2022, ഫെബ്രുവരി 14, തിങ്കളാഴ്‌ച

കലണ്ടറിൽ കൂണുമുളയ്ക്കുമ്പോൾ

ഇന്ന് വാലന്റൈൻസ് ഡേ.
വിരലിലെണ്ണാവുന്ന വർഷങ്ങളേ ആയിട്ടുള്ളൂ, ഇത്തരം ദിവസങ്ങൾ അനാവശ്യമായ ഒരാഘോഷമായി മാറിയിട്ട്.
ഈ ലോകം പ്രണയിക്കുന്നവരുടേതു മാത്രമാണെന്ന് നാമിങ്ങനെ വരുത്തിത്തീർക്കുന്നു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടേത് മാത്രമാണ് വിജയം എന്നു കരുതുന്നത്രയും വിവരക്കേടു പോലെ.

പരാജയപ്പെട്ടവന്റേതു കൂടിയാണീ ലോകം - പ്രണയമില്ലാത്തവന്റേയും. ഒരുപക്ഷേ, കുറേക്കൂടി സുന്ദരമായി, ലളിതമായി, ആത്മവിശ്വാസത്തോടെ അവരിങ്ങനെ നമ്മെക്കടന്നു പോകുന്നുണ്ട്. പ്രണയം മാത്രമാണ് ഭൂമിയിലെ ഏകവികാരമെങ്കിൽ അതെത്ര ഭീകരമാകുമായിരുന്നു. ഭൂമിയിലെ എല്ലാ പൂക്കളും റോസയായിരുന്നെങ്കിൽ ആ സൗന്ദര്യം നാമെങ്ങനെ ആസ്വദിക്കുമായിരുന്നു. അതുകൊണ്ട്
എല്ലാം അതിൽതന്നെ സുന്ദരമാണ്.

അക്ഷയ തൃതീയ മലയാള കലണ്ടറിൽ തെളിഞ്ഞു തുടങ്ങിയിട്ട് ചില്ലറ വർഷങ്ങളേ ആയിട്ടുള്ളൂ. മലയാളിയുടെ ആഭരണ മോഹത്തിലേക്ക് കെട്ടിയിറക്കപ്പെട്ട കച്ചവട തന്ത്രമാണിതെന്ന് ചിന്തിച്ചു തലപുണ്ണാക്കാൻ നമുക്ക് നൊസ് ഒന്നുമില്ലല്ലോ. ഉമിനീരിനേക്കാൾ ആർത്തിയോടെ, മാധ്യമങ്ങൾ പറയുന്നത് നിലംതൊടാതെ വിഴുങ്ങാൻ നമുക്കാവേശമാണ്. ഇനിയും ഇത്തരം ദിനങ്ങൾ കൂണുകണക്കേ നമ്മുടെ കലണ്ടറുകളിൽ മുളച്ചു വരും.
ഹഗ് ഡേയും കിസ്സ് ഡേയും പ്രൊപ്പോസ് ഡേയും അങ്ങനെയെന്തെല്ലാം.

ഒരാളുടെ സ്വകാര്യതയിൽ സംഭവിക്കേണ്ട ചിലത് സ്വീകരണ മുറിയിലെ 36 ഇഞ്ച് സ്ക്രീനിൽ കുടുംബത്തിലെ എല്ലാവരോടുമൊപ്പം കാണേണ്ടിവരുന്നതിലെ ചമ്മലൊന്നും നമ്മുടെ കണ്ണുകളിലിപ്പോഴില്ല.
നമ്മളിങ്ങനെ നമ്മെത്തന്നെ വിറ്റു ജീവിക്കുന്നു.
പ്രണയമാണ് അടിസ്ഥാന വികാരമെന്ന് നമ്മെയാരോ, അല്ല - നവമാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചതാണ്.
പ്രണയത്തേക്കാളും സുന്ദരമായ മറ്റു ചിലതുകൂടിയുണ്ട് എന്ന് പുതിയ കാലത്തെ പറഞ്ഞു പഠിപ്പിക്കേണ്ട ഗതികേടിലാണിപ്പോൾ.

പ്രണയങ്ങൾ ഉണ്ടാവട്ടെ
പരസ്പരം ചേർത്തുപിടിച്ച് നിൽക്കട്ടെ
സ്നേഹചുംബനങ്ങളുണ്ടാകട്ടെ
ഇവയെല്ലാം എല്ലാ ദിവസത്തേക്കുമുള്ളതാകട്ടെ....

പറഞ്ഞു വന്നത്,
അനാവശ്യമായ ചില ആഘോഷങ്ങൾ ഒഴിവാക്കുക തന്നെയാണ് നല്ലത്. എല്ലാ ദിവസവും ആഘോഷങ്ങളായാൽ ആഘോഷങ്ങളുടെ ആ ഭംഗി ചോർന്നുപോകും.

🦋😇🥳❣️✨🦋


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വിളക്കുമരം

എല്ലാക്കാലത്തേക്കും മിന്നാമിന്നിയുടെ ചെറിയ പ്രകാശത്തിൽ അവരിങ്ങനെ ഉയർന്നുനിൽക്കുന്നു ആ ചെറിയ പ്രകാശത്തിൽ  തൊട്ടു നടക്കാൻ നമ്മുടെ മിഴികൾക്ക് ത...