2021 ജൂൺ 26, ശനിയാഴ്‌ച

അവൾക്കുള്ളത്

നെഗറ്റീവായിരിക്കാനുള്ള കഠിന പരിശ്രമത്തിലാണ് നാം. കൊറോണയെന്നൊരു വൈറസ് ലോകത്തെ വല്ലാതെ പോസിറ്റീവാക്കുമ്പോൾ ഇങ്ങു കേരളത്തിൽ കാര്യങ്ങൾ വല്ലാതെ നെഗറ്റീവാണ്.
കൊറോണയേക്കാൾ മാരകമായ ചിലത് കേരളത്തിൽ വ്യാപിച്ചിരിക്കുന്നു. മരുന്നുകൊണ്ട് മാറാത്തത്ര മാരമായ ഒന്ന്. അവളെ മാത്രം ബാധിക്കുന്ന ഒന്ന്. നമ്മുടെ ഈഗോയിൽ എപ്പോഴും എരിഞ്ഞു തീരുന്നത് അവളാണ്.

സാക്ഷരകേരളമാണിത്. അറിവിലൂടെ അറിവില്ലായ്മയിൽ വളരുന്നു കേരളം. വിദ്യാഭ്യാസമില്ലാത്തതല്ല നമ്മുടെ പ്രശ്നം. ആ വിദ്യാഭ്യാസത്തെ പ്രായോഗികമാക്കുന്നിടത്താണ്. "സ്ത്രീധന നിരോധന നിയമം പാർലമെന്റ് പാസാക്കി. പക്ഷേ, ഇപ്പോഴും പല വീടുകളിലും അതു പാസായിട്ടില്ല" എന്ന് തൂലികയെന്ന ഇൻസ്റ്റഗ്രാം പേജ് പോസ്റ്റ് ചെയ്തതുപോലെയാണ് കാര്യങ്ങൾ.
വീടകങ്ങളിലെ അരക്ഷിതാവസ്ഥയെ തുറന്നു കാട്ടാൻ നമ്മുടെ പെൺകുട്ടികൾക്കും അമ്മമാർക്കും എന്നാണ് കരുത്തുണ്ടാവുക.
ആത്മഹത്യ ചെയ്തവർ, തങ്ങൾക്ക് പ്രയാസങ്ങളുെണ്ടെന്ന് പറഞ്ഞിരുന്നെന്ന് എല്ലാവരും സമ്മതിക്കുന്നു. എന്നിട്ടും അവർക്കുവേണ്ടി ചെറുവിരലനക്കാൻ നാം തയ്യാറാകുന്നില്ല.
ഒരു ചോദ്യചിഹ്നം കണക്കെ അവരിങ്ങനെ നമുക്കു മുന്നിൽ തൂങ്ങി നിൽക്കുന്നു - ചിലർ പന്തം കണക്കെ നിന്നു കത്തുന്നു......
ഒന്നിനുപിറകേ ഒന്നായി ചിലരിങ്ങനെ പാതിവഴിയിൽ കളിയവസാനിപ്പിക്കുമ്പോൾ വീട്ടകങ്ങളിൽ പൊള്ളത്തരങ്ങളുടെ കാറ്റുവീശുന്നു.
അപ്പോഴും നമ്മളിങ്ങനെ ഹാഷ്ടാഗിൽ Justice For ........ എന്ന ബോർഡും വച്ചിരിപ്പാണ്, അടുത്ത ഒരിരയെ കിട്ടാൻ, അതൊന്നാഘോഷിക്കാൻ. ഇതിങ്ങനെ ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.

2021 ജൂൺ 21, തിങ്കളാഴ്‌ച

വായനദിനം

വായന
അതൊരു വികാരമാണ്..... 
അനുഭൂതിയാണ്........
നിർവൃതിയാണ്.......
ആനന്ദമാണ്........
അറിവാണ്.........

ആയുസിലൊരിക്കലെങ്കിലും ആ വായനയ്ക്ക് മുഖം കൊടുക്കേണ്ടതുണ്ട്. നാളിതുവരെ എന്തെങ്കിലുമൊന്ന് വായിച്ചിട്ടില്ലാത്തവരില്ല. അവനവനെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഓരോ വായനയും.
ഇതു മാത്രമല്ല വായന. നമ്മുടെ അനുഭവങ്ങൾ, ചിന്തകൾ, ആഗ്രഹങ്ങൾ, ശീലങ്ങൾ, പ്രവർത്തനങ്ങൾ, മനോഭാവങ്ങൾ എല്ലാം വായിക്കപ്പെടുകയാണ്.

Be Positive എന്നാണ് നമ്മൾ ഇതുവരെ പറഞ്ഞിരുന്നത്. പക്ഷേ, അതേ പോസിറ്റീവ് ഇന്ന് നമ്മെ വല്ലാതെ നെഗറ്റീവാക്കുന്നു. Be Negative എന്ന് ഈ കാലത്തെ നമ്മൾ വായിക്കുന്നു.
നിറയെ നക്ഷത്രങ്ങളും ചന്ദ്രനുമുള്ള രാവ്. എല്ലാ ദിവസവും അതങ്ങനെ അവിടെയുണ്ടെങ്കിലും തലയുയർത്തി നോക്കുന്നവർക്കു മാത്രമാണ് ആ രാത്രി സൗന്ദര്യത്തെ ആസ്വദിക്കാൻ കഴിയുക. അതുപോലെയാണ് വായനയും. അക്ഷരങ്ങളിലേക്ക് മനസു ചേർക്കുന്നില്ലെന്ന് മാത്രം. വായന ആനന്ദമാണ്. അറിവാനന്ദം........

2020 ഡിസംബർ 30, ബുധനാഴ്‌ച

ചൂണ്ടുവിരൽ

 ആ വിരൽ ചൂണ്ടുന്നത് വേറേ ആരുടെയോ നേരേയായതുകൊണ്ട് കുറച്ചൊരാശ്വാസമുണ്ട്. ആ വിരൽ അങ്ങനെ ഉയർന്നു തന്നെ നിൽക്കും, ആ ഇടറിയ ശബ്ദമിങ്ങനെ മുഴങ്ങി കേട്ടുകൊണ്ടേയിരിക്കും. ഇതിങ്ങനെ പലരിലൂടെയും ആവർത്തിക്കും. അപ്പൊ നമ്മളിങ്ങനെ ഹാഷ്ടാഗ്ഗിൽ #Justice for ........... എന്ന് മറ്റൊരാളുടെ താഴെയായി പുതിയ ആൾക്ക് അഡ്മിഷൻ കൊടുക്കും.


ജനാധിപത്യപരമായി ഇത്ര സൂക്ഷ്മമായും കൃത്യമായും നിയമങ്ങൾ നടപ്പിലാക്കുന്ന കേരളത്തിന് ഗിന്നസ് റെക്കോർഡിന് അപേക്ഷിക്കാവുന്നതാണ്. അല്ലെങ്കിലും സാധാരണക്കാരൻ്റെ ആഹാരം മുടക്കിയിട്ടാണ് ഇന്നാട്ടിലെ നിയമപാലനം മുഴുവൻ - അതിപ്പൊ സദാചാര പോലീസായാലും സാക്ഷാൽ നിയമ പാലകരായാലും.

കൃത്യമായ ആസൂത്രണത്തോടെ നടക്കുന്ന നിയമലംഘനങ്ങൾക്ക് കാര്യമായ തെളിവുകിട്ടാനില്ല. സാധാരണക്കാരൻ്റെ മൂന്നു സെൻ്റിൽ കിളിർത്തു നിൽക്കുന്നതൊക്കെയും അവനെതരേയുള്ള തെളിവുകളാകുന്നു.

കേരളത്തെക്കുറിച്ചുള്ള സ്വപ്ന ചിന്തകൾക്ക് എല്ലാ നിയമപരിരക്ഷയും അവർ ലഭ്യമാക്കും. എന്നാൽ പാവപ്പെട്ടവൻ്റെ ആത്മഹത്യാ ഭീഷണിക്ക് 50 പൈസയുടെ വിലയുമില്ല - നിരോധിച്ചിട്ടില്ല പക്ഷേ, വിലയില്ല... കേൾക്കുന്നുണ്ട്, ഗൗനിക്കില്ല.

കോർപ്പറേറ്റുകൾക്കെതിരേ അങ്ങ് കേന്ദ്രത്തിൽ കുറേപ്പേർ റോഡിൽ കുത്തിയിരിക്കുന്നുണ്ട്. ഇതൊക്കെ അങ്ങ് കേന്ദ്രത്തിൽ മാത്രേ നടക്കൂ എന്ന് കരുതി സമാശ്വസിക്കുന്നവരോട്, കേരളത്തിൽ ജനങ്ങൾ തെരുവിലിറങ്ങുന്ന ദിവസങ്ങളിലേക്ക് വലിയ ദൂരമുണ്ടെന്നു തോന്നുന്നില്ല. ഇതല്ലാം കോർപ്പറേറ്റുകൾക്കുള്ളതാണ് എന്നതിൻ്റെ സൂചനകൾക്ക് ഇനിയും കാത്തുനിൽക്കരുത്. 
ഈ കുടിയൊഴിപ്പിക്കൽ അങ്ങനെയൊന്നിൻ്റെ വകഭേദം മാത്രം.

2020 നവംബർ 5, വ്യാഴാഴ്‌ച

പാട്ട് കേൾക്കുമ്പോൾ

 


പഴയ ടേപ്പ് റിക്കോർഡർ ഓർക്കുന്നു, പഴയ കാസറ്റും. റിക്കോർഡറിലേക്ക് കാസറ്റിട്ട് പാട്ടുകേൾക്കുന്നതു പോലെയാണ് ജീവിതങ്ങൾ. എപ്പോഴും പാട്ടുകേൾക്കുന്നുണ്ട്. ഇരുവശങ്ങളും മാറിയിട്ട് പാട്ടുകേൾക്കണമെന്നു മാത്രം. അങ്ങനെ അദ്ധ്യയനമെന്ന അല്പം ദീർഘമായൊരു കസറ്റിലെ അവസാന പാട്ടും കഴിയുകയാണ്. ആ അവസാന വിനാഴികകളിലേക്കു ചുവടുചേർക്കുമ്പോൾ രണ്ടു സംവത്സരങ്ങൾ നീണ്ട വസന്തകാലത്തിൻ്റെ സൗന്ദര്യം പച്ചകെടാതെ, ഓർമ്മകളുടെ ക്യാൻവാസിൽ ഒരു മുഴുചിത്രമായി തെളിഞ്ഞു നിൽക്കുന്നു. ഒരു രാത്രിയുടെ ചെറിയ ദൂരത്തിൽ ഓർമ്മകളുടെ മഴപ്പെയ്ത്തുകാലം ആരംഭിക്കുന്നു. ഒരു പകലിരവാകുമ്പോൾ കാലം ആ അവസാനതാളും മറിച്ചുകഴിഞ്ഞിരിക്കും. കാലചക്രം ഉരുണ്ടുമാറുമ്പോൾ വസന്തകാലത്തിലെ അവസാനത്തെ പൂവും ഒരുപകലിൻ്റെ ദൈർഘ്യത്തിൽ വിരിഞ്ഞു തീരുന്നു. അതെ, ചുറ്റുമുള്ളവരിൽ നന്മനിറച്ച് ജീവിതത്തിൽ ഋതുക്കൾ മാറാനൊരുങ്ങുന്നു. വളരെ ചെറിയ ദൂരം മുറിച്ചുകടക്കുകയായിരുന്നു നമ്മൾ. കണ്ണുചിമ്മുന്ന വേഗതയിൽ ആ ദൂരത്തെ കടന്നു പോവുകയാണ് നാം. അദ്ധ്യയനമെന്ന വശത്തെ പാട്ട്  കേട്ട് തീരുകയാണ് നമ്മൾ. ഇനി മറുവശത്തെ അദ്ധ്യാപനമെന്ന പാട്ടുകേട്ടു തുടങ്ങണം.


ഒറ്റവാക്കിൽ പറഞ്ഞാൽ;
Professionally a Teacher

ഫ്രാഞ്ചിപ്പാപ്പൻ

 


 




നാമെപ്പോഴുമൊരു വിദ്യാർത്ഥിയാണെന്ന് ഓരോ കാഴ്ചയിലും ഓർമ്മപ്പെടുത്തിയിരുന്ന സാന്നിദ്ധ്യം. അഞ്ച് അവറുകളുടെ ( hour ) ഒരു ദിവസത്തേക്കാൾ എസ് ബി യിലെ വിദ്യാർത്ഥി. ഒരു കയ്യിൽ പുസ്തകങ്ങളും മറുകയ്യിൽ ചോറ്റുപാത്രവുമായി നടന്നു നീങ്ങിയ ജീവിതം. ടവറിനു മുകളിൽ വിരിച്ച കരങ്ങളുമായി നിൽക്കുന്നവനു താഴെ ശാന്തമായൊഴുകിയ പുഴ.  കോളജ് വരാന്തകളിൽ എഴുതിയും വായിച്ചുമിരുന്ന വായനയുടെ എഴുത്തുകാരൻ. ആർട്സ് ബ്ലോക്കിലും ടവർ ബ്ലോക്കിലും അഡ്മിമിനിസ്ട്രേറ്റീവ് ബ്ലോക്കിലും (പഴയത് ) ലൈബ്രറിയിലും കാവുകാട്ടു ഹാളിലും പൗവ്വത്തിൽ ഹാളിലും ........., ............., ................, ........., ഹാജരുള്ളൊരാത്മാവ്. 

ഇത്ര ലളിതമായി, ആവേശമായി, ആഘോഷമായി, പൂർണമായി, കാലങ്ങളായി ഈ കലാലയത്തിൽ ഹൃദയപൂർവ്വമായിരുന്ന മറ്റൊരാളുണ്ടാവില്ല. ഇവർ പരസ്പരം അറിഞ്ഞതുപോലെ മറ്റാരും ഇവരെ മനസിലാക്കിയിട്ടുമുണ്ടാവില്ല.

ഇതിലുമേറെ ലളിതമായെങ്ങനെ ആസ്വദിച്ചിതങ്ങു ജീവിതം.................

2020 ഒക്‌ടോബർ 26, തിങ്കളാഴ്‌ച

പുറത്തു പെയ്യുന്നമഴ

ബസിൽ യാത്ര ചെയ്യുകയാണ് ആ അച്ഛനും 10 വയസുകാരൻ മകനും. പുറത്ത് നല്ല മഴയുണ്ട്. ബസിലെ ഷട്ടറുകളെല്ലാം താഴ്ത്തിയിരിക്കുകയാണ്. മകൻ്റെ വാശിമൂലം അച്ഛൻ തൻ്റെ സൈഡിലെ ഷട്ടർ ഉയർത്തിവച്ചു. തണുത്ത കാറ്റിനൊപ്പം വെള്ളവും അകത്തേക്ക് ശക്തിയായി വീഴുന്നുണ്ട്. മകൻ തുള്ളിച്ചാടുകയും മഴയിലേക്ക് കൈ നീട്ടുകയും ചെയ്ത് ആ മഴ ആസ്വദിച്ചുകൊണ്ടിരുന്നു.  സഹയാത്രികർക്ക് അസൗകര്യമാകുന്നു എന്നു കണ്ടിട്ടും അയാൾ മകനെ വിലക്കുന്നില്ല എന്നുകണ്ട് മറ്റുള്ളവർ അസ്വസ്ഥരായി. ചിലരത് പ്രകടിപ്പിക്കുകയും ചെയ്തു.

ഒരാൾ അക്ഷമയോടെ പറഞ്ഞു: "കുട്ടിയോട് അടങ്ങിയിരിക്കാൻ പറയൂ. മറ്റുള്ളവരുടെ ദേഹത്ത് വെള്ളം വീഴുന്നത് കണ്ടില്ലേ..?"
അയാൾ മകനെ ബലമായി പിടിച്ച് മടിയിൽ ഇരുത്തിയെങ്കിലും അവൻ വീണ്ടും മഴയാസ്വദിക്കാൻ തുടങ്ങി. ഇതു കണ്ടിട്ടും മകനെ അയാൾ ഒന്നു ശകാരിക്കുക പോലും ചെയ്തില്ലെന്നു കണ്ട ഒരാൾ ക്ഷോഭത്തോടെ അച്ഛനോട് പറഞ്ഞു: "ഇങ്ങനെയാണോ മക്കളെ വളർത്തുന്നത്. മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച്..."

മകൻ മഴ ആസ്വദിക്കുന്നത് ഒരിക്കൽക്കൂടി നോക്കിയശേഷം ആ അച്ഛൻ പറഞ്ഞു: "ഒരു ബസ് യാത്രക്കാരനെന്ന നിലയിൽ ഞാൻ ചെയ്യുന്നത് തെറ്റാണ്. ഞാനവനെ ശകാരിക്കുകയും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവാതെ നോക്കുകയും വേണം." ................
"പക്ഷേ, ഒരച്ഛനായ ഞാൻ എങ്ങനെയാണ് ഇത് ചെയ്യരുത് എന്നു പറയുന്നത്."
"എൻ്റെ കുഞ്ഞ് ആദ്യമായി ലോകം കാണുകയാണ്. അവനിതുവരെ ഭൂമി കണ്ടിട്ടില്ല, മനുഷ്യരെ കണ്ടിട്ടില്ല, മൃഗങ്ങളെ കണ്ടിട്ടില്ല, മഴ കണ്ടിട്ടില്ല......"
"ജനിച്ചശേഷം ആദ്യമായാണ് അവൻ എന്തെങ്കിലും ഒന്നു കാണുന്നത്...."  
''അവനെ ഞാനെന്തുപറഞ്ഞാണ് മാറ്റിയിരുത്തേണ്ടത്...???" ഇതു പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.
അങ്ങനെയൊരു മറുപടി ആരും പ്രതീക്ഷിച്ചിരുന്നില്ല. പെട്ടന്ന് എല്ലാവരുടേയും മുഖത്തെ അമർഷവും കോപവും മാഞ്ഞുപോയി.
മകനെ വിലക്കാൻ ആവശ്യപ്പെടുന്ന ഒരു നോട്ടം പോലും ആ അച്ഛനു നേരേ അവരുയർത്തിയില്ല. ദേഹത്തു വീഴുന്ന വെള്ളത്തുള്ളികൾ തങ്ങളെ നനയ്ക്കുന്നതായി അവർക്ക് തോന്നിയില്ല.

എവിടെയോ വായിച്ചതാണിത്.
കാര്യങ്ങൾ അങ്ങനെയാണ്. ഓരോന്നിൻ്റെയും പിന്നാമ്പുറകഥകൾ വെളിപ്പെടുന്നതുവരെ.
എല്ലാറ്റിനും പിന്നിൽ ഇങ്ങനെയൊരു മറയുണ്ടാകും. നമ്മൾ അത് തിരഞ്ഞ് മെനക്കെടാറില്ലെന്നതാണ് കാര്യം.
ചില മുന്നനുഭവങ്ങളുടെ അഭാവം ശിഷ്ടജീവിതത്തിൻ്റെ നിറം വല്ലാതെ കെടുത്തിക്കളയുന്നുണ്ട്.
നമ്മുടെ മുൻവിധികൾ ചിലവയുടെ സ്വാഭാവിക ഭംഗികളെ ചിതറിച്ചുകളയുന്നുണ്ട്.

2020 സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

ലാത്തിവീശുമ്പോൾ ശ്രദ്ധിക്കാൻ

 ഇതിപ്പൊ ആദ്യ സംഭവമൊന്നുമല്ല. നമ്മളിത് കൊറേ കണ്ടതാണ് സാറേന്ന്.

ഇപ്പൊ പ്രതിഷേധിക്കാൻ റോഡിലിറങ്ങിയാൽ ഒരു ലാത്തിച്ചാർജോ കണ്ണീർവാതക പ്രയോഗമോ ഉറപ്പാണ്. ടീവിയിൽ അതു കണ്ടിരിക്കാൻ എന്തുരസാണല്ലേ..!!! ഇവർക്ക് ഇതിൻ്റെ വല്ല ആവശ്യോണ്ടോ?? അടങ്ങി ഒതുങ്ങി വീട്ടിലെങ്ങാനും ഇരുന്നാപോരേ. വെറ്തേ പോലീസുകാർക്ക് പണിയുണ്ടാക്കാനായിട്ട്....

ഒന്നു നിക്കൂ, എന്നിട്ട് ഇങ്ങനെയൊന്ന് ചിന്തിക്കൂ;
നിങ്ങൾ ടൗണിലൂടെ കടന്നുവരുമ്പോൾ ഒരു പ്രതിഷേധജാഥ കടന്നു വരുന്നു. അവരെ തടയാനായി പോലീസ് നിൽക്കുന്നു. എവിടുന്നോ ഒരു കല്ലോ ചെരിപ്പോ പോലീസിനു നേർക്ക്. എന്തിനും തയ്യാറായി നിന്ന പോലീസ്, "ചാർജ്" എന്നു കേൾക്കുന്നതോടെ ആവേശത്തോടെ പ്രതിഷേധക്കാരുടെ നേരേ പാഞ്ഞടുക്കുന്നു. അപകടം മണത്തപ്രവർത്തകർ ചിതറിയോടുന്നു. വഴിയിലൂടെ നടന്നുവന്ന നിങ്ങളെ തള്ളിമാറ്റി പ്രവർത്തകർ ഓടുന്നു. അവരെ പിന്തുടർന്നു വന്ന പോലീസ് ഒഴിഞ്ഞു മാറുന്ന നിങ്ങളെ കണ്ട് ലാത്തിക്ക് തലങ്ങും വിലങ്ങും തല്ലുന്നു.
തല്കാലം ഇവിടെ പോസ് ചെയ്യുന്നു.

പണ്ട് കുരുത്തക്കേട് കാണിച്ചപ്പൊ കിട്ടിയ അടിയുടെ ചൂട് ഇപ്പൊഴും മാറീട്ടില്ല. അതുപോലും സഹിക്കാൻ നമുക്ക് പറ്റുമായിരുന്നില്ല. അപ്പോഴാണ് ലാത്തികൊണ്ടുള്ള പ്രഹരം.

പോലീസുകാർക്ക് എന്തിനാണ് ലാത്തി...? ക്രമസമാധാനപാലനമാണിവരുടെ ധർമ്മമെങ്കിൽ ലാത്തികൊണ്ട് അടിച്ചമർത്തിയാണോ അതുറപ്പുവരുത്തേണ്ടത്..???
യുദ്ധത്തിൽപ്പോലും അങ്ങനെയൊരു നിയമമുണ്ട് പോലും; നിരായുധനായി നിൽക്കുന്ന പ്രതിയോഗിയെ അക്രമിക്കരുത്. എന്തൊരു വിരോധാഭാസം. പ്രതിഷേധവുമായി വരുന്ന അമ്പതോ നൂറോപേരേ നേരിടാൻ തലയിൽ ഹെൽമെറ്റും വലതുകയ്യിൽ ലാത്തിയും ബാരിക്കേടും വച്ച് സർവസന്നാഹങ്ങളോടെയാണ്  ഇരുന്നൂറോളംവരുന്ന നമ്മുടെ പോലീസുമാമന്മാർ നിൽക്കുന്നത്.
ഏതെങ്കിലും ഒരാളെ കിട്ടിയാൽ വളഞ്ഞിട്ട് അടിയാണ്.

കഷ്ടമാണ് സർ. പ്രകോപനമുണ്ടാകും. 
പ്രകോപനമുണ്ടായെന്നു കരുതി ചാടിപ്പുറപ്പെടുന്നതിൽ എന്തു ക്രമമാണ് സർ. ഇനി നിങ്ങൾക്ക് തല്ലിയേ ഒക്കൂ എങ്കിൽ ബാരിക്കേട് ഒഴിവാക്കൂ. ഒരു കയർ വലിച്ചുകെട്ടി കാത്തുനിക്കൂ. പ്രവർത്തകർ ഉറപ്പായും അതു മറികടക്കും. ബാരിക്കേട് മറികടന്നു വരുന്നത്ര സമയം ലാഭിക്കുകയും അത്രനേരം കൂടി അവരെ തല്ലുകയുമാവാം.

പോലീസുകാർക്ക് ലാത്തി വേണ്ട. അതവർക്കൊരു അലങ്കാരമല്ല, അഹങ്കാരമാണ്. തീരെ നിവൃത്തിയില്ലെങ്കിൽ ജലപീരങ്കി പ്രയോഗക്കൂ. കണ്ണീർവാതകവും. ലാത്തി വീശിയുള്ള ഈ അഭ്യാസം പോലീസിനു ഭൂഷണമല്ല.

ലാത്തി ഉപയോഗിക്കാൻ പറയുന്നതിൽ എവിടെയാണ്, പ്രതിഷേധിക്കുന്നവരെ തലങ്ങും വിലങ്ങും അടിക്കാൻ പറഞ്ഞിട്ടുള്ളത്..?
ലാത്തികൊണ്ടടിച്ച് തല പൊട്ടിക്കണമെന്ന് പറഞ്ഞിട്ടുള്ളത്..?
ഇങ്ങനെ തല്ലിച്ചതച്ച് അവശരാക്കി പ്രതിഷേധക്കാരെ മാറ്റുന്നതിന് പോലീസ് ഏറ്റെടുക്കുന്ന ആ "റിസ്കു"ണ്ടല്ലോ. അതിർത്തിയിൽ ജവാന്മാർക്ക് പോലും ഇത്രയും പ്രശ്നങ്ങളില്ല. എൻ്റെ അഭിപ്രായത്തിൽ പോലീസുകാർക്ക് ഒരു എ കെ 47 തോക്കും കൂടെ കൊടുക്കണം. അതാകുമ്പൊ വെടിവച്ചിട്ടാൽ മതിയല്ലൊ. ഈ തല്ലുമ്പോഴുള്ള ആയാസംകൂടെ കുറഞ്ഞിരിക്കട്ടെ.

എത്ര അടികൊണ്ടിട്ടും പരുക്കേറ്റിട്ടും തിരിച്ചു തല്ലാതെ നിൽക്കുന്നവരെ കണ്ടു. ഒന്നു കൈയ്യോങ്ങിയാൽ അതിൻ്റെ പേരിൽ ചാർജു ചെയ്യപ്പെടാനിടയുള്ള വകുപ്പുകളെക്കുറിച്ച് നമുക്ക് നല്ല ധാരണയുണ്ടല്ലൊ.
പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നതാണ്. അതുപറ്റില്ലെങ്കിൽ പുതിയ നിയമനിർമ്മാണം നടത്തൂ. കൂട്ടം കൂടുന്നതും പ്രതിഷേധിക്കുന്നതും നിയമവിധേയമല്ലാതാക്കൂ. അപ്പൊ കാര്യങ്ങൾക്ക് വല്ലാതെ ഭംഗിയുണ്ടാവും.

വോട്ടിനു വിലയുണ്ടാകുമ്പോൾ

കോൺഗ്രസിൽ എല്ലാവരും പുണ്യവാന്മാരാണെന്നോ എൽ. ഡി. എഫ്. വന്നാൽ എല്ലാം ശരിയാകില്ലെന്നോ ബി.ജെ.പി യെയോ മറ്റേതെങ്കിലും പാർട...