2020 മാർച്ച് 24, ചൊവ്വാഴ്ച

കനൽ

കനൽ:

ഉള്ളിൽ കനൽ വഹിച്ചൊരു സ്ത്രീ -
മറിയത്തെക്കുറിച്ചാണതു കേട്ടത്
പിന്നെയത് ജ്വലിപ്പിച്ചത് മരിയ ഗൊരേത്തിയും
അലക്സാണ്ടറായിരുന്നു ആ കനൽ
കുറ്റബോധത്തിന്റെ കനൽ ജ്വലിപ്പിച്ചവൻ
ചരിത്രവഴികളിൽ ഇനിയും കനലുകൾ 
ജ്വലിക്കുന്നുണ്ട്.

കാലചക്രം മിന്നിമാഞ്ഞപ്പോൾ
കനലായി ചിലർ ജ്വലിക്കുന്നുണ്ട്
സൂര്യനെല്ലിയിലായിരുന്നു അതിലൊന്ന്
അണഞ്ഞുപോയൊരു കനൽ
ഡൽഹി, തിരുവല്ല , കൊച്ചി...
കനലുകളായിരുന്നു
ഇന്നു ചാരമായൊരു കനൽ

രോഹിത് വെമുല കനലായിരുന്നു
ജാതിവെറിയിൽ അവശേഷിച്ച കനൽ
മധുവൊരു കനലായിരുന്നു
വിശപ്പിൽ കുരുത്ത കനൽ
ചാരം മൂടിയ കനലുകളാണിവ
ഊതിത്തെളിക്കാൻ കരുത്തു നൽകുന്നവ

കാമത്തിൽ എരിഞ്ഞു തീരുന്ന
ആൺ - പെൺ കനലുകളെ
നാമിനിയും ഗൗനിക്കുന്നേയില്ല
എരിയുന്ന കനലുകൾ 
നമ്മെ പൊള്ളിക്കുന്നേയില്ല

കനലിൻ കരുത്താണ് 
മറിയം വഹിച്ചതെന്ന്
ഏതുറക്കത്തിലാണ്,
ഏതു വ്യാകുലത്തിലാണ്, 
ഏതു സഹനത്തിലാണ്
നമുക്ക് പിടുത്തം കിട്ടുക.



2020 മാർച്ച് 12, വ്യാഴാഴ്‌ച

അവധി

അപ്രതീക്ഷിതമായൊരു
ആരോഗ്യാടിയന്തിരാവസ്ഥാ 
കാലത്തിലാണു നാം.
അത്ര ആരോഗ്യകരമല്ല 
കാര്യങ്ങൾ എന്നു വ്യക്തം.
ലോകരാജ്യങ്ങളിലേക്ക്
വായുവേഗത്തിൽ ആശങ്ക പരക്കുന്നു.
121 രാജ്യങ്ങളെന്നത് 
ചെറിയ സംഖ്യയായി കാണാനാവില്ല.
ആരുടേയും ചിന്തയിൽ 
മറ്റെന്തെങ്കിലും ഉള്ളതായി തോന്നുന്നില്ല.
എല്ലാവരിലും പകപ്പു മാത്രം.
എത്ര പെട്ടന്നാണ് കാര്യങ്ങൾ
കീഴ്മേൽ മറിയുന്നത്.
ചെറിയൊരു വൈറസ്
ലോകം നിശ്ചലമാക്കിയിരിക്കുന്നു. 
ഓഹരി വിപണി ഇടിയുന്നു,
ക്രൂഡ് ഓയിലിന് വിലയിടിഞ്ഞു,
വിനോദ സഞ്ചാരമേഖല നിശ്ചലമാകുന്നു,
വിദ്യാഭ്യാസ മേഖല 
നിർബന്ധിത അവധിയിലാകുന്നു, 
യാത്രകൾക്ക് നിയന്ത്രണമുണ്ടാകുന്നു,
യോഗങ്ങളും മീറ്റിങ്ങുകളും
നടത്തുന്നതിന് വിലക്കുണ്ടാകുന്നു,
ഉത്സവങ്ങളും തിരുനാളുകളും
പ്രാർത്ഥനാ സമ്മേളനങ്ങളും 
ഒഴിവാക്കുന്നു.

ലോകം ഒരു രോഗത്തിലേക്കു ചുരുങ്ങുന്നു

ഈ അസാധാരണത്വം 
ആദ്യമറിഞ്ഞത് നമ്മുടെ
കണിക്കൊന്നയാണെന്നു തോന്നുന്നു.
മറ്റെല്ലായിടങ്ങളിലുമുള്ളവയും
വസന്തത്തിനു വഴിമാറിയപ്പോ
അതു കണ്ടതായിപ്പോലും നടിച്ചില്ല.
വരാൻ പോകുന്ന ദുര്യോഗത്തെ
ഉൾക്കൊള്ളാൻ സ്വയം
തയ്യാറെടുക്കുകയായിരുന്നിരിക്കണം.

ആ പറഞ്ഞതു ശരിയാണ്, വായിച്ചിരിക്കുന്നതിനിടെ ആരോ വന്ന് ആ പുസ്തകം തട്ടിപ്പറിച്ച് ഓടിയതുപോലെയാണ് കാര്യങ്ങൾ. കഥ പൂർത്തിയായിട്ടുമില്ല, ഇനിയൊട്ടു വായിക്കാനും പറ്റില്ല. അവസാന വർഷക്കാരാണ് പെട്ടുപോയത്. എല്ലാമൊന്ന് ആയി വരുന്നേയുണ്ടായിരുന്നുള്ളൂ. ഇനിയെന്നെന്നോ, ഇനിയെന്തെന്നോ വല്യ പിടിയില്ല.
വെറ്തേയിരുന്നു മടുക്കുമ്പോൾ ഫോണിൽ തോണ്ടുന്നതിനിടെ ഗ്യാലറിയിലേക്കൊന്നു പോകും. പഴയ ഫോട്ടങ്ങളിലേക്കും വീഡിയോകളിലേക്കും കണ്ണു പായും. ചിലതു മനസു നിറയ്ക്കും. വേറേ ചിലത് കണ്ണും. അതിനിടയിൽ വല്ലപ്പോഴുമുള്ള വീഡിയോ കോളിലൂടെ അതിന്റെ ഗ്രാവിറ്റി അല്പം കുറയ്ക്കപ്പെടും. ഗ്രൂപ്പുകളിൽ ട്രോളുകളും ചളികളും വന്നു നിറയും. വീട്ടിലിരുന്നു മടുത്തു എന്ന് പതംപറയും. ജീവിതത്തിലാദ്യമായി മാറ്റി വയ്ക്കപ്പെടുന്ന പരീക്ഷയെ നാം മനസറിഞ്ഞ് ശപിക്കും. ക്ലാസിൽ പോകാൻ മടിയായിരുന്ന നമുക്ക് ഇന്ന് ക്ലാസിൽ പോകാതിരിക്കാൻ വയ്യെന്നായി. എത്ര വേഗത്തിലാണ് കാര്യങ്ങൾ വൈകാരികമാകുന്നത്. ഞാൻ എന്നെത്തന്നെ നഷ്ടപ്പെടുത്തുന്നു. അല്ല, എനിക്കെന്നെത്തന്നെ നഷ്ടപ്പെടുന്നു.

2020 ഫെബ്രുവരി 11, ചൊവ്വാഴ്ച

വൈകുന്നേരങ്ങളും പടികളും

വൈകുന്നേരങ്ങൾ വൈകുന്നേരങ്ങളല്ല
അതിൽതന്നെ ഒരു ദിവസമാണ്
മണിക്കൂറുകൾക്ക് നിമിഷങ്ങളുടെ മാത്രം ദൈർഘ്യമുള്ളവ
കുഞ്ഞു കന്നത്തരങ്ങളുടെ ചെറിയ 
ആയുസിൽ കൊഴിഞ്ഞു പോകുന്നവ
പടികളിറങ്ങി ആരംഭിക്കുകയും
പടികൾ കയറി മറയുകയും ചെയ്യുന്ന
കുഞ്ഞു നിമിഷങ്ങളുടെ വലിയ ദിവസങ്ങൾ
വെറുതേ മിണ്ടാനും പിന്നേം പറയാനുമുള്ള
ചെറിയ വായിലെ വലിയ വൈകുന്നേരങ്ങൾ
പടികളിൽ ചടഞ്ഞിരിക്കാനും 
പടികളിലെ ഫോട്ടം പിടിക്കാനുമുള്ള 
പതിവായുള്ള വൈകിപ്പോകലുകൾ
വലിയ ആനന്ദങ്ങളുടെ ചെറിയ വൈകുന്നേരങ്ങൾ
വലിയ ആനന്ദങ്ങളുടെ ചെറിയ ഇടങ്ങൾ


നമ്മുടെ പടികളും വൈകുന്നേരങ്ങളും.

2020 ഫെബ്രുവരി 2, ഞായറാഴ്‌ച

ക്യാമ്പോർമ്മകൾ


'സൗഹൃദ' 2020
അങ്ങനെ കാര്യങ്ങൾക്ക് ഏതാണ്ട് തീരുമാനമാകുന്നു. അഞ്ചുദിന സഹവാസ ക്യാമ്പും അവസാനിക്കുന്നു. ദിവസങ്ങൾക്ക് പതിവില്ലാത്ത വേഗമുള്ളതുപോലെ. എത്രവേഗത്തിലാണെല്ലാം ഓർമ്മയാകുന്നത്. നാളെ നമ്മളും....
വല്ലാത്തൊരു ത്രില്ലിലായിരുന്നു നാം. പറഞ്ഞു കേട്ടിടത്തോളം ക്യാമ്പിനെ വെല്ലാൻ മറ്റൊന്നിനുമാവില്ലായിരുന്നു. 2 വർഷ ബി.എഡ്. കരിക്കുലത്തിലെ എക ആശ്വാസം.
വല്ലാത്തൊരു ആകാംക്ഷയിലും അതിരുകവിഞ്ഞ ആത്മവിശ്വാസത്തിലുമായിരുന്നു നമ്മൾ. കാരണം അത്രയും ഹൃദ്യമാകുമെന്ന പ്രതീക്ഷതന്നെ. എല്ലാത്തരത്തിലും നമ്മൾ സജ്ജരായിരുന്നു - മാനസികമായും ശാരീരികമായും. ക്യാമ്പിനെ എതിരേൽക്കാനുള്ള മിനുക്കുപണികൾ. എല്ലാം സുന്ദരമാക്കാനായിരുന്നു.
പേരുപോലെ തന്നെ എല്ലാത്തിനോടും സൗഹൃദപരമായി ആരംഭിക്കാൻ നമ്മളാഗ്രഹിച്ചു. അതിനു മുന്നോടിയായി നമ്മൾ 'Seed pen' തയ്യാറാക്കി. കഴിയുന്നിടത്തോളം പ്ലാസ്റ്റിക് ഉപേക്ഷിച്ചു. എല്ലാം ഭംഗിയായി നടന്നു. ഗ്രൂപ്പു തിരിഞ്ഞുള്ള പ്രവർത്തനങ്ങൾ, നല്ല നിലവാരം പുലർത്തിയ ക്ലാസുകൾ, നമ്മൾ തന്നെ തയ്യാറാക്കിയ ഭക്ഷണങ്ങൾ, കളിചിരികൾ, കുന്നന്താനത്തെ അന്തേവാസികളോടൊപ്പമുള്ള നിമിഷങ്ങൾ, വൺ ഡേ ടൂർ, മാസ്സ് കുക്കിംഗ്, കൾച്ചറൽ പ്രോഗ്രാംസ്, ക്ലീനിംഗ്, യോഗാ ക്ലാസ്, എയ്റോബിക്സ്, ചെടിച്ചട്ടി പെയിന്റിംഗ്, ക്യാമ്പ്ഫയർ, Nature Walk അങ്ങനെ സംഭവ ബഹുലമായ അഞ്ചു ദിവസങ്ങൾ....

രാത്രിയിലെ ഉറങ്ങാതിരിക്കലുകൾ, ആരുമറിയാതെയുള്ള വാനനിരീക്ഷണം, അടുക്കളയിലെ കോലാഹലങ്ങൾ - ഉപ്പു നോക്കാനുള്ള എത്തിനോട്ടങ്ങൾ, ഭക്ഷണമേശയിലെ പിടിവലികൾ, വാരിക്കൊടുക്കാനുള്ള തത്രപ്പാടുകൾ. ഇങ്ങനെ ഭംഗിയുള്ള കുറച്ച് നിമിഷങ്ങൾ....
എന്നിട്ടും നമ്മൾ വല്ലാതെ മടുത്തു പോയിരുന്നു ഒന്നും ആരെയും തൊടുന്നില്ല എന്നൊരു തോന്നൽ.എന്തൊക്കെയോ ചെയ്ത് എന്താക്കെയോ പറഞ്ഞ് നമ്മൾ കടന്നു പോയി. ആരുമായും നേരാംവണ്ണം ഒന്നു മിണ്ടാൻകൂടി കഴിഞ്ഞില്ല. മനസു നിറയാതെയാണ് മടങ്ങിയത്. ഇതൊന്നു കഴിഞ്ഞുകിട്ടിയാൽ പോകാമായിരുന്നു എന്ന അവസ്ഥ.

എന്നിട്ടും മനസു നിറച്ച ചില അപൂർവ്വ നിമിഷങ്ങൾ. എന്തൊക്കെ പറഞ്ഞാലും ഉള്ളു നിറഞ്ഞിട്ടുണ്ട്. എത്ര സന്തോഷത്തിലായിരുന്നു നമ്മൾ. നിറയാൻ ബാക്കിയുള്ള ഭാഗത്തെക്കുറിച്ചല്ല, നിറഞ്ഞു കിടക്കുന്ന ഭാഗത്തെക്കുറിച്ച് ചിന്തിക്കൂ.
അങ്ങനെ മനസു നിറച്ച് ക്യാമ്പ് അവസാനിക്കുന്നു.
ഇനി കാത്തിരിപ്പിന്റെ ചെറിയ ഇടവേള - ആ വലിയ സന്തോഷത്തിന്.
ശേഷം, ഇനിയും ബാക്കിയായ ദിനങ്ങളക്കുറിച്ചുള്ള വ്യാകുലത്തിലിങ്ങനെ.........

2019 ഡിസംബർ 28, ശനിയാഴ്‌ച

'മനസി'ലായത്

ഒരു ജൂൺ മാസത്തിൽ സെവേറിയോസിന്റെ ഭാഗമാകുമ്പോൾ നാം ഇങ്ങനെയൊന്നും കരുതീട്ടുണ്ടാവില്ല. എത്ര ലളിതമായാണ് നമ്മൾ ഓരോ നിമിഷവും ആഘോഷിക്കുന്നത്. ചെറിയൊരു സമൂഹമായിരുന്നിട്ടും  പിന്തിരിഞ്ഞു നോക്കുമ്പോൾ നമ്മൾ ചെയ്തത് അത്ര ചെറിയ കാര്യങ്ങളല്ല എന്ന് ബോധ്യമാകുന്നു. മറ്റെന്നത്തെയും പോലെ ഈ ദിവസങ്ങളും കടന്നു പോകുമായിരുന്നു. പക്ഷെ, നമ്മുടെ ഈ എണ്ണക്കുറവിനെ  പ്രവൃത്തിയുടെ വലിപ്പംകൊണ്ട് നമ്മൾ മറികടന്നു. 
ഡിസംബർ 2 മുതൽ 20 വരെയുള്ള 15 പ്രവർത്തിദിവസങ്ങൾ. ഏറെ പരിമിതികൾക്കും സമ്മർദത്തിനും 
നടുവിലായിരുന്നു നമ്മൾ. എന്നിട്ടും എത്ര സുന്ദരമായി അത് അതിജീവിച്ചു.
നാലു മാസത്തെ അദ്ധ്യാപക പരിശീലനത്തിനും കമ്മിഷനും ശേഷം ഡിസംബർ 2 നാണ് നാം കരോൾ പ്രാക്ടീസ് ആരംഭിക്കുന്നത്. ഡിസംബർ 16 നാണ് കരോൾ സർവീസ് എന്ന് അറിയിപ്പ് കിട്ടുന്നത് അതിനും ശേഷമാണ്. എല്ലാവരെയും ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ. എന്നിട്ടും വ്യത്യസ്തമായ  6 പാട്ടുകൾ നമ്മൾ പരിശീലിച്ചു. പുൽക്കൂടു നിർമ്മിച്ചതും അത് മനോഹരമാക്കിയതും. 
അതിനിടെ വീണുകിട്ടിയ അപൂർവമായ പാട്ട് റെക്കോർഡിങ്. അതിനുവേണ്ടിയുള്ള ആളുകളെ കണ്ടെത്തൽ, സ്റ്റുഡിയോ ക്രമീകരിച്ചത്. കോളേജിൽ നിന്നുള്ള അനുവാദം ചോദിച്ചതും പ്രിൻസിപ്പൽ പൂർണ പിന്തുണതന്നതും.  ഡിസംബർ 11 ന്  രാവിലെ ട്രെയിനിൽ കരുനാഗപ്പള്ളിയിലേക്ക് പുറപ്പെട്ടത്. റെക്കോർഡിങ്  സ്റ്റുഡിയോ ആദ്യമായി കണ്ടതിന്റെ അത്ഭുതവും അങ്കലാപ്പും. അവിടുത്തെ രസകരമായ നിമിഷങ്ങൾ. റെക്കോർഡിങ്നു മുൻപ് കായംകുളം കൊട്ടാരത്തിൽ പോയത്. അവിടെയുള്ള ഗജന്ദ്രമോക്ഷം ചിത്രം കണ്ടതും കൊട്ടാരതിന്റെ ചരിത്രം കേട്ട് ബോറടിച്ചത്. കൊട്ടാരത്തിനകത്തും പുറത്തുമുള്ള കോലാഹലങ്ങൾ. ഇതിനെല്ലാം ശേഷം 16 ലെ കരോൾ സർവീസ് എത്ര സുന്ദരമായി നമ്മൾ അവതരിപ്പിച്ചു. അതിൽ ആഫ്രിക്കൻ പാട്ടായ "twente pamoja" തന്ന എനർജി വേറെ എവിടുന്നെങ്കിലും കിട്ടുമെന്ന് തോന്നുന്നില്ല. മറ്റുള്ളവർ ഇവയെല്ലാമാസ്വദിച്ചു. 

അതിനുശേഷമുള്ള ജൂബിലി ആഘോഷങ്ങൾ. അതിനുള്ള ജൂബിലിഗാന രചന ആവശ്യപ്പെട്ടപ്പോൾ ഒന്നു മടിച്ചെങ്കിലും ഇരുകൈയ്യും നീട്ടി സ്വീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ വരികൾ സെറ്റ് ആക്കിയത്. ഉറക്കമിളച്ചുള്ള കമ്പോസിംങ്. ട്രാക്ക്നു വേണ്ടിയുള്ള കാത്തിരിപ്പ്. ഡിസംബർ 18 നു നടന്ന ഷൂട്ടിങ്. അതിനുള്ള പരിശീലനം. എല്ലാവരെയും പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങൾ. വെയിലിനെ അതിജീവിച്ചുള്ള റെക്കോർഡിങ്. മടുക്കാതിരിക്കാനുള്ള പരസ്പര പ്രോത്സാഹനങ്ങൾ. ഏറെ വൈകിയുള്ള ഷൂട്ടിംഗ്. അടുത്തദിവസം തന്നെ അത് ലോഞ്ച് ചെയ്യാനുള്ള തത്രപ്പാട്. 
എല്ലാം മനോഹരമായിരുന്നു. ഒന്നു തിരിഞ്ഞു നോക്കിക്കേ,  നമ്മൾ എത്ര  സൂപ്പറാണ്. 
ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ നമ്മൾ ഒരുപാട് പരിശ്രമിച്ചു. 
ഇതിനെല്ലാമുള്ള ശ്രമങ്ങൾക്കിടെ നേരം വൈകിയും വീട്ടിൽ പോകാൻ മനസുകാണിച്ചവർ. സാന്നിധ്യംകൊണ്ട് പ്രോത്സാഹിപ്പിച്ചവർ. വൈകി വന്നിട്ടും കണ്ണുപൊട്ടുന്ന ചീത്ത വിളിക്കാതിരുന്ന വീട്ടിലുള്ള അപ്പനപ്പൂപ്പന്മാർ. അതിലെല്ലാമുപരി എല്ലാ പിന്തുണയും തന്ന അദ്ധ്യാപകർ. 
ഇവരെക്കാളെല്ലാം പ്രധാനപ്പെട്ട ഒരാളുണ്ട്. നമ്മുടെ Jichan. കരോൾ  സർവീസ് ചെയ്യണമെന്ന് സാർ ആവശ്യപ്പെടുന്നതിന് മുൻപ് പാട്ടുകൾ നിശ്ചയിച്ചു  വേണ്ട ക്രമീകരണങ്ങൾ ചെയ്തത്. റെക്കോർഡിങ് എന്ന വലിയ ലോകത്തെ പരിചയപ്പെടുത്തിയത്. ജൂബിലിഗാനമുൾപ്പെടെ എല്ലാം ഭംഗിയായി പൂർത്തിയാക്കിയത്. മറ്റെല്ലാ തിരക്കും മാറ്റിവച്ച് അത്യധ്വാനം ചെയ്തത്. നന്ദി... ഞങ്ങളുടെ കരുതുന്നതിന്, പരിഗണിക്കുന്നതിന്, പ്രോത്സാഹിപ്പിക്കുന്നതിന്, ചേർത്തു നിർത്തുന്നതിന്. അതിലുപരി ഞങ്ങളെ ചില്ലാക്കിനിർത്തുന്നതിന്...

അവസാനമായി,  എല്ലാം സുന്ദരമായിരുന്നു. മനസും മിഴിയും നിറഞ്ഞാണ് നമ്മൾ പിരിഞ്ഞത്. ഒപ്പം കഴിഞ്ഞ രണ്ടു ക്രിസ്മസ് ആഘോഷങ്ങളും ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമാക്കിയ എല്ലാവർക്കും നന്ദി... നമുക്ക് ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഇനിയുള്ള നല്ല നിമിഷങ്ങൾക്കായി 
കാത്തിരിക്കുന്നു.....  

2019 മാർച്ച് 27, ബുധനാഴ്‌ച

ഭ്രാന്ത്

ഭ്രാന്ത്:
സ്വപ്നങ്ങൾക്കു സെസ് 
വന്നതാണ് കാര്യങ്ങൾ 
ഈ വഴിക്കായത്
പുത്തൻ നയങ്ങളുടെ
ശരവേഗ പ്രാബല്യം
സ്വപ്നങ്ങൾക്കു വിലക്കേർപ്പെടുത്തി
നിലവാരത്തിനനുസരിച്ച്
സ്വപ്നങ്ങൾക്ക്
നിറങ്ങളും ക്രമപ്പെടുത്തി
വർണ വ്യത്യാസത്തിന് 
അടവിലും ഭേദങ്ങളുണ്ടായിരുന്നു
സ്വപ്നമില്ലാത്തവരെങ്കിൽ
ഫൈനടച്ചാൽ മതീന്ന്

സ്വപ്നങ്ങൾക്കും സെസ്
ആളുകൾ ദുരിതത്തിലായിരുന്നു
ചിലർ ആത്മഹത്യ ചെയ്തു
വേറെ ചിലർ ഒളിച്ചോടി
ഇനിയും ചിലരെ കാണാതായി
മറ്റു ചിലർ പട്ടിണി കിടന്നു
ഇതിലും ഭീകരമായിരുന്നു അത്:
അവർക്കെല്ലാം ഭ്രാന്തായി


സർക്കാരിൽ നിന്ന് പുതിയ 
ധനസഹായം വന്നു
ഭ്രാന്തുള്ളോർക്ക് സൗജന്യ ചികിത്സ
ഭ്രാന്തിനു സെസ് എന്ന
ഘട്ടത്തിൽ സെസ് പിൻവലിക്കപ്പെട്ടു
നഷ്ടങ്ങൾ നികത്തിയ ശേഷം സെസ് -
സ്വപ്നത്തിന്റെയും ഭ്രാന്തിന്റെയും.

അവസാനം

അവസാനം:
ഇനിയും എല്ലാം ബാക്കിയാണ്...
പത്തുമണി വിടർന്നു തീർന്നിട്ടില്ല.
കാക്ക കൂടുകൂട്ടുന്നതേയുള്ളൂ ,
കുയിലുമുട്ടയിടാനും.
കോഴി അടയിരിക്കേണ്ട ദിനങ്ങൾ അവസാനിച്ചിട്ടില്ല.
കാലവർഷം വന്നു പോയിട്ടില്ല.

ശയനമുറികളിൽ ബലിയാരംഭിച്ചിട്ടേയുള്ളൂ.
അപ്പനപ്പൂപ്പന്മാരെല്ലാം തെരുവുകളിലേക്ക്
ആട്ടിത്തെളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
സന്താനങ്ങൾ
'ആരോ ഒണ്ടാക്കി വിട്ടതാണ് '
എന്നു പറയിപ്പിക്കാറാകുന്നു.


പുഴയിലിനിയും വെള്ളമുണ്ട്.
ഉഷ്ണക്കാറ്റ് ഇനിയുമെത്തിയിട്ടില്ല.
മലകൾ മാന്തി ചെന്നപ്പൊഴേക്കും
മരങ്ങൾ ഇനിയും ബാക്കിയെന്ന്.
കോൺക്രീറ്റിടങ്ങൾ നിറഞ്ഞിട്ടുണ്ട്,
കവിയാൻ ഇനിയും നേരമാകും.
ഇനിയും മാലിന്യങ്ങൾ വീഴാൻ
ഭൂമിയിൽ ഇടം ബാക്കിയുണ്ട്.

ഭ്രാന്തൻ നയങ്ങൾ
വരാറാവുന്നേയുള്ളൂ.
കുതികാലുവെട്ടാനാലോചനയും
കൊലപാതകങ്ങൾക്ക് ബ്ലൂ പ്രിന്റും
തയ്യാറാവുന്നേയുള്ളൂ.
യുദ്ധങ്ങൾക്കു പേരെഴുതിക്കൽ
നടക്കാനിരിക്കുന്നു.


നഗരങ്ങളിൽ പെൺകുട്ടികൾ
പീഡിപ്പിക്കപ്പെടുന്നത് 
നാമിനിയും കണ്ടില്ല.
നീ തീവ്രവാദി ആകാനിരിക്കുന്നേയുള്ളൂ.
ഞാനോ ഇനിയും ജനിച്ചിട്ടില്ല.
ഇതിനുമെത്രയോ ശേഷമാണത്
വരാനിരിക്കുന്നത്.

വോട്ടിനു വിലയുണ്ടാകുമ്പോൾ

കോൺഗ്രസിൽ എല്ലാവരും പുണ്യവാന്മാരാണെന്നോ എൽ. ഡി. എഫ്. വന്നാൽ എല്ലാം ശരിയാകില്ലെന്നോ ബി.ജെ.പി യെയോ മറ്റേതെങ്കിലും പാർട...