2026 ഏപ്രിൽ 8, ബുധനാഴ്‌ച

വോട്ടിനു വിലയുണ്ടാകുമ്പോൾ

കോൺഗ്രസിൽ എല്ലാവരും പുണ്യവാന്മാരാണെന്നോ എൽ. ഡി. എഫ്. വന്നാൽ എല്ലാം ശരിയാകില്ലെന്നോ ബി.ജെ.പി യെയോ മറ്റേതെങ്കിലും പാർട്ടിയേയോ തെരഞ്ഞെടുത്താൽ അവരങ്ങ് നാട് നന്നാക്കിക്കളയും എന്ന അമിതാവേശമോ ഇല്ലെങ്കിലും ഇട്ടുമുഷിഞ്ഞൊരു ഷർട്ടൂരി മാറ്റുന്നതുപോലെ ഇതൊന്ന് മാറിയിടുന്നത് എപ്പോഴും നല്ലതാണ്. എന്നാലും പ്രകടന പത്രികയിലും മറ്റ് വാഗ്ദാനങ്ങളിലും കഴിഞ്ഞ 80 വർഷങ്ങളിലുണ്ടാകാതിരുന്ന മാറ്റം എല്ലാ മുന്നണികളും ഈ തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തിട്ടുള്ളത് തള്ളിക്കളയാൻ കഴിയില്ലല്ലൊ.
റോഡിന് വീതി കൂടുന്നതും പെൻഷൻ തുക വർധിക്കുന്നതും വന്ദേഭാരതിൻ്റെ എണ്ണവും കെ റെയിലിൻ്റെ വേഗതയും വർധിക്കുന്നതും പൊതുകടം റോക്കറ്റിൻ്റെ വേഗതയിൽ കുതിക്കുന്നതുമാണ് വികസനമെന്ന തെറ്റിദ്ധാരണയെ എത്രകൊല്ലം കുഴലിലിട്ടാലും അതിങ്ങനെ വളഞ്ഞുതന്നെയിരിക്കും.
എന്താണെങ്കിലും ഈ അവസാന വിനാഴികകളിൽ നെറികേടിൻ്റെ നന്മമരങ്ങൾ മുളപൊട്ടുന്നത് കണ്ട് കഷ്ടകാലത്തിൻ്റെ സംവത്സരങ്ങൾക്കുള്ളിൽ ഒരു കത്രികവച്ച് സുന്ദരമായതിനെ നാം വെട്ടിത്തൈച്ചെടുക്കുന്നു.
ജനാധിപത്യത്തെ ഒരു രാജ്യം എത്ര സുന്ദരമായി സ്‌കിപ്പ് (skip) ചെയ്ത് ഒഴിവാക്കുന്നു.


നമ്മുടെ നാളെകൾക്ക് വല്ലാതെ നീളമേറുന്നത് ഇന്നുകളുടെ ഭംഗിയെ ചോർത്തിക്കളയുന്നുണ്ട്. ചിലേ മൗനരാഗങ്ങൾ അവനവനെ മാത്രമല്ല ഈ കുഞ്ഞുവർഗത്തെ വിഴുങ്ങിക്കളയുന്നത് കണ്ണാലെ കണ്ടിട്ടുമൊരുവരും ഉരിയാടാതെ നിൽക്കുന്നു.
ഒറീസയ്ക്കും ബീഹാറിനും ഒടുവിൽ മണിപ്പൂരിനും ശേഷമതൊരു പകർച്ചപ്പനി കണക്കെ രാജ്യമാകെ പടർന്നു പിടിക്കാനൊരുങ്ങുന്നു.
"ജനഗണമന" എന്ന സിനിമയിൽ പ്രിഥ്വിരാജിൻ്റെ കഥാപാത്രം പറയുന്നതുപോലെ, അതങ്ങ് ബീഹാറിലല്ലേ, അതങ്ങ് യുപിയിലല്ലേ അതിങ്ങ് കേരളത്തിലല്ലേ. അല്ല - ഇതെല്ലാം നടക്കുന്നത് ഇന്ത്യയിലാണ്.
നിയമങ്ങൾ പേപ്പറുകളിൽ തലചായ്ച്ച് ഉറങ്ങുകയാണ്. അല്ല, ഉറക്കിക്കിടത്തിയിരിക്കുകയാണ്. ഭരണഘടനയിൽ ഒരു നിയമവും നടപ്പിലാക്കപ്പെടുന്നത് മറ്റൊരുനിയമവും. ഭരണഘടനാ അനുശാസനങ്ങൾ പഞ്ചപുച്ഛമടക്കി കോടതി മുറികളിൽ കണ്ണും മുടിക്കെട്ടി തുലാസും കയ്യിൽപ്പിടിച്ച് അന്ധമായി നിയമങ്ങളെ അളന്നിടുന്നു. അതിൽ പാവങ്ങളും ന്യൂനപക്ഷങ്ങളും തട്ടിവീഴുന്നു.
കേരളത്തിൻ്റെ സാംസ്കാരിക പരിസരത്ത് (ഇനിയങ്ങനെ പറയാമോ എന്നറിയില്ല) ചില പുതിയ മുളകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നുണ്ട്. അതിൻ്റെ വേരുകൾ നമ്മുടെ അടിത്തറയിളക്കുന്നതുവരെ അതിൻ്റെ അന്തർധാരയുടെ സജീവതയെ നാം കണ്ടെന്നുവരില്ല.

ഒരു ജനാധിപത്യ രാജ്യം അതിൻ്റെ എല്ലാ മൂല്യങ്ങളും ചിലേരുടെ കീശയിലേക്ക് വളഞ്ഞു വളരുന്നതിൻ്റെ ഊഷ്മളതകളെ കണികണ്ടുണരുന്ന കഷ്ടകാലത്തിലാണ്. കോടതി മുറികളിൽ നീതിദേവത ചിലരിലേക്ക് മാത്രമായി കണ്ണുനട്ടിരിക്കുന്നു.
രൂപയുടെ മൂല്യമിടിയുന്നതും വർധിച്ചുവരുന്ന വായു മലിനീകരണവും തൊഴിലില്ലായ്മയും രാജ്യത്തുടനീളം അരങ്ങേറുന്ന ന്യൂനപക്ഷ ആക്രമണങ്ങളും വിലക്കയറ്റവും കുട്ടികളെ കാണാതാകുന്നതും
ചർച്ച ചെയ്യാൻ നമ്മുടെ പ്രധാനമന്ത്രിക്കും നിയമനിർമ്മാണ സഭയ്ക്കും തീരെ താല്പര്യമില്ലാതായിട്ടുണ്ട്. അവരിങ്ങനെ അല്ലറ ചില്ലറ യാത്രകളിലും മറ്റു വിനോദങ്ങളിലും ഏർപ്പെട്ടിരിക്കുന്നു.
മുഖ്യ കാർമ്മികൻ പൂജകൾ ചെയ്തും കുർബാനയർപ്പിച്ചും ഭക്തിമാർഗത്തിലാണ്. ഈ ഭക്തിയെ അണികൾ രാജ്യത്തിൻ്റെ പൊതുവികാരമാക്കി മാറ്റുന്നതാണ് നാമിന്നു കണ്ടുകൊണ്ടിരിക്കുന്ന പുതിയ സൂത്രവാക്യം. അതിങ്ങനെ ന്യൂനപക്ഷങ്ങളുടെ നെഞ്ചിൽ ചവിട്ടിയാകുമ്പോൾ വല്ലാതെ കെട്ടുപോയൊരു കലികാലത്തിൽ സ്വയം കെട്ടുപോകാതിരിക്കാൻ കളരി പരമ്പര ദൈവങ്ങളേ, കാത്തോളണേ എന്ന് കരുണ പ്രാർത്ഥിക്കണം.
പറഞ്ഞു വന്നത്, അവനവൻ്റെ കാൽച്ചുവട്ടിലെ മണ്ണൊലിച്ചു തുടങ്ങിയിട്ടുണ്ട്. ഇനിയെങ്കിലും പാദങ്ങളെ ഉറപ്പിച്ചു നിർത്താൻ കളം മാറ്റിമാറ്റിച്ചിട്ടുകയോ ഉറപ്പുള്ള പാറപ്പുറങ്ങളിലേക്ക് നിലപാടിനെ ഉറപ്പിച്ചു നിർത്തുകയോ വേണമെന്ന്.

2025 ജൂൺ 4, ബുധനാഴ്‌ച

പരിസ്ഥിതിദിനങ്ങൾ പൂത്തുനിൽക്കുമ്പോൾ


കയ്യിൽ മണ്ണുപറ്റാനിടയുള്ള മറ്റൊരു പരിസ്ഥിതിദിനത്തിലാണ് നാം.
പോസ്റ്ററടിച്ചും സ്റ്റാറ്റസിട്ടും വാക്കിൻ്റെ വിരുതിനാൽ ആരതിയുഴിഞ്ഞും നാം പ്രകൃതിയെ കുളിപ്പിച്ച് കുട്ടപ്പനാക്കുന്നു. 
"പ്ലാസ്റ്റിക്കിനെ തോല്പിക്കൂ" എന്ന മുദ്രാവാക്യവുമായി പരിസ്ഥിതിദിനത്തിലേക്കിറങ്ങുമ്പോൾ പ്ലാസ്റ്റിക്കിനോടുള്ള സൗഹൃദത്തെ എങ്ങനെ തള്ളിക്കളയുമെന്നാണ്. 
ഒരു ശതാബ്ദത്തിലേറെയായി നാം ഭക്ഷിക്കുകയും പാനം ചെയ്യുകയും നാസാരന്ധ്രങ്ങളിലൂടെ അകത്തേക്കെടുക്കുകയും ചെയ്യുന്നത് ഈ വിലക്കപ്പെട്ട കനിയാണെന്നിരിക്കെ അതിനോടെങ്ങനെ സന്ധിചെയ്യുമെന്നാണ്.

നമുക്കിങ്ങനെ ഗാലറിയിലിരുന്ന് കളിപറഞ്ഞു കൊടുക്കാനാണിഷ്ടം. കളത്തിലിറങ്ങുന്നതിന് കവടി നിരത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് വാചാലരാകുന്നു. 
പുതിയനിയമത്തിലെ പീലാത്തോസിനെപ്പോലെ നാം മരം നട്ട് കൈ കഴുകി ഒഴിഞ്ഞു കളയുന്നു.
തണലിൻ്റെ സുവിശേഷം കവിതയായി പാടാൻ നമുക്ക് നൂറ് നാവാണ്. 
ഈ ദിനത്തിൻ്റെ സുവിശേഷം ജീവിക്കാൻ ഇനിയൊരു ബാല്യമവശേഷിക്കുന്നില്ലെന്ന് പറഞ്ഞ് നാമീക്കളി സുല്ലിട്ടവസാനിപ്പിക്കുന്നു.

പ്രകൃതി സംരക്ഷണം പ്രക്ഷോഭങ്ങളിലൂടെയല്ല നടപ്പിലാക്കേണ്ടത്. അതതിൻ്റെ സ്വാഭാവികതയിൽ താനേ സംഭവിക്കേണ്ടതാണ്.
അതങ്ങനെയല്ലാതാകുമ്പോഴാണ് മാനത്തു കാറുയരുമ്പോൾ കുട്ടനാടിൻ്റെ അടുക്കളകളിൽ വെള്ളമിളകിത്തുടങ്ങുന്നത്, മലയോരങ്ങളിൽ ഉറങ്ങിക്കിടക്കുന്നവരുമായി മണ്ണ് പിണങ്ങിയിറങ്ങുന്നത്.
എല്ലാം കനിഞ്ഞു നല്കുന്ന പ്രകൃതിയെന്ന അമ്മയുടെ കനിവിൻ്റെ വാഴ്ത്തുപാട്ടുകൾക്ക് ഈണം കൊടുക്കാതെ അവൾക്ക് തിരികെക്കൊടുക്കേണ്ട തണലിനെക്കുറിച്ച് പാടാൻ മഹാകാവ്യങ്ങളുടെ അകമ്പടിയിൽ ഇനിയേത് അവതാരപ്പിറവിയെയാണ് നാം നോക്കിയിരിക്കുന്നത്.

പരിസ്ഥിതി അതിൻ്റെ തനിമയിൽ സംരക്ഷിക്കപ്പെടണം. അതിന് മരമാണ് മറുപടിയെന്ന ഒറ്റവാക്കിലുത്തരമാണ് തിരുത്തേണ്ടത്. 
ഒരുത്തരം മാത്രമാണത്. അങ്ങനെയെത്രയോ ഉത്തരങ്ങൾ ചേർന്നതാണീ പ്രപഞ്ചം. 
അതിൽ ഞാനുമൊരുത്തരമാകുന്നു.

സ്തുതിയായിരിക്കട്ടെ.

വോട്ടിനു വിലയുണ്ടാകുമ്പോൾ

കോൺഗ്രസിൽ എല്ലാവരും പുണ്യവാന്മാരാണെന്നോ എൽ. ഡി. എഫ്. വന്നാൽ എല്ലാം ശരിയാകില്ലെന്നോ ബി.ജെ.പി യെയോ മറ്റേതെങ്കിലും പാർട...