2024 ഡിസംബർ 16, തിങ്കളാഴ്‌ച

നക്ഷത്രങ്ങൾ ഓർമ്മിക്കപ്പെടുമ്പോൾ

വിണ്ണിൽ ജനിക്കേണ്ടവൻ മണ്ണിൽ പിറന്നതിൻ്റെ സുന്ദരയോർമ്മദിനം. ധനുമാസക്കുളിരിൽ നക്ഷത്രങ്ങൾ വഴികാട്ടുന്നൊരു രാവിൽ കാലിത്തൊഴുത്തിൽ കാരുണ്യത്തിൻ്റെ കനവ് പാടുന്ന, ചെറുതാകലിൻ്റെ സുവിശേഷം പറയുന്ന, ആകാശം ചായ്ച്ച് മന്നിൽ പിറന്നവനെ വരവേല്ക്കുന്ന ദിനം.

അവൻ്റെ ജനനത്തിന് കാലിത്തൊഴുത്തും ഇടയന്മാരും മാലാഖമാരും ഹല്ലേലുയ്യ പാടുമ്പോൾ സ്വർഗം ഭൂമിക്കു നൽകിയ വാക്കുപാലിക്കലിൻ്റെ പെരുന്നാളാണ് ഈ ദിനം. പറുദീസയിൽ നിന്ന് ആദിമാതാപിതാക്കൾ പുറത്താക്കപ്പെട്ടപ്പോൾ അവർക്കായി ദൈവം നല്കിയ വാഗ്ദാനം. അതിനെ ദൈവം പ്രവാചകന്മാരിലൂടെയിങ്ങനെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. ആ വാക്കുപാലിക്കലിൻ്റെ ഓർമ്മപ്പെരുന്നാളാണ് ക്രിസ്തുമസ്.

അങ്ങനെ വാക്കു പറയപ്പെട്ടതിനെ കാത്തിരുന്നൊരു ജനതയ്ക്ക് പക്ഷേ, ആ ജനനം കാണാൻ ഭാഗ്യമുണ്ടായില്ല. ആ ജനനത്തിന് ആതിഥ്യമരുളാൻ അവസരമുണ്ടായില്ല. അതിനായി ഒരുങ്ങിയിരുന്നവരെയും കരുതിയിരുന്നവരെയും ഓരത്താക്കിയവൻ ഓരം ചേർക്കപ്പെട്ടവരുടെ ഒപ്പം പോയി. അതേ, മേനിയൊന്നും പറയാനില്ലാത്തൊരു കന്യകയിൽ അവനെത്തന്നെ നിറച്ചുവച്ചു. നീതിമാനായൊരു തച്ചനെ അവളോടു ചേർത്തുവച്ചു. വഴിയോരങ്ങളിൽ അന്തിയുറങ്ങിയ ആട്ടിടയർക്ക് ആദ്യദർശനത്തിന് അർഹതകൊടുത്തു.

ഒരുങ്ങിയിരുന്നവരേക്കാൾ ഒതുക്കി നിർത്തപ്പെട്ടവരുടെ പക്ഷം പിടിച്ചവൻ. എളിമയുടേയും ലാളിത്യത്തിൻ്റെയും വിനയത്തിൻ്റെയും ഇടമില്ലായ്മകളിലേക്ക് സ്വയം ചെറുതായവൻ. പുതിയ കാലത്തിൽ അവൻ്റെ ഇത്തരം ഭാവങ്ങളെ "ഉണ്ണീയുറങ്ങ് ഉണ്ണീയുറങ്ങ് ഉണ്ണീയുറങ്ങുറങ്ങ്....." എന്നു പാടി നാം അപരനിൽ അവനെ ഉറക്കിക്കിടത്തുന്നു. അടുത്ത വർഷം പുൽക്കൂടുകളിൽ മഞ്ഞുകൊള്ളിച്ചു കിടത്താനായി നാം വീണ്ടുമവനെ പാടിയുണർത്തും. അങ്ങനെ ആയിരം പുൽക്കൂടുകളിൽ ഉണ്ണിപിറക്കുമ്പോഴും നമ്മുടെ ഹൃദയങ്ങളിൽ അവൻ പിറക്കാനിടമില്ലാതെ അടച്ചിട്ട സത്രങ്ങളായി പുതിയ കാലത്തിൽ നാം രൂപാന്തരപ്പെടുന്നു.

സന്തോഷത്തിൻ്റെയും ശാന്തിയുടേയും സമാധാനത്തിൻ്റെയും സന്ദേശം പകർന്നുകൊണ്ട് വൈവിധ്യമാർന്ന ചടങ്ങുകളിലൂടെ ക്രിസ്തുമസ് ദിനങ്ങൾ ആഹ്ലാദഭരിതമാക്കുകയാണ് ലോകം. പ്രതീക്ഷകളില്ലാതെ, പ്രത്യാശ നഷ്ടപ്പെട്ട് കഴിയുന്ന എല്ലാവർക്കും അഭയമുറപ്പിക്കുകയാണ് കാലിത്തൊഴുത്തിലെ സ്വയം ശൂന്യമാക്കലിലൂടെ അവിടുന്ന് ചെയ്തത്. ജനനം മുതൽ അവൻ്റെ ജീവിതത്തിൽ സംഭവിച്ച കയ്പുനിറഞ്ഞ അനുഭവങ്ങളെ പ്രസാദമധുരമുള്ളതാക്കി മാറ്റിയെന്നതാണ് അവൻ നമുക്ക് നൽകുന്ന സുവിശേഷം. ജീവിതത്തിലെ കയ്പുകളൊക്കെ നമ്മെ കൂടുതൽ കയ്പുള്ളവരാക്കണമെന്നില്ല എന്ന് വാക്കു പാലിക്കലിൻ്റെ ഈ ഓർമ്മപ്പെരുന്നാൾ നമ്മെ അനുസ്മരിപ്പിക്കുന്നു.

ആ തണുത്ത പ്രഭാതത്തിൽ ആട്ടിടയർക്കും ജ്ഞാനികൾക്കും നക്ഷത്രം വഴികാട്ടിയതുപോലെ ജീവിതത്തിലെ കയ്പുള്ള അനുഭവങ്ങളെ പ്രസാദമധുരമുള്ള നിമിഷങ്ങളാക്കി മാറ്റാൻ ഈ പിറവിക്കാലം നമ്മെ സഹായിക്കട്ടെ.

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

2022 സെപ്റ്റംബർ 18, ഞായറാഴ്‌ച

വിളക്കുമരം

എല്ലാക്കാലത്തേക്കും
മിന്നാമിന്നിയുടെ
ചെറിയ പ്രകാശത്തിൽ
അവരിങ്ങനെ ഉയർന്നുനിൽക്കുന്നു
ആ ചെറിയ പ്രകാശത്തിൽ 
തൊട്ടു നടക്കാൻ
നമ്മുടെ മിഴികൾക്ക്
തെളിച്ചമില്ലാതായിട്ടുണ്ട്.

ഇടറി വീഴുന്നതിനിടെ
മിഴികളുയർത്തി നോക്കാൻ
ഈ ചെറിയ കാലത്തിൽ
നമുക്ക് വിളക്കുമാടങ്ങളില്ലാതെ പോകുന്നു
നമുക്കിടയിൽ ചെറിയ തുരുത്തുകളുണ്ടാവുന്നു
നമ്മെത്തന്നെ നഷ്ടപ്പെട്ട് നാം
മുകിൽ കണക്കെ ആകാശപ്പറവകളാകുന്നു
നമ്മിൽനിന്ന് രാത്രിസഞ്ചാരികളുണ്ടാകുന്നു
മുപ്പതു വെള്ളിക്കാരിന്
മന:സാക്ഷിയെ നാം
ഒറ്റുകൊടുക്കുന്നു
അവന്റെ സുവിശേഷത്തിൽ നിന്ന്
നാം ഇറങ്ങി നടക്കുന്നു
നമ്മിലിടറി നാം സ്നേഹശൂന്യരാകുന്നു
വലിയ പിഴകൾ ചെറിയ പിഴകളെ
സ്നാനപ്പെടുത്തുന്നു
വീടുകളിൽ അസമാധാനത്തിന്റെ
പ്രവാചകരുണ്ടാകുന്നു.

ഇടറിയ കാലത്തിൽ നിന്നും 
ഇറങ്ങി നടക്കാൻ,
ഇക്കാലത്തിന്റെ സുവിശേഷമാകാൻ ,
അവന്റെ മിഴികളിൽ നോക്കി
സ്നാനപ്പെടാൻ
സ്നേഹമന്ത്രമോതുന്നു 
ആ മരപ്പണിക്കാരൻ.
എന്നിൽ നിന്നു പഠിക്കുവിനെന്നു
പറഞ്ഞവന്റെയോരം ചേർന്ന്
അതിൽ സ്നാനപ്പെട്ട്
സ്വയമെരിഞ്ഞൊരു വിളക്കുമരമാകാൻ
ഞാനിനിയേതുകുളത്തിൽ
കഴുകി ശുദ്ധി നേടണം,
എത്ര ബലികളും കാഴ്ചകളുമർപ്പിക്കണം,
എത്ര ചെമ്പുനാണയങ്ങളിടേണം,
എത്രതവണ നിന്റെ പാർശ്വത്തിലെ
മുറിപ്പാടിൽ തൊട്ട്
വിശ്വാസ സത്യത്തെ ഏറ്റുപറയണം......




( ഉത്സവ് 2022 ഫൊറോന കലോത്സവം കവിതാ രചന : ദിശാസൂചി )

2022 ജൂൺ 19, ഞായറാഴ്‌ച

വായനയ്ക്ക് രോമാഞ്ചമുണ്ടാകുമ്പോൾ


ഇതിപ്പോ എല്ലാ വർഷവും വായനദിനമുള്ളതു കൊണ്ട് വായന മരിക്കുന്നില്ല. പക്ഷേ, എല്ലാ വർഷത്തേക്കുമായി അതിങ്ങനെ പുനർജനിക്കുന്നുണ്ട്.
രണ്ടു വാക്ക് കൂട്ടിയെഴുതാൻ അറിയാത്തവരും ആ എഴുതിയത് കൂട്ടിവായിക്കാൻ അറിവില്ലാത്തവരും എസ് എസ് എൽ സി പാസായൊരു വായനദിനത്തിലാണ് നാം.
അതാണ് ഞാൻ പറഞ്ഞത് വായന മരിച്ചിട്ടില്ലെന്ന്.

മജീദിനെയും സുഹ്റയേയും പരിചയമില്ലാത്തവരും
ഭീമനെപ്പറ്റി കേട്ടിട്ടില്ലാത്തവരും
ഒ വി വിജയനെയും എം ടി യേയും അറിയാത്തവരും
+2 ക്ലാസിലെ "പഠിപ്പി"കളായ കുട്ടികളിലുമുണ്ടെന്നത് ഈ വായനദിനത്തിന്റെ മാറ്റുകൂട്ടുന്നു.

ആയുസിൽ വായിച്ചൊരു പുസ്തകത്തിന്റെ പേരോർമ്മയില്ലാത്തവരോടാണ് വായനദിനം എന്തോ വലിയ തേങ്ങയാണെന്നും പറഞ്ഞ് കൊടിയും പിടിച്ച് ഞാനിറങ്ങുന്നത്.

വായന ഒഴുകുന്ന പുഴ പോലെയാണ്. അതു നമ്മെയിങ്ങനെ പരിവർത്തനപ്പെടുത്തിക്കൊണ്ടേയിരിക്കും. ഒരു പുഴയിൽ നമുക്ക് വീണ്ടും കുളിച്ചു കയറാനാവാത്തതു പോലെ.

"വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചുവളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും"
കുഞ്ഞുണ്ണി മാഷിന്റേതാണ്.
അപ്പൊ അതാണ് നാമിങ്ങനെ വളഞ്ഞിരിക്കുന്നത്.
ഇതൊരു ക്ഷണമാണ്. വായനയിലൂടെ സ്വയമൊന്ന് വളർന്നു വിളയാൻ.

സ്വന്തമായി എന്തെങ്കിലുമൊന്ന് വായിച്ചിട്ട് മാസങ്ങളായ, വായനദിനത്തിലെ പ്രത്യേക രോമാഞ്ചപ്പെടലിനുശേഷം കുറിച്ചത്.

2022 ജൂൺ 4, ശനിയാഴ്‌ച

മരമാകുമ്പോൾ...


വീണ്ടുമൊരു പരിസ്ഥിതി ദിനത്തിന്റെ കുളിരിലാണു നമ്മൾ. നാം നട്ടതല്ലാത്തതും നനച്ചിട്ടില്ലാത്തതുമായ മരങ്ങളുടെ കുളിരിൽ.
ആ കുളിരിൽ നിന്നും ഉത്ഭൂതമാകുന്ന രോമാഞ്ചത്തിൽ പുളകിതരാകുന്നതല്ലാതെ മറ്റൊരു രാസപ്രവർത്തനവും നമ്മിൽ നിന്ന് രൂപപ്പെടുന്നതേയില്ല.

പരിസ്ഥിതിദിനത്തെക്കുറിച്ച് പതിവിലും പരവേശത്തോടെ പര്യാലോചിക്കേണ്ട കാലത്തിലാണ് നാം.
കാലവർഷം കാലം മറന്നതും
ഇടവപ്പാതി ഇടറി പെയ്യുന്നതും
തുലാവർഷം തുളുമ്പിത്തുടങ്ങുന്നതും
നമ്മെ വല്ലാതെ നനയ്ക്കുകയും പൊള്ളിക്കുകയും ചെയ്യുന്നത് ഇനി ആരോട് പതം പറയാനാണ്.

ഒരു തൈ നട്ട് വിയർപ്പ് ഒഴുകിപ്പോയവർ നമ്മിലാരുണ്ട്. നാം നട്ടതല്ലാത്ത മരങ്ങളുടെ നിഴലുപറ്റി നിന്ന് കടംകൊണ്ടതിന്റെ ജാള്യത നമുക്കില്ലെന്നതാണ് ആകെ ഒരാശ്വാസം.
ഒരു തൈ നടാൻ മനസുണ്ടാവുകയാണ് അതു പരിപാലിക്കാൻ മനസുണ്ടാവുന്നതിനേക്കാൾ പ്രധാനം.

നിൽക്കുന്നയിടങ്ങളിൽ വസന്തവും ശിശിരവും ഹേമന്തവുമൊക്കെ അത് വിരിയിക്കുന്നു.
തനിക്കാവശ്യമുള്ളത് മാത്രം സ്വീകരിച്ച് ശാന്തമായും ധീരമായും നിലകൊള്ളുന്നു. വേരുകൾക്കൊണ്ട് അവ പരസ്പരം സ്നേഹം കൈമാറുന്നു. ശിഖരങ്ങളിലെ കായ്ഫലം കൊണ്ട് അവ വിനയമുള്ളവരാകുന്നു.

പ്രകൃതി ഒരിക്കലും മരിക്കുന്നില്ല - മനുഷ്യൻ കൊല്ലുമ്പോഴല്ലാതെ.
വെട്ടിനശിപ്പിച്ചതല്ലാതെ ഒരു മരവും പ്രായാധിക്യത്തിൽ മരിക്കുന്നില്ല.
പ്രായാധിക്യത്തിൽ മരിക്കുന്നതല്ലാതെ ഒരു മനുഷ്യനും കൊല്ലപ്പെടുന്നില്ല (മനുഷ്യൻ മനുഷ്യനെ കൊല്ലുന്നത് അവന്റെ സ്വാർത്ഥത).

പ്രകൃതി നിറം മാറുന്നത് ഇനിയും കണ്ടില്ലെന്ന് നടിച്ചു കൂടാ. ചൂടായിത്തുടങ്ങിയത് കനലാവാൻ കാത്തുനിൽക്കരുത്. ആ കനൽ നമ്മെ വല്ലാതെ പൊള്ളിക്കും.
നാം സൃഷ്ടിച്ചെടുത്ത കനലു കൈമാറാനല്ല, ആദിയിലെ കുളിര് കൈമാറുകയാണ് നമ്മുടെ ബാധ്യത.

കനിവിന്റെയും കരുതലിന്റെയും പാഠങ്ങളെക്കുറിച്ച് ഈ ഭൂമി പേർത്തും പേർത്തും പറഞ്ഞു കൊണ്ടിരിക്കുമ്പോൾ,  നമ്മുടെ കാതുകളെ ബധിരമാക്കിയും കണ്ണുകളെ അന്ധമാക്കിയും ചിന്തയെ നിശബ്ദമാക്കിയും കാലത്തിനു നേരേ നാം കൊഞ്ഞനം കുത്തുന്നു.

പ്രകൃതി സംരക്ഷിക്കാൻ മരം മാത്രമല്ല പ്രതിവിധിയെന്ന് നമുക്കറിയാം.
പക്ഷേ, മരത്തിലെങ്കിലും നാമത് ആരംഭിക്കേണ്ടതല്ലേ.
അവൻ നടട്ടെ എന്നല്ല,
നീ നട്ടതിന്റെ തണലിന് നിന്റെ പിന്തുടർച്ചക്കാർക്ക് അവകാശമുണ്ടെന്ന്, അത് നിന്റെ ബാധ്യതയാണെന്ന ബോധ്യമുണ്ടാകട്ടെ.

നമുക്കൊരു മരം നടാം.
അതിലായിരം പേർക്കുള്ള തണലുണ്ടാവും.
അത് പതിനായിരങ്ങൾക്കു വാസനികേതനമാകും.
അതിലുമേറെപ്പേർക്ക് ജീവനാകും.

മരം...
അതു ജീവനാണ്
അതു കരുതലാണ്
അതു കാവലാണ്
അതു തണലാണ്
അതു താവളമാണ്
അതു താരാട്ടാണ്
അതാവരണമാണ്
അതൊരു സംസ്കാരമാണ്

2022 മേയ് 31, ചൊവ്വാഴ്ച

ബെല്ലടിക്കുമ്പോൾ


രണ്ടു വർഷത്തിന്റെ ചെറിയ ഇടവളയ്ക്കുശേഷം വീണ്ടും ആ പഴയ - ന്യൂ  നോർമൽ (വാക്ക് കടം കൊണ്ടത് ) സ്കൂൾ പരിസരങ്ങളിൽ നിന്ന് പതിഞ്ഞ താളത്തിൽ "ഗുഡ് മോർണിംഗ് ടീച്ചർർർർർർർർർർർ....." ന്നു പറയാനൊരുങ്ങുകയാണ് നാം. വലിയ പ്രതീക്ഷയിലും ചെറിയ ആശങ്കയിലും ആ പഴയ ഇടങ്ങളിലേക്ക് നാം വീണ്ടും മടങ്ങിയെത്തുന്നു.

മടങ്ങിയെത്തുമ്പോൾ പറയാൻ ഒരുപാട് പരിഭവങ്ങളുമായി അവിടെ ചിലർ കാത്തിരിക്കുന്നുണ്ടാവും. നമ്മുടെ പേരുകൾക്കൊണ്ട് നാം ചിത്രം വരച്ച ചുവരുകളും നാം തലവച്ചുറങ്ങുകയും വല്ലപ്പൊഴുമെങ്കിലും താളം പിടിച്ചിട്ടുള്ള ബഞ്ചും ഡസ്കും. ആ വാക്കുകൾക്ക് പരിഭവത്തിന്റെ ഇടർച്ചയും ആവേശത്തിന്റെ വേഗവും.

ഇനി ഉച്ചനേരങ്ങൾക്ക് രുചികൂടും.
വഴിയിലെ മാവുകൾ ഏറുകൊണ്ട് മാങ്കറ ചുരത്തും.
തോടുകളിലും ആറുകളിലും പേപ്പർ കപ്പലുകൾ കാറ്റിന്റെ ഗതിയറിയാതെ ഒഴുകി നടക്കും.
ഒരായുസിൽ പറഞ്ഞു തീരാത്തത്ര കഥകളുള്ളതിനാൽ ക്ലാസ്സ് ബോർഡുകളിൽ രക്തസാക്ഷികളുടെ പേരുകൾ നിറയും.
കുഞ്ഞുങ്ങളുടെ മുതുകുകളിൽ അറിവു ചുമക്കുന്നതിന്റെ തഴമ്പ് വളർന്നുവരും.
കഞ്ഞിപ്പുരയിൽ നിന്നുയരുന്ന പുക മേഘങ്ങളോട് ആവേശം പറയും.
ഓഫീസ് മുറിക്ക് മുന്നിൽ തൂങ്ങിക്കിടക്കുന്ന ബെല്ല് ആവേശംകൊണ്ട് സ്വരം മറക്കും.
മഴനനഞ്ഞ തണുപ്പിനെ ക്ലാസിന്റെ ചൂട് വായുവിൽ അലിയിച്ചുകൊല്ലും.
ഹോം വർക്കുകൾ ക്ലാസ് ഗ്രൂപ്പുകളിലൂടെ ഇറങ്ങി നടക്കും.
ചിലേ നേരങ്ങളിലേക്ക് മാത്രമുള്ള, മരുന്നില്ലാതെ മാറുന്ന വയറുവേദനയും തലവേദനയും കുട്ടികളിൽ പകർച്ചവ്യാധി കണക്കെ പടർന്നു പിടിക്കും.
വലിയ ക്ലാസുകളുടെ ലാബുകളിൽ നിന്ന് പുതിയ രാസപ്രവർത്തനങ്ങളുടെ ഫോർമുലകൾ ടെസ്റ്റ് ട്യൂബ് പൊട്ടി ക്ലാസ് മുറികളിലൂടെ അലഞ്ഞു നടക്കും.

അതേ, സ്കൂളു തുറക്കുമ്പോൾ വെറുമൊരു വാതിൽ മാത്രമല്ല തുറക്കപ്പെടുന്നത്.
അതാഗ്രഹങ്ങളിലേക്കാണ്....
അത് സൗഹൃദങ്ങളിലേക്കാണ്...
അത് ശീലങ്ങളിലേക്കാണ്...
അതാവേശങ്ങളിലേക്കാണ് തുറക്കപ്പെടുന്നത്.

വീണ്ടും അറിവുനേരങ്ങളെ ഓർമ്മിപ്പിച്ച് സ്കൂളുകൾ ഒച്ചവച്ചു തുടങ്ങുന്നു.
കുഞ്ഞുങ്ങളേ നിങ്ങൾക്കാശംസകൾ.....

2022 ഏപ്രിൽ 29, വെള്ളിയാഴ്‌ച

അമ്മ ഒരു പുണ്യം

സ്ത്രീയായും മൃഗമായും തന്നെ സൃഷ്ടിക്കാത്തതിനാൽ ദൈവത്തിന് സ്തോത്രം എന്നു പറഞ്ഞ് യഹൂദപുരുഷന്മാർ തങ്ങളുടെ പ്രഭാതപ്രാർത്ഥനയാരംഭിച്ചിരുന്ന കാലത്തു നിന്നും, സ്ത്രീയെ - അവളുടെ പവിത്ര നിയോഗങ്ങളോടെ കാലത്തിന് പരിചയപ്പെടുത്തുന്ന സുന്ദര കഥകളുടെ സമാഹാരമാണ് സുവിശേഷം. ഈറ്റുനോവുകൊണ്ട് ഒരുവൾ സ്ത്രീയിൽ നിന്ന് അമ്മയിലേക്ക് ജ്ഞാനസ്നാനപ്പെടുന്നു. തന്റെ ഗർഭപാത്രത്തിലൂടെ അവൾ പുണ്യജീവിതങ്ങളുടെ സുവിശേഷമെഴുതുന്നു.

മറിയത്തിലേക്കു തന്നെ നോക്കണം. ദൂതന്റെ വാക്കുകൾക്ക്  "നിന്റെ ഇഷ്ടം നിറവേറട്ടെ" യെന്നു പറഞ്ഞ് ലോകരക്ഷകന്റെ വരവിനും, കാനായിലെ കല്യാണപ്പുരയിൽ വീഞ്ഞു തീർന്നതിന്റെ രുചിഭേദത്തിന്  "അവന്റെ ഇഷ്ടം നിറവേറട്ടെ" യെന്നു പറഞ്ഞും, ശിമയോന്റെ ഇരുതലമൂർച്ചയുള്ള പ്രവചനത്തിന്  "നിന്റെ ഇഷ്ടം നിറവേറട്ടെ" യെന്നു പറഞ്ഞും, കുരിശിൻ ചുവട്ടിൽ അവനെ മടിയിൽക്കിടത്തി "നിന്റെ ഇഷ്ടം നിറവേറട്ടെ" യെന്നും പറഞ്ഞ് അവൾ ജീവിച്ചത് പുണ്യ വഴികളുടെ സുവിശേഷമായിരുന്നു.

ക്രിസ്തു പരിഗണിച്ചത്രയും വ്യാപ്തിയിൽ നാമിനിയും അവളെ പരിഗണിച്ചിട്ടേയില്ല.
മറ്റൊരു വീട്ടിൽ ചെന്നു കയറേണ്ടവളാണെന്നു പറഞ്ഞ് നാമവളെ കളിചിരികളിൽ നിന്നും അവളുടെ ഇഷ്ടങ്ങളിൽ നിന്നും അവരെ ഇറക്കിവിടുന്നു. അടുക്കളയിലേക്കും കുട്ടിയുടെ സ്കൂളിലേക്കും അങ്ങാടികളിലേക്കും നിലയ്ക്കാത്ത ഘടികാരം കണക്കേ അവളിങ്ങനെ ഓടിക്കൊണ്ടിരിക്കുന്നു.
അടുക്കളയ്ക്കകത്തല്ലാതെ അരങ്ങത്ത് അവർക്ക് നാം ഇടമൊരുക്കുന്നേയില്ല.

അതിനപ്പുറമുള്ള ചിലതിനെ ഓർമ്മപ്പെടുത്തുകയാണ് ക്രിസ്തു. കുഞ്ഞുങ്ങളെ കുളിപ്പിക്കുന്ന അമ്മയുടെ ഭാവത്തോടെ പാദങ്ങൾ കഴുകുന്ന, കൂട്ടിലിരിക്കുന്ന കുഞ്ഞുകിളികൾക്ക് തീറ്റയെത്തിച്ചു കൊടുക്കുന്ന തള്ളക്കിളിയെപ്പോലെ അപ്പവും മീനും വിളമ്പുന്ന, ഒടുവിലായി അമ്മയെപ്പോലെ സ്വയം ഭക്ഷണമായി മാറി അതു വിളമ്പുന്ന ക്രിസ്തു.

അതിനർത്ഥം നെഞ്ചിലെ പാൽ ഞരമ്പുകളല്ല ഒരമ്മയെ നിർവചിക്കുന്നത്. അത് ലിംഗപരമായ ഒരു ഉത്തരവാദിത്വവുമല്ല. എപ്പോഴാണോ സ്വന്തം ജീവനോട് ചേർന്ന് മറ്റൊരു ജീവനെ പോഷിപ്പിക്കാൻ ഒരാൾക്കാവുന്നത്. അപ്പോഴാണ് അയാൾ മാതാവാകുന്നത്. അങ്ങനെയാണ് തെരുവ് ജീവിതങ്ങൾക്ക് മദർ തെരേസ അമ്മയായുന്നത്. ഇൻഡോറിലെ സാധാരണക്കാർക്ക് റാണി മരിയ അമ്മയാകുന്നത്. വിശ്വാസത്തിനു വേണ്ടി തന്റെ 7മക്കളെ മരണത്തിനൊരുക്കിയ മർത്ത് ശ്മോനി അമ്മയാകുന്നത്.

അങ്ങനെയാണവൻ തന്റെ ശിഷ്യർക്ക് അമ്മയാകുന്നത്. നമ്മെയും മാതൃഭാവത്തിലേക്ക് ക്ഷണിക്കുന്നത്.
സ്ത്രീയെ അവളുടെ പവിത്ര നിയോഗങ്ങളോടെ ലോകത്തിന് ഏല്പിച്ചു കൊടുക്കുന്നത്.
മാതൃഭാവം പുണ്യമാകുന്നത്. സ്നേഹിക്കയെന്നാൽ പുണ്യമാവുകയാണെന്ന് ഓർമ്മിപ്പിക്കുന്നത്.



# 2022 മെയ് ചമ്പക്കുളം ഫൊറോന മാതൃ - പിതൃവേദി പ്രസംഗമത്സരത്തിന് വേണ്ടി...

2022 ഏപ്രിൽ 23, ശനിയാഴ്‌ച

പുസ്തക - വായന - ദിനം


പുസ്തകങ്ങളിലുള്ളത് മാത്രമാണ് ശരിയെന്ന് ധരിച്ചിരുന്നൊരു അല്പവിശ്വാസി കുട്ടിക്കാലം.
പുസ്തകങ്ങൾക്ക് പുറത്തും ശരികളുണ്ടെന്ന് തിരിച്ചറിയുന്ന ഒരവിശ്വാസി ചെറുപ്പകാലം.
ഈ പൊത്തകം കൊണ്ടൊരു ഗുണവുമില്ലെന്ന് പറഞ്ഞു നടക്കുന്ന ഒരന്ധവിശ്വാസി യൗവനം.

യഥാർത്ഥത്തിൽ മറ്റെന്തൊക്കെയോ ആയിരുന്നു പുസ്തകമെന്ന് തലയ്ക്കകത്തു കിളിപറന്നു കിട്ടിയ വിശ്വസവെളിപാടിന്റെ വാർദ്ധക്യ കാലം.

കാലങ്ങൾക്കു മീതേ അവയിങ്ങനെ ചിറകടിയൊച്ചയുടെ കനം പോലുമില്ലാതെ പറന്നു നടക്കുന്നു.
അവയിൽ ചിലതിൽ ഞാനിരിക്കുന്നു,
ചിലതു ഞാനാഹരിക്കുന്നു,
കുറേ ഞാനണിഞ്ഞിരിക്കുന്നു,
ഇനിയും ചിലതിൽ ഞാനൊളിഞ്ഞിരിക്കുന്നു.

ഒടുവിൽ അകത്തേക്കെടുക്കുന്ന ശ്വാസകണികയ്ക്കു ശേഷവും അവയിങ്ങനെ ഇരുപ്പ് തുടർന്നുകൊണ്ടേയിരിക്കും.....
എഴുത്തുകാരനേ മരിച്ചിട്ടുള്ളൂ -
വായനക്കാരൻ ജനിക്കാൻ ഇരിക്കുന്നതേയുള്ളൂ .....

#ഏപ്രിൽ 23 ലോക പുസ്തകദിനം

വോട്ടിനു വിലയുണ്ടാകുമ്പോൾ

കോൺഗ്രസിൽ എല്ലാവരും പുണ്യവാന്മാരാണെന്നോ എൽ. ഡി. എഫ്. വന്നാൽ എല്ലാം ശരിയാകില്ലെന്നോ ബി.ജെ.പി യെയോ മറ്റേതെങ്കിലും പാർട...