2020 ജൂൺ 20, ശനിയാഴ്‌ച

വായനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്



വായനയെക്കുറിച്ച് വാചാലമാകാനൊരു വായനദിനം. ആ പഴയ പരാതികൾ ഉരുവിട്ടു കൊണ്ടല്ല, പുതുപ്രവണതകളുടെ പ്രയോഗഭംഗിയെ പ്രോത്സാഹിപ്പിക്കാനൊരു ശ്രമമാക്കി മാറ്റിവേണം വായനയെ ആഘോഷമാക്കാൻ. ഇനിയും മരിച്ചിട്ടില്ലാത്ത വായനയെ മരിച്ചതായി പ്രഖ്യാപിച്ച് അതിൻ്റെ പോസ്റ്റുമോർട്ടം നടത്തി എത്ര അടക്കം ചെയ്തിട്ടും നമുക്കു മതിയാവുന്നേയില്ല. പുതിയ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷമാകുന്ന വായനയിടങ്ങളെ അംഗീകരിക്കാനുള്ള മടിയോ അച്ചടിച്ചത് വായിച്ചാലേ വായനയാവൂ എന്ന ആ പരമ്പരാഗത അച്ചടക്കമര്യാദയോ ആവാമതിനുകാരണം.

കാലം കുറച്ചധികം മുന്നോട്ടു പോയിട്ടുണ്ട്. ആ പഴയ കാലത്തിൽ നിന്ന് കാര്യങ്ങളെ കാണാനോ അമ്മാതിരി ചിന്തകൾക്ക് വളമിടാനോ നമുക്ക് കഴിയില്ല. നമുക്ക് നമ്മുടെ കാലത്തിൻ്റെ രീതികളും പ്രത്യേകതകളുമുണ്ട്.

ഇത് വായനദിനമാണ്. ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ അമരക്കാരൻ പി.എൻ പണിക്കരുടെ ഓർമ്മദിനം. കേരളത്തിലങ്ങോളമിങ്ങോളം വരുന്ന 8000 ത്തോളം ഗ്രന്ഥശാലകളുടെ നന്മകളെ കണ്ടില്ലെന്നല്ല, അവയോട് ചേർന്ന് സമാന്തരമായി വളർന്നു വരുന്ന ഡിജിറ്റൽ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ നന്മയെക്കൂടി പരിഗണിച്ചേക്കണമെന്ന്. ഒന്നിൽ മാത്രമാണ് നന്മ എന്നു ശഠിക്കുന്നതാണ് നമ്മുടെ ചിന്തകളെ വികലമാക്കുന്നത്. എല്ലാറ്റിലും നന്മയുണ്ടെന്നും ആ നന്മകളിൽ സത്യമുണ്ടെന്നും അംഗീകരിച്ചേ മതിയാവൂ.

വായന മരിച്ചെന്നൊന്നും പച്ചയ്ക്ക് പറഞ്ഞ് കളയരുത്. വായന മരിച്ചോയെന്ന് ചോദിക്കുന്നതിൽ തെറ്റില്ല; വായനയുടെ മരണം സ്ഥിരീകരിക്കാൻ ആരാണ് നിങ്ങൾക്കവകാശം നൽകിയത്..? അതുകൊണ്ട്, നിങ്ങളുടെ വഴി ശരിയാണെന്ന് പറഞ്ഞോളൂ. പക്ഷേ, നിങ്ങളുടെ വഴി മാത്രമാണ് ശരിയെന്ന് പറയരുത്. കാരണം, എല്ലാറ്റിലേക്കും എത്തിച്ചേരാൻ പല വഴികളുണ്ട്.

വായന വ്യത്യസ്തമായ അനുഭവതലമാണ് വായനക്കാരനു നല്കുന്നത്. കയ്യിൽകിട്ടുന്നതെല്ലാം വായിക്കുന്നവരും തെരഞ്ഞെടുത്ത് വായിക്കുന്നവരും നേരം കിട്ടുമ്പോൾ മാത്രം വായിക്കുന്നവരും ബോധപൂർവം വായിക്കുന്നവരും വായന ജീവിതമാക്കിയവരുമെല്ലാം ഏർപ്പെടുന്ന വ്യവഹാരമേഖല ഒന്നാണെങ്കിലും ഇവർക്കുള്ള അനുഭവതലം വ്യത്യസ്തമായിരിക്കും.

കാലം പഴയതല്ല.6 ഇഞ്ച് നീളവും 3 ഇഞ്ച് വീതിയുമുള്ള സാധനത്തിലാണിന്ന് നമ്മുടെ ലോകം. ഉണ്ണുന്നതും ഉടുക്കുന്നതും ഉറങ്ങുന്നതും ഇവിടെത്തന്നെ. മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങളുടെ പട്ടികയിൽ, ഗസറ്റിൽ പരസ്യപ്പെടുത്തേണ്ട അധിക ബാധ്യതയില്ലാതെ ഇടം നേടിയെടുത്തതാണീ സ്ഥാനം. പറഞ്ഞു പഠിച്ചവയെയെല്ലാം നോക്കുകുത്തികളാക്കി ഞെളിഞ്ഞു നിൽക്കുകയാണ് കക്ഷി. സോഷ്യൽ മീഡിയയിലാണ് നാം ജീവിക്കുന്നത്. ഒന്നിരുത്തി വായിച്ചാൽ നമ്മൾ തന്നെയാണ് ഈ സോഷ്യൽ മീഡിയ.

എങ്ങനെ വായന സാധ്യമാകുന്നു എന്ന് പറഞ്ഞു വരികയായിരുന്നു. വാട്സ് ആപ്പിൽ നമ്മൾ അയയ്ക്കുന്ന ഗുഡ് മോർണിംഗ് മെസേജ് മുതൽ ഈ വായനയാരംഭിക്കുന്നു. ഒരല്പം വിശാലാർത്ഥത്തിൽ മനസിലാക്കണമെന്നു മാത്രം. ഇങ്ങനെയൊരാശംസയിൽ തുടങ്ങി സദ്വചനങ്ങളായും ചിന്താവിഷയങ്ങളായും ഓരോ ദിവസത്തെയും പ്രശ്നങ്ങളെയും പ്രതീക്ഷകളെയും കുറിച്ചുള്ള വിലയിരുത്തലുകളായും ഫോർവേഡു 
ചെയ്യപ്പെടുന്നതും വായനയെക്കരുതി മാത്രമാണ്.

കേന്ദ്ര - കേരള സാഹിത്യ അക്കാദമികളെക്കുറിച്ച് കേട്ടിട്ടില്ലാത്ത, എഴുത്തച്ഛൻ പുരസ്കാരമോ വയലാർ അവാർഡോ കിട്ടിയിട്ടില്ലാത്ത എന്തിന്, നോമിനേഷൻ പോലും പോയിട്ടില്ലാത്തവരുടെ എഴുത്തുലോകമാണിത്. അതിനപ്പുറം വായനയുടെ ലോകവും. ഒരുവരിയിലവസാനിക്കുന്ന ചെറുകഥ മുതൽ ഹൈക്കു കവിതകൾ വരെ വായനയ്ക്ക് നിരത്തപ്പെടുന്നു. അച്ചടി വായനയ്ക്കുള്ള 'ബെസ്റ്റ് സെല്ലർ' പദവിയേക്കാൾ സോഷ്യൽ മീഡിയയിലെ "വൈറൽ'' അംഗീകാരമാണിവരുടെ സന്തോഷം.

എല്ലാം വായിക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഒരു വീഡിയോയുടേയോ ഫോട്ടോയുടേയോ അത്തരം എന്തെങ്കിലുമൊന്നിൻ്റെയോ താഴെവരുന്ന, കിടുവെന്നോ സൂപ്പറെന്നോ ഉള്ള കമൻ്റിനെ ഹൃദയപൂർവം സ്വീകരിക്കുന്നതും ഒറ്റവാക്കിൽ ചീത്ത വിളിക്കുകയോ മോശം കമൻ്റിടുകയോ ചെയ്തവനെ സഹതാപപൂർവം പരിഗണിക്കുകയോ അതിനു ശേഷിയില്ലാത്തവർ അവനു പൊങ്കാലയിടാൻ അടുപ്പുകൂട്ടുകയോ ചെയ്യുന്നത്. അങ്ങനെയൊരു ഒറ്റവാക്കുപോലും വായിക്കപ്പെടുന്നൊരു കാലത്തെ നോക്കി വായന മരിച്ചെന്നു പറയാൻ വല്ലാത്തൊരു ചങ്കൂറ്റം വേണം.

അവസാനമായി, എന്തു വായിക്കുന്നു, എങ്ങനെ വായിക്കുന്നു എന്നും പ്രധാനപ്പെട്ടതാണ്. തുടക്കക്കാരനെന്ന നിലയിൽ എന്തും വായിച്ചു തുടങ്ങണം. അങ്ങനെയേ നമ്മുടേതായൊരു വായനലോകം സൃഷ്ടിച്ചെടുക്കാൻ കഴിയൂ. നിങ്ങൾക്കു വായിക്കാൻ തോന്നുന്നതെന്തും അതിപ്പൊ ബാലരമയാണെങ്കിൽക്കൂടി അത് വായിക്കണം. പ്രായത്തെ അതുമായി കൂട്ടിക്കുഴക്കേണ്ടതില്ല. ഒരുപക്ഷേ, വായനയിലേക്കു പ്രവേശിക്കാൻ  നമ്മുക്കുള്ള വാതിൽ അതാവും. ഇഷ്ടമുള്ളത് വായിച്ചു തുടങ്ങുന്നതിലൂടെയേ വായന ശീലമാകൂ. അതിനുമേറെക്കഴിഞ്ഞ് താനേ സംഭവിക്കേണ്ട പരിവർത്തനമാണ് വായനയിലെ ഈ വഴിത്തിരിവ്. ഈ ഘട്ടത്തിനു ശേഷമാണ് ഗൗരവമുള്ള വായന സാധ്യമാകുന്നത്. ഇവിടെയാണ് നമ്മുടെ അഭിരുചികൾ തീരുമാനിക്കപ്പെടുക.
ഇവിടെവച്ച് വായന നിങ്ങളുടെ ചിന്തകളെ സൂക്ഷ്മമാക്കും കാഴ്ചകളെ തെളിവുള്ളതാക്കും ആശയങ്ങളെ പരിവർത്തനപ്പെടുത്തും.
കാരണം, പുസ്തകം പോലെ നമ്മെ തിരുത്തുന്ന മറ്റൊരു ചങ്ങാതിയില്ല.....!!! 

1 അഭിപ്രായം:

  1. ഇന്നത്തെ കാലഘട്ടത്തിലെ കാര്യങ്ങളെ വളവരെ ചുരുക്കത്തിൽ, വായനയുടെ പ്രധാന്യം ഒട്ടും കുറവച്ചുകാണിക്കാതെ അവതരിപ്പിച്ചു.....

    മറുപടിഇല്ലാതാക്കൂ

വോട്ടിനു വിലയുണ്ടാകുമ്പോൾ

കോൺഗ്രസിൽ എല്ലാവരും പുണ്യവാന്മാരാണെന്നോ എൽ. ഡി. എഫ്. വന്നാൽ എല്ലാം ശരിയാകില്ലെന്നോ ബി.ജെ.പി യെയോ മറ്റേതെങ്കിലും പാർട...