2020 സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

ലാത്തിവീശുമ്പോൾ ശ്രദ്ധിക്കാൻ

 ഇതിപ്പൊ ആദ്യ സംഭവമൊന്നുമല്ല. നമ്മളിത് കൊറേ കണ്ടതാണ് സാറേന്ന്.

ഇപ്പൊ പ്രതിഷേധിക്കാൻ റോഡിലിറങ്ങിയാൽ ഒരു ലാത്തിച്ചാർജോ കണ്ണീർവാതക പ്രയോഗമോ ഉറപ്പാണ്. ടീവിയിൽ അതു കണ്ടിരിക്കാൻ എന്തുരസാണല്ലേ..!!! ഇവർക്ക് ഇതിൻ്റെ വല്ല ആവശ്യോണ്ടോ?? അടങ്ങി ഒതുങ്ങി വീട്ടിലെങ്ങാനും ഇരുന്നാപോരേ. വെറ്തേ പോലീസുകാർക്ക് പണിയുണ്ടാക്കാനായിട്ട്....

ഒന്നു നിക്കൂ, എന്നിട്ട് ഇങ്ങനെയൊന്ന് ചിന്തിക്കൂ;
നിങ്ങൾ ടൗണിലൂടെ കടന്നുവരുമ്പോൾ ഒരു പ്രതിഷേധജാഥ കടന്നു വരുന്നു. അവരെ തടയാനായി പോലീസ് നിൽക്കുന്നു. എവിടുന്നോ ഒരു കല്ലോ ചെരിപ്പോ പോലീസിനു നേർക്ക്. എന്തിനും തയ്യാറായി നിന്ന പോലീസ്, "ചാർജ്" എന്നു കേൾക്കുന്നതോടെ ആവേശത്തോടെ പ്രതിഷേധക്കാരുടെ നേരേ പാഞ്ഞടുക്കുന്നു. അപകടം മണത്തപ്രവർത്തകർ ചിതറിയോടുന്നു. വഴിയിലൂടെ നടന്നുവന്ന നിങ്ങളെ തള്ളിമാറ്റി പ്രവർത്തകർ ഓടുന്നു. അവരെ പിന്തുടർന്നു വന്ന പോലീസ് ഒഴിഞ്ഞു മാറുന്ന നിങ്ങളെ കണ്ട് ലാത്തിക്ക് തലങ്ങും വിലങ്ങും തല്ലുന്നു.
തല്കാലം ഇവിടെ പോസ് ചെയ്യുന്നു.

പണ്ട് കുരുത്തക്കേട് കാണിച്ചപ്പൊ കിട്ടിയ അടിയുടെ ചൂട് ഇപ്പൊഴും മാറീട്ടില്ല. അതുപോലും സഹിക്കാൻ നമുക്ക് പറ്റുമായിരുന്നില്ല. അപ്പോഴാണ് ലാത്തികൊണ്ടുള്ള പ്രഹരം.

പോലീസുകാർക്ക് എന്തിനാണ് ലാത്തി...? ക്രമസമാധാനപാലനമാണിവരുടെ ധർമ്മമെങ്കിൽ ലാത്തികൊണ്ട് അടിച്ചമർത്തിയാണോ അതുറപ്പുവരുത്തേണ്ടത്..???
യുദ്ധത്തിൽപ്പോലും അങ്ങനെയൊരു നിയമമുണ്ട് പോലും; നിരായുധനായി നിൽക്കുന്ന പ്രതിയോഗിയെ അക്രമിക്കരുത്. എന്തൊരു വിരോധാഭാസം. പ്രതിഷേധവുമായി വരുന്ന അമ്പതോ നൂറോപേരേ നേരിടാൻ തലയിൽ ഹെൽമെറ്റും വലതുകയ്യിൽ ലാത്തിയും ബാരിക്കേടും വച്ച് സർവസന്നാഹങ്ങളോടെയാണ്  ഇരുന്നൂറോളംവരുന്ന നമ്മുടെ പോലീസുമാമന്മാർ നിൽക്കുന്നത്.
ഏതെങ്കിലും ഒരാളെ കിട്ടിയാൽ വളഞ്ഞിട്ട് അടിയാണ്.

കഷ്ടമാണ് സർ. പ്രകോപനമുണ്ടാകും. 
പ്രകോപനമുണ്ടായെന്നു കരുതി ചാടിപ്പുറപ്പെടുന്നതിൽ എന്തു ക്രമമാണ് സർ. ഇനി നിങ്ങൾക്ക് തല്ലിയേ ഒക്കൂ എങ്കിൽ ബാരിക്കേട് ഒഴിവാക്കൂ. ഒരു കയർ വലിച്ചുകെട്ടി കാത്തുനിക്കൂ. പ്രവർത്തകർ ഉറപ്പായും അതു മറികടക്കും. ബാരിക്കേട് മറികടന്നു വരുന്നത്ര സമയം ലാഭിക്കുകയും അത്രനേരം കൂടി അവരെ തല്ലുകയുമാവാം.

പോലീസുകാർക്ക് ലാത്തി വേണ്ട. അതവർക്കൊരു അലങ്കാരമല്ല, അഹങ്കാരമാണ്. തീരെ നിവൃത്തിയില്ലെങ്കിൽ ജലപീരങ്കി പ്രയോഗക്കൂ. കണ്ണീർവാതകവും. ലാത്തി വീശിയുള്ള ഈ അഭ്യാസം പോലീസിനു ഭൂഷണമല്ല.

ലാത്തി ഉപയോഗിക്കാൻ പറയുന്നതിൽ എവിടെയാണ്, പ്രതിഷേധിക്കുന്നവരെ തലങ്ങും വിലങ്ങും അടിക്കാൻ പറഞ്ഞിട്ടുള്ളത്..?
ലാത്തികൊണ്ടടിച്ച് തല പൊട്ടിക്കണമെന്ന് പറഞ്ഞിട്ടുള്ളത്..?
ഇങ്ങനെ തല്ലിച്ചതച്ച് അവശരാക്കി പ്രതിഷേധക്കാരെ മാറ്റുന്നതിന് പോലീസ് ഏറ്റെടുക്കുന്ന ആ "റിസ്കു"ണ്ടല്ലോ. അതിർത്തിയിൽ ജവാന്മാർക്ക് പോലും ഇത്രയും പ്രശ്നങ്ങളില്ല. എൻ്റെ അഭിപ്രായത്തിൽ പോലീസുകാർക്ക് ഒരു എ കെ 47 തോക്കും കൂടെ കൊടുക്കണം. അതാകുമ്പൊ വെടിവച്ചിട്ടാൽ മതിയല്ലൊ. ഈ തല്ലുമ്പോഴുള്ള ആയാസംകൂടെ കുറഞ്ഞിരിക്കട്ടെ.

എത്ര അടികൊണ്ടിട്ടും പരുക്കേറ്റിട്ടും തിരിച്ചു തല്ലാതെ നിൽക്കുന്നവരെ കണ്ടു. ഒന്നു കൈയ്യോങ്ങിയാൽ അതിൻ്റെ പേരിൽ ചാർജു ചെയ്യപ്പെടാനിടയുള്ള വകുപ്പുകളെക്കുറിച്ച് നമുക്ക് നല്ല ധാരണയുണ്ടല്ലൊ.
പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നതാണ്. അതുപറ്റില്ലെങ്കിൽ പുതിയ നിയമനിർമ്മാണം നടത്തൂ. കൂട്ടം കൂടുന്നതും പ്രതിഷേധിക്കുന്നതും നിയമവിധേയമല്ലാതാക്കൂ. അപ്പൊ കാര്യങ്ങൾക്ക് വല്ലാതെ ഭംഗിയുണ്ടാവും.

2020 ഓഗസ്റ്റ് 29, ശനിയാഴ്‌ച

ഓണസ്മൃതി

"മനസിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും "
ഗ്രാമീണ നന്മകളെ മനസിൽ നിറയ്ക്കാനുള്ള കവിയുടെ ആഹ്വാനമാണിത്.

നന്മനിറഞ്ഞ നാളുകളെക്കുറിച്ചുള്ള ഓർമ്മയാണ് ഓണം. ഐതീഹ്യങ്ങളുടെ പിൻബലത്തിൽ ഒരുദേശം തങ്ങളുടെ സമൃദ്ധിയുടെ ഉത്സവമാഘോഷിക്കുന്നു.
വറുതിയുടെ കർക്കിടകത്തിനു ശേഷം ചിങ്ങം പിറക്കുന്നത് സമൃദ്ധിയുടെ നിറംപിടപ്പിച്ച കഥകളുമായാണ്. മുണ്ടുമുറുക്കിയുടുത്ത് പശിമറക്കാൻ പഠിച്ചവർ പക്ഷേ, പത്തായം നിറയുന്നത് സ്വപ്നം കാണുന്നുണ്ടാവും.

ഓർമ്മയുടെ ചില്ലുകൊട്ടാരങ്ങൾക്ക് എപ്പോഴും ചന്തംകൂടുതലാണ്. മാവേലിയും അത്തപ്പൂക്കളവും ഓണാഘോഷങ്ങളും ഓണക്കോടിയും ഓണസദ്യയും ഓണവിശേഷങ്ങളുമെല്ലാം മനസു നിറക്കുന്ന ഓർമ്മകൾ തന്നെ. അതുകൊണ്ടാണ് സിനിമാതാരങ്ങളുടെ ഓണയോർമ്മകൾക്ക് ഇത്ര ഡിമാൻഡ്.
ഓണപ്പരീക്ഷയും ഓണാവധിയും ബന്ധുവീട്ടിലെ ഒത്തുചേരലുകളും ആഘോഷങ്ങളും ഭംഗിയുള്ള ഓർമ്മകളാകുന്നത് അതുപങ്കുവയ്ക്കുന്ന നന്മകൊണ്ടുമാത്രമാണ്.

അത്തം മുതൽ തിരുവോണംവരെ പത്തുദിവസം മുടങ്ങാതെ അത്തപ്പൂക്കളമിടാനുള്ള ആകാംക്ഷയും ആഹ്ലാദവും. അതിരാവിലെ എഴുന്നേറ്റ് പൂക്കൾ ശേഖരിക്കാനുള്ള അലഞ്ഞുതിരിയലുകൾ. എല്ലാ വർഷവും പൂക്കൾ ശേഖരിക്കുന്നതിനിടെ കണ്ണിലുടക്കുന്ന കൗതുകമുണർത്തുന്ന പൂക്കൾ. പതിവായി വിരുന്നുവരാറുള്ള ഓണത്തുമ്പികൾ. ഊഞ്ഞാലാടാനായി ഊഴമിട്ടുള്ള കാത്തിരിക്കലുകൾ. പട്ടം പറത്തൽ വിനോദങ്ങൾ. ഓണ സിനിമകൾക്കായുള്ള തിരക്കൊഴിയലുകൾ. ഓണക്കോടിയുടുത്തുള്ള വിലസലുകൾ. അടുക്കളപ്പുറങ്ങളിലെ കോലാഹലങ്ങൾ. തീയണയാത്ത അടുപ്പുകൂട്ടങ്ങൾ. എണ്ണിയെടുക്കാനാവാത്ത ഓണവിഭവങ്ങൾ. പായസ രുചിമേളങ്ങൾ. അങ്ങനെ കൊതിപടർത്തി കടന്നുപോയ ഓണദിവസങ്ങൾ.
പുലികളിയും തുമ്പിതുള്ളലും തിരുവാതിരയും കാഴ്ചയ്ക്ക് വിരുന്നൂട്ടിയ ദിവസങ്ങൾ. വള്ളംകളിയും വായ്ത്താരികളും ഈണം പകർന്ന ദിനങ്ങൾ.

ഓർമ്മകൾക്ക് കനമേറുകയാണ്. കാലത്തിന് ഡ്യൂക്ക് ബൈക്കിൻ്റെ മാതിരി വല്ലാത്തൊരു വേഗതയുണ്ട്. അത്രതന്നെ വേഗത്തിൽ ചില ശീലങ്ങളെ നാമും കൈവിട്ട് കളയുന്നുണ്ട്.
സ്റ്റാറ്റസിനനുസരിച്ച് ഓണത്തിന് നിറം മാറീട്ട്ണ്ട്. ഓഫറുകളുടെ ഓണമാണിത്. തൊടിയിലെ പൂക്കളേക്കാൾ വിദേശത്തുനിന്നെത്തിയ പൂക്കൾ നിരത്തിയ ഗമയുള്ള പൂക്കളങ്ങളുടെ ഓണം. വളരെ വൈകിയെഴുന്നേറ്റ്, തീ പുകയേണ്ടതില്ലാത്ത അടുപ്പുകളുടെ ഓണം. എണ്ണിയെടുക്കാനായി ഓണത്തുമ്പികൾ അവശേഷിക്കുന്നില്ലാത്ത ഓണം. സ്വീകരണമുറിയിലെ ഭിത്തിയിൽ തൂങ്ങിയ മുപ്പതിഞ്ച് വലിപ്പത്തിന് ചെറുപ്പമെന്ന് പിറുപിറുക്കുന്ന ഓണം. വിഭവങ്ങളുടെ ലാളിത്യത്തിൽ കുലീനമായൊരോണം.
അങ്ങനെ ഓണവിശേഷങ്ങൾ ഓർമ്മകൾക്ക് വഴിമാറുന്നു.

2020 ഓഗസ്റ്റ് 16, ഞായറാഴ്‌ച

" മലയാളത്തിനു പോലും''


പറഞ്ഞുമടുത്ത വിഷയമാണെങ്കിലും മടുപ്പില്ലാതെ വരുന്ന പരാമർശങ്ങളെ പരാമർശിക്കാതിരിക്കുന്നത് പരാധീനതയായി കാണരുത്.

കാലങ്ങളായി കരുതിവച്ച ചിന്തകളെ കാലികമായ കാലാവസ്ഥയിൽ ക്രമപ്പെടുത്താൻ കാഴ്ചവട്ടങ്ങൾക്ക് കരുത്തുണ്ടാവട്ടെ.

മാതൃഭാഷ ഇത്രയധികം ചർച്ച ചെയ്യപ്പെടുകയും അരികുവല്ക്കരിക്കപ്പെടുകയും ചെയ്യുന്ന മറ്റൊരു ദേശമുണ്ടാവില്ല.
മലയാളമെന്നത് കേവലമൊരു ഭാഷ മാത്രമായി നാം ചുരുക്കിക്കളഞ്ഞു. അതിനപ്പുറത്തേക്ക് എന്തെങ്കിലുമുള്ളതായി നമുക്ക് വല്യ ധാരണയൊന്നൂല്ല. അതുകൊണ്ടാണ് പഠിക്കാൻ തീരെ കൊള്ളില്ലാത്തതും പഠിപ്പിക്കാൻ മികച്ച ഒരുപാധിയുമായി മലയാളം മാറിയത്.

സ്ത്രീ വിഷയം പോലെയാണ് ഭാഷയും എന്നു തോന്നാറുണ്ട്. സംവരണവും നിയമങ്ങളും വനിതാ കമ്മീഷനും ഫെമിനിസവും ഒക്കെയുണ്ടെങ്കിലും നമുക്ക് അവളിന്നും നാല് ചുവരുകൾക്കുള്ളിലെ ആ പഴയ താത്രിക്കുട്ടി തന്നെ.
ശ്രേഷ്ഠ ഭാഷാപദവിയും മലയാള 
സർവകലാശാലയും ഭരണഭാഷാനിയമവും നിലവിലുണ്ടെങ്കിലും സ്കൂളുകളിലെ ഒന്നാം ഭാഷ ആംഗലേയം തന്നെ.
അതും പോരാഞ്ഞ് മലയാളമേ പഠിപ്പിക്കുന്നില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാണ് നമ്മുടെ കണ്ണ്.

ജനിച്ചശേഷം എന്തെങ്കിലുമൊന്ന് വാ തുറന്ന് പറഞ്ഞതും മരണക്കിടക്കയിൽ ഒടുക്കത്തെ ആഗ്രഹം പറയുന്നതും ഈ ഭാഷയിലാണെന്നിരിക്കെ, അതിനിടയിലുള്ള വളരെ കുറച്ചുനാളിലേക്ക് എന്തിനാണിത്ര വിരോധം.

ലോകത്തെല്ലായിടത്തും മലയാളികളുണ്ടെന്ന് അഭിമാനിക്കുന്നുണ്ട് നാം. എവിടെയെങ്കിലുമെത്തിയാൽ അവിടെ ഒരു മലയാളിയെങ്കിലും ഉണ്ടാവണമെന്ന് ആഗ്രഹിക്കാറുമുണ്ട്. അവിടെ മലയാളസമാജവും അതുമായി ബന്ധപ്പെട്ടതെല്ലാം ചെയ്യുന്നുമുണ്ട്. അന്യനാടുകളിൽ, ഭാഷയെന്ന നിലയിൽ "മലയാളത്തിനു പോലും" നമ്മൾ ഇത്രയും പ്രാധാന്യം നൽകുന്നു.
എന്നിട്ടും സ്വന്തം നാട്ടിൽ, അവഗണിക്കപ്പെടുന്ന പ്രവാചകനെപ്പോലെയാകുന്നു മലയാളം.

കേരളത്തിലെ ഒട്ടോണമസ് കോളജുകളിലെ വിവിധ കോഴ്സുകളിലേക്കുള്ള അപേക്ഷകരുടെ തള്ളിക്കയറ്റത്തെ പരാമർശിച്ചവേളയിൽ, മലയാളം കോഴ്സിനെക്കുറിച്ച് ഒരു മലയാളദിനപ്പത്രത്തിലെ പ്രയോഗമാണ്, "മലയാളത്തിനുപോലും 99% മാർക്കു " വേണമെന്നത്.

ഈ വിധത്തിൽ വാർത്തകൊടുക്കാൻ ഇതേ ഭാഷയാണ് തെരഞ്ഞെടുത്തതെന്ന് ബോധ്യപ്പെടാൻ മാത്രം വിവേകം ആ മഹാത്മാവിന് സർവേശ്വരൻ നൽകട്ടെ.

ഭാഷയിൽ താരതമ്യപഠനങ്ങൾ ധാരാളമുണ്ട്. അത് ഭാഷയെ മനസിലാക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമാണ്.
മറ്റുള്ളവയുമായി ഭാഷയെ താരതമ്യപ്പെടുത്തുന്നത് ഒഴിവാക്കിയാൽ നന്ന്. എല്ലാറ്റിനും മഹത്വമുണ്ട്. അത് തിരിച്ചറിയാനുള്ള മഹത്വം നമുക്കില്ലാത്തതാണ് പ്രശ്നം. എത്ര പഠിച്ചിട്ടും ആ "മലയാളം പോലും" നമുക്ക് പിടുത്തം കിട്ടുന്നേയില്ല.

അവസാനമായി ഒരു ചോദ്യം, രണ്ടു മിനിറ്റിൽ രണ്ടു പുറത്തിൽ കവിഞ്ഞ് ഉത്തരമെഴുതാൻ കഴിയോ സക്കീർ ഭായിക്ക്..??? (ഈ ചോദ്യം അടിച്ചു മാറ്റിയത് )

നോട്ടം

 ചില നോട്ടങ്ങൾ

വാചാലമാകാറുണ്ട്
ചില നോട്ടങ്ങൾ മൗനം പാലിക്കുന്നു
മറ്റു ചിലത് കേൾക്കുന്നുണ്ട്
ചിലത് ബധിരമാണ്
ചില നോട്ടങ്ങൾ ശാസിക്കുന്നുണ്ട്
മറ്റുചിലത് അഭിനന്ദിക്കുന്നു
ഇനിയും ചില നോട്ടങ്ങൾ
സഹതാപത്തിൻ്റേതാണ്
വേറെ ചിലത് സഹായംതേടിയുള്ളതും
ചില നോട്ടങ്ങൾ സ്നേഹത്തിൻ്റേതാണ്
മറ്റു ചിലത് കലഹത്തിൻ്റേയും
ഇനിയും ചിലത് ഒളിഞ്ഞുനോട്ടങ്ങളാണ്
ഇതിൽത്തന്നെ പരസ്യമായ ഒളിഞ്ഞുനോട്ടവുമുണ്ട്
നോട്ടങ്ങളിൽ ചിലത്
നമ്മെ ചൂളിപ്പിക്കുന്നുണ്ട്
പരുഷമായ നോട്ടങ്ങളും
സ്ത്രൈണ നോട്ടങ്ങളുമുണ്ട്
ചില നോട്ടങ്ങൾ നമ്മെ
ഉരുക്കുകയും ദഹിപ്പിക്കുകയും ചെയ്യുന്നുണ്ട്
ചില നോട്ടങ്ങൾ പ്രതീക്ഷയസ്തമിച്ചതിൻ്റേതാണ്
ഒടുവിലായി ഒന്നുണ്ട്
അതലസമാണ്

പ്രകൃതി

 പ്രഭാതത്തിൻ ജനനം കണ്ടവനാരാണ്

പകലിൻ്റെ മയക്കം കണ്ടവനാര്
സന്ധ്യയുടെ കണ്ണീരു കണ്ടവനാര്
ഇരവിൻ്റെ ഏകാഗ്രതയറിഞ്ഞവനാര്
കൂമൻ്റെ പാട്ടുകേട്ടവനാര്
ചകോരത്തിൻ്റെ കൂടോ
കുഞ്ഞിനെയോ കണ്ടവനാര്
മത്സും മുട്ടയിൽ അടയിരിക്കുന്നത് കണ്ടവനാര്
കുഴിയാനയുടെ പേറെടുത്തവനാര്
പൊരുന്നക്കോഴിയുടെ ചൂടറിഞ്ഞവനാര്
ഉറുമ്പിൻ്റെ ഉറക്കം കണ്ടവനാര്
മന്ദമാരുതൻ്റെ പുഞ്ചിരികണ്ടവനാര്
പാമ്പ് പൊഴിക്കുന്നത് കണ്ടവനാര്
മിന്നാമിനുങ്ങ് ചാർജുചെയ്യുന്നയിടം കണ്ടവനാര്
ഓന്തു നിറം മാറുന്നത് കണ്ടവനാര്
മണ്ണിരയുടെ എക്സ്റേ കണ്ടവനാര്
എല്ലാം കണ്ടു അറിഞ്ഞു
പക്ഷേ, ഒന്നും കണ്ടില്ല... കേട്ടില്ല...

അഭയം

 കരിന്തിരികത്തും വിളക്കിന് 

എണ്ണയാവുക 

ഉലയുന്ന നാളത്തിന്

മറയാവുക
വരണ്ട മണ്ണിന്
നനവാകുക
മഴയിൽ കയറി നിൽക്കാൻ
ഒരിടമാവുക
ചെരിഞ്ഞു നിൽക്കുന്നതിന്
താങ്ങാവുക

ഗുരുദക്ഷിണ

 ഗുരുവരർക്കാദരാൽ ശിഷ്യരിന്നേകുന്നു

അദ്ധ്യാപകദിനമംഗളങ്ങൾ
വിദ്യതൻ വിളക്കുതെളിച്ചവരാം നിങ്ങളെ -
യാദരാൽ സ്മരിക്കട്ടെ ഞങ്ങളിന്ന്
അക്ഷയമാമക്ഷരത്തെയക്ഷീണം നൽകാൻ
നീളുംനിശയെനീക്കാൻ ഒരു തിരിയായ് മാറാൻ
ആത്മാർപ്പണമോടെ ഒരു തലമുറയെവാർക്കാൻ
തിരിയുന്നീലോകത്തിൻ സ്പന്ദനമായ് മാറാൻ
അനുഭവമതിനാലേ ഒരു വഴിദീപമായ്മാറാൻ
കാതങ്ങൾ താണ്ടാൻ ഞങ്ങൾക്ക് ബലമേകാൻ
സ്നേഹത്തിൻ കവചവുമായി എന്നെന്നും
വാഴുന്നോർക്കിന്നിവരേകീടുന്നു
ആശംസകൾ
മോദമാർന്നാശീർവദീക്കേണം
ശിഷ്യരാം ഞങ്ങൾതൻ
ഗുരുത്വമെന്നുള്ളതു നഷ്ടമായീയെന്നാൽ
കഷ്ടമായിശിഷ്ടജീവിതങ്ങൾ

വോട്ടിനു വിലയുണ്ടാകുമ്പോൾ

കോൺഗ്രസിൽ എല്ലാവരും പുണ്യവാന്മാരാണെന്നോ എൽ. ഡി. എഫ്. വന്നാൽ എല്ലാം ശരിയാകില്ലെന്നോ ബി.ജെ.പി യെയോ മറ്റേതെങ്കിലും പാർട...