ധിയുടെ നിറംപിടപ്പിച്ച കഥകളുമായാണ്. മുണ്ടുമുറുക്കിയുടുത്ത് പശിമറക്കാൻ പഠിച്ചവർ പക്ഷേ, പത്തായം നിറയുന്നത് സ്വപ്നം കാണുന്നുണ്ടാവും.
ഓർമ്മയുടെ ചില്ലുകൊട്ടാരങ്ങൾക്ക് എപ്പോഴും ചന്തംകൂടുതലാണ്. മാവേലിയും അത്തപ്പൂക്കളവും ഓണാഘോഷങ്ങളും ഓണക്കോടിയും ഓണസദ്യയും ഓണവിശേഷങ്ങളുമെല്ലാം മനസു നിറക്കുന്ന ഓർമ്മകൾ തന്നെ. അതുകൊണ്ടാണ് സിനിമാതാരങ്ങളുടെ ഓണയോർമ്മകൾക്ക് ഇത്ര ഡിമാൻഡ്.
ഓണപ്പരീക്ഷയും ഓണാവധിയും ബന്ധുവീട്ടിലെ ഒത്തുചേരലുകളും ആഘോഷങ്ങളും ഭംഗിയുള്ള ഓർമ്മകളാകുന്നത് അതുപങ്കുവയ്ക്കുന്ന നന്മകൊണ്ടുമാത്രമാണ്.
അത്തം മുതൽ തിരുവോണംവരെ പത്തുദിവസം മുടങ്ങാതെ അത്തപ്പൂക്കളമിടാനുള്ള ആകാംക്ഷയും ആഹ്ലാദവും. അതിരാവിലെ എഴുന്നേറ്റ് പൂക്കൾ ശേഖരിക്കാനുള്ള അലഞ്ഞുതിരിയലുകൾ. എല്ലാ വർഷവും പൂക്കൾ ശേഖരിക്കുന്നതിനിടെ കണ്ണിലുടക്കുന്ന കൗതുകമുണർത്തുന്ന പൂക്കൾ. പതിവായി വിരുന്നുവരാറുള്ള ഓണത്തുമ്പികൾ. ഊഞ്ഞാലാടാനായി ഊഴമിട്ടുള്ള കാത്തിരിക്കലുകൾ. പട്ടം പറത്തൽ വിനോദങ്ങൾ. ഓണ സിനിമകൾക്കായുള്ള തിരക്കൊഴിയലുകൾ. ഓണക്കോടിയുടുത്തുള്ള വിലസലുകൾ. അടുക്കളപ്പുറങ്ങളിലെ കോലാഹലങ്ങൾ. തീയണയാത്ത അടുപ്പുകൂട്ടങ്ങൾ. എണ്ണിയെടുക്കാനാവാത്ത ഓണവിഭവങ്ങൾ. പായസ രുചിമേളങ്ങൾ. അങ്ങനെ കൊതിപടർത്തി കടന്നുപോയ ഓണദിവസങ്ങൾ.
പുലികളിയും തുമ്പിതുള്ളലും തിരുവാതിരയും കാഴ്ചയ്ക്ക് വിരുന്നൂട്ടിയ ദിവസങ്ങൾ. വള്ളംകളിയും വായ്ത്താരികളും ഈണം പകർന്ന ദിനങ്ങൾ.
ഓർമ്മകൾക്ക് കനമേറുകയാണ്. കാലത്തിന് ഡ്യൂക്ക് ബൈക്കിൻ്റെ മാതിരി വല്ലാത്തൊരു വേഗതയുണ്ട്. അത്രതന്നെ വേഗത്തിൽ ചില ശീലങ്ങളെ നാമും കൈവിട്ട് കളയുന്നുണ്ട്.
സ്റ്റാറ്റസിനനുസരിച്ച് ഓണത്തിന് നിറം മാറീട്ട്ണ്ട്. ഓഫറുകളുടെ ഓണമാണിത്. തൊടിയിലെ പൂക്കളേക്കാൾ വിദേശത്തുനിന്നെത്തിയ പൂക്കൾ നിരത്തിയ ഗമയുള്ള പൂക്കളങ്ങളുടെ ഓണം. വളരെ വൈകിയെഴുന്നേറ്റ്, തീ പുകയേണ്ടതില്ലാത്ത അടുപ്പുകളുടെ ഓണം. എണ്ണിയെടുക്കാനായി ഓണത്തുമ്പികൾ അവശേഷിക്കുന്നില്ലാത്ത ഓണം. സ്വീകരണമുറിയിലെ ഭിത്തിയിൽ തൂങ്ങിയ മുപ്പതിഞ്ച് വലിപ്പത്തിന് ചെറുപ്പമെന്ന് പിറുപിറുക്കുന്ന ഓണം. വിഭവങ്ങളുടെ ലാളിത്യത്തിൽ കുലീനമായൊരോണം.
അങ്ങനെ ഓണവിശേഷങ്ങൾ ഓർമ്മകൾക്ക് വഴിമാറുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ