2022, ജനുവരി 6, വ്യാഴാഴ്‌ച

ദൂരം



ഒരുക്കത്തിലാണവർ
പ്രവചനങ്ങളുടെ പൂർത്തീകരണത്തിന്
മൗനസങ്കീർത്തനത്തിന്റെ
കഥ പറയുകയാണ് സഖറിയ
അവിശ്വാസത്തിലുടക്കിക്കിടക്കുന്ന
വിശ്വാസത്തിന്
ജീവിത സങ്കീർത്തനംകൊണ്ട്
ബലം കൊടുക്കുന്ന അബ്രാഹം
വിമോചന സങ്കീർത്തനത്തിൽ
വിക്കിനെ മുക്കിക്കളയുന്ന മോശ

കാലചക്രമുരുണ്ടുമാറുമ്പോൾ
നിസഹായതയെ 
പ്രാർത്ഥനയാക്കുന്ന ചുങ്കക്കാരൻ
പൊക്കില്ലായ്മയുടെ
മരത്തിൽ നിന്നിറങ്ങുന്ന സക്കേവൂസ്
ചെമ്പുനാണയത്തോളം 
പ്രാർത്ഥനകളുമായൊരു വിധവ
ചുംബനത്തിൽ
തൂങ്ങിനിൽക്കുന്ന യൂദാസ്

ഇനിയുമുണ്ട്,
അവനു വിശന്നപ്പോൾ
നാം അടിച്ചുകൊന്ന മധുവും
മണ്ണിൽ മുഖം ചേർത്തുകിടന്ന
അലൻ കുർദിയെന്ന കുഞ്ഞും
ചൂളം വിളികൾക്കിടെ
മറഞ്ഞുപോയ  സൗമ്യയും
വിസ്മയിപ്പിച്ചവസാനിച്ച വിസ്മയയും
ജാതിവെറിയിലവസാനിച്ച 
രോഹിത് വേമുലയും
സങ്കീർത്തനങ്ങളുടെ കഥ പറയുന്നു

കൗതുകങ്ങളുടെ ബാക്കിയായ
ഈ ജീവതത്തിൽ
മിന്നാമിന്നിയുടെ നുറുങ്ങുവെട്ടത്താേളം
നമ്മുടെ സങ്കട സങ്കീർത്തനങ്ങളെ
നാം ചേർത്തു വയ്ക്കുന്നു

ഉള്ളിലെ സങ്കീർത്തന വഴികളിലൂടെ
അവന്റെ പ്രകാശത്തിൽ
സഞ്ചരിക്കാൻ ധ്യാനനേരങ്ങളുടെ
നേർത്ത ഇടവേളകൾ
ഒരുക്കത്തിലാണ് നാം
ഉമ്മറത്തിണ്ണയിൽ
അവനെ മഞ്ഞുകൊള്ളിച്ചിരുത്താൻ
കൂടൊരുക്കുകയാണ്
എന്നിട്ടും
ആ വിറയ്ക്കുന്ന കാലുതൊട്ട്
നെറുകയിൽ വയ്ക്കാൻ 
നമുക്ക് മനസുപോരാ


(ഉത്സവ് 2021 സംസ്ഥാന കലോത്സവം
കവിതാ രചന: ഉള്ളിലെ സങ്കീർത്തനങ്ങൾ )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വിളക്കുമരം

എല്ലാക്കാലത്തേക്കും മിന്നാമിന്നിയുടെ ചെറിയ പ്രകാശത്തിൽ അവരിങ്ങനെ ഉയർന്നുനിൽക്കുന്നു ആ ചെറിയ പ്രകാശത്തിൽ  തൊട്ടു നടക്കാൻ നമ്മുടെ മിഴികൾക്ക് ത...