2020 ജൂൺ 2, ചൊവ്വാഴ്ച

ഫസ്റ്റ് ബെൽ:


"എന്താടോ വാര്യരേ നന്നാവാത്തേ....?''
ഇതിപ്പൊ ദിവസോം ചോദിക്കേണ്ട അവസ്ഥയാണ്.
കൊറോണ ആരുടേം കല്യാണം കൂടാൻ വന്നതല്ലെന്ന് ചിലർക്ക് ഇനീം ബോധ്യപ്പെട്ടിട്ടില്ലെന്നു തോന്നുന്നു. രണ്ടുമാസത്തെ ലോക്ഡൗണും കഴിഞ്ഞ് അനിശ്ചിതമായിത്തുടരുന്ന രോഗനിയന്ത്രണ ശ്രമങ്ങൾ ഒരുവശത്ത്, കൊറോണയുമായി പൊരുത്തപ്പെട്ട് സർക്കാർ നിർദേശങ്ങൾ പാലിച്ച് പുതിയ ജീവിതരീതികളുമായി സാധാരണ ജീവിതത്തിലേക്കു മടങ്ങാനുള്ള ശ്രമങ്ങൾ മറുവശത്ത്. മറ്റെല്ലാ മേഖലയും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും ഇനിയും അനുമതി ലഭിച്ചിട്ടില്ലാത്തത് സ്കൂളുകൾക്കു മാത്രമാണ്. സ്കൂൾ തുറക്കാതെ അദ്ധ്യാപകരുടെ അടുപ്പ് പുകയില്ല. എന്നിട്ടും കാര്യങ്ങളുടെ ഗൗരവം ബോധ്യമുള്ളതുകൊണ്ട് മൗനം ദീക്ഷിക്കുന്നു.
ഏതുതരം ജോലിയിലേക്കുമുള്ള നമ്മുടെ സ്വപ്നങ്ങൾക്ക് ആദ്യം ചിറകു നൽകിയത് അദ്ധ്യാപകരായിരുന്നു എന്നകാര്യം മറക്കരുത്.
ലോക്ഡൗൺ പ്രഖ്യാപിച്ച് മദ്യശാലകൾ അടച്ചപ്പോൾ കുറച്ചുപേർ ആത്മഹത്യ ചെയ്തു. മദ്യശാലകൾ തുറന്നപ്പോൾ ദാ, കൊലപാതകങ്ങളും. അങ്ങനെയെങ്കിൽ മദ്യം കുഴപ്പക്കാരൻ തന്നെ. പേടിക്കേണ്ട, പറഞ്ഞു വന്നതിൽ നിന്ന് മാറിപ്പോയതല്ല. പുതിയ അദ്ധ്യയനവർഷം സ്കൂളിൽ പോയി കളറാക്കാൻ കഴിഞ്ഞില്ലെങ്കിലും ഓൺലൈനിൽ കളറാക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ചിലർ. ആ കളർ നീലയാണെന്ന് പിന്നീടാണറിഞ്ഞത്. 'ബ്ലൂ ടീച്ചർ ആർമി ' വരെ ഉണ്ടായി. ടീച്ചറിന് അഭിമാനിക്കാം, തൻ്റെ പിന്നിലെ സൈന്യബലത്തിൽ. മദ്യലഹരിയെന്നതുപോലെ ഇതുമൊരുതരം ലഹരിയാണ്. തുടക്കത്തിലേ ചികിത്സിക്കേണ്ട ലഹരി. കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെയോ സ്ത്രീകളെയോ കാണുമ്പോൾ മാത്രമുണ്ടാകുന്ന ഒരുതരം ലഹരി. തിരക്കുള്ള ബസിലും മറ്റും കൃത്യമായി നീളുന്ന കൈകളും കമൻ്റടികളും ഇതേ ലഹരിയിൽ തന്നെ.
കുറവുള്ളവരുണ്ടെങ്കിലും ത്രാസിൽ കഴിവുള്ളവരുടെ തട്ട് എപ്പോഴും താഴ്ന്നു കിടക്കുന്നു. ഞങ്ങളും അതിജീവിക്കുകയാണ്, കൊറോണയെ മാത്രമല്ല, അതിനേക്കാൾ മാരകമായ വിഷം തുപ്പുന്നവരെ. സാക്ഷര കേരളമേ മാപ്പ്, ഈ വകതിരിവില്ലാത്ത കുറച്ചും ഈ സാക്ഷരതയിൽ വരുമെന്നതിനാൽ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വോട്ടിനു വിലയുണ്ടാകുമ്പോൾ

കോൺഗ്രസിൽ എല്ലാവരും പുണ്യവാന്മാരാണെന്നോ എൽ. ഡി. എഫ്. വന്നാൽ എല്ലാം ശരിയാകില്ലെന്നോ ബി.ജെ.പി യെയോ മറ്റേതെങ്കിലും പാർട...